Image

ഒക്‌ടോബര്‍ 10 കൊളംബസ് ദിനം: സമുദ്ര ചരിത്രം സൃഷ്ടിച്ച സാഹസിക നാവികന്റെ ഓര്‍മ്മത്തിരകളില്‍

Published on 09 October, 2016
ഒക്‌ടോബര്‍ 10 കൊളംബസ് ദിനം: സമുദ്ര ചരിത്രം സൃഷ്ടിച്ച സാഹസിക നാവികന്റെ ഓര്‍മ്മത്തിരകളില്‍
അഞ്ചു നൂറ്റാണ്ടുകള്‍ക്കിപ്പുറവും നിഗൂഡത നിറഞ്ഞ വിവാദ നായകനാണ് നമുക്ക് ക്രിസറ്റഫര്‍ കൊളംബസ്. ചരിത്രം സൃഷ്ടിച്ച നാവികന്‍. ദീര്‍ഘവീക്ഷണമുള്ള പ്രതിഭാശാലി, രാഷ്ട്രനായകന്‍, പരാജയപ്പെട്ട ഭരണാധികാരി, അനുഭവജ്ഞാനമില്ലാത്ത വ്യവസായി, അനുകമ്പയില്ലാത്ത, അതിമോഹമുള്ള സാമ്രാജ്യത്വവാദി ഇങ്ങനെപോകുന്നു ഇദ്ദേഹത്തിന്റെ വിശേഷണങ്ങള്‍. കടലിന്റെ വഴികള്‍ പോലെ നിഗൂഢവും അജ്ഞാതവുമായിരുന്നു കൊളംബസിന്റെ ജീവിതം. ഒരു ജന്മം മുഴുവന്‍ അദ്ദേഹം അജ്ഞാത ദേശങ്ങള്‍ തേടി അലഞ്ഞു. ഭൂഖണ്ഡങ്ങള്‍ കണ്ടെത്തി. ഒക്‌ടോബര്‍ 10 കൊളംബസ് ദിനമാണ്.

അമേരിക്കന്‍ വന്‍കരകള്‍ കണ്ടെത്തിയ ഈ മഹാസഞ്ചാരി 1461ല്‍ ഇറ്റലിയിലെ ജനോവയിലാണ് ജനിച്ചത്. കടല്‍വഴിയുള്ള വ്യാപാരത്തിന് പ്രസിദ്ധമായിരുന്ന പ്രദേശമായിരുന്നു അത്. അച്ഛന്‍ നെയ്ത്തുകാരനായ ഡൊമനികോ കൊളംബോയും അമ്മ സൂസന്ന ഫൊണ്ടാനറോസ്‌കയും മൂന്നു സഹോദരന്‍മാരുമടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. അച്ഛനും മുത്തച്ഛനും തുടര്‍ന്നുവന്ന നെയ്ത്തുജോലിയില്‍ ഒട്ടും താത്പര്യമില്ലായിരുന്നു ചെറുപ്പത്തിലേ അദ്ദേഹത്തിന്. കടലിനാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്തെ തുറമുഖങ്ങളില്‍ നിറഞ്ഞു നിന്ന കപ്പലുകളിലും കടലിലുമായിരുന്നു കൊളംബസിന് താത്പര്യം. ഏഷ്യയില്‍ നിന്ന് ജനോവയിലെത്തുന്ന സില്‍ക്ക്, സുഗന്ധവ്യഞ്ജനങ്ങള്‍, ആഭരണങ്ങങ്ങള്‍ നിറച്ച കപ്പലുകളിലായിരുന്നു എപ്പോഴും കുഞ്ഞുകൊളംബസിന്റെ കണ്ണുകള്‍. 1470ല്‍ അദ്ദേഹത്തിന്റെ കുടുംബം സവോനയിലേക്ക് മാറി താമസിച്ചു.

1473 മുതല്‍ ഒരു കപ്പല്‍ വ്യാപാരിയോടൊപ്പമായിരുന്നു കൊളംബസ് ജോലി ചെയ്തിരുന്നത്. ഇതേ വ്യാപാരിയുടെ കീഴില്‍ ഒരു വ്യാപാരാവശ്യത്തിനായി 1476ല്‍ തന്റെ 25-ാം വയസ്സില്‍ ഏഴ് ഇറ്റാലിയന്‍ കപ്പലുകള്‍ ചേര്‍ന്ന ഒരു സഖ്യത്തോടൊപ്പം അദ്ദേഹം പോര്‍ട്ടുഗീസിലേക്ക് പോയി. ഏതാണ്ട് തീരത്തടുക്കാറായപ്പോഴേക്കും കപ്പല്‍പ്പടയെ കടല്‍ കൊള്ളക്കാല്‍ ആക്രമിച്ചു.  നിരവധി പേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മരണത്തെ മുഖാമുഖം കണ്ട കൊളംബസ് ഒരു പങ്കായത്തിന്റെ സഹായത്തോടെ ആറു മൈല്‍  താണ്ടി പോര്‍ട്ടുഗീസ് തീരത്തെത്തി. നാവികരുടെ താവളമായിരുന്ന അവിടെവെച്ചാണ് കടല്‍യാത്രകളെക്കുറിച്ച് കൊളംബസിന് കൂടുതല്‍ അറിവ് ലഭിച്ചത്. പിന്നീട് ലിസ്ബണിലെത്തിയ അദ്ദേഹം 1479ല്‍ പോര്‍ട്ടോ സാന്റോയിലെ ഗവര്‍ണറുടെ മകളായ ഫിലിപ മോണിസ് പരെസ്ട്രല്ലോയെ വിവാഹം കഴിച്ചു.

ആ കാലഘട്ടത്തില്‍ കടല്‍ വഴിയുള്ള വ്യാപാരം വ്യാപകമായിരുന്നു. കടല്‍ യാത്രകള്‍ക്കായി എളുപ്പമുള്ള പാതകള്‍ കണ്ടെത്തുന്നതിലൂടെയായിരുന്നു ചില നാവികര്‍ പണം സമ്പാദിച്ചിരുന്നത്. കൊളംബസിനും ഇതേ ആശയം തന്നെയായിരുന്നു. വ്യാപാര സിരാകേന്ദ്രമായിരുന്ന ഏഷ്യയിലേക്ക് അറേബ്യവഴി ഒരു മാര്‍ഗം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. 1485ല്‍ അറ്റ്‌ലാന്റിക് സമുദ്രം വഴി ഏഷ്യയിലെത്തുന്ന ഒരു പദ്ധതി പോര്‍ട്ടുഗല്‍ രാജാവായിരുന്ന ജോണ്‍ രണ്ടാമനു മുന്നില്‍ കൊളംബസ് അവതരിപ്പിച്ചു. ആദ്യ തവണ ആ അപേക്ഷ വിദഗ്ധര്‍ നിഷേധിച്ചു. 'മാരിനസ് ഓഫ് ടയര്‍' എന്ന അളവു രീതിയെയാണ് കൊളംബസ് അവലംബിച്ചിരുന്നത്. ഇത് തെറ്റായ രീതിയായിരുന്നു. കൊളംബസിന്റെ വിശ്വാസത്തില്‍ 25,255 കിലോമീറ്ററായിരുന്നു ഭൂമിയുടെ ചുറ്റളവ്. എന്നാല്‍ ഇത് ഏതാണ്ട് 40,000 കിലോമീറ്റര്‍ വരുമെന്ന് രണ്ടാം നൂറ്റാണ്ടില്‍ തന്നെ ഇരസ്‌തോസ്‌തെനിസ് കണ്ടെത്തിയിരുന്നു. തെറ്റായ കണക്കുകൂട്ടലുകളാണ് കൊളംബസിനുള്ളതെന്ന കാരണത്താലാണ് പോര്‍ട്ടുഗീസ് ഭരണകൂടം അദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ചത്. തുടര്‍ന്ന് 1488ല്‍ അദ്ദേഹം ഇതേ കാര്യത്തിനായി പോര്‍ട്ടുഗല്‍ കോടതിയെ സമീപിച്ചു. എന്നാല്‍ അതും വൃഥാവിലായി. പിന്നീട് ഇംഗ്ലണ്ടില്‍ നിന്ന് അനുവാദത്തിനായി സഹോദരന്‍ വഴി ശ്രമം നടത്തി. കുറേ ആലോചനകള്‍ക്കു ശേഷം ഹെന്റി രണ്ടാമന്‍ അനുമതി നല്‍കിയപ്പോഴേക്ക് സ്‌പെയിനിനു വേണ്ടി ആ ദൗത്യം കൊളംബസ് ഏറ്റുകഴിഞ്ഞിരുന്നു.

1489ല്‍ ഈ ആശയങ്ങള്‍ മറ്റുള്ളവരിലേക്കെത്തിക്കാതിരിക്കാനായി കൊളംബസിന് വര്‍ഷത്തില്‍ ഒരു നിശ്ചിത തുക നല്‍കാന്‍ സ്‌പെയിന്‍ ഭരണകൂടം തീരുമാനിച്ചു. കൂടാതെ സ്‌പെയിനിലെ പ്രധാന നഗരങ്ങളില്‍ അദ്ദേഹത്തിന്റെ താമസവും ഭക്ഷണവും സൗജന്യമാക്കി. 1492ലാണ് കൊളംബസിന്റെ യാത്രയ്ക്കുള്ള സാഹചര്യം ഒത്തുവന്നത്.

1492 ആഗസ്റ്റ് 3 ന് മൂന്നു കപ്പലുകളിലായി കൊളംബസ് തന്റെ യാത്ര ആരംഭിച്ചു. ഒക്‌ടോബര്‍ 12ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ റോഡ്രിജോ ഡി ട്രിയാന എന്ന നാവികന്‍ ദൂരെ ഒരു കര കൊളംബസിനു ചൂണ്ടിക്കാണിച്ചു കൊടുത്തു. ആ ദ്വീപിന് കൊളംബസ് സാന്‍ സാല്‍വഡോര്‍ (ഇന്നത്തെ ബഹാമാസ്) എന്ന പേര് നല്‍കി. അവിടത്തെ സ്ഥലവാസികള്‍ ഗൂവാനഹാനി എന്നും അറിയപ്പെട്ടു. എന്നാല്‍ ബഹാമയിലെ ഏത് ദ്വീപാണിതെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ഒക്‌ടോബര്‍ 12ന് ഈ കരയിലെത്തിയതിനെക്കുറിച്ച് കൊളംബസ് പിന്നീട് ഇങ്ങനെ രേഖപ്പെടുത്തി. ''ശരീരത്തില്‍ നിറയെ വടുക്കളുള്ള പുരുഷന്‍മാരായിരുന്നു ഇവിടെ ഞാന്‍ കണ്ടവരെല്ലം. ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്ന് ആംഗ്യഭാഷയില്‍ ഞാന്‍ ചോദിച്ചു. അടുത്തുള്ള ദ്വീപില്‍ നിന്ന് വരുന്ന ചിലര്‍ തങ്ങളെ പിടിക്കാന്‍ ശ്രമിക്കാറുണ്ടെന്നും അവരില്‍ നിന്ന് തങ്ങളെക്കൊണ്ടാവും വിധം രക്ഷപ്പെടാന്‍ ശ്രമിക്കാറുണ്ടെന്നും അപ്പോള്‍ സംഭവിക്കുന്ന മുറിവുകളാണിതെന്നും അവര്‍ അതേ ഭാഷയില്‍ തന്നെ മറുപടി നല്‍കുകയും ചെയ്തു. അടുത്ത പ്രദേശങ്ങളില്‍ നിന്ന് ഇവരെ അടിമകളാക്കാന്‍ ആളുകള്‍ എത്താറുണ്ടെന്ന് ഞാന്‍ കരുതുന്നു. അവര്‍ മതമില്ലാത്തവരായിരുന്നു. അവരെ ക്രിസ്തുമതം സ്വീകരിപ്പിക്കാനും എളുപ്പമാണ്. ദൈവം അനുവദിക്കുമെങ്കില്‍ തിരിച്ചുപോകുമ്പോള്‍ ഇവരില്‍ ആറു പേരെ ഞാന്‍ കൂടെക്കൂട്ടും. കേവലം 50 പേരുണ്ടെങ്കില്‍ മുഴുവന്‍ കീഴടക്കാം.''

ഒക്‌ടോബര്‍ 28ന് കൊളംബസ് ക്യൂബയുടെയും ഡിസംബര്‍ 5ന് ഹിസ്പാനിയോളയുടെയും തീരത്തെത്തി. ക്രിസ്തുമസിനു ശേഷം അദ്ദേഹം സ്‌പെയിനിലേക്ക് തിരിച്ചു. എന്നാല്‍ ശക്തമായ കൊടുങ്കാറ്റില്‍ കപ്പല്‍ ലിസ്ബണിലേക് തിരിച്ചുവിടേണ്ടി വന്നു. ഒരാഴ്ച അവിടെ കഴിഞ്ഞ ശേഷം 1493 മാര്‍ച്ച് 15ന് കൊളംബസ് സ്‌പെയിനില്‍ തിരിച്ചെത്തി. ഈ പുതിയ കണ്ടുപിടുത്തം ലോകം മുഴുവന്‍ വ്യാപിച്ചത് പെട്ടെന്നായിരുന്നു. തുടര്‍ന്ന് മൂന്നു തവണ അദ്ദേഹം ഇവിടേക്ക് യാത്രകള്‍ നടത്തി.

അവസാനത്തെ യാത്ര 1502 മെയ് 11 നായിരുന്നു. മാര്‍ട്ടിനെക്കിലും ഹിസ്വാനിയോളയിലും സാന്റോ ഡൊമിംഗോയിലും എത്തിയ അദ്ദേഹം കൊടുങ്കാറ്റ് വരുമെന്ന മുന്നറിയിപ്പ് നല്‍കിയെങ്കിലും അന്നത്തെ പുതിയ ഗവര്‍ണര്‍ അത് അംഗീകരിച്ചില്ല. ശക്തമായ കൊടുങ്കാറ്റില്‍ കൊളംബസിന്റെ കപ്പല്‍ ചെറിയ കേടുപാടുകളോടെ രക്ഷപ്പെട്ടെങ്കിലും ജൂണ്‍ 29ന് ഗവര്‍ണറുടെ കീഴിലുണ്ടായിരുന്ന മുപ്പത് കപ്പലുകളില്‍ 29 എണ്ണം തകര്‍ന്നു വീണു. തുടര്‍ന്ന് ജമൈക്കയില്‍ ചെറിയ ഇടവേള താമസിച്ചശേഷം സെന്‍ട്രല്‍ അമേരിക്കയിലേക്ക് യാത്ര ചെയ്ത് അദ്ദേഹം ജൂലായ് 30ന് ഹോണ്ടുറാസിലെത്തി. ആഗസ്റ്റ് 4ന് അദ്ദേഹം അമേരിക്കയുടെ പ്രധാന തീരത്തെത്തി. ഒക്‌ടോബര്‍ 16ന് പനാമയിലെത്തുന്നതിനു മുമ്പ് കൊളംബസ് നിക്കരാഗ്വേ, കോസ്റ്ററീക്ക എന്നിവിടങ്ങളിലുമെത്തി. 1502 ല്‍ ഇതുവരെ അഭിമുഖീകരിക്കാത്ത ശക്തമായ കൊടുങ്കാറ്റിനെ കൊളംബസിനും കൂട്ടര്‍ക്കും നേരിടേണ്ടി വന്നു. 1504 നവംബര്‍ 7ന് അദ്ദേഹം തിരിച്ച സ്‌പെയിനിലെത്തി.

കൊളംബസ് അമേരിക്കന്‍ വന്‍കരയിലെത്തിയിട്ട് 524 വര്‍ഷമാകുന്നു. ഏഷ്യയെന്ന് കരുതി 1492ല്‍ അദ്ദേഹം എത്തിച്ചേര്‍ന്നത് അന്നുവരെ ലോക ഭൂപടത്തില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു വന്‍കരയിലായിരുന്നു. സ്‌പെയിനിന്റെ കോളനികളായി താന്‍ കണ്ടെത്തിയ ദ്വീപുകളെ മാറ്റിയതിന് അദ്ദേഹം പ്രധാന കാരണക്കാരനായി. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാവസായിക-സാമ്പത്തിക മത്സരങ്ങള്‍ക്ക് ഈ കണ്ടുപിടിത്തം വഴിവെച്ചു. 1506 മെയ് 20ന് സ്‌പെയിനിലെ വല്ല ഡോളിഡില്‍ ഈ മഹാനാവികന്‍ അന്തരിച്ചു. കൊളംബസിന്റെ ഒരു തുണ്ട് അസ്ഥിയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അത് കടല്‍പ്പരപ്പിലൂടെ ഏതെങ്കിലും അജ്ഞാത ദേശം തേടി ഒഴുകുകയായിരിക്കും...

ഒക്‌ടോബര്‍ 10 കൊളംബസ് ദിനം: സമുദ്ര ചരിത്രം സൃഷ്ടിച്ച സാഹസിക നാവികന്റെ ഓര്‍മ്മത്തിരകളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക