Image

'എജുകെറ്റ് എ കിഡ്' പതിനൊന്നാം വര്‍ഷത്തിലേക്ക്

പ്രസാദ് പി Published on 16 October, 2016
'എജുകെറ്റ്  എ  കിഡ്'  പതിനൊന്നാം  വര്‍ഷത്തിലേക്ക്

ലോസ് ആഞ്ചെലെസ്: കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ 'ഓം' മിന്റെ ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചെലെസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റ് ആയ 'എജുകെറ്റ് എ കിഡ്' ധന സമാഹരണ വിരുന്നും, സേവനത്തിന്റെ പതിനൊന്നാം വാര്‍ഷികവും ആഘോഷിക്കുന്നു. നവംബര്‍ അഞ്ചിനു ലോസ് ആഞ്ചെലെസിലെ ബ്യൂണ പാര്‍ക്കിലുള്ള അമയ റസ്റ്റോറന്റില്‍ വെച്ചാണ് ആഘോഷങ്ങള്‍, വൈകീട്ട് അഞ്ചു മണി മുതല്‍ രാത്രി ഒന്‍പതു വരെ നടക്കുന്ന സംഗീത നൃത്ത പരിപാടികള്‍ ദീപാവലി ആഘോഷിക്കുന്ന മറ്റു സംസ്ഥാനക്കാര്‍ക്കും ആസ്വദിക്കാനാവും വിധത്തിലുള്ളതായിരിക്കും.

കഴിഞ്ഞ പതിനൊന്നു വര്‍ഷമായി കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായമെത്തിക്കാന്‍ എജുകെറ്റ് എ കിഡ്ഡിനു കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. കേരളത്തിലെ നിരവധി മെഡിക്കല്‍, എഞ്ചിനീയറിംഗ്, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ട്രസ്റ്റിന്റെ സഹായത്തോടെ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ എണ്‍പതു വിദ്യാര്‍ത്ഥികളുടെ പഠനസഹായം ഏറ്റെടുത്തിട്ടുള്ള ട്രസ്റ്റ് ഈ വര്‍ഷം കൂടുതല്‍ പേരിലേക്ക് സഹായമെത്തിക്കാനുള്ള ശ്രമത്തിലാണെന്നും, പരിപാടിയിലേക്കുള്ള സംഭാവനകള്‍ക്കു അമേരിക്കന്‍ സര്‍ക്കാരിന്റെ നികുതിയിളവ് ലഭിക്കുന്നതായിരിയ്ക്കുമെന്നും ട്രസ്റ്റ് ചെയര്‍മാന്‍ ശ്രീ സഞ്ജയ് ഇളയാട്ട് അറിയിച്ചു.

യു.എസ്.ടി ഗ്ലോബല്‍(ഗോള്‍ഡ് സ്‌പോണ്‍സര്‍), ശ്രീ.കെ.പി. ഹരി(സ്‌പെരിടിയന്‍ ടെക്‌നോളജി) എന്നിവരാണ് ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രധാന പ്രയോജകര്‍, ധനസമാഹരണം വന്‍ വിജയമാക്കുന്നതിനും ഈ വര്‍ഷം കൂടുതല്‍ പേരിലേക്ക് പഠന സഹായമെത്തിക്കുന്നതിനും എല്ലാവരും സഹകരിക്കണമെന്ന് സംഘാടകസമിതിക്കുവേണ്ടി രമ നായര്‍, വിനോദ് ബാഹുലേയന്‍, ശ്രീ.രവി വെള്ളത്തിരി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മതിയായ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 7148059880 അല്ലെങ്കില്‍ www.educateakid.org സന്ദര്‍ശിക്കുക.


'എജുകെറ്റ്  എ  കിഡ്'  പതിനൊന്നാം  വര്‍ഷത്തിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക