Image

തട്ടവും പര്‍ദയും ഈശ്വരാരാധനയുടെ മിത വസ്ത്രരൂപങ്ങള്‍: ഡോ. ലാരിസിയ ഹോക്കിന്‍സ്‌

Published on 12 October, 2016
തട്ടവും പര്‍ദയും ഈശ്വരാരാധനയുടെ മിത വസ്ത്രരൂപങ്ങള്‍: ഡോ. ലാരിസിയ ഹോക്കിന്‍സ്‌
ന്യൂയോര്‍ക്ക്: തട്ടവും പര്‍ദയും ബുര്‍ക്കിനിയുമെല്ലാം ഇസ്ലാമിനെ വെറുക്കാനും അകറ്റി നിര്‍ത്താനുമുള്ള വസ്ത്രങ്ങളല്ലെന്നും അത് ധരിക്കുന്നത് ദൈവത്തെ ആരാധിക്കാനുള്ള എളിയ മാര്‍ഗമായാണെന്നും ഇല്ലിനോയ്‌സിലെ വീറ്റന്‍ കോളേജിലെ പൊളിറ്റിക്‌സ് ആന്‍ഡ് ഇന്റര്‍നാഷല്‍ റിലേഷന്‍സ് മുന്‍ അസോസിയേറ്റ് പ്രൊഫസറും ക്രിസ്തുമത വിശ്വാസിയുമായ ഡോ. ലാരിസിയ ഹോക്കിന്‍സ് അഭിപ്രായപ്പെട്ടു. 

തന്റെ കോളേജിലെ മുസ്ലീം പെണ്‍കുട്ടികളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് അവരും ഹിജബ് ധരിക്കുകയുണ്ടായി.മുസ്ലീകളെ അന്യവല്‍ക്കരിക്കുന്ന കാലത്ത് ഡോ. ഹോക്കിന്‍സ് മതസൗഹാര്‍ദത്തിന്റെ പ്രതീകമായി ബഹുമാനിക്കപ്പെടുന്നു. സാമൂഹിക സൗഹാര്‍ദത്തിനു വേണ്ടി പ്രൊഫ. ഹാക്കിന്‍സ് നല്‍കിയ മഹത്വമേറിയ സംഭാവനകള്‍ മാനിച്ച് ലോങ്ങ് ഐലന്റിലെ ഇന്റര്‍ ഫെയ്ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സെന്റര്‍ പ്രൗഢോജ്വലമായ ചടങ്ങില്‍ വച്ച് അവരെ പ്ലാക്ക് നല്‍കി ആദരിച്ചു.

മുസ്ലീംകളും ക്രൈസ്തവരും ഒരേ ദൈവത്തെ ആരാധിക്കുന്നുവെന്ന അവരുടെ അഭിപ്രായത്തിന്റെ പേരില്‍ ഡിസംബറില്‍ ഹോക്കിന്‍സിനെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇപ്പോള്‍ യൂണിവേഴ്‌സിറ്റി ഓഫ് വിര്‍ജീനിയയിലെ വിസിറ്റിംഗ് ഫാക്കല്‍റ്റി ഫെലോയാണ്. പ്രൊഫ. ഹോക്കിന്‍സിന്റെ പ്രസംഗങ്ങളും അഭിപ്രായങ്ങളും വ്യാപകമായി ആദരിക്കപ്പെടുന്നു.

സമ്മേളനത്തില്‍ വിവിധ മതങ്ങളില്‍ പെട്ടവര്‍ സംബന്ധിക്കുകയും ഇന്റര്‍ ഫെയ്ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. ഇസ്ലാം മതത്തിന്റെയും മറ്റു മതങ്ങളുടെയും മൂല്യങ്ങളും വിശ്വാസസംഹിതകളുമെല്ലാം പ്രചരിപ്പിക്കുക വഴി മതസൗഹാര്‍ദത്തിന്റെ സമാധാനപൂര്‍വമായ അന്തരീക്ഷത്തിനു വേണ്ടി പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കണമെന്ന ചിന്ത യോഗത്തില്‍ ഉയര്‍ന്നു.

ഇന്റര്‍ ഫെയ്ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സജീവ അംഗമായ ഷായിദ ഖാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലുള്ള തട്ടങ്ങളുടെ സ്ലൈഡ് ഷോ അവതരിപ്പിച്ചു. എളിമയും സദാചാര ബോധവും പ്രകടിപ്പിക്കാനുള്ള വസ്ത്രമാണിതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മറ്റ് മതങ്ങളിലും തട്ടത്തിന്റെ വിവിധ രൂപങ്ങള്‍ കാണാമെന്നും ഷായിദ ഖാന്‍ പറഞ്ഞു. യോഗത്തിനു മുന്നോടിയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലീം വനിതകള്‍ ധരിക്കുന്ന വിവിധ രൂപത്തിലുള്ള തട്ടമണിഞ്ഞുകൊണ്ട് വനിതകളുടെ പരേഡ് ശ്രദ്ധേയമായി.

ലോങ്ങ് ഐലന്റിലെ ഇന്റര്‍ ഫെയ്ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സെന്റര്‍ 2015 ലാണ് ഉത്ഘാടനം ചെയ്തത്. കോഓര്‍ഡിനേറ്ററായ പ്രൊഫ. ഫറൂഖ് ഖാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങളുടെ സമഗ്രമായ വിവരണം നല്‍കി. ഐക്യരാഷ്ട്രസഭയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ക്‌സെനോഫോബിയ കോണ്‍ഫറന്‍സില്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഭാഗഭാക്കായിരുന്നു.

ഇസ്ലാമിക് സെന്ററിന്റെആദ്യ വനിതാ പ്രസിഡന്റായ ഡോ. ഇസ്മാ ചൗധരി, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ ഡോ. ഖമര്‍ 
സമാന്‍  എന്നിവര്‍ ഇന്‍സ്റ്റിട്ടിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചു. ലോങ്ങ് ഐലന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഇന്റര്‍ ഫെയ്ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റിയുമായ തോമസ് ഡബ്ലിയൂ ഗുഢ്യൂ, ലോങ്ങ് ഐലന്റിലെ ഇന്റര്‍ ഫെയ്ത്ത് ന്യൂട്രീഷന്‍ നെറ്റ് വര്‍ക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിസ്. ജീന്‍ കെല്ലി എന്നിവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേട്ടങ്ങളെ വാഴ്ത്തി.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റിയും പ്രശസ്ത യൂറോളജിസ്റ്റുമായ ഡോ. ഉണ്ണി മൂപ്പന്‍, തന്റെ ജന്മനാടായ കേരളത്തിലെ മതസൗഹാര്‍ദത്തെപ്പറ്റി ലഘു വിവരണം നല്‍കി. എ.ഡി 52ല്‍ സെന്റ് തോമസിന്റെ വരവോടുകൂടി കേരളത്തില്‍ ക്രിസ്തുമതവും പ്രവാചകന്റെ കാലത്തു തന്നെഇസ്ലാം മതവും വേരൂന്നിയത് കേരളത്തിന്റെ സഹിഷ്ണുതാ സംസ്‌കാരത്തിലൂടെയാണ്. 450 വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിക്കപ്പെട്ട സിനഗോഗ് ഇന്നും കൊച്ചിയില്‍ നന്നായി പരിപാലിച്ച് നിലനിര്‍ത്തിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റികളില്‍ ഒരാളുംസുനി-വെസ്റ്റ്ബറിമുന്‍പ്രസിഡന്റുമായ റവ. ഡോ. കാല്‍വിന്‍ ഒ ബട്‌സ് വിവിധ മതസ്തര്‍ തമ്മിലുള്ള സൗഹൃദത്തിന്റെയും ആശയവിനിമയത്തിന്റെയും ലോങ്ങ് ഐലന്റ് ഇസ്ലാമിക് സെന്ററുമായുള്ള സൗഹൃദ ബന്ധത്തിന്റെയും മാനങ്ങള്‍ ചൂണ്ടിക്കാട്ടി. യു. എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലീം വിരുദ്ധതയ്ക്കും ന്യൂനപക്ഷ വിദ്വേഷത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള ആക്ഷേപങ്ങള്‍ക്കും രാജ്യത്ത് ഒരിടത്തും സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ലീല മാരേട്ട്‌, യു.എ നസീര്‍, വീരാന്‍ കുട്ടി, ബാല രാമനാഥന്‍, രോഹിണി രാമനാഥന്‍, ഡോ. സുനില്‍ മെഹ്‌റ, സുഭാഷ് മിത, ഡോ. അനില മിത, ഡോ. ഹര്‍ഷ റെഡ്ഡി എന്നിവര്‍ പങ്കെടുത്തവരില്പെടുന്നു. സീമ റഹ്മാന്‍ ആയിരുന്നു എ.സി.
തട്ടവും പര്‍ദയും ഈശ്വരാരാധനയുടെ മിത വസ്ത്രരൂപങ്ങള്‍: ഡോ. ലാരിസിയ ഹോക്കിന്‍സ്‌
തട്ടവും പര്‍ദയും ഈശ്വരാരാധനയുടെ മിത വസ്ത്രരൂപങ്ങള്‍: ഡോ. ലാരിസിയ ഹോക്കിന്‍സ്‌
തട്ടവും പര്‍ദയും ഈശ്വരാരാധനയുടെ മിത വസ്ത്രരൂപങ്ങള്‍: ഡോ. ലാരിസിയ ഹോക്കിന്‍സ്‌
തട്ടവും പര്‍ദയും ഈശ്വരാരാധനയുടെ മിത വസ്ത്രരൂപങ്ങള്‍: ഡോ. ലാരിസിയ ഹോക്കിന്‍സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക