Image

അശരണര്‍ക്ക് ആശ്രയമായ കുന്നത്ത് അച്ചന്‍ (ജോര്‍ജ് തുമ്പയില്‍)

Published on 19 October, 2016
അശരണര്‍ക്ക് ആശ്രയമായ കുന്നത്ത് അച്ചന്‍ (ജോര്‍ജ് തുമ്പയില്‍)
കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സി ഓണാഘോഷത്തോടനുബന്ധിച്ച് ഒരാളെ ആദരിക്കുയുണ്ടായി. അത് മറ്റാരുമല്ല, നമ്മുടെ പ്രിയപ്പെട്ട ഫാ. മാത്യു കുന്നത്തായിരുന്നു ആ വ്യക്തി. മറ്റുള്ളവര്‍ക്ക് അല്‍പമെങ്കിലും നന്മ ചെയ്യുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവിതം അര്‍ത്ഥശൂന്യമാണ് എന്ന ആപ്തവാക്യം അന്വര്‍ത്ഥമാക്കി രാജ്യത്തെമ്പാടും കഷ്ടത അനുഭവിക്കുന്ന അശരണര്‍ക്ക് ആശ്വാസം പകര്‍ന്ന് ന്യൂജേഴ്‌സിയില്‍ പ്രവര്‍ത്തിക്കുന്ന ഫാ. മാത്യു കുന്നത്ത് അച്ചന്‍ ഒരു വിസ്മയമാണ്. കര്‍മ്മ നൈരന്തര്യത്തിന്റെ ഉദാത്തമായ പ്രതീകവും സേവന തൃഷ്ണതയുടെ കെടാവിളക്കുമായ മാത്യു അച്ചന് അസോസിയേഷന്‍  സമ്മാനിച്ച ന്യൂ ജേഴ്‌സി പയനിയര്‍ റെക്കഗ്നീഷന്‍ അവാര്‍ഡ് എന്തു കൊണ്ടും പ്രസക്തം തന്നെ.

കഴിഞ്ഞ മുപ്പതിലേറെ വര്‍ഷത്തെ അമേരിക്കന്‍ പ്രവര്‍ത്തനത്തിനിടയില്‍ സാമൂഹ്യ രംഗത്ത് ഫാ. മാത്യു കുന്നത്ത് ഉണ്ടാക്കിയ ചലനങ്ങളും ജനജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളും അവിസ്മരണീയങ്ങളാണ്. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി ഇരുപതോളം വര്‍ഷങ്ങള്‍ പ്രേക്ഷിതവേലകളില്‍ ഏര്‍പ്പെട്ട് 1981-ല്‍ അമേരിക്കയിലെത്തിയതാണ് മാത്യു അച്ചന്‍. സമര്‍പ്പണത്തിന്റെ മറുവാക്കായ ഫാ. മാത്യു കുന്നത്ത് തന്റെ ലളിതജീവിതശൈലിയിലൂടെ, തന്റെ ജീവിതദര്‍ശനങ്ങളെ വാക്കുകള്‍ക്കുപരി പ്രവര്‍ത്തനങ്ങളിലൂടെ യാഥാര്‍ത്ഥ്യമാക്കി. മറ്റുള്ളവര്‍ക്ക് മാതൃകയായി സാമൂഹ്യ സേവനത്തിലും ആതുരസേവനത്തിലും മുന്നിട്ട് പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന അച്ചന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് മുന്നിലെ നന്മമരമാണെന്നു പറയാം. 

അശരണരായവര്‍ക്ക് തുണയാകണമെന്ന ലക്ഷ്യത്തോടെ അച്ചനും, അച്ചന്റെ മാതൃക പിന്തുടരാന്‍ ആഗ്രഹിക്കുന്നവരും ചേര്‍ന്ന് രൂപംകൊടുത്ത ഫൗണ്ടേഷന്‍ വിജയകരമായി മുന്നോട്ടുപോകുന്നു. മാത്യു അച്ചന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ ഇതിനോടകം 375000.00 ഡോളറിന്റെ സഹായം ആരോഗ്യ മേഖലയിലും, വിദ്യാഭ്യാസമേഖലകളിലും കൂടാതെ പ്രകൃതിദുരന്തം മൂലം കഷ്ടപ്പെടുന്നവര്‍ക്കും, വീടില്ലാത്തവര്‍ക്കും, അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ക്കും വിനിയോഗിച്ചിട്ടുണ്ട്. മാത്യു അച്ചന്‍ മുന്‍കൈ എടുത്ത് പ്രതിഫലേച്ഛയില്ലാതെ അമേരിക്കയിലെത്തിച്ച അഞ്ഞൂറില്‍പ്പരം നേഴ്‌സുമാര്‍ അച്ചന്റെ ധര്‍മ്മസ്ഥാപനത്തിന് കൈത്താങ്ങായി നില്‍ക്കുന്നുണ്ട്. 

അച്ചന്റെ സേവനങ്ങളെ മാനിച്ച് 1996 മെയ് 26ന് ന്യൂവാര്‍ക്ക് സിറ്റി കൗണ്‍സില്‍ മേയര്‍ മാത്യു കുന്നത്ത് ഡേ' ആയി പ്രഖ്യാപിച്ചിരുന്നു. അച്ചന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് മാത്രമല്ല അമേരിക്കന്‍ ജനവിഭാഗങ്ങളുടെ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ക്ക് കാരണമായെന്ന് സിറ്റി മേയര്‍ ഷാര്‍പ്പ് ജയിംസ് ഒപ്പുവെച്ച പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു. 

തെളളകം കുന്നത്ത് ജോസഫിന്റെയും മറിയത്തിന്റെയും മകനായി1931 മെയ് 18 നാണ് അച്ചന്‍ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ദൈവവിളിയെ തുടര്‍ന്ന് ചെന്നൈയിലേക്ക് വണ്ടി കയറി. സേക്രട്ട് ഹാര്‍ട്ട് സെമിനാരിയിലെ വിദ്യാഭ്യാസം കഴിഞ്ഞ് 1960 മാര്‍ച്ച് 24 ന് വൈദികനായി വാഴിക്കപ്പെട്ടു. തുടര്‍ന്ന് ചൂഷിത വര്‍ഗത്തെ സേവിക്കാന്‍ മിഷന്‍ പ്രവര്‍ത്തനം തെരഞ്ഞെടുക്കുകയായിരുന്നു. അസമിലെ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ അക്ഷീണപ്രയത്‌നം നടത്തുന്ന മാത്യു അച്ചനെയാണ് പിന്നീട് കാണുന്നത്. തന്റെ ശേഷിയും പ്രാര്‍ഥനയുടെ കരുത്തും പീഡിതര്‍ക്ക് വേണ്ടി അദ്ദേഹം സമര്‍പ്പിച്ചു.

ഗോത്ര വര്‍ഗക്കാര്‍ക്ക് വേണ്ടി സ്‌കൂളുകളും ആശുപത്രികളും അനാഥാലയങ്ങളും ആ യുവ പുരോഹിതനും അന്ന് തുടങ്ങി. തന്റെ മഹാമനസ്‌കത കൊണ്ട് മാത്രമല്ല മാത്യു അച്ചന്‍ ഗോത്ര വര്‍ഗക്കാരെ അവതരിപ്പിച്ചത്. ഗോത്ര ഭാഷയില്‍ സംസാരിക്കുകയും ഗോത്ര സംസ്‌കാരം ഉള്‍ക്കൊളളുകയും ചെയ്ത അച്ചന്‍ അവരിലൊരളായി മാറി. താമസിയാതെ വടക്ക് കിഴക്കന്‍ പ്രദേശത്തെ കാത്തലിക് റിലീഫ് സര്‍വ്വീസ് ഡയറക്ടറായി. 1980 ല്‍ അമേരിക്കയിലെത്തുംവരെ ഈ സ്ഥാനത്ത് തുടര്‍ന്നു. അസമിലെ സമര്‍പ്പിത സേവനങ്ങള്‍ അച്ചന്റെ ജീവിത്തിന് പുതിയ ഉള്‍ക്കാഴ്ച നല്‍കി. യാതനകളെയും വെല്ലുവിളികളെയും നേരിട്ട് ഉത്തരേന്ത്യയിലെ ഗ്രാമാന്തരങ്ങളില്‍ ത്യാഗത്തിന്റെ ഇതിഹാസമാണ് അദ്ദേഹം സൃഷ്ടിച്ചത്. ന്യുവാര്‍ക്ക് സെയിന്റ് ജയിംസ് ആശുപത്രിയിലെ ചാപ്ലെയിനായാണ് അച്ചന്റെ അമേരിക്കന്‍ ജീവിതവും മറ്റ് സേവന പ്രവര്‍ത്തനങ്ങളും തുടങ്ങുന്നത്. ദൈവത്തിന്റെ ഒരു ഉപകരണമായി പ്രവര്‍ത്തിക്കുകയും അതില്‍ നിന്നുണ്ടാകുന്ന സമാധാനം പങ്ക് വെയ്ക്കുകയും ചെയ്യുക എന്നത് പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി ആണെന്ന് മാത്യു അച്ചന്‍ ലേഖകനോട് പറഞ്ഞു. 

എണ്‍പത്തിനാലിന്റെ പ്രസരിപ്പ് ഇനിയും കൈമോശം വരാത്ത ഫാ. മാത്യു തന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ദൈവത്തോടു നന്ദി പറഞ്ഞു. അമ്പത്തഞ്ച് വര്‍ഷം മുമ്പ് തന്നോടൊപ്പം 15 പേരാണ് വൈദികരായത്. അതില്‍ ആറുപേരാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. പുരോഹിതനായശേഷം രണ്ടു പതിറ്റാണ്ട് അസമിലെ ഗോത്രവര്‍ഗക്കാര്‍ക്കിടയിലായിരുന്നു പ്രവര്‍ത്തനം. അവിടുത്തെ ഭാഷയും സംസ്‌കാരവും ഉള്‍ക്കൊണ്ട് അവരിലൊരാളായി ജീവിച്ചു. 

എണ്‍പതുകളുടെ തുടക്കത്തില്‍ അമേരിക്കയിലേക്കു നിയോഗിക്കപ്പെട്ടപ്പോള്‍ ദൈവത്തിനു ഒരു പദ്ധതിയുണ്ടായിരിക്കണം. അത് എന്താണെന്നു തനിക്ക് അന്ന് അറിയില്ലായിരുന്നു. ദൈവം തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലരെ ഉപയോഗപ്പെടുത്തുന്നു. അത്തരമൊരു നിയോഗമായിരുന്നു തനിക്കും. അഞ്ഞൂറില്‍പരം കുടുംബങ്ങളെ ഇന്ത്യയില്‍ നിന്ന് ഇവിടെ കൊണ്ടുവന്നതിനു താന്‍ നിമിത്തമായി. 

ഏതാണ്ട് രണ്ടായിരത്തില്‍പരം പേര്‍ അങ്ങനെ ഇവിടെ വന്നു. അവര്‍ പിന്നീട് തന്റെ കുടുംബം തന്നെയായി. അവരുടെ വീട്ടിലെ ഗ്രാജ്വേഷനും വിവാഹവുമൊക്കെ തന്റെ ജീവിതത്തിലും സന്തോഷത്തിന്റെ അവസരമായി. വീട്ടിലെ കാരണവര്‍ കുടുംബാംഗങ്ങളുടെ നേട്ടങ്ങളില്‍ സന്തോഷിക്കുന്നതുപോലെ അവരുടെ സന്തോഷങ്ങളില്‍ താനും പങ്കാളിയായി. ദൈവം തനിക്കു ദീര്‍ഘമായ ജീവിതം നല്‍കിയതിനു തന്റെ മനസ് നന്ദികൊണ്ട് നിറയുന്നു. പൌരോഹിത്യത്തിന്റെ നാല്‍പ്പതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ അതുപോലൊരു അവസരം ഇനി ഉണ്ടാകില്ലെന്നു കരുതി. 

എന്നാല്‍ അഞ്ചുവര്‍ഷം മുമ്പ് അമ്പതാം വാര്‍ഷികവും ഇപ്പോള്‍ ശതാഭിഷേകത്തിനും അവസരം തന്നു. മറ്റുള്ളവരെ സഹായിക്കുന്നില്ലെങ്കില്‍ നമ്മുടെ ജീവിതത്തിനു അര്‍ഥമില്ല. നമുക്ക് കൂടുതല്‍ അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോള്‍ അതു കൂടുതലായി മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കുന്നതിനും നമുക്ക് ബാധ്യതയുണ്ട്- ഫാ. മാത്യു ചൂണ്ടിക്കാട്ടി.

അശരണര്‍ക്ക് ആശ്രയമായ കുന്നത്ത് അച്ചന്‍ (ജോര്‍ജ് തുമ്പയില്‍) അശരണര്‍ക്ക് ആശ്രയമായ കുന്നത്ത് അച്ചന്‍ (ജോര്‍ജ് തുമ്പയില്‍) അശരണര്‍ക്ക് ആശ്രയമായ കുന്നത്ത് അച്ചന്‍ (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക