Image

93-ാം പിറന്നാളിന്റെ പ്രസരിപ്പോടെ വി.എസ് അച്യുതാനന്ദന്‍ (എ.എസ് ശ്രീകുമാര്‍)

Published on 20 October, 2016
93-ാം പിറന്നാളിന്റെ പ്രസരിപ്പോടെ വി.എസ് അച്യുതാനന്ദന്‍ (എ.എസ് ശ്രീകുമാര്‍)
കക്ഷിരാഷ്ട്രീയത്തിനതീതമായി കേരള ജനതയുടെ ഹൃദയവികാരം നെഞ്ചേറ്റിയ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ് അച്യുതാനന്ദന്‍ ഇന്ന് നാട്ടില്‍ തന്റെ 93-ാം ജന്‍മദിനം പതിവുപോലെ ആഘോഷങ്ങളോ ആരവങ്ങളോ ഒന്നുമില്ലാതെ കൊണ്ടാടി. ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവിയേറ്റ ശേഷം ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസിലാണ് വി.എസ് ഇത്തവണ പിറന്നാളാഘോഷിച്ചത്. ഈ പ്രായത്തിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിനൊപ്പം നെഞ്ചുവിരിച്ചു നടന്ന കരുത്തനായ പുന്നപ്ര-വയലാര്‍ സമരനായകന്‍ കേരളമാകെ ആവേശം കൊള്ളിക്കുന്നു...പൊതു വിഷയങ്ങളില്‍ ആവോളം ഇടപെട്ട് ആഞ്ഞടിക്കുന്നു. 

അതായത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പാര്‍ട്ടി സെക്രട്ടറിയും എം.എല്‍.എയുമൊക്കെ ആയിരുന്ന കാലത്ത് എപ്രകാരം പ്രവര്‍ത്തിച്ചുവോ അതേ നാണയത്തില്‍ തന്നെ ജനകീയ പ്രശ്‌നങ്ങളിലും കോഴ കുംഭകോണങ്ങളിലും രാഷ്ട്രീയ അഴിമതികളിലും തിരുത്തല്‍ ശക്തിയായി തുടര്‍ന്നും ഇടപെടാനാണ് അദ്ദേഹത്തിന്റെ ഉറച്ച നിലപാട്. 1923 ഒക്ടോബര്‍ 20ന് തുലാമാസത്തിലെ അനിഴം നക്ഷത്രത്തിലാണ് വി.എസിന്റെ ജനനം. തൊണ്ണൂറ്റി മൂന്നിലും തുടിക്കുന്ന അപൂര്‍വ ചെറുപ്പവും ചിന്തയും. പ്രത്യയ ശാസ്ത്രത്തില്‍ മാത്രമല്ല, ജീവിതചര്യയിലുള്ള വിട്ടുവീഴ്ചയില്ലാത്ത ചിട്ടയും അച്ചടക്കവുമാണ് വി.എസിനെ പൂര്‍ണ ആരോഗ്യവാനായി നിലനിര്‍ത്തുന്നത്. ആരോഗ്യകാര്യത്തിലെ കണിശത കാരണം കാര്യമായ രോഗങ്ങളില്ല. ഭക്ഷണക്രമത്തിലെ കാര്‍ക്കശ്യമാണ് വി.എസിന്റെ മറ്റൊരു ആരോഗ്യ രഹസ്യം. രാവിലെ നാലരയോടെ എഴുന്നേല്‍ക്കും. യോഗയും പിന്നെ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ നടത്തവും പ്രഭാത വെയില്‍ കായലും വി.സിന്റെ ഒരിക്കലും മുടങ്ങാത്ത ദിനചര്യയാണ്. വൈകിട്ടും നടത്തമുണ്ട്.

ഉചിതമായ സമയത്ത് കൃത്യമായ രീതിയില്‍ ഓരോ വിഷയങ്ങളിലും ഇടപെടാനുള്ള രാഷ്ട്രീയ സന്നദ്ധതയും കാര്യശേഷിയുമാണ് വി.എസ് എന്ന ജനകീയ നേതാവിനെ വേറിട്ടു നിര്‍ത്തുന്നത്. ആ സാന്നിദ്ധ്യം നാട്ടില്‍ ഉണ്ടായിരിക്കുന്നിടത്തോളം കാലം അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ നിരന്തരമായി, സക്രിയമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. അതേസമയം, സ്വന്തം പാര്‍ട്ടിയിലെ  ഒറ്റയാനാണദ്ദേഹം. പാര്‍ട്ടിക്കുള്ളിലും സന്ധിയില്ലാ സമരത്തിന്റെ തീപ്പൊരിയായി എന്നും അദ്ദേഹം. പോളിറ്റ് ബ്യൂറോ അംഗമായിരുന്ന വി.എസിനെ, പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായ വ്യത്യാസം പരസ്യപ്രസ്താവനയിലൂടെ പ്രകടിപ്പിച്ചതിന്റെ പേരില്‍ പി.ബിയില്‍ നിന്നും 2007ല്‍ പുറത്താക്കി കേന്ദ്ര കമ്മറ്റിയിലേയ്ക്ക് തരം താഴ്ത്തി. പക്ഷേ, മുഖ്യമന്ത്രിയായി തുടര്‍ന്നു. 2012ല്‍ ചേര്‍ന്ന കേന്ദ്രകമ്മറ്റി അച്ചടക്കലംഘനത്തിന്റെ പേരില്‍ അച്യുതാനന്ദനെ പരസ്യമായി ശാസിക്കാനുള്ള പോളിറ്റ് ബ്യൂറോ തീരുമാനം അംഗീകരിച്ചു. എന്നാല്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമ്പോഴും വി.എസിനെ തള്ളാന്‍ സി.പി.എമ്മിന് സാധിക്കുന്നില്ല. ജനപിന്തുണയില്‍ മറ്റൊരു നേതാവില്ല. ജനപക്ഷ നിലപാടുകളാണ് വി.എസ് സ്വീകരിച്ചിട്ടുള്ളത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ജനങ്ങള്‍ക്കിടയില്‍ നിലനിര്‍ത്തുന്നതും വി.എസിന്റെ അണുവിട മാറാത്ത നിലപാടുകളായിരുന്നു...തീരുമാനങ്ങളായിരുന്നു. 

ജനങ്ങള്‍ക്ക് വി.എസാണ് താരം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഇടത് മുന്നണിയെ വലിയ വിജയത്തിലേക്കെത്തിച്ചത് വി.എസ് പ്രചാരണങ്ങളില്‍ നിറഞ്ഞത് കൊണ്ടാണ്. വി.എസ് തന്നെ തിരഞ്ഞെടുപ്പില്‍ പിണറായി വിജയനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നപ്പോള്‍ സി.പി.എം നേരിട്ട വെല്ലുവിളി ചെറുതല്ല. വി.എസിന് വേണ്ടിയായിരുന്നു സാധാരണക്കാരന്‍ മുദ്രാവാക്യം വിളിച്ചത്. തിരഞ്ഞെടുപ്പില്‍ വി.എസിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത് ഒട്ടേറെ ആലോചനകള്‍ക്ക് ശേഷമാണ്. അതുകൊണ്ട് ആദ്യഘട്ടത്തില്‍ ഒരു നിശ്ചിതകാലം വി.എസ് മുഖ്യമന്ത്രിയും പിണറായി ആഭ്യന്തര മന്ത്രിയും ആകുമെന്നും പിന്നീട് പിണറായിക്കായി വി.എസ് സ്ഥാനമൊഴിഞ്ഞുകൊടുക്കുമെന്നുമായിരുന്നു സി.പി.എം വൃത്തങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇതിനോട് വി.എസിനും അനുകൂല മനോഭാവമായിരുന്നുവത്രേ. പക്ഷേ പിണറായി മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചിരുന്നു. അതിനാല്‍ വി.എസിനെ അനുനയിപ്പിച്ച് പ്രതിസന്ധിയുടെ കുരുക്കഴിച്ച പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അച്യുതാനന്ദന്റെ സാന്നിദ്ധ്യത്തിലാണ് പിണറായിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതും.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന്റെ തൊട്ടു തലേ ദിവസം വി.എസ് ഇപ്രകാരമാണ് ട്വിറ്ററില്‍ കുറിച്ചത്...''വിജയം ഭക്ഷിക്കാനുള്ളവരാണ് ജനങ്ങള്‍. അവരെ പരാജയം ഭക്ഷിക്കാന്‍ ഇടവരുത്തരുത്. അതിന് നമ്മള്‍ ജാഗരൂഗരായിരിക്കും...'' പിറ്റെ ദിവസം നിയുക്ത മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ തന്റെ സന്ദര്‍ശന പരിപാടികള്‍ ആരംഭിച്ചത് കന്റോണ്‍മെന്റ് ഹൗസിലെത്തി വി.എസുമായുള്ള കൂടിക്കാഴ്ചയോടെയാണ്. തന്നെ വന്നു കണ്ട പിണറായിയോട്, സ്ത്രീ സുരക്ഷ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ ഏറെ ശ്രദ്ധിക്കണമെന്ന് വി.എസ് നിര്‍ദേശിക്കുകയുണ്ടായി. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങളാണിവ. സംസ്ഥാനത്തെ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ വി.എസ് എന്നും ഇടപെട്ടിട്ടുണ്ട്. ഇനിയും ഇടപെടും എന്നതിന്റെ സൂചനയായിരുന്നു പിണറായിയോടുള്ള ആദ്യത്തെ ഈ നിര്‍ദേശം. അച്യുതാനന്ദന്റെ ഊര്‍ജസ്വലമായ സാന്നിദ്ധ്യം കേരളം മനസാലേ അംഗീകരിക്കുന്നത് ഇത്തരത്തിലുള്ള രാഷ്ട്രീയവും സാമൂഹികവുമായ ഇടപെടലുകളുടെ പിന്‍ബലത്തിലാണ്. 

ജനകീയ പ്രശ്‌നങ്ങളിലും പൊതുതാത്പര്യമുള്ള വിഷയങ്ങളിലും നിര്‍ഭയം പ്രതികരിച്ചുകൊണ്ടാണ് വി.എസ് ജനഹൃദയങ്ങളില്‍ അംഗീകാരത്തിന്റെയും ആദരവിന്റെയും കൂടുകൂട്ടിയത്. മതികെട്ടാനിലെ ഭൂമികൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ പ്രശ്‌നങ്ങള്‍ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ വി.എസ് നിര്‍ണായക പങ്ക് വഹിച്ചു. ഇടമലയാര്‍ അഴിമതികേസില്‍ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് കാരാഗൃഹവാസമൊരുക്കിയതിനു പിന്നില്‍ വി.എസാണ്. സമീപകാലത്ത് കേരളം സാക്ഷ്യം വഹിച്ച സോളാര്‍ കേസ്, ബാര്‍കോഴ, ഭൂമി പതിച്ചു നല്‍കല്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളിലും വി.എസിന്റെ പോരാട്ട വീര്യമുണ്ടായിരുന്നു. വിഎസ്, എന്ന രണ്ടക്ഷരത്തിന് കേരളത്തെയാകെ ആവേശഭരിതമാക്കാനുള്ള കരുത്തുണ്ട്. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും കൊക്കില്‍ ശ്വാസമുള്ളിടത്തോളം കാലം പോരാട്ടം തുടരുമെന്നും, കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ ചരിത്രപരമായ ചില ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുണ്ടെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. അതെ, വി.എസ് തളരില്ല, ഇനിയുമേറെ അങ്കങ്ങള്‍ക്ക് ബാല്യമുണ്ട് എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണീ സമര സഹന സഖാവ്.

93-ാം പിറന്നാളിന്റെ പ്രസരിപ്പോടെ വി.എസ് അച്യുതാനന്ദന്‍ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക