Image

ബന്ധുനിയമനത്തിന്റെ അതിരു കടക്കുന്ന മുന്നണി രൂപങ്ങള്‍ (എ.എസ് ശ്രീകുമാര്‍)

Published on 11 October, 2016
ബന്ധുനിയമനത്തിന്റെ അതിരു കടക്കുന്ന മുന്നണി രൂപങ്ങള്‍ (എ.എസ് ശ്രീകുമാര്‍)
അഴിമതിയില്‍ അഭിരമിച്ചാറാടുമ്പോഴും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച കിട്ടുമെന്നുള്ള അമിത ആത്മവിശ്വാസം പുറമെ പ്രകടിപ്പിച്ചിരുന്നു. പക്ഷേ, അവര്‍ തന്നെയും പൊതുജനവും പ്രതീക്ഷിച്ചതു പോലെ എട്ടുനിലയില്‍ പൊട്ടി. പഴയ സര്‍ക്കാരില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച് അഴിമതിക്കെതിരായ സെന്‍സിബിലിറ്റിക്ക് രൂപം കൊടുക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി. പക്ഷേ ഒരു കാര്യത്തില്‍ തുടര്‍ച്ചയുണ്ടായിരിക്കുന്നു. കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തതു പോലെ ബന്ധുക്കള്‍ക്കും ആശ്രിതര്‍ക്കും യോഗ്യത നോക്കാതെ വാരിക്കോരി വിവിധ സ്ഥാപനങ്ങളില്‍ നിയമനം നല്‍കുന്ന അരുതായ്മകളുടെ തുടര്‍ച്ച. ഇടതു മന്ത്രിമാരുടെ ബന്ധുക്കളുടെ വഴിവിട്ട നിയമനവുമായി ബന്ധപ്പെട്ട് വലിയയൊരു വിവാദം കേരള രാഷ്ട്രീയത്തില്‍ കത്തിപ്പുകഞ്ഞു നില്‍ക്കുന്ന അവസരത്തിലാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും സമാനമായ തരത്തില്‍ നിയമന ഘോഷയാത്ര തന്നെ നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. 

ആദ്യം യു.ഡി.എഫ് സര്‍ക്കാരിന്റെ സ്വജന പക്ഷപാതം തന്നെ പരിശോധിക്കാം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വലിയമ്മയുടെ മകളുടെ ഭര്‍ത്താവും ഐ.എന്‍.ടി.യു.സി നേതാവും കോട്ടയം  ഡി.സി.സി പ്രസിഡന്റാവുമെന്ന് പറഞ്ഞു കേള്‍ക്കുന്നവരിലൊരാളുമായ കുഞ്ഞ് ഇല്ലംപള്ളിയെ സഹകരണ പരീക്ഷാ ബോര്‍ഡിന്റെ ചെയര്‍മാനായി നിയമിക്കുകയുണ്ടായി. പി.എസ്.സി പോലുള്ള വലിയ ഓട്ടോണോമസ് ബോഡിയാണിത്. സഹകരണ ബാങ്കിലെ ക്ലെറിക്കല്‍ തസ്തികയുടെ പ്രൊമോഷന്‍ അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്ന സംവിധാനം എന്ന നിലയില്‍ ബോര്‍ഡില്‍ അഴിമതിക്ക് വലിയ സാധ്യതയാണുള്ളത്. ചെയര്‍മാന്റെ യോഗ്യത പോസ്റ്റു ഗ്രാജ്വേഷന്‍ ആണെന്നിരിക്കെ മാനദണ്ഡങ്ങള്‍ മറികടന്ന് സ്‌പെഷ്യല്‍ ഓര്‍ഡിനന്‍സ് ഇറക്കിയാണ് ഇല്ലംപള്ളിയെ ചെയര്‍മാന്‍ സ്ഥാനത്ത് അവരോധിച്ചതെന്നാണ് ആക്ഷേപം. 

അതുപോലെ തന്നെ മുന്‍ ആഭ്യന്തര മന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ ബന്ധു കെ. വേണുഗോപാലിനെ കേരള ഫീഡ്‌സിന്റെ മാനേജിങ് ഡയറക്ടറായി ജോലി കൊടുത്തു. മാത്രമല്ല ചെന്നിത്തലയുടെ ഭാര്യാ സഹോദരീ ഭര്‍ത്താവിന് കേരള ടൂള്‍സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ എം.ഡി സ്ഥാനവും നല്‍കി ബന്ധു വാത്സല്യം പ്രകടമാക്കിയത്രേ. മുന്‍ മന്ത്രി കെ.എം മാണിയുടെ മരുമകന്‍ എം.പി ജോസഫിനെ മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ ഉപദേശകനായി കസേരയിട്ടു കൊടുത്തു. മുന്‍ മന്ത്രി കെ.സി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന രാജശേഖരന്‍ നായരുടെ അനന്തരവന് നോര്‍ക്ക റൂട്‌സില്‍ പണി തരപ്പെടുത്തി. മുന്‍ മന്ത്രി വി.എസ് ശിവകുമാറിന്റെ അനിയന്‍ വി.എസ് ജയകുമാറിനെ ശബരിമല എക്‌സിക്യൂട്ടീവ് ഡയറക്ടറാക്കി എന്നാണ് അങ്ങാടിയില്‍ പാട്ടാകുന്ന വാര്‍ത്ത. 

അന്തരിച്ച മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ഭാര്യ ഡോ. സുലേഖയെ സര്‍വവിജ്ഞാന കോശം ഡയറക്ടര്‍ പദവിയിലിരുത്തി. ഇടതു മുന്നണിയില്‍ നിന്ന് ഐക്യ മുന്നണിയിലേക്ക് ഉളുപ്പില്ലാതെ ചാടി തൊലിക്കട്ടി പ്രകടിപ്പിച്ച ആര്‍ ശെല്‍വരാജ് എന്ന മുന്‍ എം.എല്‍.എ യുടെ മകനെ ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയായി വെയര്‍ ഹൗസിങ് കോര്‍പറേഷന്റെ അസിസ്റ്റന്റ് മാനേജരാക്കി. ആ കാലത്തു തന്നെ ഇദ്ദേഹത്തിന്റെ മകള്‍ക്ക് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ സ്ഥിര നിയമനത്തിനു വേണ്ടിയുള്ള നീക്കങ്ങള്‍ തകൃതിയായി നടക്കുകയും ചെയ്യുന്നു. പക്ഷേ പണി പാളിയെന്നാണ് കേട്ടത്. മുന്‍ മന്ത്രി അനൂപ് ജേക്കബിന്റെ സഹോദരി അമ്പിളി ജേക്കബിനെ കേരള സ്റ്റേറ്റ് ഇന്‍ഫ്രാ സ്ട്രക്ചര്‍ മാര്‍ക്കറ്റിംഗ് മാനേജരാക്കി. ഈ ജോലിക്കുള്ള യോഗ്യത പത്തു വര്‍ഷത്തെ പരിചയമാണ്. പക്ഷേ ഒരു വര്‍ഷത്തെ മാത്രം എക്‌സ്പീരിയന്‍സുള്ള അമ്പിളി ജേക്കബ് വ്യാജ രേഖകള്‍ ചമച്ച് ജോലി നേടുകയായിരുന്നു എന്നാണ് ആരോപണം. ഇതു സംബന്ധിച്ച വിജിലന്‍സ് അന്വേഷണം മുറയ്ക്ക് നടക്കുന്നുണ്ട്. 

മറ്റൊന്ന് മുസ്ലീം ലീഗ് വനിതാ നേതാവിന്റെ മകനെ ഐ.റ്റി സ്‌കൂളിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാക്കി എന്നുള്ളതാണ്. മുസ്ലീം ലീഗ് അദ്ധ്യാപകനായ പി. നസീറിനെ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ഡയറക്ടര്‍ കസേരയില്‍ പ്രതിഷ്ഠിച്ചു. സ്വകാര്യ കേളേജ് അദ്ധ്യാപകനായ അദ്ദേഹത്തെ ഐ.എ.എസുകാരുടെ പദവിയില്‍ ഇരുത്താന്‍ ശ്രമം നടക്കുകയും ചെയ്തു. മുസ്ലീം ലീഗ് മുന്‍ എം.എല്‍.എ ഉമ്മര്‍ മാസ്റ്ററുടെ മരുമകന്‍ പി. അബ്ദുള്‍ ജലീലിനെ യോഗ്യതകള്‍ മറി കടന്ന് നിയമിക്കാന്‍ കോപ്പു കൂട്ടി. ഇങ്ങനെ നോര്‍ക്ക റൂട്‌സ് അടക്കം നിരവധി സ്ഥാപനങ്ങളില്‍ ഇത്തരത്തിലുള്ള വഴിവിട്ട നിയമനങ്ങള്‍ നടന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

''എല്ലാം ശരിയാകും...'' എന്ന മുദ്രാവാക്യത്തോടെ അധികാരത്തില്‍ വന്ന ഇടതു മുന്നണിയും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ കത്തുന്ന പുരയില്‍ നിന്ന് കഴുക്കോലൂരുന്ന മാതൃക കാട്ടി പ്രതിഛായ കുരുക്കിലകപ്പെട്ടിട്ടുണ്ട്. അവരുടെ ബന്ധുനിയമന വ്യവസായം ഇനി പറയും പോലെയാണ്. കണ്ണൂര്‍ പാപ്പിനിശേരിയിലെ കേരള ക്ലേ ആന്‍ഡ് സെറാമിക്‌സിന്റെ ജനറല്‍ മാനേജരായി മന്ത്രി ഇ.പി ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യ ദീപ്തി ചുമതലയേല്‍ക്കുകയുണ്ടായി. പാര്‍ട്ടി അറിയാത്ത ഈ നിയമനം ദീപ്തിയുടെ നാടായ മൊറാഴയിലെ സി.പി.എം ലോക്കല്‍ കമ്മറ്റിയില്‍ വിമര്‍ശനത്തിനിടയായതോടെയാണ് സംഭവം നാട്ടുകാരറിഞ്ഞത്. സി.പി.എം കേന്ദ്ര കമ്മറ്റി അംഗവും ലോക്‌സഭാംഗവുമായ പി.കെ. ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കെ.എസ്.ഐ.ഇ മാനേജിംഗ് ഡയറക്ടറായി അഭിഷേകം ചെയ്തതും കടുത്ത വിമര്‍ശനങ്ങളാണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ അറിവോടെ ആനത്തലവട്ടം ആനന്ദന്റെയും കോലിയക്കോട് കൃഷ്ണന്‍ നായരുടെയും മക്കളെ വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായും ജനറല്‍ മാനേജരായും നിയമിക്കാനുള്ള തീരുമാനവും സ്‌ഫോടനാത്മകമായി. അതു പോലെ തന്നെ മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ കൊച്ചുമകനെ കിന്‍ഫ്ര വീഡിയോ പാര്‍ക്കിന്റെ തലപ്പത്ത് നിയമിക്കാനും കളി നടന്നു. 

വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് മന്ത്രി ആയിരുന്ന പി.കെ ശ്രീമതിയുടെ മകന്റെ ഭാര്യയെ ഔദ്യോഗിക വസതിയില്‍ പാചകത്തിനായി നിയമിച്ചു. എന്നാല്‍ ഇവരെ പ്രമോട്ടു ചെയ്യുന്നതിനു വേണ്ടി അപേക്ഷിച്ചപ്പോഴാണ് മന്ത്രിയുടെ മരുമകളാണ് എന്ന് അറിയുന്നതെന്ന് പിണറായി വിജയന്‍ പറയുകയുണ്ടായി. ബന്ധു നിയമനം ഗൗരവതരമാണെന്നും ഇതു സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും പിണറായി വിജയന്‍ പറയുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ സഹോദരനെ നിയമിച്ചതിന് അഞ്ജു ബോബി ജോര്‍ജിന്റെ മേല്‍ കുതിര കയറിയ ആളാണ് ഇ.പി ജയരാജന്‍. ജയരാജന്‍ രാജി വയ്ക്കണമെന്ന് പാര്‍ട്ടിയില്‍ നിന്നു തന്നെ  ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ബന്ധു നിയമന വിവാദത്തില്‍ സി.പി.എമ്മിനും മന്ത്രി ജയരാജനുമെതിരെ മുതിര്‍ന്ന സി.പി.എം നേതാവും പാര്‍ട്ടി സംസ്ഥാന കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവുമായ എം.എം ലോറന്‍സ് പരസ്യ വിമര്‍ശനവുമായി രംഗത്തു വരികയും ചെയ്തു. 

അഴിമതി അഴിമതി തന്നെയാണെന്നും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. സി.പി.ഐ യുടെ മുഖപത്രമായ ജനയുഗം എഡിറ്റോറിയല്‍ എഴുതിയാണ് ഇടതു മന്ത്രിമാരുടെയും മറ്റും ബന്ധുനിയമന വിവാദത്തോട് പ്രതികരിച്ചത്. സ്വജനപക്ഷപാതം അഴിമതി തന്നെയാണെന്നും ഉന്നത യോഗ്യത നേടിയവരും തൊഴില്‍ രഹിതരുമായ വന്‍പടയുടെ മുമ്പില്‍ സ്വജനപക്ഷപാതവും അതുവഴി നടക്കുന്ന നിയമനവും അക്ഷന്തവ്യമായ കുറ്റവും അനീതിയുമാണെന്നാണ് ജനയുഗത്തിന്റെ കൂരമ്പുകള്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന ബന്ധു-ആശ്രിത നിയമനങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തിയ പാര്‍ട്ടിയാണ് സി.പി.എം. അതിനാല്‍ സംസ്ഥാന മന്ത്രിമാരുടെ ബന്ധു നിയമനത്തില്‍ സി.പി.എം അവയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ അതൃപ്തി രേഖപ്പെടുത്തി. സി.പി.എം കേന്ദ്രകമ്മറ്റി അംഗം കൂടിയായ ഇ.പി ജയരാജിനെതിരെയായിരുന്നു പ്രധാന വിമര്‍ശനം. മന്ത്രിയുടെ പേരെടുത്തു പറഞ്ഞില്ലെങ്കിലും സ്വജനപക്ഷപാതം അനുവദിക്കരുതെന്നാണ് കേന്ദ്ര നേതാക്കള്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും നല്‍കിയിരിക്കുന്ന നിര്‍ദേശം. 

ഏതായാലും ജയരാജനെതിരെ ലഭിച്ച പരാതികളിന്മേല്‍ വിജിലന്‍സ് നിയമോപദേശം തേടും. സംസ്ഥാനത്ത് വിജിലന്‍സിന്റെ ആക്ടിവിസമാണ് ഇപ്പോള്‍ നടക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്തെ അഴിമതികളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ ശക്തമായ വിജിലന്‍സ് അന്വേഷണമാണ് നടക്കുന്നത്. ആ നിലയ്ക്ക് സ്വന്തം മന്ത്രിസഭയിലേയും മുന്നണിയിലേയും മന്ത്രിമാരും മറ്റും ആരോപണവിധേയരായ നിലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് കണ്ണടച്ചിരുട്ടാക്കാനാവില്ല. വിവാദ നിയമനങ്ങളുടെ കാര്യത്തില്‍ എന്ത് തുടര്‍ നടപടി വേണമെന്ന് വരുന്ന പതിനാലാം തീയതി ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. ജയരാജന്‍ ഉയര്‍ത്തിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ രണ്ടഭിപ്രായങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. കേന്ദ്ര നേതാക്കളും ജയരാജന് എതിരാണ്. പറയാനുള്ളവര്‍ മുഴുവന്‍ പറഞ്ഞു കഴിഞ്ഞ ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് ജയരാജന്‍. ബന്ധുവിന്റെ നിയമനം റദ്ദാക്കിയാലും ജയരാജന്റെ കളങ്കം തേച്ചാലും കുളിച്ചാലും പോവില്ല. 

സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് പറഞ്ഞതു പോലെ സാധാരണ നിലയില്‍ സര്‍ക്കാര്‍ നിയമനം ലഭിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ കഷ്ടപ്പെടുമ്പോഴാണ് നേതാക്കളുടെ ബന്ധുക്കളും ഇഷ്ടക്കാരും ആശ്രിത നിയമനങ്ങളിലൂടെ ചുളുവില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കുന്നത്. ഏത് മുന്നണി അധികാരത്തിലിരിക്കുമ്പോഴും ആശ്രിതര്‍ക്ക് ജോലിയും പ്രമോഷനും കൊടുക്കുന്നതും സ്ഥലം മാറ്റുന്നതും പതിവ് കര്‍മ പരിപാടിയാണ്. മിക്കപ്പോഴും പൊതുമേഖലാ സ്ഥാപനങ്ങളും സംരംഭങ്ങളുമാണ് രാഷ്ട്രീയക്കാരുടെ ഈ ആശ്രിത കൂത്തുകള്‍ക്ക് വേദികളാകുന്നത്. ഇക്കാര്യത്തില്‍ ഇടതു മുന്നണിയും ഐക്യമുന്നണിയും ഒരേ തൂവല്‍ പക്ഷികളാണ്. അതിനാല്‍ തന്നെ ഒരു സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞ് പുതിയ ഗവണ്‍മെന്റ് അധികാരമേറ്റാലും സ്വജനപക്ഷപാത അഴിമതികള്‍ക്കെതിരെ കൃത്യമായ അന്വേഷണങ്ങളോ, പൊതുജനാഭിലാഷം മാനിച്ചു കൊണ്ടുള്ള തുടര്‍ നടപടികളോ ഉണ്ടാവാറില്ല. ഒടുവില്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഇത്തരം കുറുക്കുവഴികള്‍ സാധ്യമാണെന്ന യാഥാര്‍ത്ഥ്യത്തില്‍ സമാശ്വാസം കണ്ടെത്തുകയാണ് വെറും വോട്ടുചെയ്യല്‍ യന്ത്രങ്ങളും കഴുതകളുമായായ ജനങ്ങള്‍.

ബന്ധുനിയമനത്തിന്റെ അതിരു കടക്കുന്ന മുന്നണി രൂപങ്ങള്‍ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
Ponmelil Abraham 2016-10-11 14:37:21
Favoritism and job pedaling in political circles. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക