Image

സുന്ദരസന്ധ്യാനേരം (കവിത: സി.ജി പണിക്കര്‍, കുണ്ടറ)

Published on 09 October, 2016
സുന്ദരസന്ധ്യാനേരം (കവിത: സി.ജി പണിക്കര്‍, കുണ്ടറ)
ഒരു സുന്ദരസന്ധ്യാനേരം, നമ്മുടെ അനുരാഗത്തിരതല്ലി ഒരു തീരം,
ആ തീരത്തൊരു സ്‌നേഹമരം പൂത്തു അതില്‍ മോഹങ്ങള്‍ കൂടുകൂട്ടി
സ്വപ്നങ്ങള്‍ ആ മരം ചുറ്റി, രാവില്‍ മിന്നാമിനുങ്ങുകള്‍ പോലെ
ഓര്‍മകള്‍ നെയ്‌തൊരു പൂന്തൊട്ടിലില്‍, നമ്മള്‍ ആ മരച്ചോട്ടിലുറങ്ങി

വീണ്ടും വസന്തം കടന്നുവന്നു, ആ മരം പിന്നെയും പൂത്തുലഞ്ഞു
പൂക്കള്‍ക്കിലകള്‍ കുടപിടിച്ചു, കൂട്ടമായ് തെന്നലില്‍ ആടിനിന്നു
അറിയാതെ വന്ന കൊടുങ്കാറ്റില്‍, ആ പൂക്കളല്ലാം കൊഴിഞ്ഞുപോയി
എന്നന്തരാത്മാവിന്‍ ആല്‍ത്തറയില്‍ വന്നാരോ തേങ്ങിക്കരഞ്ഞുപോയി

എന്നിടനെഞ്ചില്‍ കുടിലുകെട്ടി, പൊളിച്ച് നീ പോയപ്പോള്‍
ഉടഞ്ഞതെന്‍ ഹൃദയത്തിന്‍ ചില്ലുകൊട്ടാരം
വിടപറയും നേരം, നീ എതോ മറചൂടി പോകുംനേരം
പിടയുന്നതുകണ്ടു ഞാന്‍ രണ്ടു പരല്‍മീനുകള്‍

ഇലകൊഴിഞ്ഞ മരം ഉണങ്ങീടുമ്പോള്‍ ഉലയരുതേ മനസ്സേ...
ഒരുപിടി ഓര്‍മ്മകള്‍ക്ക് ചിതഒരുക്കീടുമ്പോള്‍ വിതുമ്പരുതേ മനസ്സേ....
മൊട്ടിട്ട മോഹങ്ങള്‍ ഞെട്ടറ്റുവീഴുമ്പോള്‍ പിടയരുതേ മനസ്സേ....
കരയരുതേ....മനസ്സേ, കരയരുതേ...മനസ്സേ.... 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക