Image

അറുപതിന്റെ നിറവില്‍ കേരള സാഹിത്യ അക്കാ­ദമി; പ്രവാസികള്‍ക്ക് നൂതന പദ്ധതികള്‍ ഒരുങ്ങുന്നു

അനില്‍ പെണ്ണുക്കര Published on 14 October, 2016
അറുപതിന്റെ നിറവില്‍ കേരള സാഹിത്യ അക്കാ­ദമി; പ്രവാസികള്‍ക്ക് നൂതന പദ്ധതികള്‍ ഒരുങ്ങുന്നു
അറുപതാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് കേരള സാഹിത്യ അക്കാദമി. വാര്‍ഷികാഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയും സമ്മാനിക്കുന്നു.

പ്രവാസി സാഹിത്യകാരന്മാര്‍ക്ക് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുവാനുള്ള അവസരങ്ങള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഒരുക്കി കേരളം സാഹിത്യ അക്കാദമി അറുപതിന്റെ നിറവിലേക്കു കടക്കുന്നു.മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും സമഗ്രപുരോഗതിക്കു വേണ്ടി വിവിധ പദ്ധതികള്‍ മലയാളത്തിന് വേണ്ടി നടപ്പാക്കിയിട്ടുണ്ടങ്കിലും പ്രവാസി സാഹിത്യവും പ്രവാസി എഴുത്തുകാരും അവഗണന നേരിട്ടിരുന്നു.അതിനു മാറ്റം ഉണ്ടാകുകയാണ്.കേരള സാഹിത്യ അക്കാദമി യുടെ പുതിയ പ്രസിഡന്റ് വൈശാഖന്‍ ഈ മലയാളിയോട് പറഞ്ഞു .

സാഹിത്യം എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണ്.ഭാഷാഭിമാനികളായ മുഴുവന്‍ ആളുകളുടെയും സ്വന്തം സ്ഥാപനമാണ് അക്കാദമി പ്രവാസികള്‍,സ്ത്രീകള്‍,ആദിവാസികള്‍ തുടങ്ങിയ സമൂഹത്തിലേക്കും അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനു പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കും.
എഴുത്തിന്റെയും വായനയുടെയും പൊതുമണ്ഡലത്തില്‍ സാധാരണക്കാര്‍ക്ക് കൂടി ഇടം നല്‍കിയ അക്കാദമിയുടെ പ്രവര്‍ത്തനം മാതൃകപരമായിരുന്നു.

വൈശാഖന്‍ പ്രസിഡന്റും ഡോ. കെ പി മോഹനന്‍ സെക്രട്ടറിയും തൃശൂര്‍ ജില്ലാ കലക്ടര്‍ ഡോ. എ കൗശികന്‍ ട്രഷററുമായ കമ്മിറ്റിയാണ് നിലവില്‍ അക്കാദമിക്ക് ചുക്കാന്‍ പിടിക്കുന്നത്. വാര്‍ഷിക ആഘോഷങ്ങളില്‍ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ അധ്യക്ഷനാകും. കൃഷിവകുപ്പുമന്ത്രി വി.എസ് സുനില്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും. പ്രശസ്ത സാഹിത്യകാരന്‍ എന്‍. എസ്. മാധവന്‍ മുഖ്യപ്രഭാഷണം നടത്തും. മേയര്‍ അജിത ജയരാജന്‍, ജില്ലാകളക്ടര്‍ ഡോ. എ കൗശിഗന്‍ എന്നിവര്‍ ആശംസ അര്‍പ്പിക്കും . അക്കാദമിസെക്രട്ടറി ഡോ. കെ.പി മോഹനന്‍ സ്വാഗതവും പുഷ്പജന്‍ കനാരത്ത് നന്ദിയും പറയും. ഇതോടെ അക്കാദമിയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും.

തിരു­ കൊച്ചി ഗവണ്‍മെന്റ് 1956 ആഗസ്റ്റ് 15നാണ് അക്കാദമി രൂപവത്കരിച്ചതെങ്കിലും അതേവര്‍ഷം ഒക്ടോബര്‍ 15ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വെച്ചാണ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ പ്രഥമ പ്രാദേശിക അക്കാദമികൂടിയായ സാഹിത്യ അക്കാദമിയുടെ ആസ്ഥാനം 1958 മുതല്‍ തൃശൂരിലേക്ക് മാറ്റിയതാണ്.

അതിവിപുലമായ പ്രസിദ്ധീകരണ വിഭാഗം അക്കാദമിയുടെ പ്രത്യേകതയാണ്. ഗൗരവവും നിലവാരവുമുള്ള നിരവധി സാഹിത്യ ചരിത്ര കൃതികളും വൈജ്ഞാനിക സാഹിത്യ കൃതികളും ഗവേഷണ പ്രബന്ധങ്ങളും അറുപത് വര്‍ഷത്തിനിടെ അക്കാദമി സാഹിത്യ കേരളത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. അക്കാദമി ഹാളില്‍ ഇവയുടെ സ്ഥിരം പ്രദര്‍ശനവും വില്‍പനയുമുണ്ടെന്നതിനാല്‍ വിജ്ഞാന തേടിയെത്തുന്നവര്‍ക്ക് ഏത് നമിഷവും പുസ്തകങ്ങള്‍ തേടി ഇവിടെയെത്താം. കേരള ഭാഷാ ഗാനങ്ങള്‍, നമ്മുടെ സാഹിത്യം, നമ്മുടെ സമൂഹം, മലയാളം അറബി ഫ്രഞ്ച് ഇംഗ്ലീഷ് സാഹിത്യ ചരിത്രങ്ങള്‍,സാഹിത്യ ലോകം ദ്വൈമാസിക, സാഹിത്യ ചക്രവാളം മാസിക, മലയാളം ലിറ്റററി സര്‍വേ ഇംഗ്ലീഷ് െ്രെതമാസിക എന്നീ ആനുകാലികങ്ങളും എന്നിവ അക്കാദമി പുറത്തിറക്കിയ ശ്രദ്ധേയമായ ഗ്രന്ഥങ്ങളാണ്.

ഗവേഷകരുടെയും സാഹിത്യ വിദ്യാര്‍ഥികളുടെയും സങ്കേതമാണ് അക്കാദമിയുടെ ലൈബ്രറി.മലയാളത്തില്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ പുസ്തകങ്ങളുടെയും നിക്ഷേപ കേന്ദ്രം എന്ന നിലയില്‍ ബുക്ക് ഡെപ്പോസിറ്റി, മലയാളത്തില്‍ പ്രസിദ്ധീകൃതമായ മുഴുവന്‍ പുസ്തകങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി മലയാള ഗ്രന്ഥസൂചി, അച്ചടിയുടെ ആരംഭം മുതല്‍ 2000 വരെയുള്ള പുസ്തകങ്ങളുടെ വിവരങ്ങള്‍ ഞൊടിയിടയില്‍ കണ്ടെത്തുന്നതിന് മലയാള ഗ്രന്ഥസൂചി സി.ഡി എന്നിവ ലൈബ്രറിയിലുണ്ട്. ഏകദേശം ഒന്നരലക്ഷത്തോളം പുസ്തകങ്ങള്‍ ഇവിടെയുണ്ട്.

സാഹിത്യകാരുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുള്ള ഓഡിയോ കാസറ്റ് ലൈബ്രറി, 1950ന് മുമ്പ് പ്രസിദ്ധീകൃതമായ സാഹിത്യ രചനകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മൈക്രോഫിലിം ലൈബ്രറി, താളിയോല ഗ്രന്ഥങ്ങളുടെ അപൂര്‍വ ശേഖരവുമായി മാനുമൈക്രോഫിലിം ലൈബ്രറി എന്നിവയും അക്കാദമിയുടെ വിശാലമായ ലൈബ്രറിയുടെ ഭാഗമാണ്. കാലപ്പഴക്കം മൂലം നശിച്ചുകൊണ്ടിരിക്കുന്ന പുസ്തകങ്ങളും ആനുകാലികങ്ങളും ഡോക്യുമെന്റുകളും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡിജിറ്റല്‍ ഫോമിലാക്കി സംരക്ഷിക്കുന്നതിനുള്ള ഡിജിറ്റല്‍ ലൈബ്രറിയും അക്കാദമിയിലുണ്ട്.

പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതുള്‍പ്പടെ നൂതന പദ്ധതികള്‍ വരുന്നത് പ്രവാസി എഴുത്തുകാര്‍ക്ക് അത് ഏറെ ഗുണകരമായിരിക്കുകയും പുസ്തക പ്രസാധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വകാര്യ പ്രസാധകര്‍ പ്രവാസികളോട് കാണിക്കുന്ന അവജ്ഞ ഇല്ലാതാക്കുവാന്‍ സാധിക്കും എന്നത് പല പ്രവാസി എഴുത്തുകാര്‍ക്കും ആശ്വാസം ആയിരിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല. 
അറുപതിന്റെ നിറവില്‍ കേരള സാഹിത്യ അക്കാ­ദമി; പ്രവാസികള്‍ക്ക് നൂതന പദ്ധതികള്‍ ഒരുങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക