Image

ഫൊക്കാനക്ക് പുതിയ ദിശാബോധം നല്‍കാന്‍ തമ്പി ചാക്കോ

Published on 08 October, 2016
ഫൊക്കാനക്ക് പുതിയ ദിശാബോധം നല്‍കാന്‍ തമ്പി ചാക്കോ
ഏതൊരു സംഘടനയുടെയും കര്‍മവിജയത്തിനാധാരം അതിന്റെ സാരഥിയുടെ ആര്‍ജവവും നിസ്വാര്‍ത്ഥ മനസും പുരോഗമനചിന്തയും ജനാധിപത്യ വിചാരങ്ങളുമാണ്. ഒട്ടേറെ സംവല്‍രങ്ങളുടെ സംഘാടന സപര്യയിലൂടെ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ തന്റെ സമഗ്ര യോഗ്യത തെളിയിച്ച തമ്പി ചാക്കോ ഫൊക്കാനയുടെ പതാകാവാഹകനായി. വലിയ അത്ഭുതങ്ങളല്ല, കാര്യമാത്രപ്രസക്തവും സുതാര്യവുമായ ഭരണ മികവാണ് അദ്ദേഹത്തില്‍ നിന്നും ഫൊക്കാനയുടെ സ്‌നേഹിതര്‍ പ്രതീക്ഷിക്കുന്നത്. 

'ഫൊക്കാന' എന്ന പേര് അമേരിക്കന്‍ മലയാളികളുടെ സംഘടനാ ബോധത്തിലെന്ന പോലെ കേരളക്കരയിലെ മലയാള മനസിലും സുപരിചിതമാണ്. 1983ല്‍ ന്യൂയോര്‍ക്കില്‍, പരിണതപ്രജ്ഞരായ ഒരു പറ്റം മലയാളികളുടെ ഒരുമയില്‍ നിന്നും നെയ്ത്തിരി തെളിച്ച് പ്രൗഢപ്രയാണമാരംഭിച്ച ഫൊക്കാന കര്‍മഭൂമിയും ജന്മദേശവും തമ്മില്‍ ഏഴുകടല്‍ ദൂരമുള്ള ഒരു ജോര്‍ജ് വാഷിംഗ്ടണ്‍ ബ്രിഡ്ജാണ് നിര്‍മിച്ചത്. ഈ വലിയ പാലത്തിലൂടെ അമേരിക്കയും കേരളവും തമ്മില്‍ കലാ സാംസ്‌കാരികവും സാമൂഹികവും സാമ്പത്തികപരവുമായ ചില വിനിമയ പരിപാടികള്‍ പ്രകാശവേഗത്തില്‍ നടന്നു.

അമേരിക്കന്‍ മലയാളിയുടെ സംഘചേതനയുടെ ഈടുറ്റ പ്രതീകമായി പിറവിയെടുത്ത ഫൊക്കാന മലയാള ഭാഷയ്ക്കും നാടിന്റെ നന്മയ്ക്കുമായി ഒരുപാട് കര്‍മപരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്. സജീവമായ ആ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടക്കാലത്ത് അധികാര വടംവലിയില്‍ മങ്ങലേറ്റുവെന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല. അതേ സമയം അമേരിക്കന്‍ മലയാളി സംഘടനകളുടെ ആദ്യ ഫെഡറേഷന്‍ എന്ന നിലയില്‍ ഫൊക്കാന ഏവരുടേയും മനസിലുണ്ട് താനും. 

ഫൊക്കാനയുടെ 2016-18 കാലയളവിലേയ്ക്കുള്ള പ്രസിഡന്റായി  തെരെഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് പതിറ്റാണ്ടുകളുടെ സംഘടനാ പ്രവര്‍ത്തന പാരമ്പര്യവും വികസനോന്മുഖ ദീര്‍ഘ വീക്ഷണവും കറയറ്റ വ്യക്തിത്വത്തിനുടമയുമായ തമ്പി ചാക്കോ. മലയാളികളുടെ എക്കാലത്തെയും അഭിമാനമായ ഫൊക്കാനയെ, അതിന്റെ പഴയകാല പ്രതാപത്തിലേയ്ക്ക് ഉയര്‍ത്തിയെടുക്കാനുള്ള പ്രതിജ്ഞാബദ്ധമായ മനസും ഉടയാത്ത ശരീരവുമായാണ് തമ്പി ചാക്കോയും ടീമും ആര്‍ജവത്തോടെ രംഗത്തു വന്നിരിക്കുന്നത്. ഒരിക്കല്‍ മലയാളികള്‍ മനസറിഞ്ഞ് ഇദ്ദേഹത്തെ ഫൊക്കാന പ്രസിഡന്റായി വിജയിപ്പിച്ചെങ്കിലും അധികാര മോഹത്തിന്റെ വേലിയേറ്റത്തില്‍ തമ്പി ചാക്കോ പിന്തള്ളപ്പെട്ടു പോയത് ഫൊക്കാനയുടെ ചരിത്ര പുസ്തകത്തിലെ ഇരുള്‍ പേജുകളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

സുദീര്‍ഘവും ശാന്തസുരഭിലവുമായ സംഘടനാ പ്രവര്‍ത്തനത്തിന്റെ അവകാശിയാണ് തിരുവല്ല, കുമ്പനാട് കൊടുന്തറ കുടുംബാംഗമായ തമ്പി ചാക്കോ. മാതാപിതാക്കള്‍ ചെറുപ്പത്തിലേ നഷ്ടപ്പെട്ടു. പഠനത്തിന് ശേഷം ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍, ജന്മരാജ്യത്തിനു വേണ്ടി വിവിധയിടങ്ങളില്‍ പത്തു വര്‍ഷം ജോലി ചെയ്തു. തമ്പി ചാക്കോയുടെ ഭാര്യയ്ക്ക് കുവൈറ്റിലായിരുന്നു ജോലി. അക്കാലത്ത് കുവൈറ്റില്‍ നിന്ന് അമേരിക്കയിലേയ്ക്ക് എളുപ്പത്തില്‍ വിസ ലഭിക്കുമായിരുന്നു. അങ്ങനെ ഭാര്യയായ മറിയാമ്മ ചാക്കോ അമേരിക്കയിലെത്തി. താമസിയാതെ എയര്‍ ഫോഴ്‌സിലെ ജോലി രാജി വച്ച് 1975ല്‍ തമ്പി ചാക്കോ ഈ സ്വപ്ന ഭൂമിയില്‍ വിമാനമിറങ്ങി.

അന്നു മുതല്‍ തുടങ്ങിയ സാമൂഹിക-സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തനം ഇന്നും അനസ്യൂതം തുടരുന്നു. ഫിലഡല്‍ഫിയയില്‍ താമസമാരംഭിച്ച ഇദ്ദേഹം മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ പ്രസിഡന്റായി നാലുതവണ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് രണ്ട് ടേമില്‍ പമ്പ മലയാളി അസോസിയേഷന്‍ പ്രസിഡന്റായി ചുമതല നിര്‍വഹിച്ചു. തുടര്‍ന്ന് മാപ്പ്, കല, പമ്പ, മേള തുടങ്ങിയ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച 'ട്രൈസ്റ്റേറ്റ് കേരള ഫോറ'ത്തിന്റെ സ്ഥാപക ചെയര്‍മാനായി മൂന്നു വര്‍ഷം സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചു. 1983ല്‍ ഫൊക്കാന രൂപം കൊണ്ടതോടെ അതില്‍ സജീവമാവുകയും സമാനതകളില്ലാത്ത നിരവധി അംഗീകാരങ്ങള്‍ക്ക് പാത്രീഭൂതനാവുകയും ചെയ്തു.

ഫൊക്കാന അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍, നാഷണല്‍ വൈസ് പ്രസിഡന്റ്, റീജിയണല്‍ വൈസ് പ്രസിഡന്റ്, കോണ്‍സ്റ്റിറ്റിയൂഷന്‍ മെമ്പര്‍, ഫണ്ട് റെയ്‌സിങ് ചെയര്‍മാന്‍, രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍, ഫൊക്കാന ഫെഡറേഷന്‍ സെക്രട്ടറി, നാഷണല്‍ കണ്‍വന്‍ഷന്‍ കോ-ഓര്‍ഡിനേറ്റര്‍, തുടങ്ങിയ നിലകളില്‍ തിളങ്ങിയ തമ്പി ചാക്കോ ഫിലഡല്‍ഫിയ എക്യൂമെനിക്കല്‍ ട്രഷറര്‍, മാര്‍ത്തോമ്മാ ചര്‍ച്ച് ട്രഷറര്‍, സംഗമം മാഗസിന്‍ ചീഫ് എഡിറ്റര്‍ എന്നീ പദവികളിലും എത്തിയിട്ടുണ്ട്.

മികച്ച സംഘാടകന്‍ എന്ന നിലയില്‍ സേവന മേഖലയിലെ കഴിവും പ്രാപ്തിയുമുള്ള വ്യക്തിയായും ഫൊക്കാനയുടെ നീതിന്യായ പ്രവര്‍ത്തകനായും തമ്പി ചാക്കോ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ പരക്കെ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ഉത്തരവാദിത്ത ബോധവും കര്‍മകുശലതയും കഠിനാദ്ധ്വാന ശേഷിയും പ്രശംസാര്‍ഹമാണ്. തന്റെ സ്ഥാനലബ്ധിയിലൂടെ  2018 ലെ ഫൊക്കാന കണ്‍വന്‍ഷന്‍ ഫിലഡല്‍ഫിയയില്‍ എത്തിച്ച് ചരിത്ര സംഭവമാക്കി മാറ്റുവാനും ഫൊക്കാനയുടെ രാജപ്രതാപം  വീണ്ടെടുത്ത് സംരക്ഷിച്ച് നിലനിര്‍ത്താനും തമ്പി ചാക്കോ ഹൃദയപൂര്‍വം ആഗ്രഹിക്കുന്നു. അംഗസംഘടനകളുടെ ഏകോപന സമീപനത്തിലൂടെ ഭരണ സുതാര്യതയും ഉറപ്പാക്കി, കെട്ടുറപ്പുള്ള മാതൃകാ സംഘടനയാക്കി ഫൊക്കാനയെ മെനഞ്ഞെടുക്കാന്‍ തമ്പി ചാക്കോയ്ക്ക് കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിന് ഉപോദ്ബലകമാവുന്നത് അദ്ദേഹത്തിന്റെ മുന്‍കാല കര്‍മ നേട്ടങ്ങള്‍ തന്നെ. 

തന്റെ സ്വപ്ന പദ്ധതികളെപറ്റി തമ്പി ചാക്കോ 

? മല്‍സര രംഗത്തേയ്ക്ക് ചുവടു വയ്ക്കുമ്പോള്‍ ഒരു പാടു കാര്യങ്ങള്‍ മനസിലുണ്ടാവും. താങ്കള്‍ എന്തിനാണ് മല്‍സരിക്കുന്നത്...
* ഫൊക്കാനയുടെ 2018ലെ കണ്‍വന്‍ഷന്‍ ഫിലഡല്‍ഫിയയിലായിരിക്കണമെന്ന് അംഗസംഘടനയായ പമ്പ എക്‌സിക്യൂട്ടീവ് കമ്മിറ്റി ആഗ്രഹിക്കുന്നു. കഴിഞ്ഞ ഏപ്രിലില്‍ പമ്പയുടെ ഓഫീസില്‍ കൂടിയ യോഗത്തില്‍ ഇതര സംഘടനകളുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയെന്ന നിലയില്‍ എന്നെ സ്ഥാനാര്‍ത്ഥിയായി ഏക മനസോടെ നോമിനേറ്റ് ചെയ്യുകയായിരുന്നു.

? ഫൊക്കാനയുടെ ശക്തി എത്രത്തോളമുണ്ട് ഇപ്പോള്‍...
* കൂടുതല്‍ ശക്തിയാര്‍ജിച്ചു കൊണ്ടിരിക്കുന്നു. പഴയ രീതിയിലേയ്ക്ക് ഫൊക്കാനയെ കൊണ്ടു വരികയാണ് ലക്ഷ്യം. അതിനായി അംഗസംഘടനകള്‍ക്ക് വേണ്ടുന്ന ദിശാബോധം, ഒരു ദീപശിഖ കണക്കെ നല്‍കി അവരെ ശാക്തീകരിക്കും. ലക്ഷ്യപ്രാപ്തിക്കായി എന്റെ എളിയ കഴിവുകളും പരമാവധി സമയവും ഊര്‍ജവും നിസ്വാര്‍ത്ഥതയോടെ വിനിയോഗിക്കും.

? ഫൊക്കാനയുടെ ഭാവി പദ്ധതികൾ ...
* കണ്‍വന്‍ഷനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ രണ്ട് വര്‍ഷം നീളുന്ന കര്‍മപരിപാടികള്‍ അംഗസംഘടനകളുടെ സഹകരണത്തിലൂടെ നടപ്പാക്കും. അംഗസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടുന്ന ദിശാബോധം നല്‍കും. ഫൊക്കാനയുടെ പണമിടപാടുകളില്‍ സുതാര്യത ഉറപ്പു വരുത്തും. മലയാള ഭാഷ പഠനത്തിനും ഗവേഷണങ്ങള്‍ക്കുമായി ഭാഷയ്‌ക്കൊരു ഡോളര്‍ സംരംഭത്തെ ഊര്‍ജിതപ്പെടുത്തും. അമേരിക്കയിലെ കലാസാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍  കലാസന്ധ്യകളും, നാടകോത്സവങ്ങളും സംഘടിപ്പിക്കും. യുവതലമുറയില്‍ നിന്ന് മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ കാമ്പയിനുകളെ സഹായിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ചെയ്യും. 

അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സിലേറ്റുമായി ബന്ധപ്പെട്ട് മലയാളികളുടെ കോണ്‍സിലേറ്റ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുവാന്‍ ശ്രമിക്കും. അമേരിക്കയിലെ കോര്‍പറേറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പട്ട് സെമിനാറുകളും ജോബ് സെമിനാറുകളും സംഘടിപ്പിച്ച് തൊഴില്‍ രംഗത്തെ പുതിയ സാദ്ധ്യാതകളെ പരിചയപ്പെടുത്തും. ഫൊക്കാനയുടെ സ്‌പെല്ലിങ് ബീ മത്സരങ്ങള്‍ പൂര്‍വാധികം ഭംഗിയായി സംഘടിപ്പിക്കും. ഫൊക്കാനയില്‍ വുമണ്‍സ് ഫോറം ശക്തിപ്പെടുത്തി അവര്‍ക്കു വേണ്ടുന്ന പ്രാതിനിധ്യം ഉറപ്പു വരുത്തും. അമേരിക്കന്‍ മലയാളികളുടെ നാട്ടിലെ സ്വത്ത്, സ്വത്ത് സംബന്ധമായ ക്രയവിക്രയങ്ങള്‍, നിയമ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് എളുപ്പത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ കേരള ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കും. വ്യക്തികളുടെ ബിസിനസ് താത്പര്യങ്ങള്‍ക്കായി ഫൊക്കാനയെ ഉപയോഗിക്കുന്നത് തടയും. 

? ഫൊക്കാനയില്‍ എത്ര അംഗ സംഘടനകളുണ്ട്....
* മറ്റുള്ളവര്‍ അവകാശപ്പെടുന്നതു പോലെ അംഗസംഘടനകളുടെ എണ്ണം പെരുപ്പിച്ചു കാട്ടാന്‍ ആഗ്രഹിക്കുന്നില്ല. നിലവില്‍ രജിസ്റ്റര്‍ ചെയ്ത 25 സംഘടനകള്‍ ഉണ്ട്. അഞ്ചാറ് സംഘടനകള്‍ അംഗത്വത്തിനായി സമീപിച്ചിട്ടുണ്ട്. അവര്‍ക്ക് അസോസിയേറ്റ് മെമ്പര്‍ഷിപ്പ് നല്‍കും. രണ്ടു വര്‍ഷക്കാലത്തേയ്ക്ക് വോട്ടവകാശമുണ്ടായിരിക്കില്ല. രണ്ടു വര്‍ഷം കഴിയുമ്പോള്‍ അവരുടെ സംഘടനാപ്രവര്‍ത്തനവും ബൈലോയും മറ്റും നോക്കി സ്ഥിരം അംഗത്വം നല്‍കും.

? യുവ തലമുറയെ മലയാളം പഠിപ്പിക്കുന്ന പുതിയ പദ്ധതികള്‍...
* ഫൊക്കാനയുടെ കൈയൊപ്പ് പതിഞ്ഞ പദ്ധതിയാണ് മാതൃഭാഷയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതി. ഇടയ്ക്ക് നിലച്ചു പോയ ഈ പരിപാടിക്ക് ജീവശ്വാസം നല്‍കുകയെന്നതാണ് പ്രഥമ ലക്ഷ്യം. വാഷിങ്ടണ്‍ ഡി.സി കണ്‍വന്‍ഷനില്‍ ഡോ. എം.വി പിള്ള, ഡോ. പാര്‍ത്ഥസാരഥി പിള്ള, സണ്ണി വൈക്ലിഫ് തുടങ്ങിയ ഉല്‍പതിഷ്ണുക്കളുടെ ആശീര്‍വാദത്തോടെ ആരംഭിച്ചതാണല്ലോ ഭാഷ്‌യ്‌ക്കൊരു ഡോളര്‍ പദ്ധതി. മലയാളം പഠിപ്പിക്കുന്ന സ്‌കൂളുകള്‍ ഒട്ടേറെയുണ്ടല്ലോ. അടിസ്ഥാനപരമായി കുട്ടികളുടെ മാതാപിതാക്കളാണിക്കാര്യത്തില്‍ മുന്‍കൈയെടുക്കേണ്ടത്. പക്ഷേ ഫൊക്കാനയുടെ പിന്തുണ എല്ലാക്കാലത്തുമുണ്ടാവും.

? പണമിടപാടുകളില്‍ സുതാര്യത ഉറപ്പാക്കുമെന്ന് പറഞ്ഞല്ലോ, എപ്രകാരം...
* സാമ്പത്തിക ഇടപാടുകളിലെ സുതാര്യതയില്ലായ്മയാണ് ഏതൊരു സംഘടനയെയും ശിഥിലമാക്കുന്നത്. ഇതൊഴിവാക്കാന്‍ പ്രത്യേക നിരീക്ഷണ സംവിധാനത്തെ പറ്റി ആലോചിക്കും. കൃത്യമായ മോണിറ്ററിങ് ഉണ്ടാവും. തെറ്റും ശരിയുമേതെന്ന് സ്വയം വിമര്‍ശനപരമായി ഉള്‍ക്കൊണ്ട് സത്യത്തിനു വേണ്ടി നില കൊള്ളും. മുഖം നോക്കാതെ തെറ്റ് ചൂണ്ടിക്കാട്ടി ശരിക്കു വേണ്ടി ശബ്ദിക്കും. ഭാരവാഹികളെ വിശ്വാസത്തിലെടുത്ത് സാമ്പത്തിക അച്ചടക്കം കര്‍ശനമായും പാലിക്കും.

? ഇരട്ട പൗരത്വം, വോട്ടവകാശം തുടങ്ങിയ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനുള്ള അജണ്ടകള്‍...
* അമേരിക്കന്‍ മലയാളികളുടെ ചിരകാലാഭിലാഷമാണിത്. കഴിഞ്ഞ കാലങ്ങളില്‍ ഇതു സംബന്ധിച്ച പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും ഫലപ്രാപ്തിയുണ്ടായിട്ടില്ല. എന്നാല്‍ ഇനി കേരള-കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇതിനായി പരമാവധി പ്രയത്‌നിക്കും. ഒരു കമ്മിറ്റി തന്നെ രൂപീകരിച്ച് അവരെ ചുമതല ഏല്‍പ്പിക്കുന്നതാണ്. ഒരുപാട് സാങ്കേതികത്വങ്ങളുള്ളതും സങ്കീര്‍ണമായ വിഷയവുമാണിത്.

? നാടുമായുള്ള ബന്ധം...
* ഫൊക്കാനയുടെ മുന്‍കാല ഭരണകര്‍ത്താക്കള്‍ ഇക്കാര്യത്തില്‍ ചെയ്തതും നിലച്ചു പോയതുമായ നല്ല പ്രോജക്ടുകള്‍ക്ക് പിന്തുടര്‍ച്ച നല്‍കാന്‍ ആഗ്രഹമുണ്ട്. ഫൊക്കാനയുടെ ജീവകാരുണ്യ പദ്ധതികള്‍ നാട്ടിലെ കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിച്ച് കൂട്ടായ സേവനം ആവശ്യമാണ്. സഹജീവികളുടെ കണ്ണീരൊപ്പുകയെന്നത് ദൈവഹിതമുള്ള സല്‍പ്രവര്‍ത്തിയാണ്.

? അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റിയിലെ മുതിര്‍ന്ന സംഘാടകനെന്ന നിലയിലും പുതുദൗത്യത്തിലേയ്ക്ക് ചുവടു വയ്ക്കുന്ന വ്യക്തിയെന്ന നിലയിലും ഈ സമൂഹത്തോട് പറയാനുള്ളത്...
* നാമെത്ര പരിഷ്‌കൃതരായാലും നമ്മുടെ ഭാഷയിലും വേഷത്തിലും സംസ്‌കൃതിയിലും ആചാരങ്ങളിലും അഭിമാനിക്കണം. ആര്‍ഷ ഭാരത സംസ്‌കാരത്തെപ്പറ്റി അറിവില്ലാത്ത തങ്ങളുടെ മക്കള്‍ക്കത് ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള മനസ് മാതാപിതാക്കള്‍ രൂപപ്പെടുത്തിയെടുക്കുക. ഫൊക്കാനയില്‍ സജീവമായി പ്രവര്‍ത്തിച്ച് നാടിന്റെ മണവും മമതയും ആര്‍ജിക്കുക. പിന്നെ ഇത്തവണത്തെ ടൊറന്റോ കണ്‍വന്‍ഷനില്‍ കുടുംബസമേതം പങ്കെടുത്ത് ഈ വലിയ കൂട്ടായ്മയുടെ വിജയത്തില്‍ പങ്കാളികളാകുവാന്‍ ഏവരോടും വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു...
***

ദീര്‍ഘ കാലത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം തമ്പി ചാക്കോയും ഭാര്യ മറിയാമ്മ ചാക്കോയും റിട്ടയേഡ് ജീവിതം നയിക്കുകയാണ്. മകന്‍ ബോബി ജേക്കബ് പിതാവിന്റെ വഴിയിലാണ്. ഫൊക്കാനയുടെ യുവതലമുറയില്‍പ്പെട്ട ആദ്യ ജനറല്‍ സെക്രട്ടറിയായ ബോബി ഇപ്പോള്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീ ജനറല്‍ സെക്രട്ടറിയാണ്. പെണ്‍മക്കളായ സിന്ധു ജേക്കബ് ഫെഡറല്‍ ഗവണ്‍മെന്റ് ലോയറും, ബോണിത ജേക്കബ് ഐ.റ്റി പ്രൊഫഷണലുമാണ്. വിവാഹിതരായ ഇവര്‍ അമേരിക്കയില്‍ തന്നെ താമസിക്കുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക