Image

പ്രിയ കുരീപ്പുഴേ... (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 20 October, 2016
പ്രിയ കുരീപ്പുഴേ... (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
പുഴ മരിക്കുംവരേയുളളു മേലിലാ,
തുഴയെറിഞ്ഞീടലെന്നറിയണം സകലരും
വികലമാക്കാന്‍മാത്രമറിയുന്നവര്‍ ചിലര്‍
പകലുമാറാന്‍ കാത്തിരിപ്പുണ്ടു ചുറ്റിലും
കണ്ണീര്‍പ്പുഴകള്‍ നിറയ്ക്കുന്ന പാരിതില്‍
തണ്ണീര്‍ത്തടങ്ങള്‍ മറയ്ക്കുന്ന കാലമേ,
പെണ്ണുടല്‍പോലിതെല്ലാം സഹിച്ചീടിലും
നിണമണിഞ്ഞീടുകയാണവനിപിന്നെയും
നിര്‍ണ്ണയമീ,മണ്ണില്‍നിന്നും പിറന്നവ
രൊന്നായ് പിളര്‍ക്കുന്നുലകിന്റെയാര്‍ദ്രകം
വിളറിനില്‍പ്പാണടുത്തൊരുപാടു തായ്മരം
വെളിച്ചം; തിരിച്ചേകിടട്ടെ നീലാംബരം.

നീറുന്നകമാകെ,യെങ്കിലും വീറോടെ
വിഷലിപ്ത മാനസര്‍ക്കുളളിലായിപ്പൊഴും
മഹിഷാസുരന്മാരുണര്‍ന്നിരിപ്പെന്നതും
വിസ്മരിച്ചീടാതിരിക്കട്ടെ,യേവരും!
കുടിനീരുപോലും വിലപേശി വില്‍ക്കുവാന്‍
കുടിലതന്ത്രങ്ങള്‍ മെനഞ്ഞിടുന്നീവിധം
കലഹിച്ചുവിലപിച്ചിടാനല്ല! ജീവിതം
തലമുറകള്‍ക്കൊരുക്കീടാം ധരാതലം.

തിരിഞ്ഞുയര്‍ന്നെത്താമഴലിന്‍ സുനാമിക
ളാഴത്തില്‍ മുറിവേകിടാനുമതിദ്രുതം
വഴിപിരിഞ്ഞീടാതിരിക്കാന്‍ നിശകളില്‍
മനനമാം തിരിതെളിച്ചേകട്ടെ മാതൃകം
നിഴലാക്കിടേണ്ടതല്ലവനിയില്‍ പുലരിപോ
ലൊന്നായ് തിളങ്ങിനില്‍ക്കട്ടേ നരകുലം;
തനിമകാത്തീടാന്‍ തുനിഞ്ഞവര്‍ക്കായിരം
തിരികളിട്ടേകട്ടെ പുലരിതന്‍ പുക്കളം!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക