Image

`അമേരിയ്‌ക്ക'യും `അമേരിക്ക'യും: മണ്ഡനവും ഖണ്ഡനവും

പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D. Published on 14 February, 2012
`അമേരിയ്‌ക്ക'യും `അമേരിക്ക'യും: മണ്ഡനവും ഖണ്ഡനവും
(ഈ ലേഖനം, എന്റെ മൂലലേഖനവും അതിനനുബന്ധമായി വന്ന അഞ്ചു ലേഖനങ്ങളും വായിച്ചവര്‍ക്കു മാത്രമേ സുഗമമായി അനുഭവപ്പെടുകയുള്ളു.)

ഏതു ചര്‍ച്ചയും ധാരാളം ചൂടിലും കുറച്ചു വെളിച്ചത്തിലും കലാശിക്കുന്നു. എന്റെ മൂലലേഖനം ഒരു ചര്‍ച്ചക്ക്‌ വിധേയമായേക്കുമെന്ന്‌ ഞാന്‍ സ്വപ്‌നേപി കരുതിയിരുന്നില്ല. അതിന്‌ നാന്ദി കറിച്ച ശ്രീമതി ത്രേസ്യാമ്മ  നാടാവള്ളിക്കും (നാടാവള്ളിയ്‌ക്കും എന്ന്‌ ഞാന്‍ എഴുതിയില്ല.), പിന്തുടര്‍ന്ന്‌ കൂടുതല്‍ വെളിച്ചം പകര്‍ന്ന ഡോക്‌ടര്‍ ഷീലയ്‌ക്കും, ഡോക്‌ടര്‍ നന്ദകുമാറിനും, ജോര്‍ജ്‌ നടവയലിനും, കവി സന്തോഷ്‌ പാലായ്‌ക്കും (പാലാക്കും എന്നെഴുതാഞ്ഞത്‌ അര്‍ത്ഥശങ്കയ്‌ക്കു ഇടയുള്ളതുകൊണ്ടാണ്‌.) അഭിനന്ദനവും നന്ദിയും.

ഈ ലേഖനങ്ങളെല്ലാം പ്രത്യക്ഷപ്പെട്ട സമയത്ത്‌ പലരും എന്നോട്‌ മൗനമാണ്‌ വിദ്വാനു ഭൂഷണമെന്ന്‌ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ചില സുഹൃത്തുക്കള്‍ മൗനം വിദുഷിയെ സാധൂകരിച്ചേക്കാമെന്നും പറഞ്ഞിരുന്നു. ചിന്തിച്ചപ്പോള്‍, പല അഭിപ്രായങ്ങളും വരികള്‍ക്കിടയില്‍ വായിക്കുന്നതിനു പകരം എഴുതാപ്പുറവായനയില്‍ നിന്നാണോ ഉത്ഭവിച്ചത്‌ എന്നും തോന്നി.  അതുകൊണ്ടുകൂടിയാണ്‌ ഈ പ്രത്യാഖ്യാനം. വാളുണ്ടായിട്ടും വെളിച്ചപ്പെടാത്തവരേക്കാള്‍ ഭേദം വാളുണ്ടാക്കി വെളിപാടിന്റെ പുസ്‌തകം രചിക്കുന്നവരല്ലേ!

എഴുത്തുഭാഷയിലെ പദവ്യാകരണ ഏകീകരണം വളര്‍ച്ചയുടെ ലക്ഷണം തന്നെ. ആരെങ്കിലും മാര്‍ജ്ജാരകണ്‌ഠത്തില്‍ മണികെട്ടാന്‍ എന്നെങ്കിലും ഇറങ്ങിപ്പുറപ്പെടണം. നിയമനിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളിയാവാന്‍ മനുവോ മോശയോ പാണിനിയോ ആകേണ്ടതില്ല. ന്യായം പറയുമ്പോള്‍ വംശാവലി ചോദിക്കുന്ന പാരമ്പര്യം 21-ാം നൂറ്റാണ്ടിലോ?!

എന്റെ ലേഖനത്തിലെ പ്രധാന ആശയങ്ങള്‍ ക്രോഡീകരിക്കട്ടെ:

1. ദ്രാവിഡ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തോടെ സംസ്‌കൃതപദങ്ങള്‍ തമസ്‌കരിക്കപ്പെട്ടതു മൂലം, എഴുപതുകള്‍ക്കു മുമ്പ്‌ മലയാളം പഠിച്ചവര്‍ എഴുതുന്ന മലയാളം `നല്ല' മലയാളമാണെന്ന്‌ വിശ്വസിക്കാത്തവരുണ്ട്‌.

2. സ്ഥലകാലഭേദങ്ങള്‍ മൂലമുള്ള ദേശ്യപ്രയോഗങ്ങളിലെ വ്യതിയാനം വാമൊഴിയില്‍ ഒതുക്കുന്നതാണ്‌ ഭംഗി ധവരമൊഴിയുടെ ഏകീകരണം ഭാഷയുടെ വളര്‍ച്ചയെ സഹായിക്കുക മാത്രമേ ചെയ്യുകയുള്ളൂ എന്ന്‌ വ്യംഗ്യംപ.

3. മാരാരുടെ `മലയാളശൈലി' എഴുത്തുഭാഷയുടെ ശുദ്ധിയെ നിര്‍വ്വചിച്ചു.

4. അച്ചുകളുടെ എണ്ണം ലഘൂകരിക്കാന്‍ `ശ' എന്ന അച്ചും `ഉ' എന്ന അച്ചും ചേരുമ്പോളുണ്ടാകുന്ന `ശു' എന്ന അച്ചിനും, `ക' എന്ന അച്ചും `ഉ' എന്ന അച്ചും ചേരുമ്പോളുണ്ടാകുന്ന `കു' എന്ന അച്ചിനും, ഇന്ന്‌ ആദ്യ അച്ചിനോട്‌ `ഉ'കാരചിഹ്നമായി `ു' എന്ന്‌ ചേര്‍ത്താല്‍ മതി. ധഅച്ച്‌ എന്ന പദം ഞാന്‍ സാഹചര്യം സൂചിപ്പിക്കുവാന്‍ മനഃപൂര്‍വ്വം ചേര്‍ത്തതാണ്‌.

5. ലിപിപരിഷ്‌കരണത്തിനു ശേഷം ചന്ദ്രക്കല ചേര്‍ത്ത്‌ കൂട്ടക്ഷരങ്ങള്‍ സൃഷ്‌ടിക്കുന്ന (എഴുതുന്ന) പതിവ്‌ വന്നു ധമലയാളം ടൈപ്പ്‌റൈറ്ററിന്റെ ആവിര്‍ഭാവമാണ്‌ ഈ മാറ്റത്തിന്‌ കരിമരുന്നിട്ടത്‌.

6. യ്‌ക്ക, ക്ക എന്നിവയുടെ ഉപയോഗം കൃതഹസ്‌തരായ എഴുത്തുകാര്‍ക്കു പോലും ശങ്കാവിഷത്തിനു ഹേതുവെങ്കില്‍, അതിന്റെ പ്രയോഗസാദ്ധ്യതകള്‍ പരിചിന്തനം അര്‍ഹിക്കുന്നില്ലേ?

7. ഇന്ന്‌ കാണുന്ന ഉപയോഗമനുസരിച്ച്‌ `ക്ക'യ്‌ക്കു മുമ്പില്‍ വരുന്ന വര്‍ണ്ണത്തിലെ സ്വരാന്തം `അ' ആണെങ്കില്‍ `യ്‌ക്ക' എന്ന്‌ എല്ലായ്‌പ്പോഴും (അര്‍ത്ഥശങ്കക്കിടയില്ലെങ്കില്‍) എഴുതിക്കാണുന്നു.

8. എന്നാല്‍, `ക്ക'യ്‌ക്കു മുമ്പില്‍ വരുന്ന വര്‍ണ്ണത്തിലെ സ്വരാന്തം അന്യസ്വരങ്ങളാകുമ്പോള്‍, `യ്‌ക്ക' എന്നും `ക്ക' എന്നും വാമൊഴിയുടെ പ്രാദേശികസ്വാധീനം അനുസരിച്ച്‌ ഇന്ന്‌ എഴുതി വരുന്നുണ്ട്‌. ഇവിടെ അര്‍ത്ഥശങ്കയ്‌ക്കു ഇടയില്ലാത്ത അവസരങ്ങളില്‍ `ക്ക' എന്ന ്‌ എപ്പോഴും എഴുതിയാല്‍ മതിയാവില്ലേയെന്ന നിര്‍ദ്ദേശസ്വഭാവമുള്ള അഭിപ്രായമാണ്‌ എന്റെ ലേഖനത്തിന്റെ മലയാളത്തിലുള്ള കാതല്‍.

ഇനി പ്രതികരണങ്ങളിലെ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളെ വിലയിരുത്തല്‍.

ആദ്യം വന്ന ശ്രീമതി നാടാവള്ളിയുടെ പ്രതികരണം തന്നെയാവട്ടെ ആദ്യപരാമര്‍ശം. ശ്രീമതിയുടെ ഭിന്നാഭിപ്രായം ഇങ്ങനെ:

(1) (`യ്‌ക്ക', `ക്ക' എന്നീ കൂട്ടക്ഷരങ്ങളില്‍ `യ്‌ക്ക' പോകുകയൊ `ക്ക' വരികയൊ ചെയ്‌തിട്ടില്ല. `യ'കാരം വേണ്ടിടത്തും വേണ്ടാത്തിടത്തും ഭാഷയറിയാത്തവര്‍ ഉപയോഗിച്ചു പോയിട്ടുണ്ടെന്നു മാത്രം. `അമേരിക്ക' ഒരിക്കലും `അമേരിയ്‌ക്ക'യായിരുന്നിട്ടില്ല. അങ്ങനെയാരെങ്കിലും പഠിപ്പിച്ചിട്ടുണ്ടെങ്കില്‍ അത്‌ പഠിപ്പിച്ചവരുടെ തെറ്റ്‌. ആരെങ്കിലും അച്ചടിച്ചിട്ടുണ്ടെങ്കില്‍ അത്‌ അച്ചടിച്ചവരുടെ തെറ്റ്‌.)

മലയാളഭാഷയുമായി ദീര്‍ഘകാല പരിചയമുള്ള വ്യക്തികളുമായി ബന്ധപ്പെടുകയോ, വിവിധ കാലഘട്ടങ്ങളിലെ ഗ്രന്ഥങ്ങള്‍ പരതുകയോ ചെയ്‌താല്‍ ഇത്തരം അഭിപ്രായം തോന്നുകയില്ല. രണ്ടു പ്രയോഗങ്ങളും സാധുവെന്നാണ്‌ കണക്കാക്കിപ്പോന്നിട്ടുള്ളത്‌.

(2) (പാക്കിസ്ഥാന്‍ ഒരിക്കലും പാക്കിസ്‌താന്‍ ആകാന്‍ മലയാളഭാഷയ്‌ക്കു കഴിയുകയില്ല.)

പാക്കിസ്ഥാന്‍ എന്നാണ്‌ ഞാനും പഠിച്ചിട്ടുള്ളത്‌. കാലം കൊണ്ട്‌ വന്ന മാറ്റം ചൂണ്ടിക്കാട്ടുകയാണുണ്ടായത്‌. ഒരുപക്ഷെ, ഹിന്ദിയില്‍ ഈ വാക്ക്‌ എഴുതുന്ന രീതിയായിരിക്കാം ഇത്തരം മാറ്റത്തിന്‌ വഴിതെളിച്ചത്‌. മൂലലേഖനം ഒരിക്കല്‍കൂടി ശ്രദ്ധിച്ചുവായിക്കാന്‍ അപേക്ഷ.

(3) (അതിനെ ധകേരളപാണിനീയത്തെപ ആശ്രയിക്കുന്നവര്‍ക്ക്‌ ഭയ്‌ക്ക?, ഭക്ക? എന്ന കൂട്ടക്ഷരങ്ങള്‍ ഒരു പ്രശ്‌നവും സൃഷ്‌ടിക്കുകയില്ല.)

മൃതഭാഷയല്ലാത്ത മലയാളം ലോകാവസാനം വരെ പാണിനിക്ക്‌ കപ്പം കൊടുത്ത്‌ ജിവിക്കുമെന്ന്‌ എല്ലാവരും വിശ്വസിക്കുമെന്ന്‌ തോന്നുന്നില്ല. സംസാരഭാഷയും നൂതനപ്രയോഗങ്ങളും കാലപ്പഴക്കത്തില്‍ വ്യാകരണഗ്രന്ഥങ്ങളെ തിരുത്തിയെഴുതുന്നു. ഞാന്‍ പറഞ്ഞുവെച്ച പട്ടികയും, അതിന്‌ ആസ്‌പദമായ, പൊതുനിരീക്ഷണത്തില്‍ നിന്ന്‌ ഉദ്‌ഗ്രഥനം ചെയ്യപ്പെട്ട, വ്യാപകനിയമവും എഴുത്തുകാര്‍ക്ക്‌ മാര്‍ക്ഷ ദര്‍ശനമായി ഭവിക്കും എന്നുതന്നെയാണ്‌ വിശ്വാസം. ഹൈസ്‌ക്കൂള്‍ ക്ലാസ്സില്‍ പഠിപ്പിച്ച നിയമങ്ങളെ അടിസ്ഥാനമാക്കാമെങ്കിലും അവസാന വാക്കാക്കുരത്‌.

(4)(കാക്കുക/കായ്‌ക്കുക, അറക്കുക/അറയ്‌ക്കുക, ഉറക്കുക/ഉറയ്‌ക്കുക, തുടങ്ങിയവ ക്രിയാജോഡികളാണെന്ന അഭിപ്രായത്തോടും യോജിക്കാനാവില്ല.)

(5) (യ്‌ക്ക, ക്ക എന്ന കൂട്ടക്ഷരങ്ങളെപ്പറ്റി പഠിക്കാന്‍ `മുദ്ര'യും `കമ്മ്യൂണിസ്റ്റുപച്ച'യും പഠനവിധേയമാക്കിയെന്നു പറഞ്ഞ ലേഖകനോടു പരിതപിക്കാതെ വയ്യ.)

ഈ രണ്ടു പുസ്‌തകങ്ങളും തിരഞ്ഞെടുക്കാന്‍ കാരണം അവയുടെ പ്രത്യേകതകള്‍കൊണ്ടു തന്നെയാണ്‌; എന്നാല്‍ അവ വായിച്ചുപഠിച്ചത്‌ ഈ ഉദാഹരണങ്ങള്‍ തേടാനായിരുന്നില്ല. സന്തോഷ്‌ പാല `പോലും' രണ്ടുരീതിയിലും എഴുതിയിട്ടുണ്ടെന്ന്‌ സൂചിപ്പിക്കാനായിരുന്നു. കവികള്‍ വ്യാകരണം പാലിക്കേണ്ടതില്ലെന്ന്‌ ധ്വനിപ്പിക്കുന്നുണ്ടെങ്കില്‍, ഹാ, കഷ്‌ടം! എന്ന്‌ നിശ്വസിക്കാനേ കഴിയൂ. ഗ്രാമ്യഭാഷയുടെ ഉപയോഗവും, കവിസ്വാതന്ത്ര്യത്തിന്റെ (പോയെറ്റിക്‌ ലൈസന്‍സ്‌) പരിമിതിയും തിരിച്ചറിഞ്ഞാല്‍ നന്നു്‌!

(6) ദ്വിത്വവും കൂട്ടക്ഷരവും സൃഷ്‌ടിക്കാന്‍ ചന്ദ്രക്കലയുടെ അടയാളമായി, അച്ചുകൂടക്കാര്‍ `മീത്തല്‍' എന്ന്‌ വ്യവഹരിച്ചുവന്നിരുന്ന ` ്‌' എന്ന രൂപം അക്ഷരങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍ വേണ്ടി ഉപയോഗിക്കാന്‍ തുടങ്ങി. `ക്ക' എന്ന രൂപത്തിനു പകരം `ക്‌ക' എന്നും, `ച്ച' എന്ന രൂപത്തിനു പകരം `ച്‌ച' എന്നും, `ഞ്ച' എന്നതിനു `ഞ്‌ച' എന്നും എഴുതാന്‍ ആരംഭിച്ചു. (ഉദ്ധരിണി എന്റെ ലേഖനത്തില്‍ നിന്ന്‌.)

വര്‍ണ്ണങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ കൂട്ടക്ഷരം നിര്‍മ്മിക്കാന്‍ ചന്ദ്രക്കല ഉപയോഗിച്ചിരുന്നെന്ന്‌ ആരേയും പഠിപ്പിക്കേണ്ട ആവശ്യമില്ല. എന്നാല്‍, ലിപിപരിഷ്‌കരണത്തിന്റെ ഭാഗമായി ഈ പിരിച്ചെഴുത്ത്‌ വീണ്ടും പ്രത്യക്ഷപ്പെടുകയാണുണ്ടായത്‌. മലയാളം ടൈപ്പ്‌റൈറ്റര്‍ ഒരു തവണയെങ്കിലും ഉപയോഗിച്ചിട്ടുള്ളവര്‍ ഞാന്‍ സൂചിപ്പിച്ചതിന്റെ അര്‍ത്ഥം ഗ്രഹിക്കും.

(7)(`ശ'യും `ഉ'യും ചേര്‍ന്ന്‌ `ശു' എന്ന ശബ്‌ദവും `ക'യും `ഉ'യും ചേര്‍ന്ന്‌ `കു' എന്ന ശബ്‌ദവും ഉണ്ടായി എന്ന അഭിപ്രായവും തെറ്റാണ്‌.)

ഈ വാചകം സ്വതന്ത്രമായി വായിച്ചാല്‍ അഭിപ്രായം ശരിയെന്ന്‌ തോന്നിയേക്കാം. എന്നാല്‍ അത്‌ അച്ചുകൂടത്തിലെ അച്ചുകളെ പരാമര്‍ശിക്കുന്ന വേളയിലാണെന്നു മാത്രം. അച്ചുകൂടത്തില്‍ `ശ'യും `ു' എന്ന അടയാളവുമാണ്‌ ശു വിനെ സൃഷ്‌ടിക്കാന്‍ ഉപയോഗിക്കുന്നത്‌. കൂടാതെ, വ്യഞ്‌ജന വര്‍ണ്ണങ്ങള്‍ `അ' എന്ന സ്വരം കൂട്ടി മാത്രമേ മുന്‍ഷി രാമക്കറുപ്പു പോലും ഇന്ന്‌ ഉപയോഗിക്കുമായിരുന്നുള്ളു. അതായത്‌, `ക, ഖ, ഗ, ഘ, ങ' എന്നേ കവര്‍ക്ഷ വ്യഞ്‌ജനങ്ങള്‍ ഇപ്പോള്‍ ഉച്ചരിക്കപ്പെടുന്നുള്ളു. അതുപോലെ ചേരാവല്ലി എന്ന പദം ച്‌+ഏ+ര്‌+ആ+വ്‌+അ+ല്‌+ല്‌+ഇ എന്ന്‌ പിരിച്ചെഴുതേണ്ടതാണെന്നും ആരും സമ്മതിക്കും.

(8) എഴുപതുകള്‍ക്കു മുമ്പ്‌ മലയാളം പഠിച്ചവര്‍ക്ക്‌ `നല്ല' മലയാളം എഴുതാന്‍ ഇന്ന്‌ നന്നേ പണിപ്പെടേണ്ട ഗതിയാണ്‌ വന്നിരിക്കുന്നത്‌. എന്റെ ഈ വാചകത്തിലെ നല്ല എന്ന പദത്തിലെ ഉദ്ധരിണിചിഹ്നം കാണാതെപ്പോയതാണ്‌ ഈ പ്രസ്‌താവനയുടെ അര്‍ത്ഥം ഗ്രഹിക്കാന്‍  കാലതാമസം ഉണ്ടാക്കുന്നത്‌.


(9) (എന്തായാലും അമേരിക്കയും പാക്കിസ്ഥാനും എന്നും
അങ്ങനെതന്നെയായിരുന്നു. അതുപോലെ `യ്‌ക്ക' പോകുകയോ `ക്ക'
വരികയോ ചെയ്‌തിട്ടുമില്ല.)

ഈ രണ്ടു അവസാന പ്രസ്‌താവനകളും, അക്ഷരാര്‍ത്ഥത്തിലും
ആന്തരാര്‍ത്ഥത്തിലും സാധുവല്ലെന്ന്‌ എന്റെ ലേഖനം ക്രോഡീകരിക്കുന്ന വേളയില്‍ പറഞ്ഞ വസ്‌തുതകളുടെ വെളിച്ചത്തില്‍ വ്യക്തമാണല്ലോ.)

ഡോക്‌ടര്‍ എന്‍. പി. ഷീല
`യ്‌ക്ക', `ക്ക' എന്നിവ രണ്ടു്‌ തരത്തിലും ഉപയോഗിക്കാറുണ്ടെന്ന്‌ ഡോക്‌ടര്‍ ഷീല ഓര്‍ക്കുന്നു, ആധികാരികഭാവത്തെ അവര്‍ മറച്ചുവെക്കുന്നുണ്ടെങ്കിലും. ഞാന്‍ പറഞ്ഞുവെച്ച സാമാന്യീകരണം
പരിഗണനാര്‍ഹമെന്ന്‌ അവര്‍ കരുതുന്നു. പാണിനിയുടെ ഗാഢാശ്ലേഷത്തില്‍ അമര്‍ന്നിരുന്നിട്ട്‌ ഇനി വല്യ കാര്യമില്ലെന്ന്‌ സ്‌പഷ്‌ടമാക്കുന്നു.

ഡോക്‌ടര്‍ നന്ദകുമാര്‍ ചാണയില്‍

ഡോക്‌ടര്‍ നന്ദകുമാറിന്റെ ധിഷണയില്‍ പൊതിഞ്ഞ നര്‍മ്മോക്തി ആരേയും ചിരിപ്പിക്കും.

`നല്ല' മലയാളത്തെക്കുറിച്ചുള്ള പരാമര്‍ശം സൂചിപ്പിക്കുകയും
അര്‍ദ്ധോക്തിയില്‍ സംശയപ്രകടനം നടത്തുകയും ചെയ്‌തിരിക്കുന്നു.
ഇതിനുള്ള എന്റെ പ്രത്യാഖ്യാനപ്രതികരണങ്ങള്‍ മുകളിലുണ്ടു്‌.
പാക്‌ പ്രശ്‌നത്തിനും പരിഹാരം ഞാന്‍ മുന്‍ഭാഗത്ത്‌ വ്യക്തമാക്കിയിട്ടുണ്ട്‌.
`ശ' കാരത്തിനു കൂടുതല്‍ വ്യക്തത നിര്‍ദ്ദേശിച്ചത്‌ സ്വാഗതാര്‍ഹം തന്നെ.
മലയാളം ജീവല്‍ഭാഷയെന്ന്‌ അംഗീകരിക്കാമെങ്കില്‍, പല ഭാഷകളും
മൃതഭാഷയെന്ന്‌ അദ്ദേഹത്തിന്‌ സമ്മതിക്കേണ്ടി വരും.
മലയാളം ഫോണെറ്റിക്‌ ലാംഗ്വേജ്‌ ആണെന്ന്‌ അദ്ദേഹം ഇംഗ്ലീഷ്‌ ലിപികളില്‍ എഴുതിയത്‌ അച്ചടിച്ചു വന്നപ്പോള്‍ ജവീ#ിലശേര ഹമിഴൗമഴല എന്ന്‌ ഗിബ്ബറിഷിലാണ്‌ പ്രത്യക്ഷപ്പെട്ടത്‌ (സംശയനിവാരണത്തിന്‌ അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോള്‍ മനസ്സിലാക്കിയത്‌). പി.ഡി.എഫ്‌. ഫയലുകള്‍ നേരിട്ട്‌ അപ്പ്‌ലോഡ്‌ ചെയ്യുന്ന സംവിധാനം വന്നാല്‍ ഈ പ്രശ്‌നം ഒഴിവാക്കാം; തന്നെയുമല്ല, അക്ഷരാഭാസങ്ങളുടെ ചുമതലയില്‍ നിന്ന്‌ പ്രസാധകന്‌ പൂര്‍ണ്ണമായും തലയൂരുകയുമാവാം.

തറയ്‌ക്കുക, വെയ്‌ക്കുക എന്നിവയെ അവരുടെ പാട്ടിനും വിട്ടേക്കൂ എന്ന്‌ ലേഖകന്‍ പറയുമ്പോള്‍, കുഴപ്പമുണ്ടെങ്കിലും കണ്ണടച്ചേക്കൂ എന്നു പറയുന്നതിനു തുല്യമല്ലേ?

പൈക്കളെ മേയ്‌ക്കുവാനോ പയ്‌ക്കളെ മേക്കുവാനോ എന്നിവയില്‍ ഏതാണു ശരി എന്ന്‌ ചോദിക്കുമ്പോള്‍, ഗ്രാമ്യഭാഷ നേരിട്ടു ഉദ്ധരിക്കുന്ന വേളയില്‍ രണ്ടും ശരിയാകാമെന്നും, എന്നാല്‍ മൂലലേഖനത്തിന്റെ വെളിച്ചത്തില്‍ എഴുത്തുഭാഷയിലും അച്ചടിഭാഷയിലും `പൈക്കളെ മേക്കുവാനോ' `പയ്‌ക്കളെ മേക്കുവാനോ' എന്നും ഉപയോഗിക്കാമെന്ന്‌ ഞാന്‍
നിര്‍ദ്ദേശിച്ചിരിക്കുന്നു.


ജോര്‍ജ്‌ നടവയല്‍
രണ്ടു തരത്തിലും മൂലപ്രബന്ധത്തിലുള്ള വാക്കുകള്‍ എഴുതിവരാറുണ്ടെന്ന്‌ ഈ പ്രതികരണത്തില്‍ ബഹുമാന്യനായ പ്രൊഫസ്സര്‍ കെ. പി. ശങ്കരനെ ഉദ്ധരിച്ച്‌ ചൂണ്ടിക്കാട്ടുന്നു. അത്‌ ശരിയുമാണ്‌. പാക്‌പ്രശ്‌നത്തിന്‌ ജോര്‍ജ്‌ നടവയല്‍
പുതിയ ഉള്‍ക്കാഴ്‌ച തരുന്നു. അദ്ദേഹം എന്റെ ലേഖനത്തിലെ
പൊതുനിര്‍ദ്ദേശങ്ങളും പരിഗണനക്കെടുക്കുമെന്ന്‌ കരുതുന്നു!

സന്തോഷ്‌ പാലാ

ആദ്യമായി പറയട്ടെ, സന്തോഷ്‌ പാലായുടെ പ്രതികരണം തികച്ചും സ്വാഭാവികമാണ്‌, അതില്‍ ധാര്‍മ്മികരോഷത്തിന്റെ അംശം കടന്നുവന്നത്‌ അനാവശ്യവും. കാരണം, `ക്ക', `യ്‌ക്ക' പ്രശ്‌നം ഒരു തുറന്ന ചോദ്യമായാണ്‌ (ഓപ്പന്‍ എന്‍ഡഡ്‌ ക്വസ്റ്റ്യന്‍) ഞാന്‍ അവതരിപ്പിച്ചിട്ടുള്ളത്‌. ഇന്നു ്‌ കാണുന്ന ഉപയോഗരീതിയനുസരിച്ച്‌ വിശാലമായ ഒരു പദ്ധതി നിര്‍ദ്ദേശിച്ചിരിക്കുന്നു എന്നുള്ളതാണ്‌ എന്റെ ലേഖനത്തിലെ ഒരു പ്രമേയം. അത്‌ നടപ്പാക്കേണ്ട ബാദ്ധ്യത ആരേയും അടിച്ചേല്‍പ്പിച്ചിട്ടുമില്ല.

`എനിക്ക്‌ ഇത്തരം ചില സംശയങ്ങള്‍ കവിത എഴുതുമ്പോള്‍ തന്നെ ഉണ്ടായിരുന്നു' എന്ന്‌ കവി പാലാ പരാമര്‍ശിക്കുമ്പോള്‍ എന്റെ വിഷയം ഇന്നും പ്രസക്തമാണെന്നു വിശ്വസിക്കാം. കൂടാതെ, കവി പാലാ ഏകദേശം നാല്‍പ്പത്‌ കവിതകള്‍, `ക്ക', `യ്‌ക്ക' പ്രയോഗങ്ങള്‍ കാണിക്കാന്‍ ഉദ്ധരിക്കുന്നു. സുസ്‌ത്യാര്‍ഹം! ഞാന്‍ രണ്ടു വാചകത്തില്‍ പറഞ്ഞുവെച്ച കാര്യം കൂടുതല്‍ ഉറപ്പിച്ചതിനും എന്റെ പ്രസ്‌താവനകള്‍ക്കു ആക്കം കൂട്ടിയതിനും നന്ദി!  കണ്‌ഠതാലവ്യനിയമങ്ങള്‍ ഉദാഹരിച്ചതും മൂലലേഖനത്തിനു പരിപൂരകമായും അനുബന്ധമായും വര്‍ത്തിച്ചു.
ഈ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി!


`ഇക്ക' വന്നവഴിയും `അടയ്‌ക്ക' പോയ പോക്കും ബരുത്തി ബെച്ച പുലിവാല്‍

'യ്ക്ക' യുടെ പോക്കും 'ക്ക' യുടെ വരവും: അമേരിയ്ക്ക അമേരിക്ക ആയ കഥ  (Dr Joy Kunjappu)

'ക്ക' വന്ന വഴിയും 'യ്ക്ക' പോയ പോക്കും: ഒരു അക്ഷര വിവാദം (Thresiamma Nadavallil)

'ക്ക' ക്ക് ഒരിറ്റു കണ്ണീര്‍ വേണോ? എന്‍.പി ഷീല
`അമേരിയ്‌ക്ക'യും `അമേരിക്ക'യും: മണ്ഡനവും ഖണ്ഡനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക