Image

അന്തരിച്ച അമേരിക്കന്‍ മലയാളി ജോസഫ് മുട്ടത്തിന് ജന്മനാട്ടില്‍ ഒന്നാം വാര്‍ഷിക അനുസ്മരണം

എ.എസ് ശ്രീകുമാര്‍ Published on 12 October, 2016
അന്തരിച്ച അമേരിക്കന്‍ മലയാളി ജോസഫ് മുട്ടത്തിന് ജന്മനാട്ടില്‍ ഒന്നാം വാര്‍ഷിക അനുസ്മരണം
ചങ്ങനാശേരി: മലയാളത്തിന്റെ എക്കാലത്തെയും ജനപ്രിയ എഴുത്തുകാരനായ മുട്ടത്തു വര്‍ക്കിയുടെ മകന്‍ ജോസഫ് മുട്ടത്ത് (ബേബിച്ചന്‍-67) അമേരിക്കയില്‍ അന്തരിച്ചിട്ട് ഇക്കഴിഞ്ഞ ഒക്‌ടോബര്‍ നാലിന് ഒരു വര്‍ഷം തികഞ്ഞു. ചങ്ങനാശേരിയുടെ സാംസ്‌കാരിക ചരിത്രത്തില്‍ ഈടുറ്റ സംഭാവനകള്‍ നല്‍കിയ ജോസഫ് മുട്ടത്തിന്റെ ഒന്നാം വിയോഗ വാര്‍ഷികത്തോടനുബന്ധിച്ച്, അമ്പതു കൊല്ലം മുമ്പ് അദ്ദേഹവും സുഹൃത്തുക്കളും ചേര്‍ന്ന് സ്ഥാപിച്ച ചെത്തിപ്പുഴയിലെ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജോസഫ് മുട്ടത്ത് അനുസ്മരണവും ഫോട്ടോ അനാഛാദനവും നടന്നു.

നാല്പതു വര്‍ഷമായി ന്യൂയോര്‍ക്കിലെ ഓറഞ്ച്ബര്‍ഗില്‍ താമസിച്ചിരുന്ന ജോസഫ് മുട്ടത്ത്, അമേരിക്കന്‍ മിലിട്ടറി അക്കാഡമിയുടെ ഇന്റലിജന്‍സ് ഡിപ്പാര്‍ട്ടുമെന്റില്‍ കമ്പ്യൂട്ടര്‍ അനലിസ്റ്റായിരുന്നു. ഈ തസ്തികയില്‍ അന്ന് ഉണ്ടായിരുന്ന രണ്ട് ഇന്ത്യാക്കാരില്‍ ഒരാളായിരുന്നു അദ്ദേഹം. ചങ്ങനാശേരി എസി.ബി കോളേജില്‍ നിന്ന് മലയാളം ബിരുദം കരസ്ഥമാക്കിയ ശേഷം അമേരിക്കയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടി. ചങ്ങനാശേരിയുടെ സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞു നിന്ന ജോസഫ് മുട്ടത്ത് അത്യന്താധുനിക സാഹിത്യ ശാഖയിലെ ആദ്യ കവിതാ സമാഹാരമായ 'പുതുമുദ്ര'കളുടെ പ്രസാധനത്തില്‍ നേതൃപരമായ പങ്കു വഹിച്ചു. ചങ്ങാനാശേരി ടാഗോര്‍ സ്മാരക ഗ്രന്ഥശാല, ഉള്ളൂര്‍ സ്മാരക ഗ്രന്ഥശാല തുടങ്ങി നിരവധി സാംസ്‌കാരിക കേന്ദ്രങ്ങളിലെ സജീവ പ്രവര്‍ത്തകനായിരുന്നു. ഉള്ളൂര്‍ സ്മാരക ഗ്രന്ഥശാലയില്‍ ദാര്‍ശനിക സംവാദം തുടങ്ങി വച്ച ഇദ്ദേഹം കവിയും കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച ചെസ് കളിക്കാരനുമായിരുന്നു. നേഴ്‌സ് ആയ അന്ന മുട്ടത്താണ് ഭാര്യ. ആശ, ജെയിന്‍, അശോക് എന്നിവര്‍ മക്കള്‍.

''ജോസഫ് മുട്ടത്തിന്റെ ഓര്‍മകളിലൂടെ ഒരു കാലഘട്ടത്തെ വീണ്ടെടുക്കുകയാണ്. ചരിത്രത്തില്‍ ഇത്തരം ആളുകള്‍ക്ക് എന്നും മഹനീയ സ്ഥാനമുണ്ടാകും. ബാക്കിയുള്ളവര്‍ വിസ്മൃതരായി പോകും. ബേബിച്ചന്‍ ഇവിടെ ജീവിച്ചിരുന്ന കാലത്ത് ഉത്തരവാദിത്തപ്പെട്ട സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തിയായിരുന്നു. ധാരാളം സൗഹൃദം അദ്ദേഹത്തിനുണ്ടായിരുന്നു. അതൊരു സുന്ദര കാലഘട്ടമായിരുന്നു. പഴയ പാഠങ്ങളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് മുമ്പോട്ടു പോകുമ്പോഴാണ് കരുത്തുള്ള ചരിത്രവും കരുത്തുള്ള ജനതയും ഉണ്ടാവുകയുള്ളു. ബേബിച്ചനങ്ങനെ ചരിത്രപുരുഷനാകുന്നു...'' മുട്ടത്തു വര്‍ക്കി സ്മാരക ഹാളില്‍ യോഗം ഉദ്ഘാടനം ചെയ്ത അസോസിയേഷന്റെ രക്ഷാധികാരിയും മാന്നാനം കെ.ഇ കോളേജിലെ റിട്ടയേഡ് മലയാളം പ്രൊഫസറുമായ മാത്യു ജെ മുട്ടത്ത് അനുസ്മരിച്ചു. 

ജോസഫ് മുട്ടത്തിന്റെ സുഹൃത്തും പ്രമുഖ ഭിഷഗ്വരനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. ബി ഇക്ബാല്‍ ഫോട്ടോ അനാഛാദനം ചെയ്ത് സംസാരിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് എം.റ്റി ജോസഫ് മണക്കുന്നേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ. ജോസഫ് മുട്ടത്ത് സി.എം.ഐ വാഴപ്പള്ളി ഗ്രാമപ്പഞ്ചായത്ത് അംഗം പി.എസ് ഷാജഹാന്‍ അസോസിയേഷന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.സി തോമസ് പാണാട്ടില്‍ എം.സി ആന്റണി മുട്ടത്ത്, അസോസിയേഷന്‍ ട്രഷറര്‍ എം.ഡി സുരേന്ദ്രന്‍, പ്രശാന്തി റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് തോമസ് കുട്ടി മണക്കുന്നേല്‍, പാനാ റസിഡന്‍ഷ്യന്‍ അസോസിയേഷന്‍ സെക്രട്ടറി നിസാം തുടങ്ങിയവര്‍ ജോസഫ് മുട്ടത്തിന്റെ സഫലമായ ഓര്‍മകള്‍ പങ്കുവച്ചു. അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി പി.ജെ ജോസഫ് പുതുക്കാട്ടു ചിറ സ്വാഗതവും സെക്രട്ടറി ജോസഫ് പനമൂടന്‍ കൃതജ്ഞതയും പറഞ്ഞു.

അന്തരിച്ച അമേരിക്കന്‍ മലയാളി ജോസഫ് മുട്ടത്തിന് ജന്മനാട്ടില്‍ ഒന്നാം വാര്‍ഷിക അനുസ്മരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക