Image

കൂടപ്പിറപ്പ് (കവിത: മഞ്ജുള ശിവദാസ്­)

Published on 16 October, 2016
കൂടപ്പിറപ്പ് (കവിത: മഞ്ജുള ശിവദാസ്­)
കൂടപ്പിറപ്പിന്‍റെ കൂടെ നടക്കുന്ന,­
കൊച്ചനുജത്തിയാം കൂട്ടുകാരി,
ഞാന്‍ നിന്‍ കൊച്ചനുജത്തിയാം കൂട്ടുകാരി...
ഒന്നല്ല മാതാപിതാക്കളെന്നാകിലും­
എന്നുമെനിക്കെന്‍റെ പൊന്നാങ്ങള ,
നീയെന്നും എനിക്കെന്‍റെ പൊന്നാങ്ങള...

കൂടപ്പിറപ്പാവാന്‍ കൂടേ പിറക്കണമെന്നില്ല­
കൂട്ടരേ കേട്ടുകൊള്‍ക..
കരുതലും സ്‌നേഹവും,
കനിവുള്ള ഹൃദയവും­
കരുണക്കടലാം മനുഷ്യനായാല്‍,

രക്തബന്ധത്തിന്‍റെ പിന്‍ബലമില്ലേലും­
രക്തവര്‍ണ്ണം നമുക്കൊന്നുതന്നെ,
ബന്ധങ്ങള്‍ ബന്ധനമാകുമീക്കാലവും­
ബന്ധുവായ് കിട്ടിയ ഭാഗ്യം തന്നെ...

സദാചാരചിന്തകള്‍ മദമിളകിയാടും­
മലനാടിന്‍ ഗതിയതൊന്നോര്‍ത്തതാവാം,
ഒരുവേള ആശിച്ചുപോയെന്‍റെയമ്മക്കു­
മകനായ് പിറന്നിരുന്നെങ്കിലെന്ന്...

നെറികേടു ചിന്തിക്കും നെറികെട്ട ജന്മങ്ങള്‍­
നേരു നേരേ കാണ്മതില്ലതന്നെ.
കറയുള്ള കണ്ണാലെ കാണുന്നതൊക്കെയും­
മലിനമാണെന്നുള്ള തോന്നലാവാം­
ചിലര്‍,മലിനത തേടും തിരക്കിലാവാം...

ശിഥിലമാം ചിന്തയാല്‍ മനസ്സു നീറുമ്പോള്‍­
ചില നേരം ഹൃത്തടം ദുഖാര്‍ദ്രമാവുമ്പോള്‍,
സാന്ത്വനത്തണലായ്­ കരുത്തുമായി­
കൂടെ വേണം നീയെന്‍ വല്യേട്ടനായ്... 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക