Image

സമ്മാനം (ശ്രീദേവി)

Published on 16 October, 2016
സമ്മാനം (ശ്രീദേവി)
ഒറ്റയ്ക്കിരുന്നു ഞാന്‍ നെയ്യും കിനാവിന്റെ
മുറ്റത്തു നീയെന്തിനെത്തി തത്തേ...?

കൊത്തിപ്പെറുക്കുവാനിത്തിരി പൊന്‍കതിര്‍
കിട്ടുമെന്നോര്‍ത്തോ നീ വന്നു വീണ്ടും...?

കഷ്ടം ! എന്‍ ഭാവനാ വിണ്ടലമൊക്കെയും
ശുഷ്‌കമാണിപ്പൊഴെന്‍ പൈങ്കിളിയേ ...

ഞെട്ടറ്റു വീണൊരെന്‍ സങ്കല്പ പുഷ്പത്തിന്‍ 
കൊച്ചിതള്‍ മാത്രമാണെന്‍ കരത്തില്‍...
മങ്ങിക്കരിഞ്ഞഴകറ്റൊരിപ്പൂവിതള്‍
എങ്ങിനെ യേകുവതെന്‍ കുരുന്നേ...?

അങ്ങു വിദൂരത്തില്‍ കണ്ടിടാമെന്നിലും
ഭംഗിയുള്ളെത്രയോ നല്‍ക്കനികള്‍...!

എന്നിട്ടുമെന്നെയും തേടി നീ പിന്നെയും
വന്നതെന്തീ വഴിയെന്നഴകേ...?

ഇന്നും നിരാശനായ് നീറി നീ പോകൊല്ലേ...
വിങ്ങുന്നൊരെന്‍ കരള്‍ തന്നിടാം ഞാന്‍...
കൊത്തിപ്പറിച്ചു പറക്കവേ യെന്‍ ചുടു-
രക്തത്താല്‍ നിന്‍ചൊടിയ്‌ക്കെന്തു ചന്തം...!

പോവുക, ദൂരേയ്ക്കു പാറിപ്പറന്നു നീ
ഈ വഴി വീണ്ടുമണഞ്ഞിടൊല്ലേ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക