Image

മുഹര്‍റം 10 (മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം Published on 11 October, 2016
മുഹര്‍റം 10 (മീട്ടു റഹ്മത്ത് കലാം)
റമദാന്‍ കഴിഞ്ഞാല്‍ ഇസ്ലാം കലണ്‍റില്‍ ഏറ്റവും ശ്രേഷ്ഠമായ മാസമാണ് മുഹര്‍റം. യുദ്ധം വിലക്കപ്പെട്ടത് എന്നര്‍ത്ഥം വരുന്ന ഈ മാസം സമാധാനത്തിന്റെ സന്ദേശവാഹകനാണ്. പുതുവര്‍ഷാരംഭം കുറിക്കുന്നു എന്ന പ്രത്യേകതയും മുഹര്‍റത്തിനുണ്ട്. പിന്നിട്ട ഒരു വര്‍ഷക്കാലത്തെ പാപങ്ങള്‍ കഴുകിക്കളയാന്‍ മുഹര്‍റം 10 ന് നോമ്പ് അനുഷ്ടിക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിശ്വാസം. 'ആശുറാ' എന്ന് വിളിക്കപ്പെടുന്ന ഈ ദിനത്തില്‍ ലോകത്ത് ആദ്യമായി മഴ വര്‍ഷിച്ചു, സൂര്യചന്ദ്രന്മാര്‍ സൃഷ്ടിക്കപ്പെട്ടു, തുടങ്ങി നിരവധി കാര്യങ്ങള്‍ കരുതപ്പെടുന്നു.

അധികാരത്തില്‍ അഹങ്കരിച്ച് കിരാത ഭരണം കാഴ്ച വച്ച ഫിര്‍ ഔനില്‍ നിന്ന് ദുര്‍ബലരായ ജനവിഭാഗത്തെ മൂസാനബി (Mosses) രക്ഷപ്പെടുത്തിയതിന്റെ ഓര്‍മ്മപ്പെടുത്തലായി ഇസ്ലാം മതം സ്ഥാപിതമാകും മുമ്പേ യഹൂദര്‍ ഈ ദിനത്തെ ശ്രേഷ്ടമായി കാണുകയും വ്രതം അനുഷ്ടിക്കുകയും ചെയ്തിരുന്നു. ജൂതമതം ആഘോഷമായി കാണുന്ന ദിനം പവിത്രമായി കാണേണ്ടതുണ്ടോ എന്ന ഇസ്ലാം മതവിശ്വാസിയുടെ സംശയത്തിന് മുഹമ്മദ് നബി നല്‍കിയ മറുപടി  'മൂസയോട് യഹൂദരെക്കാള്‍ അടുപ്പവും കടപ്പാടും നമുക്കുണ്ട്'  എന്നായിരുന്നു.

നേരിന്റെ പാത തെളിക്കുന്നതില്‍ കവിഞ്ഞ് പ്രവാചകര്‍ക്കിടയില്‍ മത്സരമില്ലായിരുന്നെന്ന് ഈ വാക്കുകളില്‍ പ്രകടമാണ്. ചില വിശ്വാസികളാണ് അനല്പമായ അറിവിന്റെ പേരില്‍ തമ്മില്‍ കലഹിക്കുന്നത്.

ഇസ്ലാമിക ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കര്‍ബല യുദ്ധം നടന്നതും മുമുഹര്‍റം പത്തിനാണ്. പ്രവാചകന്‍ മുഹമ്മത് നബിയുടെ ചെറുമകന്‍ 'ഹുസൈന്‍' രക്തസാക്ഷിത്വം വരിച്ച ആ യുദ്ധ ദിനത്തെ കറുത്ത അദ്ധ്യായമായി കണക്കാക്കുന്ന വിഭാഗമാണ് ശിയാക്കള്‍. വിലാപവും മാറത്തടിയും നിലവിളിയും മാരകായുധങ്ങളുമായി സ്വന്തം ശരീരത്തെ പീഡിപ്പിക്കുകയും വേദന അനുഭവിക്കുകയും ചെയ്യുന്ന അവര്‍, ഭക്തിയുടെ തീവ്രവും ആപത്കരവുമായ മനോവ്യാപാരം ഉള്ളവരാണ്. വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടത്താന്‍ ഇക്കൂട്ടര്‍ മുഹര്‍റം മാസം ശുഭകരമല്ലെന്ന് വിശ്വസിക്കുന്നു. ഖുര്‍ആനില്‍ പഠിക്കാത്ത അന്ധവ്ശ്വാസങ്ങള്‍ക്ക് പിറകേ പോകുന്നത് ശരിയല്ലെന്ന നബികല്‍പ്പനയെ മാനിക്കാത്തതാണ് ശകുനം പോുള്ള ചിന്തകള്‍.

ഏത് പ്രവര്‍ത്തിക്കും മിതമായ ഒരു രേഖയുണ്ട്. അതിനപ്പുറം കടന്നാല്‍ അത് തീവ്രമായ അവസ്ഥയാകും. ഭക്തിയിലും ഈ വിചാരം ഉണ്ടാകേണ്ടതുണ്ട്. 'തീവ്രവാദം- ഭീകരവാദം' തുടങ്ങിയ വാക്കുകള്‍ മുസ്ലീം പേരുള്ള വിശ്വാസികള്‍ എന്ന് സ്വയം കരുതുന്ന സമുഹത്തോട് ചേര്‍ത്ത് വാര്‍ത്തകളില്‍ നമുക്ക് പരിചിതമാണ്. നാലഞ്ച് വര്‍ഷക്കാലം മുമ്പ് വരെ അത് താലിബാന്‍കാരനോ പാക്കിസ്ഥാനിയോ കാശ്മീരിയോ ഹിന്ദിക്കാരനോ എന്നൊക്കെ കരുതി സമാധാനത്തിന്റെ മേലങ്കി സ്വയം അണിയാന്‍ നമുക്ക് കഴിയുമായിരുന്നു. എന്നാല്‍, ഇന്ന് ഐ എസ് തീവ്രവാദത്തിന്റെ വേരോട്ടം നമ്മുടെ മലയാള മണ്ണിലുണ്ടെന്ന സത്യം അറിയുമ്പോള്‍ ഉള്ളില്‍ ഭയമാണ്. സാഹോദര്യത്തിന്റെയും മതസഹിഷ്ണുതയുടെയും പര്യായമായി ലോകത്തിനു മുമ്പില്‍ നിലകൊണ്ട സാക്ഷര കേരളത്തിന്റെ തല താഴുകയാണ് ചില വര്‍ഗ്ഗീയ ശക്തികളിലൂടെ.

ഓരോ മതഗ്രന്ഥവും അതതു മതവിശ്വാസികളുടെ മനസ്സിലെ ഇരുട്ട് അകറ്റി വെളിച്ചം പകര്‍ന്ന് നേര്‍മാര്‍ഗ്ഗം കാണിച്ചു തരികയാണ് ചെയ്യുന്നത്. ഒരുവന്റെ വെളിച്ചം മര്‌റൊരുവന് കൂടി സഹായകമാകുമെന്നല്ലാതെ അവന്റെ വഴി മുടക്കുകയോ ഇരുട്ടിലാഴ്ത്തുകയോ ഇല്ല.

സമൂഹം മുഴുവന്‍ ഇത്തരത്തില്‍ ഇത്തിരി വെട്ടം നിറച്ച മനസ്സുമായി നിലകൊണ്ടാല്‍ എത്ര പ്രകാശപൂരിതമാകും ഈ ലോകം!

പെണ്ടകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശബ്ദമുയര്‍ത്തിയ ജീവനുവേണ്ടി മല്ലിട്ട മലാല യൂസഫ് സായിയും അവളെ എതിരിട്ട താലിബാനികളും രണ്ട് ധ്രുവങ്ങളാണ്. യഥാര്‍ത്ഥ വിശ്വാസത്തിന്റെ വെളിച്ചവും മതാന്ധതയുടെ കൂരിരുട്ടും നമ്മെ പലതും പഠിപ്പിക്കുന്നു.

യുദ്ധം നിക്ഷേപിക്കപ്പെട്ട മുഹര്‍റം മാാസത്തില്‍; യഥാര്‍ത്ഥ വ്ശ്വാസിയായി നല്ല മനുഷ്യനായി എങ്ങും സമാധാനം പരത്തി ജീവിക്കാനുള്ള ആഹ്വാനം മനസ്സില്‍ മുളക്കണം.

മീട്ടു റഹ്മത്ത് കലാം

മുഹര്‍റം 10 (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
MOHAN MAVUNKAL 2016-10-11 12:39:28
as usual GREAT!!!!!!!!
KRISHNA 2016-10-11 20:41:56
VERY GOOD.
Joseph 2016-10-11 22:57:21
ലേഖിക മീട്ടു ഈ ലേഖനം വളരെ തന്മയത്വമായി അവതരിപ്പിച്ചിട്ടുണ്ട്. അഭിനന്ദിക്കുന്നു. മൊഹ്‌റം എന്ന വാക്കിന്റെ അർത്ഥം യുദ്ധം വിലക്കപ്പെടുകയെന്നതല്ല. അതൊരു വെറും വ്യഖ്യാനം മാത്രമാണ്. ഈ വാക്കിന്റെ ഉറവിടം 'ഹറാമെന്ന' വാക്കിൽനിന്നാണ്. ഹറാമിന്റെ അർത്ഥം 'വിലക്കപ്പെട്ട', 'നിരോധിച്ച'യെന്നാണ്. മൊഹ്‌റം ആചരിക്കുന്ന നാളുകളിൽ യുദ്ധം നടത്തുന്നത് നിരോധിച്ചിട്ടുണ്ട്. ഈ ആചാരങ്ങൾ യഹൂദാചാരങ്ങളുടെ തുടർച്ചയാണ്. അത് മുഹമ്മദ് നബി സമ്മതിക്കുന്നുണ്ട്. 

മൊഹ്‌റം, ക്രിസ്തുമസ് എന്നീ ദിനങ്ങളിൽ മാത്രം അവധി കൊടുത്തും ബാക്കിയുള്ള ദിനങ്ങളിൽ യുദ്ധം ചെയ്തുമുള്ള നയങ്ങൾക്ക് എന്തർത്ഥമാണുള്ളത്? മൊഹ്‌റം, ഇസ്‌ലാം മതത്തിലെ പട്ടാളക്കാർക്ക് മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാനായുള്ള ഒഴിവുദിനങ്ങളാണ്.' സമാധാനം കാംഷിക്കുന്നവർ ലോകത്ത് യുദ്ധമില്ലാത്ത ഒരു ശാശ്വത സമാധാനയുടമ്പടിയുണ്ടാക്കണം. മൊഹ്‌റം ദിനങ്ങളിൽ മാത്രം സമാധാന ഇടവേളകളിൽ അർത്ഥമില്ല. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യുദ്ധങ്ങൾ കൂടുതലായുമുണ്ടായത് ഇസ്‌ലാമിക രാജ്യങ്ങളിലായിരുന്നു. മിഡിൽ ഈസ്റ്റ്, അഫ്‍ഗാനിസ്ഥാൻ, പാക്കിസ്ഥാൻ മുതലായ രാജ്യങ്ങൾ എന്നും യുദ്ധഭീക്ഷണികൾ മുഴക്കിക്കൊണ്ടിരുന്നു. സിറിയ ഇറാഖ് പാക്കിസ്ഥാൻ, അഫ്‍ഗാനിസ്ഥാൻ രാജ്യങ്ങൾ ഭീകരതാവളങ്ങളായി മാറി. യുദ്ധങ്ങൾ മുഴുവൻ നടന്നത് മതത്തിന്റെ പേരിലായിരുന്നു. അമേരിക്കാ യുദ്ധങ്ങളിൽ ഇടപെടുന്നുണ്ടെങ്കിൽ അത് രാജ്യത്തിന്റെ താല്പര്യം സംരക്ഷിക്കാനാണ്. മതത്തിന്റെ അടിസ്ഥാനത്തിലല്ല.  

സെമറ്റിക് മതങ്ങളിലെ വിശ്വാസങ്ങൾക്കെല്ലാം ഐക്യരൂപ്യമുണ്ട്. ഭൂമിയും സ്വർഗ്ഗവും മൊഹ്‌റം ദിവസങ്ങളിൽ ദൈവം സൃഷ്ടിച്ചുവെന്നു ഇസ്ലാം വിശ്വസിക്കുന്നു. അന്നേ ദിവസം ദൈവം അനേക പ്രവാചകരെ അനുഗ്രഹിക്കുകയും അവരെ ശത്രുക്കളുടെ വലയത്തിൽ നിന്നും സ്വതന്ത്രരാക്കുകയും ചെയ്തു. ആദാമിനെയും അവ്വയെയും സൃഷ്ടിച്ചതും ആദാമിന്റെ തെറ്റുകൾ ക്ഷമിച്ചതും ഇതേ ദിനങ്ങളിലായിരുന്നു. കൂടാതെ നോഹായുടെ പെട്ടകം ജൂഡി പർവത നിരകളിൽ വിജയകരമായി തറച്ചുനിന്നു. മോസസ് പ്രവാചകൻ ഫറോൻ രാജാക്കന്മാരിൽ നിന്നും രക്ഷപ്പെട്ടതും ഈ വിശുദ്ധ ദിനങ്ങളിൽത്തന്നെ. 

എ.ഡി. 680 -ൽ കർബല യുദ്ധത്തിൽ മുഹമ്മദ് നബിയുടെ കൊച്ചുമകൻ ഹസ്‌റത്ത് ഇമാം ഹുസ്സൈനും കുടുംബവും സുഹൃത്തുക്കളും അതിക്രൂരമായി വധിക്കപ്പെട്ടു. അവരുടെ ഓർമ്മക്കായും കൂടി മുസ്ലിമുകൾ ഇതേ ദിനത്തിൽ ദുഃഖം ആചരിക്കുന്നു. മൊഹ്‌റം നാളുകൾ നീതിമാന്മാരുടെ മരണമായി കണക്കാക്കുന്നു. 

ഷിയാ മുസ്ലിമുകൾ ഈ ദിനങ്ങൾ തീവ്രമായി കൊണ്ടാടുന്നതും കാണാം. ഇമാം മരിച്ച ഓർമ്മക്കായി സ്വയം ദേഹത്തു കത്തികൾകൊണ്ട് കുത്തി രക്തം വാർന്നുകൊണ്ടുള്ള മുറിവുകൾ വരുത്തി ദുഃഖം ആചരിക്കുന്നു. ഇത്തരം മതം കൽപ്പിക്കുന്ന ഭീകരമായ ആചാരങ്ങളിൽ സമാധാനമെവിടെ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക