Image

വിറ്റ്‌നി ഹൂസ്റ്റന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന്; ഗ്രൗണ്ട് സീറോയില്‍ സേവനമനുഷ്ഠിച്ച 65 പോലീസുദ്യോഗസ്ഥര്‍ക്ക് ക്യാന്‍സര്‍; ഗ്രാമിയില്‍ താരമായത് അഡെല്‍

Published on 13 February, 2012
വിറ്റ്‌നി ഹൂസ്റ്റന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന്; ഗ്രൗണ്ട് സീറോയില്‍ സേവനമനുഷ്ഠിച്ച 65 പോലീസുദ്യോഗസ്ഥര്‍ക്ക് ക്യാന്‍സര്‍; ഗ്രാമിയില്‍ താരമായത് അഡെല്‍
ലോസ്ഏയഞ്ചല്‍സ്:കഴിഞ്ഞ ദിവസം ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്‌ടെത്തിയ വിഖ്യാത ഗായിക വിറ്റ്‌നി ഹൂസറ്റന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് കൊറോണര്‍ അധികൃതര്‍ വ്യക്തമാക്കി. ഹൂസ്റ്റന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയെന്നും സംശയാസ്പദമായി ഒന്നും കണ്‌ടെത്താനായില്ലെന്നും അധികൃതര്‍ പറഞ്ഞു. ടോക്‌സിക്കോളജി പരിശോധനാഫലം കൂടി ലഭിച്ചശേഷമെ മരണകാരണം എന്താണെന്നതിനെക്കുറിച്ച് വ്യക്തമായി പറയാനാവൂവെന്നും അധികൃതര്‍ പറഞ്ഞു. ലോസ്ഏയ്ഞ്ചല്‍സിലെ ഹോട്ടല്‍മുറിയുടെ കുളിമുറിയിലാണ് ഹൂസ്റ്റനെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്‌ടെത്തിയത്. മരണത്തെക്കുറിച്ച് പോലീസ് ഡിറ്റക്റ്റീവുകള്‍ അന്വേഷണം നടത്തുന്നതിനാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച രാത്രി നടന്ന ഗ്രാമി പുരസ്‌കാര പ്രഖ്യാപനച്ചടങ്ങില്‍ ഹൂസ്റ്റന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.

ഗ്രൗണ്ട് സീറോയില്‍ സേവനമനുഷ്ഠിച്ച 65 പോലീസുദ്യോഗസ്ഥര്‍ക്ക് ക്യാന്‍സര്‍

ന്യൂയോര്‍ക്ക്: വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയ്ക്കുശേഷം ഗ്രൗണ്ട് സീറോയില്‍ സേവനമനുഷ്ഠിച്ച 65 പോലീസ് ഉദ്യോഗസ്ഥര്‍ ക്യാന്‍സര്‍ ബാധിതരായതായി വെളിപ്പെടുത്തല്‍. പാട്രോള്‍മെന്‍സ് ബെനവലന്റ് അസോസിയേഷനാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ഗ്രൗണ്ട് സീറോയിലെ വിഷാംശമുള്ള രാസപദാര്‍ഥങ്ങളാണ് ക്യാന്‍സറിന് കാരണമാകുന്നതെന്നാണ് നിഗമനം. ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന്റെ പരിധിയില്‍പ്പെടുന്ന ക്യാന്‍സര്‍ബാധിതരുടെ കണക്ക് പുറത്തുവിടാന്‍ ന്യൂയോര്‍ക്ക് മേയര്‍ മൈക്കല്‍ ബ്ലൂംബെര്‍ഗിനുമേല്‍ സമ്മര്‍ദ്ദം കൂട്ടുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. സാഡ്രോഗ നിയമമനുസരിച്ച് 9/11 ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ കൂട്ടത്തില്‍ ക്യാന്‍സറിനെ ഉള്‍പ്പെടുത്തണമോ എന്നതുസംബന്ധിച്ച് ബ്ലൂംബെര്‍ഗ് മാര്‍ച്ചില്‍ തീരുമാനം പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്.

ഓണ്‍ലൈന്‍ വിവരങ്ങളെ ഭൂരിപക്ഷം അമേരിക്കക്കാരും വിശ്വസിക്കുന്നില്ലെന്ന് പഠനം

വാഷിംഗ്ടണ്‍: കഴിഞ്ഞ ഒരുദശകത്തിനിടെ സോഷ്യല്‍ മീഡയകളുടെയും മൊബൈല്‍ സാങ്കേതികവിദ്യകളുടെയും രംഗത്ത് വന്‍കുതിച്ചുച്ചാട്ടമുണ്ടായെങ്കിലും ഇപ്പോഴും ഭൂരിപക്ഷം അമേരിക്കക്കാരും ഓണ്‍ലൈനിലൂടെ ലഭ്യമാകുന്ന വിവരങ്ങളെ വിശ്വസിക്കുന്നില്ലെന്ന് പഠനം. ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ മൂന്നിലൊരു ഭാഗം മാത്രമെ ഇന്റര്‍നെറ്റിനെ വിവരങ്ങള്‍ ലഭ്യമാവാനുള്ള പ്രധാന ഉറവിടമായി കരുതുന്നുള്ളൂവെന്നും ഇവരില്‍ തന്നെ ഭൂരിഭാഗവും ഇന്റര്‍നെറ്റിലൂട ലഭ്യമാവുന്ന വിവരങ്ങള്‍ വിശ്വസിക്കാവുന്നതാണെന്ന പക്ഷക്കാരല്ലെന്നും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു.

2010ല്‍ 15 ശതമാനം അമേരിക്കക്കാര്‍ മാത്രമാണ് ഇന്റര്‍നെറ്റിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ വിശ്വസനീയമെന്ന് അഭിപ്രായപ്പെട്ടത്. വിവരങ്ങള്‍ ലഭിക്കാനാല്ല ഉപയോക്താക്ള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റില്‍ കയറുന്നതെന്നും സ്റ്റാറ്റസ് അപ്‌ഡേഷനും ഫോട്ടോ ഷെയറിംഗിനും വേണ്ടിയാണെന്നും പഠനം പറയുന്നു. എന്നാല്‍ വിശ്വസനീയമായ സൈറ്റുകളിലും സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും നല്‍കുന്ന വിവരങ്ങള്‍ വിശ്വസനീയമാണെന്ന് 79 ശതമാനംപേരും കരുതുന്നതായും പഠനം കണ്‌ടെത്തി. ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 38 ശതമാനവും സര്‍ക്കാരിനേക്കാള്‍ തങ്ങളുടെ സ്വന്തം കമ്പനിയെ ഓര്‍ത്ത് ആശങ്കപ്പെടുന്നവരാണ്. 1999 മുതല്‍ 2010വരെ രണ്ടായിരത്തോളം കുടുംബങ്ങളെ പങ്കെടുപ്പിച്ചാണ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി പഠനം നടത്തിയത്.

ഗ്രാമിയില്‍ താരമായത് അഡെല്‍

ലൊസ്ഏഞ്ചല്‍സ്: 54-ാമത് ഗ്രാമി അവാര്‍ഡില്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള ഗായിക അഡെല്‍ (23) ആറു പുരസ്‌കാരങ്ങള്‍ നേടി ചരിത്രനേട്ടത്തിനൊപ്പമെത്തി. ആറു ഗ്രാമി പുരസ്‌കാരങ്ങള്‍ ഒരുമിച്ചുനേടുകയെന്ന ബിയോണ്‍സിന്റെ ചരിത്ര നേട്ടത്തിനൊപ്പമാണ് ഒറ്റ രാത്രികൊണ്ട് അഡെലും എത്തിയത്. ആല്‍ബം ഓഫ് ദി ഇയര്‍ പുരസ്‌കാരം അഡെലിന്റെ '21 എന്ന ആല്‍ബത്തിനാണ്. അഡെല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ആറു വിഭാഗത്തിലും പുരസ്‌കാരം നേടുകയായിരുന്നു. സോങ് ആന്‍ഡ് റിക്കോര്‍ഡ് ഓഫ് ദി ഇയര്‍ പുരസ്‌കാരം അഡെലിന്റെ 'റോളിങ് ഇന്‍ ദ് ഡീപ് എന്ന ഗാനത്തിനാണ്. ഹ്രസ്വ വിഡിയോ, പോപ് വോക്കല്‍ ആല്‍ബം, പോപ് സോളോ പെര്‍ഫോമന്‍സ് എന്നിവയിലും അഡെല്‍ ഗ്രാമി പുരസ്‌കാരങ്ങള്‍ നേടി.സ്വനപേടകത്തില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷം ആദ്യമായി ഗ്രാമി അവാര്‍ഡ് നിശയിലാണ് അഡെല്‍ പാടിയത്. തനിക്ക് ശബ്ദം തിരിച്ചുനല്‍കിയ ഡോക്ടര്‍മാര്‍ക്ക് അഡെല്‍ നന്ദി പറഞ്ഞു.

നേരത്തെ ഗായിക വിറ്റ്‌നി ഹൂസ്റ്റണിന്റെ മരണത്തില്‍ അനുശോചിച്ചാണ് അവാര്‍ഡ് നിശ തുടങ്ങിയത്. വിറ്റ്‌നി ഹൂസ്റ്റണിന്റെ പ്രശസ്ത ഗാനം 'ഐ വില്‍ ഓള്‍വേയ്‌സ് ലവ് യു ഗായിക ജന്നിഫര്‍ ഹഡ്‌സണ്‍ അവാര്‍ഡ് നിശയില്‍ പാടി.മികച്ച പോപ് പെര്‍ഫോമന്‍സിനുള്ള ഗ്രാമി അവാര്‍ഡ് ടോണി ബെന്നറ്റ് നേടി. മികച്ച ഗ്രാമീണ ഗാനത്തിനുള്ള പുരസ്‌കാരം ടെയ്‌ലര്‍ സ്വിഫ്റ്റ് നേടി. ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ് പുരസ്‌കാരം ബോണ്‍ ഐവര്‍ നേടി.

ലാദന്‍ മക്കളെ ഉപദേശിച്ചത് യുഎസില്‍ പഠിക്കാനും; സമാധാനമായി ജീവിക്കാനും

ലണ്ടന്‍: ആഗോള ഭീകരവാദത്തിന്റെ തലപ്പത്തിരുന്നപ്പോഴും ഒസാമ ബിന്‍ ലാദന്‍ തന്റെ മക്കളെ ഉപദേശിച്ചിരുന്നത് പഠിച്ചു വളര്‍ന്ന് സമാധാനമായി ജീവിക്കാന്‍. അതും എവിടെയെന്നല്ലെ. തന്റെ ശത്രുരാജ്യമായ അമേരിക്കയില്‍ തന്നെ. തന്റെ കാലടികളെ പിന്തുടര്‍ന്ന് തന്റെ പിന്‍തലമുറ ഭീകരവാദത്തിന്റെ വഴിയേ വരുന്നത് കൊല്ലപ്പെട്ട ലാദന്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് ലാദന്റെ അഞ്ചാം ഭാര്യയായിരുന്ന അമാലിന്റെ സഹോദരന്‍ സര്‍കാരിയ അല്‍ സദായെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയെ ആക്രമണലക്ഷ്യമാക്കിയപ്പോഴും ആ രാജ്യത്തെ വിദ്യാഭ്യാസത്തോട് ലാദനു മതിപ്പായിരുന്നെന്നും അല്‍ സദാ പറയുന്നു. അമേരിക്കയിലോ യൂറോപ്പിലോ പോയി മികച്ച വിദ്യാഭ്യാസം നേടാനാണ് ലാദന്‍ തന്റെ പിന്‍ തലമുറയെ ഉപദേശിച്ചിരുന്നത്. കഴിഞ്ഞ മേയില്‍ അമേരിക്കയുടെ രഹസ്യ സൈനിക ദൗത്യത്തില്‍ ലാദന്‍ കൊല്ലപ്പെട്ടെങ്കിലും മൂന്നു ഭാര്യമാര്‍ക്കും ഒമ്പതു മക്കള്‍ക്കും പാകിസ്താന്‍ വിടാന്‍ കഴിഞ്ഞിട്ടില്ല. പാക് ഏജന്‍സികളുടെ കനത്ത കാവലില്‍ ഇസ്ലാമാബാദിലാണ് അവരുടെ താമസം. മക്കള്‍ക്ക് ഒമ്പതു മാസമായി പകല്‍ വെളിച്ചം കാണാന്‍ കഴിഞ്ഞിട്ടില്ല. 'രഹസ്യം സൂക്ഷിപ്പുകാരായ' ഇവര്‍ക്കു പാസ്‌പോര്‍ട്ട് നല്‍കാന്‍ അധികൃതര്‍ തയാറല്ല. ഇവരെ തന്റെ നാടായ യെമനിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അനുവാദം നിഷേധിക്കപ്പെട്ടെന്നും അല്‍ സദാ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക