Image

ഒക്ടോബര്‍ 9നു നടന്ന ഹില്ലരി-ട്രമ്പ് ഡിബേറ്റ് ഒരു അവലോകനം (തോമസ് കൂവള്ളൂര്‍)

തോമസ് കൂവള്ളൂര്‍ Published on 14 October, 2016
ഒക്ടോബര്‍ 9നു നടന്ന ഹില്ലരി-ട്രമ്പ് ഡിബേറ്റ് ഒരു അവലോകനം  (തോമസ് കൂവള്ളൂര്‍)
ന്യൂയോര്‍ക്ക്: ഇക്കഴിഞ്ഞ ഒക്ടോബര്‍ 9ന് മിസ്സോറിയിലെ സെന്റ് ലൂയിസിലുള്ള വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ വച്ചു നടന്ന പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് അമേരിക്കക്കാരെപ്പോലെ തന്നെ ലോകമെമ്പാടുമുള്ള ജനങ്ങളും ആകാംക്ഷയോടെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നുള്ള കാര്യം കാനഡയില്‍നിന്നും ജോണ്‍ ഇളമത എന്ന എഴുത്തുകാരനും, അതുപോലെ തന്നെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുമുള്ള സുഹൃത്തുക്കളും വിളിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇതിനിടെ ഡിബേറ്റു നടക്കുന്നതിനുമുമ്പ് എന്റെ ചില സുഹൃത്തുക്കള്‍ എന്നെ വിളിച്ച് ട്രമ്പിന്റെ കഥ കഴിഞ്ഞു ട്രമ്പ് ഡിബേറ്റില്‍ വരെ പങ്കെടുക്കുകയില്ല-ഹില്ലരി ജയിച്ചു കഴിഞ്ഞു എന്നു പറഞ്ഞപ്പോള്‍ അവരോടു സഹതപിക്കാനേ എനിക്കു കഴഞ്ഞുള്ളൂ.
ഏതായാലും ഡിബേറ്റ് കണ്ടുകഴിഞ്ഞപ്പോള്‍ പലരും കരുതിയിരുന്നതു പോലെയല്ല കാര്യങ്ങള്‍ സംഭവിച്ചതെന്നും, ആദ്യത്തെ ഡിബേറ്റിനെക്കാള്‍ കൂടുതല്‍ നല്ല രീതിയില്‍ ട്രമ്പ് പ്രകടനം കാഴ്ചവയ്ക്കുന്നതു കാണാമായിരുന്നു.

ഡിബേറ്റിന്റെ തുടക്കത്തില്‍ ഡിബേറ്റിന്റെ സംഘാടകര്‍ ഒരു കാര്യം വ്യക്തമാക്കിയിരുന്നു, അതായത്, രാജ്യത്തെ ഇന്നു ബാധിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കായിരിക്കണം ഡിബേറ്റില്‍ മുന്‍തൂക്കം നല്‍കേണ്ടത് അല്ലാതെ വ്യക്തികളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ളവ ആയിരിക്കരുതെന്ന്.

തുടക്കത്തില്‍ സംഘാടകര്‍ ആദ്യം വിളിച്ചത് ട്രമ്പിന്റെ ഭാര്യ മിലാനിയാ ട്രമ്പിനെയും തുടര്‍ന്ന് ഹില്ലരിയുടെ ഭര്‍ത്താവ് പ്രസിഡന്റ് ക്ലിന്റനെയും ആയിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു. ട്രമ്പിന്റെ മക്കള്‍ എല്ലാവരും തന്നെ മിലേനിയയോടൊപ്പം മുന്‍നിരയില്‍ സ്ഥാനം പിടിച്ചു, അതുപോലെ തന്നെ ക്ലിന്റനോടൊപ്പം അവരുടെ മകള്‍ ചെല്‍സി ക്ലിന്റനും അവരുടെ ഭര്‍ത്താവും മുന്‍നിരയില്‍ ഉപവിഷ്ടരായി.

ഈ ഡിബേറ്റിന്റെ ഒരു പ്രത്യേകത പബ്ലിക്കിന്റെ അഭിപ്രായം അറിയുന്നതിനുവേണ്ടി ഒരു ഗാലപ്പ് പോളിലൂടെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ചില ചോദ്യ കര്‍ത്താക്കളും ഉണ്ടായിരുന്നു എന്നുള്ളതാണ്. അവര്‍ ഓരോരുത്തരും ചോദിച്ച ചോദ്യങ്ങള്‍ വളരെ അര്‍ത്ഥവത്തായ ചോദ്യങ്ങളും ആയിരുന്നു. ആകെ മൊത്തം 90 മിനിറ്റ് മാത്രമേ ഡിബേറ്റ് ഉണ്ടായിരുന്നുള്ളൂ. അക്കാരണങ്ങള്‍കൊണ്ടു തന്നെ മോഡറേറ്റര്‍മാര്‍ക്ക് ചോദ്യം ചോദിക്കാന്‍ തീരെ സമയം കിട്ടാതെ പോയി. സി.എന്‍.എന്‍. ന്റെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടര്‍ ആയ ആന്‍ഡേഴ്‌സണ്‍ കൂപ്പറും എ.ബി.സി. ന്യൂസിലെ മാര്‍ത്താ റാഡാസും ട്രമ്പിന്റെ തൊലി ഉരിയുമെന്ന് പലരും കരുതിയിരുന്നു എങ്കിലും അവര്‍ക്കതിന് കഴിയാതെ പോയി എന്നു പറയുന്നതാവും ശരി.

ട്രമ്പ് 11 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ത്രീകളെപ്പറ്റി അസംബന്ധം പറഞ്ഞത് പൊക്കിയെടുക്കാന്‍ മോഡറേറ്റര്‍മാര്‍ ശ്രമിച്ചെങ്കിലും അത് വെറും 'Locker Room Talk'(ലോക്കര്‍ റൂമില്‍ വച്ചു തമാശയ്ക്കു പറഞ്ഞതാണെന്നും) ആണെന്നും, താന്‍ സ്ത്രീകളെ മാനിക്കുന്ന ആളാണെന്നും അമേരിക്കയില്‍ ക്രമസമാധാനം നഷ്ടപ്പെട്ടിരിക്കയാണെന്നും അത് പുനഃസ്ഥാപിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മറുപടി പറഞ്ഞു.

ട്രമ്പ് സ്ത്രീകളെ അധിക്ഷേപിക്കുന്ന സ്വഭാവമുള്ള ആളാണെന്നും മിസ് യൂണിവേഴ്‌സിനെയും, ആഫ്രിക്കന്‍ അമേരിക്കന്‍സിനെയും, മുസ്ലീംങ്ങളെയും, ലാറ്റിനോകളെയുമെല്ലാം അധിക്ഷേപിക്കുന്നയാളാണെന്നും അക്കാരണത്താല്‍ത്തന്നെ അമേരിക്കന്‍ പ്രസിഡണ്ടാകാന്‍ യോഗ്യതയില്ലെന്നും ഹില്ലാരി ഇടയ്ക്കു കയറിപ്പറഞ്ഞു.
ഇതിനിടെ മാര്‍ത്താ റാഡാസ് സോഷ്യല്‍നെറ്റ് വര്‍ക്കുകളിലൂടെ ട്രമ്പിനെപ്പറ്റി മോശമായ അഭിപ്രായങ്ങള്‍ കാണുന്നതെപ്പറ്റി ചോദിച്ചപ്പോള്‍ അതിനുമറുപടിയായി ബില്‍ക്ലിന്റ് 12 വയസ്സുള്ള പെണ്‍കുട്ടിയെ അധികാരസ്ഥാനത്തിരുന്നുകൊണ്ട് റേപ്പ് ചെയ്തിട്ടുള്ള ആളാണെന്നും, റേപ്പിന് വിധേയയായ സ്ത്രീ സ്റ്റേജില്‍ വന്നിട്ടുണ്ടെന്നും മറ്റൊരു സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ പേരില്‍ ക്ലിന്റന്റെ അറ്റോര്‍ണി ലൈസന്‍സ് നഷ്ടപ്പെട്ടകാര്യവും പ്രസിഡന്റായിരിക്കുന്ന അവസരത്തിലും സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത ആളാണ് ക്ലിന്റണ്‍ എന്നും, ഹില്ലരി അപ്പോഴെല്ലാം തന്റെ ഭര്‍ത്താവിനെ കുറ്റപ്പെടുത്തേണ്ടതിനും പകരം ചൂഷണത്തിനു വിധേയരായവര്‍ക്കെതിരെ നില്‍ക്കുകയാണുണ്ടായതെന്നും തുറന്നടിച്ചു.

മോഡറേറ്റര്‍മാര്‍ ഹില്ലരിയോട് ഇമെയില്‍ ചോര്‍ന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ അത് റഷ്യക്കാരുടെ പണിയാണെന്നും ട്രമ്പിന് റഷ്യക്കാരുമായി ബന്ധമുണ്ടെന്നും പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. ഇമെയിലുകള്‍ ചോര്‍ന്നത് ഒരു തെറ്റായും അവര്‍ സമ്മതിച്ചു. പക്ഷേ ക്ലാസിഫൈഡ് ആയിട്ടുള്ള ഒന്നും പോയിലെന്നും അവര്‍ വാദിച്ചു. ഈ തക്കം പാഴാക്കാതെ ട്രമ്പ് താന്‍ പ്രസിഡന്റാകുന്ന പക്ഷം ഹില്ലാരിക്കെതിരെ അന്വേഷിക്കാന്‍ ഒരു പ്രോസിക്യൂട്ടറെ വെയ്ക്കുമെന്നും കൂടി സൂചിപ്പിച്ചു.

ഹെല്‍ത്ത് കെയറിനെപ്പറ്റിയുള്ള ചോദ്യത്തിന് ഹില്ലാരിക്ക് ക്രായമായൊന്നും തന്നെ പറയാനില്ലായിരുന്നു. താന്‍ പ്രസിഡന്റായാല്‍ ഒബാമാ കെയര്‍ എടുത്തുകളഞ്ഞ് ഇന്‍ഷൂറന്‍സ് കമ്പനികളുമായി വിലപേശി കുറഞ്ഞ നിരക്കില്‍ എല്ലാവര്‍ക്കും ഹെല്‍ത്ത് കെയര്‍ പ്രാബല്യത്തിലാക്കാന്‍ നടപടി എടുക്കുമെന്നും ഹില്ലാരിക്ക് ഇത്രയുംകാലം വൈറ്റ് ഹൗസില്‍ ഉണ്ടായിട്ട് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നും, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹെല്‍ത്ത് കെയറിന് ചിലവാക്കുന്നത് അമേരിക്കയാണെന്നും പക്ഷേ അതുകൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനം കിട്ടുന്നില്ല എന്നും ട്രമ്പ് പറയുകയുണ്ടായി.
പൊതുവെ പറഞ്ഞാല്‍ ന്യൂയോര്‍ക്കില്‍ വച്ചു നടത്തിയ ഡിബേറ്റിനെക്കാള്‍ വളരെ നല്ല രീതിയില്‍ ട്രമ്പ് തന്റെ അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. നാലപതിലേറെ വര്‍ഷങ്ങള്‍ വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട് സര്‍വ്വ അടികളികളും പഠിച്ച ഹില്ലരിയുടെ മുമ്പില്‍ ട്രമ്പ് ഇപ്പോഴും പിടിച്ചുനില്‍ക്കുന്നത് അദ്ദേഹത്തിന്റെ തനതായ സ്റ്റാമിനാകൊണ്ടാണ്. ട്രമ്പിനെ അവസാനപോരാട്ടത്തില്‍ എങ്ങിനെയെങ്കിലും തറപറ്റിക്കാമെന്നുള്ള വിശ്വാസത്തിലാണ് ഹില്ലരി ഇപ്പോഴും നില്‍ക്കുന്നത്. ഇതിനിടെ ട്രമ്പിനെതിരെ നിരവധി സ്ത്രീകള്‍ രംഗത്തു വന്നിരിക്കുകയാണ്. അവരില്‍ ചിലര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ട്രമ്പ് തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്ന കഥകളും നിരത്തിക്കഴിഞ്ഞു. പൊതു തിരഞ്ഞെടുപ്പിന് ഏതാനും ദിനങ്ങള്‍ മാത്രം അവശേഷിക്കുന്ന ഈ വൈകിയവേളയില്‍ ട്രമ്പിനെ കുരുക്കിലാക്കും എന്നാണ് നല്ലൊരു ശതമാനം അമേരിക്കന്‍ മലയാളികളും വിശ്വസിക്കുന്നത് എന്ന് ഓരോരുത്തരുടെ കമന്റുകള്‍ വായിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയും. അമേരിക്കന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് അമേരിക്കയില്‍ വോട്ടവകാശമുള്ളവരാണ്. അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് ഇന്നേവരെ കഴിഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്.

1991 ല്‍ ജോര്‍ജ്ജ് ബുഷ് പ്രസിഡന്റായിരുന്ന അവസരത്തില്‍ സുപ്രീം കോര്‍ട്ട് ജസ്റ്റീസ് ആയിരുന്ന മാര്‍ഷലിന്റെ സ്ഥാനത്തേയ്ക്ക് ജസ്റ്റീസ് ക്ലാരന്‍സ് തോമസിനെ നോമിനേറ്റു ചെയ്യുകയും അയാളുടെ നിയമനം ഏറെക്കുറെ ഉറപ്പായപ്പോള്‍ അനിതാഹില്‍ എന്ന സ്ത്രീ ജസ്റ്റീസ് തോമസിനെതിരെ ലൈംഗിക ആരോപണങ്ങളുമായി രംഗത്തുവന്നത് ചിലരെങ്കിലും ഓര്‍ക്കുമെന്നു കരുതുന്നു. ഒടുവില്‍ സെനറ്റിന്റെ മുമ്പില്‍ അനിത ഹില്ലനെ വിസ്തരിച്ചു എങ്കിലും അവര്‍ കൊണ്ടു വന്ന മറ്റ് 4 സ്ത്രീകളെ വിസ്തരിക്കാന്‍ അന്നത്തെ സെനറ്റ് തയ്യാറായില്ല. അന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും അന്നത്തെ സെനറ്റ് ജുഡീഷ്യറി കമ്മറ്റി ചെയര്‍മാന്‍ ആയിരുന്ന ജോബൈഡന്‍(ഇന്നത്തെ അമേരിക്കന്‍ വൈസ് പ്രസിഡന്റ്)കൂടി കേസ് ഇല്ലാതാക്കിയ സംഭവം മറക്കാനാവില്ല.

എന്തിനേറെ നിരവധി സ്ത്രീകളുമായി പരസ്യമായും രഹസ്യമായും വേഴ്ച ഉണ്ടായിരുന്ന ആളാണ് ഹില്ലരിയുടെ ഭര്‍ത്താവ് പ്രസിഡന്റ് ക്ലിന്റണ്‍. ഇതെല്ലാം അറിയാമായിരുന്നുകൂടി അമേരിക്കന്‍ വോട്ടര്‍മാര്‍ രണ്ടാം തവണയും ക്ലിന്റനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. അതുപോലെ തന്നെ ചെറുപ്പകാലത്ത് കഞ്ചാവ് അടിച്ചുനടന്നിട്ടുള്ള ബാറക് ഹുസൈന്‍ ഒബാമയെ പ്രസിഡന്റായി തെരഞ്ഞെടുത്തവരാണ് അമേരിക്കക്കാര്‍. ലോകപ്രസിദ്ധസുന്ദരിയായ മെര്‍ളിന്‍ മന്റോയും അതുപോലെ നിരവധി യുവതികളുമായി രഹസ്യമായും പര്യമായും ബന്ധങ്ങള്‍ ഉണ്ടെന്നറിഞ്ഞിട്ടുകൂടി പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയെ അയാളുടെ ബലഹീനതകള്‍ കണക്കാക്കാതെ അമേരിക്കന്‍ ജനത പ്രസിഡന്റായി തിരഞ്ഞെടുത്തു.

അമേരിക്കന്‍ ജനത സെക്‌സിന് നാം കരുതുന്നപോലെ അത്ര വലിയ തീണ്ടല്‍ കല്‍പിക്കുമെന്നു കരുതേണ്ട. ട്രമ്പിനെപ്പോലെ ശക്തനായ ഒരു ബിസിനസ്സുകാരന്‍ പ്രസിഡന്റായി മത്സരിക്കാന്‍ രംഗത്തു വന്നിരിക്കുന്നതു തന്നെ അമേരിക്കന്‍ ജനതയ്ക്കും, ലോകത്തിനു മുഴുവന്‍ തന്നെ ഗുണം ചെയ്യുമെന്ന് എന്തുകൊണ്ടു വിശ്വസിച്ചുകൂടാ. ഇന്ന് അമേരിക്കയില്‍ എന്താണു നടക്കുന്നത്. ഒബാമയും ഹില്ലരിയും ഭരിക്കുന്ന അമേരിക്കയില്‍ ക്രമസമാധാനം ആകെ അവതാളത്തില്‍ ആയിരിക്കുകയാണ്. ഈയിടെ ന്യൂജേഴ്‌സിയില്‍ യു.എസ്. കോണ്‍ഗ്രസിലേയ്ക്കു മത്സരിക്കുന്ന മലയാളിയായ പീറ്റര്‍ ജേക്കബിന്റെ വീടിനു നേരെ തുടര്‍ച്ചയായുണ്ടായ ആക്രമണം പലരും ശ്രദ്ധിച്ചുകാണുമല്ലോ. ഒബാമ ഭരിക്കുന്ന നാട്ടിലാണ് ഇതെല്ലാം നടക്കുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വരണമെങ്കില്‍ ശക്തനായ ഒരാള്‍ പ്രസിഡന്റ് ആയി വരണം അല്ലാതെ ചിരിച്ചു കളിച്ച് എല്ലാവരുടെയും സ്‌നേഹം പിടിച്ചു പറ്റാന്‍ മാത്രം ശ്രമിക്കുന്ന ഒരാളല്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞു അവയക്കു പരിഹാരം കാണാന്‍ കഴിവുള്ള ഒരു നല്ല ഭരണാധികാരി പ്രസിഡന്റായി വരുന്നത് എല്ലാവര്‍ക്കും നല്ലതായിരിക്കുമെന്നു വിശ്വസിക്കുക.

അടുത്ത ഡിബേറ്റു നടക്കുന്നത് ലാസ് വെഗാസിലെ യൂണിവേഴ്‌സിറ്റി ഓഫ് നെവാഡായിലാണ്. ഫോക്‌സ് ന്യൂസിന്റെ പേരുകേട്ട റിപ്പോര്‍ട്ടര്‍  ക്രിസ് വാലസ് ആയിരിക്കും അന്നത്തെ മോഡറേറ്റര്‍. ഒക്ടോബര്‍ 19 ന് ബുധനാഴ്ച ന്യൂയോര്‍ക്ക് സമയം വൈകീട്ട് 9 മണിക്കു നടക്കുന്ന പ്രസ്തുത ഡിബേറ്റില്‍ അമേരിക്കയിലെ ഇമിഗ്രേഷന്‍ നിയമങ്ങളെപ്പറ്റിയും, സുപ്രീംകോര്‍ട്ട്, ഫോറിന്‍ പോളിസി, പ്രസിഡന്റായി മത്സരിക്കുന്നവരുടെ യോഗ്യത, എന്നിവയെല്ലാം ചര്‍ച്ച ചെയ്യപ്പെടും എന്നാണ് അറിയാന്‍ കഴിയുന്നത്. കമ്മീഷന്‍ ഓഫ് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിന്റെ തലവന്‍ പ്രസിഡന്റ് ക്ലിന്റന്റെ പ്രസ് സെക്രട്ടറി ആയി മൂന്നര വര്‍ഷം പ്രവര്‍ത്തിച്ച മൈക്ക് മഗ്കറി ആയതിനാല്‍ മിക്കവാറും ട്രമ്പ് ഡിബേറ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നില്ല എന്നും അറിയാന്‍ കഴിയുന്നു. ഏതായാലും ഒരിക്കല്‍ കൂടി ഡിബേറ്റ് ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ നമുക്ക് കാത്തിരിക്കാം.

തോമസ് കൂവള്ളൂര്‍.

ഒക്ടോബര്‍ 9നു നടന്ന ഹില്ലരി-ട്രമ്പ് ഡിബേറ്റ് ഒരു അവലോകനം  (തോമസ് കൂവള്ളൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക