Image

ഒമാനില്‍ വാഹനാപകടം: തൃശൂര്‍ സ്വദേശിയും തമിഴ്‌നാട്‌ സ്വദേശിയും മരിച്ചു

Published on 13 February, 2012
ഒമാനില്‍ വാഹനാപകടം: തൃശൂര്‍ സ്വദേശിയും തമിഴ്‌നാട്‌ സ്വദേശിയും മരിച്ചു
മസ്‌കറ്റ്‌ ഒമാനിലെ സിനാവിനടുത്ത്‌ പിക്കപ്പ്‌ മറിഞ്ഞ്‌ തൃശൂര്‍ സ്വദേശിയടക്കം രണ്ട്‌ ഇന്ത്യക്കാര്‍ മരിച്ചു. വാടാനപ്പള്ളി ഗണേശമംഗലം അറക്കവീട്ടില്‍ ഉസ്‌മാന്‍െറ മകന്‍ നാസര്‍ (39), തമിഴ്‌നാട്‌ തിരുനെല്‍വേലി സ്വദേശി ഷണ്‍മുഖം (38) എന്നിവരാണ്‌ മരിച്ചത്‌. സിനാവ്‌ദുഖം റോഡില്‍ ബര്‍സമാനില്‍ ഇന്നലെ ഉച്ചക്ക്‌ 12.30 ഓടെയാണ്‌ അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ്‌ വാന്‍ ടയര്‍പൊട്ടി കീഴ്‌മേല്‍ മറിയുകയായിരുന്നുവെന്ന്‌ ദൃക്‌സാക്ഷികള്‍ പറയുന്നു.

ഒമാനിലെ മസീറാ ദ്വീപില്‍ റെഡിമെയ്‌ഡ്‌ ബിസിനസ്‌ നടത്തുന്ന നാസര്‍ ചരക്കെടുക്കാനായി മസ്‌കത്തിലേക്ക്‌ പോകുന്നതിനിടെയാണത്രെ അപകടം. റോയല്‍ ഒമാന്‍ പൊലീസാണ്‌ മൃതദേഹം സിനാവിലെ ആശുപത്രിയില്‍ എത്തിച്ചത്‌. പത്ത്‌ വര്‍ഷമായി ഒമാനിലുള്ള നാസറിന്‍െറ ഭാര്യ അസ്‌മ, മക്കളായ മുഹമ്മദ്‌ ജസിന്‍, ജന്ന ഫാത്തിമ എന്നിവര്‍ വിവരമറിഞ്ഞ്‌ മസീറാദ്വീപില്‍ നിന്ന്‌ മസ്‌കത്തിലേക്ക്‌ തിരിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. ആറുവര്‍ഷം മുമ്പ്‌ സിനാവ്‌ദുഖം റോഡിലുണ്ടായ മറ്റൊരു വാഹനാപകടത്തില്‍ നാസറിന്‍െറ മൂത്ത മകന്‍ ജസിന്‍ മരിച്ചിരുന്നു. നാട്ടില്‍ പോയി തിരിച്ചുവരുന്നതിനിടെയായിരുന്നു അന്ന്‌ അപകടം.

അതേ റോഡിലാണ്‌ നാസറിന്‍െറ ജീവനും അപകടത്തില്‍ പൊലിഞ്ഞത്‌. സിനാവ്‌ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകരായ അനില്‍കുമാര്‍, നസീര്‍ എന്നിവര്‍ അറിയിച്ചു. മാതാവ്‌: ഫാത്തിമ. സഹോദരങ്ങള്‍: നജീബ്‌, റഫീഖ്‌, ഹാരീസ്‌ നജിത, നസീറ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക