Image

രാജ്യത്തെ ജനാധിപത്യം ശക്തിപ്പെടുത്തും: ബഹ്‌റിന്‍ പ്രധാനമന്ത്രി

Published on 13 February, 2012
രാജ്യത്തെ ജനാധിപത്യം ശക്തിപ്പെടുത്തും: ബഹ്‌റിന്‍ പ്രധാനമന്ത്രി
മനാമ: വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ രജ്ഞിപ്പ്‌ സാധ്യമാക്കി ദേശീയ ഐക്യം ഊട്ടിയുറപ്പിക്കണമെന്ന്‌ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ റഫറണ്ടത്തിലൂടെ ബഹ്‌റൈന്‍ ഒരു പുതിയ അധ്യായത്തിലേക്ക്‌ കടക്കുന്ന സന്ദര്‍ഭത്തില്‍ അതിന്‍െറ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക്‌ അനുഭവവേദ്യമായതായി അദ്ദേഹം പറഞ്ഞു. 98.4 ശതമാനം പൗരന്‍മാരുടെ വോട്ടോടുകൂടിയാണ്‌ റഫറണ്ടം അംഗീകരിക്കപ്പെട്ടത്‌. ഫെബ്രുവരി 14ന്‌ ഇതിന്‍െറ വാര്‍ഷികം നടക്കുമ്പോള്‍ വളരെ സന്തോഷത്തോടുകൂടി മന്ത്രിസഭ ജനങ്ങള്‍ക്ക്‌ കൃതജ്ഞത അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്‍െറ പരിവര്‍ത്തനത്തിന്‌ പുതിയ ദിശാബോധം കൈവരാന്‍ ഇതുവഴി സാധിച്ചു. ഭരണഘടനാപരിഷ്‌കരണത്തിനും രാജ്യത്തിന്‍െറ പുരോഗതിക്കും റഫറണ്ടം വഴിയൊരുക്കി. ജനാധിപത്യം ശക്തിപ്പെടുത്താനും രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ഉറപ്പുവരുത്താനും കഴിഞ്ഞു. ദേശ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ഐക്യം ഊട്ടിയുറപ്പിക്കാനും വഴിയൊരുക്കി. രാജ്യത്തിന്‍െറ നേട്ടങ്ങള്‍ നിലനിര്‍ത്താനും വിവിധ ചിന്താധാരകളിലുള്ള ജനങ്ങള്‍ക്കിടയില്‍ സ്‌നേഹത്തിന്‍െറയും സൗഹാര്‍ദത്തിന്‍െറയും നൂലിഴകള്‍ പാകാനും ഓരോ പൗരനും മുന്നോട്ടുവരുന്നുണ്ട്‌.

രാജാവ്‌ ഉദ്‌ഘാടനം ചെയ്‌ത കിങ്‌ ഹമദ്‌ റോയല്‍ മെഡിക്കല്‍ ഹോസ്‌പിറ്റല്‍ ആരോഗ്യ സേവന രംഗത്തെ ഏറ്റവും പുതിയ കാല്‍വെപ്പാണെന്ന്‌ മന്ത്രിസഭ വിലയിരുത്തി. ഉദ്ദേശിച്ച സമയത്ത്‌ തന്നെ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചതിന്‌ പ്രതിരോധകാര്യ മന്ത്രി ഡോ. മുഹമ്മദ്‌ ബിന്‍ അബ്ദുല്ല ആല്‍ഖലീഫക്ക്‌ മന്ത്രിസഭ നന്ദി അറിയിച്ചു. അറബ്‌ സാംസ്‌കാരിക കേന്ദ്രമായി മനാമയെ മാറ്റുന്നതിനുള്ളള ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചതിനും മന്ത്രിസഭ ബന്ധപ്പെട്ട എല്ലാവര്‍ക്കും പ്രത്യേകം നന്ദി അറിയിച്ചു.

ദേശീയ സംവാദ നിര്‍ദേശത്തിന്‍െറ വെളിച്ചത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട നിയമത്തില്‍ വരുത്തേണ്ട ഭേദഗതി ചര്‍ച്ച ചെയ്യുന്നതിന്‌ പാര്‍ലമെന്‍റിന്‌ കൈമാറി. രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ സുതാര്യമാകണമെന്നും രാജ്യത്തിന്‍െറ സാമ്പത്തിക അവസ്ഥക്ക്‌ ഭംഗമേല്‍പിക്കുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കരുതെന്നും വിഭാഗീയത ഇളക്കിവിടരുതെന്നുമാണ്‌ നിര്‍ദേശത്തിലുള്ളത്‌്‌.

ആരാധനാലയങ്ങളെ രാഷ്ട്രീയ പ്രചാരണ കേന്ദ്രങ്ങളാക്കുന്നതിനും വിലക്കുണ്ടാകും. ബി.ഐ.സി.ഐ യുടെ നിര്‍ദേശമനുസരിച്ച്‌ ഏതെങ്കിലും കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുന്നവരെ പീഢിപ്പിക്കല്‍, മനുഷ്യവിരുദ്ധമായ പെരുമാറ്റം, നിയമപരമല്ലാത്ത ശിക്ഷകള്‍ ഏല്‍പിക്കുക തുടങ്ങിയ വിഷയങ്ങളില്‍ പബ്‌ളിക്‌ പ്രൊസിക്യൂഷന്‍െറ അന്വേഷണത്തിന്‍െറ അടിസ്ഥാനത്തില്‍ പബ്‌ളിക്‌ സെക്യൂരിറ്റിയുടെ ചില ഉത്തരവുകളിലും നിയമങ്ങളിലും ആവശ്യമായ മാറ്റം വരുത്തുന്നത്‌ ചര്‍ച്ച ചെയ്യാനും പാര്‍ലമെന്‍റിനെ ഏല്‍പിച്ചു. ദേശസുരക്ഷാ നിയമം നടപ്പാക്കിയ കാലഘട്ടത്തില്‍ നടന്ന അറസ്റ്റുകളെക്കുറിച്ചും അവര്‍ക്ക്‌ നേരിടേണ്ടി വന്ന അക്രമങ്ങളെക്കുറിച്ചും അന്വേഷിക്കുകയും നിയമത്തില്‍ ആവശ്യമായ ഭേദഗതി വേണമെന്നുമുള്ള ബി.ഐ.സി.ഐ നിര്‍ദേശത്തെ മന്ത്രിസഭ അംഗീകരിക്കുകയും നിയമഭേദഗതിക്കായി പാര്‍ലമെന്‍റിന്‌ വിഷയം കൈമാറുകയും ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക