Image

പ്രവാസി മലയാളിയുടെ ജീവിതം നെല്ലിക്കുന്നിന്റെ നോവലുകളില്‍ (പൊന്നോലി)

Published on 19 October, 2016
പ്രവാസി മലയാളിയുടെ ജീവിതം നെല്ലിക്കുന്നിന്റെ നോവലുകളില്‍  (പൊന്നോലി)
പ്രവാസി എഴുത്തുകാരില്‍ അഗ്രഗണ്യനായ മാത്യു നെല്ലിക്കുന്ന് 1974 മുതല്‍ അമേരിക്കയിലെ സ്ഥിര താമസക്കാരനാണ്. ഏകദേശം നാല് ദശാബ്ദങ്ങളോളം സാഹിതീസപര്യ ചെയ്യുന്നു. അമേരിക്കയിലെ മലയാളികളുടെ ജീവിതം സസൂഷ്മം നിരീക്ഷിച്ചു അത് തന്റെ കഥകളിലും, നോവലുകളിലും അദ്ദേഹം ചിത്രീകരിച്ചു വരുന്നു. 10 ചെറുകഥാ സമാഹാരങ്ങളും 6 നോവലുകളും കൂടാതെ 2 ഹാസ്യ കൃതികളും 3 ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തന്റെ നോവലുകളാണ് ഇവിടെ പ്രതിപാദ്യ വിഷയം. വേലിയിറക്കം (1991), പ്രയാണം (1995), സൂര്യ വെളിച്ചം (1996), അനന്തയാനം (2011) എന്നീ നോവലുകളില്‍ അമേരിക്കയിലെ മലയാളികളുടെ ജീവിതമാണ് അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നത്. വേനല്‍ മഞ്ഞ് എന്ന നോവലില്‍ ചാക്കോച്ചന്‍ എന്ന നേതാവിന്റെ രാഷ്ട്രീയ ജീവിതമാണ് അവതരിപ്പിക്കുന്നത്. പത് മവ്യൂഹം (1996) ഒരു ദാര്‍ശനിക നോവല്‍ ആണ്. ആ നോവല്‍ അമേരിക്കന്‍ ജീവിതത്തെ പ്രത്യേകിച്ചു സ്പര്‍ശിക്കുന്നില്ല എങ്കിലും മറ്റു നോവലുകളില്‍ പ്രതിപാദിക്കുന്ന അമേരിക്കന്‍ ജീവിതത്തിന്റെ വ്യര്‍ത്ഥതക്കു ഒരു ദാര്‍ശനിക വീക്ഷണം പത്മവ്യൂഹം എന്ന നോവല്‍ നല്‍കുന്നുണ്ട്.

സ്വപ്ന ഭൂമിയായ അമേരിക്കയിലേക്ക് ഉപജീവനത്തിനായി ചേക്കേറുന്ന മലയാളിയുടെ ദുരന്ത കഥയാണ് നെല്ലിക്കുന്നു നോവലുകളില്‍ കൂടുതല്‍ പ്രതിഫലിക്കുന്നത്. കഷ്ടപ്പെട്ട് പടുത്തുയര്‍ത്തുന്ന സമ്പത്തും ജീവിത നേട്ടങ്ങളും അവസാനം ശൂന്യമായ ഒരു ജീവിതാന്ത്യത്തിലേക്കു നയിക്കുന്ന ജീവിതങ്ങളുടെ കഥ. തകരുന്ന കുടുംബജീവിതം. നിലനില്‍ക്കാത്ത സുഹൃത് ബന്ധങ്ങള്‍. കുത്തഴിഞ്ഞ ജീവിതങ്ങള്‍. പണവും സമ്പത്തും ഒന്നും നേടാത്ത അവസ്ഥ.

അമേരിക്കന്‍ പ്രവാസി ജീവിതത്തിന്റെ വിവിധ മുഖങ്ങള്‍ നോവലിസ്റ്റ് തന്റെ നോവലുകളില്‍ അവതരിപ്പിക്കുന്നു. മൂല്യങ്ങളുടെയും സംസ്‌കാരത്തിന്റെയും അന്തരം. അമേരിക്കയില്‍ നിന്നും കല്യാണ ആലോചന വരുമ്പോള്‍ ഒന്നും ആലോചിക്കാതെ സമ്മതം മൂളുന്ന മാതാപിതാക്കള്‍. വിവാഹ ചതിക്കുഴിയില്‍ വീഴുന്ന പെണ്‍കുട്ടികള്‍. ഇവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു.

അമേരിക്കന്‍ സമ്പന്നതയുടേയും നേട്ടങ്ങളുടെയും ഒരു മറുവശമാണ് നെല്ലിക്കുന്ന് നോവലുകളില്‍ കാണുന്നത്. അമേരിക്ക ഒരു സ്വപ്ന മരീചികയായി മാറുകയും, ജീവിത സ്വപ്നങ്ങളുടെ ഒരു ബലികുടീരമാവുകയും ചെയ്യുന്ന സ്ഥിതി ഒരു ദാര്ശനികനെപ്പോലെ അദ്ദേഹത്തിലെ നോവലുകളില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. .

വേലിയിറക്കം (1991)
രാജന്‍ എന്ന അമേരിക്കന്‍ പ്രവാസി മലയാളിയുടെ ദുരന്ത ജീവിതത്തിന്റെ കഥയാണ് വേലിയിറക്കത്തില്‍ മാത്യു നെല്ലിക്കുന്ന് അവതരിപ്പിക്കുന്നത്. അമേരിക്കന്‍ സ്വപ്നങ്ങളുടെ ബലികുടീരമാകുന്ന രാജന്റെ ജീവിതത്തിന്റെ വേലിയേറ്റവും പരാജയവും ഡിട്രോയിറ്റ്, ന്യുയോര്‍ക്ക് ജീവിതങ്ങളുടെ പശ്ചാത്തലത്തില്‍ വിവരിക്കുന്നു.

കഷ്ടപ്പെട്ട് ജീവിതം കെട്ടിപ്പടുക്കുന്ന അയാള്‍, തന്നെക്കാള്‍ സ്വന്തം വളര്‍ത്തു നായ്ക്കളെ സ്‌നേഹിക്കുന്ന മദാമ്മയായ ഭാര്യയുമായി രമ്യതപ്പെട്ടു പോകാന്‍ കഴിയാതെ, വിവാഹ മോചനം നേടി, വിധവയാകുന്ന മലയാളി സാറാക്കുട്ടിയുമായി ജീവിതം തുടരുന്നു. സാറാക്കുട്ടിയുടെ വ്യഭിചാരം ആ ബന്ധം തകര്ക്കുന്നു. ഡിട്രോയിറ്റില്‍ നിന്നും ന്യുയോര്ക്കിലേക്ക് ചേക്കേറുന്ന രാജന്‍ മദ്യത്തിന്റെയും ചീട്ടുകളിയുടെയും അടിമയായി ജീവിതം തുടരുന്നു. തോല്‍വി സമ്മതിക്കാതെ നാട്ടില്‍ പോയി പഴയ ബന്ധങ്ങള്‍ മറച്ചു വച്ച് യുവതിയായ ബീനയെ വിവാഹം കഴിച്ചു ന്യുയോര്‍ക്കില്‍ തിരിച്ചു എത്തുന്നു. ബീനയെ സത്യാവസ്ഥ മനസ്സിലാക്കി സ്വന്തം സുഹൃത്ത് സ്വന്തമാക്കുന്നു.

കള്ള കേസില്‍ പ്രതിയാക്കി രാജനെ മാനസിക രോഗിയാക്കി ചിത്രീകരിച്ചു മാനസിക ആശുപത്രിയില്‍ ആക്കുന്നു. അവിടെ നിന്നും ഇറങ്ങുന്ന അയാള്‍ ജീവിത സ്വപ്ന മരീചികയില്‍ നിന്നും രക്ഷ പെടുന്നത് ആത്മഹത്യയിലൂടെ ആണ്. ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാത്ത ആ ശൂന്യതയിലേക്ക് അയാള്‍ യാത്രയാകുന്നു.

പ്രയാണം (1995)
കൗമാരത്തിന്റെ തുടിപ്പില്‍ ഉണ്ടായ പ്രേമാഭിലാഷങ്ങള്‍. അവ വരുത്തിവെച്ച വിനകള്‍ കാരണം പഠിത്തം ഉപേക്ഷിച്ചു വീട് വിട്ടു നഗരത്തില്‍ ജോലി തേടുന്ന ജേക്കബ്. നോവലില്‍ ചുരുളിമലയും, മഞ്ചാടിപ്പുഴയും, കൊല്ലങ്കോട് ഗ്രാമവും നോവലിസ്റ്റ് മനോഹാരിതയോടെ വര്ണിക്കുന്നുണ്ട്. ബന്ധുവിന്റെ പ്രേരണയില്‍ നേഴ്‌സ് ആയ സൂസിയെ വിവാഹം കഴിച്ചു ജേക്കബ് അമേരിക്കയിലേക്ക് ഒരു നല്ല നാളയുടെ സ്വപ്നങ്ങളുമായി ചേക്കേറുന്നു.

അവിടെ ജേക്കബിനെ കാത്തിരിക്കുന്നത് അമേരിക്കന്‍ സംസ്‌കാരത്തിന്റെയും ജീവിതത്തിന്റെയും മോഹഭംഗങ്ങളാണ്. സ്വന്തം ഭാര്യയുടെയും മക്കളുടെയും തിരസ്‌കാരം. രോഗിയായി നാട്ടിലേക്ക് തിരിച്ചു വരുന്നു. അവിവാഹിതയായ പഴയ കാമുകിയെ കാണുമ്പോള്‍ ഉണ്ടാകുന്ന കുറ്റബോധം. ഒരു അനാഥനെപ്പോലെ ഇരുട്ടിന്റെ ആത്മാവിനെ തേടിയുള്ള ഒരു പ്രയാണം. അതാണ് ജേക്കബിന്റെ കഥ.

'സൂര്യ വെളിച്ചം' (1996)
ഇടുക്കിയിലെ മഞ്ഞള്‍പുരം ഗ്രാമത്തില്‍ ദാരിദ്ര്യത്തില്‍ ജനിച്ചു വളര്ന്ന തോമ്മായുടെ ജീവിതത്തിന്റെ വളര്ച്ചയും താഴ്ചയും. യൌവനത്തിന്റെ താളപ്പിഴകള്‍, മദ്യം, ചീട്ടുകളി, വഴക്ക്, ലൈംഗിക ബന്ധം അവയില്‍ നിന്നെല്ലാം ഒരു ഒളിച്ചോട്ടംജീവിക്കുവാന്‍ വേണ്ടി.

ഏലിയാമ്മ എന്ന നേഴ്‌സ് ജീവിതത്തില്‍ കടന്നു കൂടി ജീവിത പങ്കാളി ആകുമ്പോള്‍ തന്റെ ജീവിതത്തില്‍ വന്ന പരിണാമം. ബോംബെ, ഡല്ഹി ജീവിതം. പിന്നെ അമേരിക്കയില്‍ ന്യൂ യോര്‍ക്ക്, ഹുസ്റ്റണ്‍ നഗരങ്ങളിലെ പ്രവാസി ജീവിതം.

അവസാനം ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മ മനസ്സിനെ ഗ്രസിക്കുമ്പോള്‍ സൂര്യവെളിച്ചത്തിനു വേണ്ടി സ്വന്തം നാട്ടിലേക്ക് തന്റെ ബാല്യകാല സഖി ശൈലജയുമായി സന്യസിക്കുവാന്‍ 'വടക്ക് ഏതോ ലക്ഷ്യത്തിലേക്ക്'.

ലൈംഗികതയുടെ വിവിധ മുഖങ്ങള്‍ തോമ്മായുടെയും ചുറ്റുമുള്ള ജീവിതങ്ങളുടെയും അവിഭാജ്യ ഘടകമായി ഈ നോവലിന്റെ കഥയെ ബന്ധിപ്പിക്കുന്നു. സഭ്യതയുടെ വരമ്പുകള്‍ ലംഘിക്കാതെ, വളരെ തന്മയത്തത്തോടുകൂടി ലൈംഗികത നോവലിസ്റ്റ് കൈകാര്യം ചെയ്തിരിക്കുന്നു.

അമേരിക്കന്‍ മലയാളി പ്രവാസി ജീവിതത്തിന്റെ ശൂന്യത. പണം വരുമ്പോള്‍ മനുഷ്യനില്‍ വരുന്ന മാറ്റങ്ങള്‍ പ്രത്യേകിച്ച് മനുഷ്യ ബന്ധങ്ങളിലും, കുടുംബ ബന്ധങ്ങളിലും ഇവ പ്രതിഫലിപ്പിക്കുവാനുള്ള ഒരു ശ്രമം അതാണ് ചുരുക്കത്തില്‍ 'സൂര്യ വെളിച്ചം'.

അനന്തയാനം (2011)
ഗോവിന്ദന്‍കുട്ടി എന്ന അമേരിക്കന്‍ മലയാളി ബിസിനസ്സ്‌കാരന്റെ കഥയാണ് 'അനന്തയാനം' എന്ന നോവലില്‍ മാത്യു നെല്ലിക്കുന്ന് അനാവരണം ചെയ്യുന്നത്. ഉപജീവനത്തിനായി സ്വപ്നഭൂമിയായ അമേരിക്കയില്‍ എത്തുന്ന ഗോവിന്ദന്‍കുട്ടി രൂപാന്തരപ്പെടുന്നത് ധനാഢ്യനായ ഒരു സ്വര്‍ണ വ്യാപാരിയായിട്ടാണ്. പിന്നീട് ഹോട്ടല്‍ ഉടമ. നാട്ടില്‍ കാന്തല്ലൂരില്‍ തോട്ടങ്ങളുടെ ഉടമ. സാമൂഹ്യ സംഘടനാ നേതാവ്. മലയാളി കലാ സാംസ്‌കാരിക സംഘടനകളുടെ നിറ സാന്നിദ്ധ്യം എന്നീ നിലകളിലും. എല്ലാം വെട്ടിപ്പിടിക്കാനുള്ള ആ ഇച്ചാശക്തി തന്റെ നേട്ടങ്ങള്‍ക്കു വഴി തെളിച്ചു.

തന്റെ സ്വകാര്യ ജീവിതം, സമ്പന്നതയുടെയും നേട്ടങ്ങളുടെയും ഒരു മറു വശമാണ് ചൂണ്ടിക്കാണിക്കുന്നത്. പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ നല്ല വശങ്ങള്‍ സാംശീകരിക്കുന്നതിലുപരി അതിന്റെ അഴുക്കു ചാലുകളില്‍ അലിഞ്ഞു ചേര്‍ന്ന ഒരു കുത്തഴിഞ്ഞ ജീവിതം. മദ്യവും മദിരാക്ഷിയും നിശാ ക്ലബ്ബ്കളും ചൂതാട്ടവും തന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങള്‍ ആകുന്നു. വസ്ത്രങ്ങള്‍ മാറുന്നതുപോലെ ബന്ധങ്ങള്‍ മാറുന്നു.

അയാളുടെ വക്രതയാര്‍ന്ന ചിലന്തിവലയില്‍ പല ഇരകളും വീണു കാവേരി, കുമുദം, ശാരദ അക്കച്ചി. പിന്നെ ശാലിനി, ഗൗതമി, അപര്‍ണ. ആ പണക്കൊഴുപ്പാകുന്ന അഗ്‌നിഗോളത്തിന്റെ സൗരയൂഥത്തില്‍ നട്ടംതിരിയുന്ന ചാണ്ടിച്ചായന്‍, രംഗസ്വാമി, അളഗപ്പന്‍, തമ്പാന്‍. എതിരാളിയായ ഗോപാലിനെ അയാള്‍ നിഷ്പ്രയാസം ഒതുക്കുന്നു. പണം വാരി എറിഞ്ഞാല്‍ എന്തും സാധിക്കാമെന്ന അഹങ്കാരം. മൂകസാക്ഷിയായ ഭാര്യ വനജ. നിസ്സഹായരായ മക്കള്‍.

അമേരിക്കന്‍ പ്രവാസി ജീവിതത്തിന്റെ ഒരു മോശമായ വശമാണ് ഈ നോവലില്‍ നെല്ലിക്കുന്ന് പ്രതിഫലിപ്പിക്കുന്നത്. കുത്തഴിഞ്ഞ ലൈംഗീകത. അതു പൂര്ണമായിട്ടും നോവലിസ്റ്റ് വിവരിക്കുന്നുമുണ്ട്.

എങ്ങനെയും പണവും പ്രശസ്തിയും സമ്പാദിക്കുക എന്ന ലക്ഷ്യം മാത്രമായി അര്‍ദ്ധശൂന്യമായ ജീവിതം നയിക്കുന്ന ഗോവിന്ദന്‍കുട്ടി . നിശാക്ലബ്ബിനടുത്തുള്ള ചൂതുകളി സ്ഥലത്തു അയാള്‍ മോഷ്ടാക്കളുടെ അടിയേറ്റു വീഴുന്നു. ആരോഗ്യം നഷ്ടപ്പെട്ട അയാളെയും കൊണ്ട് ഭാര്യ നാട്ടിലേക്കു പുറപ്പെടുന്നു. എല്ലാം നഷ്ടപ്പെട്ട് അവസാനം നിത്യമായ ശൂന്യതയിലേക്ക് അയാള്‍ യാത്രയാകുന്നു.

ജീവിതം എന്ന ശൂന്യത. വിഡ്ഢി പറഞ്ഞ ഒരു കടങ്കഥ. കുറെ ബഹളങ്ങളും, ഉഗ്രകോപം പൂണ്ട ശബ്ദ കോലാഹലങ്ങളും. അതായിരുന്നു മദ്യവും, മദിരാക്ഷിയും, വക്രതയും സ്വാര്‍ത്ഥതയും നിറഞ്ഞ ഗോവിന്ദന്കുട്ടി എന്ന അമേരിക്കന്‍ പ്രവാസി മലയാളിയുടെ ജീവിതം. 'അനന്തയാനം' ശവ മഞ്ചത്തിലെ ആ അവസാന യാത്ര ആ മനുഷ്യ ജീവിത സത്യം നെല്ലിക്കുന്ന് ഈ നോവലില്‍ക്കൂടി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

പത്മവ്യൂഹം
പ്രവാസി ജീവിതത്തിന്റെ ദുരന്തങ്ങളുടെ ഘടകങ്ങളും തന്റെ നോവലുകളില്‍ നെല്ലിക്കുന്ന് സൂചിപ്പിക്കുന്നുണ്ട്. മദ്യം, പണം കൂടുമ്പോള്‍ ഉള്ള കുത്തഴിഞ്ഞ ജീവിതം, കുത്തഴിഞ്ഞ ലൈംഗിക ബന്ധങ്ങള്‍, സഹായത്തിനായി എത്തുന്നവരുടെ ചൂഷണം.. അങ്ങനെ പലതും. ലൈംഗീകത ഇതില്‍ പ്രധാന ഘടകമാണ്. ഈ വിഷയം ഒരു ദാര്ശനികനെപ്പോലെ നെല്ലിക്കുന്ന് പത്മവ്യൂഹം എന്ന നോവലില്‍ പ്രതി പാദിക്കുന്നുണ്ട്.

'പത്മവ്യൂഹം' (1996) എന്ന നോവല്‍ അമേരിക്കന്‍ ജീവിതം പ്രതിപാദി ക്കുന്നില്ലായെങ്കിലും ജീവിതത്തിന്റെ വ്യര്‍ത്ഥതയെക്കുറിച്ചു ഒരു ദാര്‍ശനികനെപ്പോലെ അദ്ദേഹം ആ നോവലില്‍ നമ്മളെ ചിന്തിപ്പിക്കുന്നുണ്ട്. വ്യവസായ പ്രമുഖന്‍ രവീന്ദ്രന്‍ ലൗകീക നേട്ടങ്ങളുടെ വ്യര്‍ത്ഥതയില്‍ നിന്നും മുക്തി നേടുന്നത് ആദ്ധ്യാത്മികതയിലാണ്. വിജയവും പരാജയവും ജീവിതമാകുന്ന നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നു മനസ്സിലാക്കുന്ന രവീന്ദ്രന്‍ പരബ്രഹ്മത്തെ തേടിയുള്ള യാത്ര തുടങ്ങുന്നു.

പത്മവ്യൂഹം ജീവിതത്തെ ഒരു പോരാട്ടമായിട്ടും യുദ്ധമായിട്ടും ചിത്രീകരിക്കുന്നു. രവീന്ദ്രന്‍ ആദ്യം ഒരു ഭീരു ആണെങ്കിലും പിന്നീട് വിജയത്തിലേക്ക് മുന്നേറുന്നു. അവിടെനിന്നും പരാജയത്തിലേക്കും. പത്മവ്യൂഹം മഹാഭാരതയുദ്ധത്തിലെ ഒരു യുദ്ധമുറയാണ്. ജീവിതം എന്ന യുദ്ധത്തില്‍, സ്ത്രീയാണോ വിജയത്തിനും പരാജയത്തിനും കാരണം? സ്ത്രീ എന്ന ഗുരുത്വാകര്ഷണ ശക്തിയില്‍ സ്ത്രീയുടെ പത്മവ്യൂഹ പ്രയോഗത്തില്‍ ജീവിതം ബലികഴിക്കപ്പെടുന്നുവോ? രവീന്ദ്രന്‍ അവസാനം തന്റെ യുവത്വത്തിലെ പ്രേമഭാജനമായ രാധയുടെ മുന്‍പില്‍ പോയി കണ്ണടക്കുന്നു.

ലൈംഗീകതയുടെ നശീകരണ സ്വഭാവവും പ്രേമത്തിന്റെ ഉത്തേജന ശക്തിയും തന്റെ നോവലുകളില്‍ക്കൂടി നെല്ലിക്കുന്ന് ശക്തമായി ചിത്രീകരിക്കുന്നുണ്ട്. ഈ മൗലീക സ്വഭാവം, പ്രവാസിയാണെങ്കിലും അല്ലെങ്കിലും മലയാളിയുടെ വിജയത്തിനും പരാജയത്തിനും കാരണമല്ലേ എന്നുള്ള സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്.

തന്റെ നോവലുകളിലെ നായകന്മാര്‍ അമേരിക്കന്‍ ജീവിതത്തിന്റെ വ്യര്‍ത്ഥതയില്‍നിന്നും മുക്തി നേടുന്നത് നാട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ ആണ്. രാജന്‍ മാത്രം ആത്മഹത്യ ചെയ്യുന്നു. നെല്ലിക്കുന്ന് നോവലുകളില്‍ തങ്ങി നില്‍ക്കുന്ന ഗൃഹാതുരത്വം കേരളത്തിന്റെ ഗ്രാമീണ ഭംഗിയേയും വനമേഖലയുടെ പ്രശാന്തതയെയും തേടിപ്പോകാന്‍ അമേരിക്കന്‍ മലയാളി വായനക്കാരെ പ്രചോദിപ്പിക്കുന്നില്ലേ എന്ന് തോന്നിപ്പോകുന്നു.

നെല്ലിക്കുന്ന് നോവലുകള്‍ നമ്മളെ തോമസ് ഹാര്ഡിയുടെ ദുരന്ത നോവലുകളെയാണ് അനുസ്മരിപ്പിക്കുന്നതു.
ജീവിത പ്രയാണത്തിന്റെ വേലിയേറ്റവും വേലിയിറക്കവും, അര്‍ത്ഥവും കാമവും സൃഷ്ടിക്കുന്ന ആകര്‍ഷണ വലയത്തില്‍ നിന്നും പത്മവ്യൂഹത്തില്‍ നിന്നും രക്ഷപെട്ടു, ജീവിതത്തിന്റെ വ്യര്‍ത്ഥതയില്‍ നിന്നും സൂര്യവെളിച്ചവും മുക്തിയും തേടുന്ന പ്രവാസിയെ ആ അനന്തയാമവും അനന്തയാനവും ഓര്‍മിപ്പിക്കുന്ന നെല്ലിക്കുന്ന് തന്റെ നോവലുകളില്‍ ഒരു ദാര്ശനികനായി തീരുകയാണ്. അദ്ദേഹം നിഷ്‌കര്‍ഷിക്കുന്ന ഒരേ ഒരു മന്ത്രം 'മനസ്സേ ശാന്തമാകൂ '.
പത്മവ്യൂഹത്തിലെ രവീന്ദ്രന്‍ ജീവിതാന്ത്യം അനുഭവിച്ച അനുഭൂതി നോവലിസ്റ്റ് വിവരിക്കുന്നത് ഇങ്ങനെയാണ്:
'മനസ്സിന്റെ മോഹവലയങ്ങള്‍ തീര്‍ത്ത ചില്ലുകൊട്ടാരം തച്ചുടച്ചപ്പോള്‍, മിഥ്യയുടെ വെളിച്ചത്തില്‍ നിന്നും തമസ്സിന്റെ പിരിമുറുക്കങ്ങള്‍ക്കു അയവു വന്നപ്പോള്‍ പുതിയ വെളിച്ചം അയാളെ പൊതിഞ്ഞു.
തപോഭൂമിയില്‍ ഏകനായി നടക്കവേ വെളിച്ചത്തിന്റെ ഉറവിടം തന്നില്‍ തന്നെയാണെന്ന നിത്യ സത്യം അയാള്‍ അറിഞ്ഞു.' നെല്ലിക്കുന്ന് തന്റെ നോവലുകളില്‍ നമ്മെ ആ നിത്യ സത്യം ഓര്‍മ്മിപ്പിക്കുന്നു

'എല്ലാറ്റിന്റെയും മറുപടിയാണ് മരണം '.
മനുഷ്യ ജീവിതത്തിനു അര്‍ദ്ധം നല്‍കാന്‍ ധാര്‍മ്മികതയുടേയും ആത്മീയതയുടേയും ആവശ്യകതയിലേക്ക് നെല്ലിക്കുന്ന് എന്ന സാഹിത്യകാരന്‍ ഏഴാം കടലിനക്കരെ നിന്ന് വിരല്‍ ചൂണ്ടുകയാണ് തന്റെ സാഹിത്യ കൃതികളില്‍ക്കൂടി.
പ്രവാസി മലയാളിയുടെ ജീവിതം നെല്ലിക്കുന്നിന്റെ നോവലുകളില്‍  (പൊന്നോലി)പ്രവാസി മലയാളിയുടെ ജീവിതം നെല്ലിക്കുന്നിന്റെ നോവലുകളില്‍  (പൊന്നോലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക