Image

സ്വാശ്രയവിദ്യാഭ്യാസ മേഖല പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണം (ഉമ്മന്‍ചാണ്ടി, മുന്‍ മുഖ്യമന്ത്രി)

Published on 20 October, 2016
സ്വാശ്രയവിദ്യാഭ്യാസ മേഖല പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണം (ഉമ്മന്‍ചാണ്ടി, മുന്‍ മുഖ്യമന്ത്രി)
ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വാശ്രയകോളജുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കാനുള്ള എ.കെ ആന്റണി സര്‍ക്കാരിന്റെ തീരുമാനം വമ്പിച്ച മാറ്റത്തിനാണു വഴിതുറന്നത്. സാമ്പത്തികപ്രതിസന്ധിമൂലം സര്‍ക്കാരിനു പുതിയ പ്രൊഫഷനല്‍ കോളജുകള്‍ ആരംഭിക്കാന്‍ കഴിയാതിരുന്നതിനാല്‍  ലക്ഷങ്ങള്‍ കോഴകൊടുത്ത് അന്യസംസ്ഥാനങ്ങളില്‍ അഭയംപ്രാപിക്കേണ്ട ഗതികേടിലായിരുന്നു വിദ്യാര്‍ഥികള്‍.

അന്യസംസ്ഥാന ലോബികളുടെ വിദ്യാഭ്യാസരംഗത്തെ കൊള്ളയ്ക്ക് അറുതിവരുത്താനും ഇവിടെത്തന്നെ പഠനസൗകര്യം സൃഷ്ടിക്കാനുമാണു സ്വാശ്രയമേഖലയ്ക്ക് അനുമതി നല്‍കിയത്. 2001 ല്‍ അഞ്ച് സര്‍ക്കാര്‍  മെഡിക്കല്‍ കോളജുകളും 12 എന്‍ജിനീയറിങ് കോളജുകളും മാത്രമുണ്ടായിരുന്ന കേരളത്തില്‍ 2016 ആയപ്പോള്‍ അവയ്ക്കുപുറമെ 24 മെഡിക്കല്‍ കോളജുകളും 119 എന്‍ജിനീയറിങ് കോളജുകളും 19 ഡന്റല്‍ കോളജുകളും 14 ആയുര്‍വേദകേളജുകളും ഒട്ടനവധി മാനേജ്‌മെന്റ് പഠന സ്ഥാപനങ്ങളുമുണ്ടായി. സര്‍ക്കാരിന് ഒരുപൈസപോലും മുടക്കേണ്ടിവന്നില്ല. 
രണ്ടു സ്വാശ്രയകോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന മുദ്രാവാക്യമാണ് ആന്റണി സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. സ്വാശ്രയകോളജില്‍ 50 ശതമാനം സീറ്റില്‍ മെറിറ്റ് ക്വോട്ട. ആ സീറ്റില്‍ സര്‍ക്കാര്‍ കോളജ് ഫീസ്. ബാക്കിസീറ്റില്‍ നിശ്ചിതയോഗ്യതയുള്ളവര്‍ക്ക് പ്രവേശനം. കോളജ് നടത്തികൊണ്ടു പോകാനാവശ്യമായിട്ടുള്ള നിയന്ത്രിതമായ ഫീസ് അവരില്‍നിന്ന് ഈടാക്കും. ഇതായിരുന്നു കരാര്‍. എന്നാല്‍ ന്യൂനപക്ഷാവകാശം സംബന്ധിച്ച ഭരണഘടനാവ്യവസ്ഥകളും ചില കേസുകളിലെ സുപ്രിംകോടതി വിധികളുംമൂലം പലപ്രയാസങ്ങളും ഉയര്‍ന്നുവന്നു. എങ്കിലും 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ മെരിറ്റെന്ന ആവശ്യം അംഗീകരിക്കപ്പെട്ടു.

2006-ല്‍ അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സ്വാശ്രയമാനേജ്‌മെന്റുകളെ നിയന്ത്രിക്കുവാന്‍ നിയമംകൊണ്ടുവന്നു. പ്രതിപക്ഷംകൂടി സഹകരിച്ച് ഐകകണ്‌ഠ്യേന നിയമം പാസാക്കിയാല്‍ എല്ലാം ശരിയാകുമെന്നാണ് അവര്‍ പറഞ്ഞത്. നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളോടു യോജിപ്പുണ്ടായിരുന്നതിനാല്‍ നിയമം ഐക്യകണ്‌ഠ്യേന പാസാക്കി. പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതുപോലെ തുടര്‍ന്നു കോടതികളില്‍ നിയമപ്പോരാട്ടമുണ്ടായി.

2006 ലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മെരിറ്റ് സീറ്റിലെ ഫീസ് 95,000 രൂപയില്‍നിന്ന് 1.38 ലക്ഷം രൂപയാക്കി ഉയര്‍ത്തുകയാണു ചെയ്തത്. 2011 ലെ യു.ഡി.എഫ് സര്‍ക്കാര്‍ ആദ്യവര്‍ഷം ഫീസ് വര്‍ധിപ്പിച്ചില്ല. അടുത്ത നാലുവര്‍ഷം നാമമാത്രമായാണു വര്‍ധിപ്പിച്ചത്. യു.ഡി.എഫിന്റെ അഞ്ചുവര്‍ഷം കൊണ്ട് സ്വാശ്രയകോളജിലെ മെരിറ്റ് സീറ്റിലെ ഫീസ് വര്‍ദ്ധനവ് 47,000 രൂപ മാത്രം. എല്‍.ഡി.എഫ് 100 ദിവസത്തിനുള്ളില്‍ വര്‍ധിപ്പിച്ചു കൊടുത്തത് 65,000 രൂപ! സ്വാശ്രയമാനേജ്‌മെന്റുകള്‍പോലും അത്ഭുതപ്പെട്ടിരിക്കണം. ബി.ഡി.എസിന് 1.2 ലക്ഷമായിരുന്ന മെറിറ്റ് ഫീസ് ഒറ്റയടിക്കു 2.1 ലക്ഷം രൂപയാക്കി!

യു.ഡി.എഫിന്റെ അഞ്ചുവര്‍ഷവും പരിയാരത്തെ ഫീസ് മറ്റു സ്വാശ്രയകോളജുകളേക്കാള്‍ കുറവായിരുന്നു. എല്‍.ഡി.എഫ് എല്ലാ സ്വാശ്രയ കോളജുകളിലും എം.ബി.ബി.എസ്സിന് ഫീസ് 65,000 രൂപയാക്കിയപ്പോള്‍ പരിയാരത്തു വര്‍ധിപ്പിച്ചത് ഒരു ലക്ഷം. കാര്യങ്ങള്‍ വിശദമായി പഠിക്കാതെ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയ സര്‍ക്കാര്‍ അവരെ കൈയയച്ചു സഹായിച്ചു.

ഫീസ് വര്‍ധിപ്പിച്ചതിനു മുഖ്യമന്ത്രി പറഞ്ഞ ന്യായം കാപ്പിറ്റേഷന്‍ ഫീസ് ഇനിയുണ്ടാവില്ലെന്നാണ്. ഇപ്പോള്‍ നടക്കുന്ന പ്രവേശനത്തിനു ചില കോളജുകള്‍ തലവരിപ്പണം, ബാങ്ക് ഗാരന്റി, റീഫണ്ടബിള്‍ ഡെപ്പോസിറ്റ് എന്നീ പേരുകളില്‍ ലക്ഷങ്ങള്‍ നിര്‍ബന്ധിത പിരിവു നടത്തുന്നതായി ജെയിംസ് കമ്മിറ്റി മുന്‍പാകെ വന്ന പരാതികളില്‍ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ വാദഗതികളുടെ പൊള്ളത്തരം ഇതില്‍നിന്നു വെളിവാക്കുന്നു.

കൂടുതല്‍ കോളജുകള്‍ കരാര്‍ ഒപ്പിട്ടതിനാല്‍ സ്വാശ്രയകോളജുകളിലെ  മെരിറ്റ് സീറ്റുകളുടെ എണ്ണം വര്‍ധിച്ചുവെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്.   25,000 രൂപ ഫീസില്‍ പഠിക്കാന്‍ 250 വിദ്യാര്‍ഥികള്‍ക്കുള്ള അവസരം നിഷേധിച്ച സര്‍ക്കാരാണ് ഇങ്ങനെ പറയുന്നത്.  തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളജില്‍ 100 സീറ്റും പാരിപ്പള്ളി ഇ.എസ്.ഐ. മെഡിക്കല്‍ കോളജില്‍ 100 സീറ്റും ഇടുക്കി മെഡിക്കല്‍ കോളജിലെ 50 സീറ്റുമുള്‍പ്പെടെ 250 സര്‍ക്കാര്‍ മെഡിക്കല്‍ സീറ്റുകള്‍ നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഈ ഗവണ്‍മെന്റിന് ഒഴിഞ്ഞുമാറാനാവില്ല. എല്ലാ സീറ്റുകളും ഏറ്റെടുത്ത ഉത്തരവിനു കോടതിയില്‍നിന്നു തിരിച്ചടി കിട്ടിയപ്പോള്‍ അപ്പീല്‍ പോകാതെ കീഴടങ്ങിയതും ഒപ്പുവയ്ക്കാത്ത കോളജുകളിലെ പ്രവേശനത്തില്‍ മാപ്പുസാക്ഷിയായി നിന്നതും എങ്ങനെ ന്യായീകരിക്കും.

യു.ഡി.എഫിന്റെ കാലത്ത് സ്വാശ്രയകോളജ് ഫീസിന്റെ പേരില്‍ അക്രമ സമരങ്ങള്‍ നടത്തിയ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും ഇപ്പോഴത്തെ വന്‍വര്‍ധനയ്‌ക്കെതിരേ ശബ്ദിക്കുന്നില്ല. ഇവരുടെ കൂറ് വിദ്യാര്‍ഥികളോടും രക്ഷകര്‍ത്താക്കളോടുമല്ല.

സാമൂഹ്യ പ്രതിബദ്ധതയോടെ സ്വാശ്രയ കോളജുകളെന്ന ആന്റണിയുടെ കാഴ്ചപ്പാട് അട്ടിമറിച്ചതു കോടതി വിധിയും ചില മാനേജ്‌മെന്റുകളുടെ സ്വാര്‍ഥതാല്‍പ്പര്യവും സി.പി.എമ്മിന്റെ രാഷ്ട്രീയലക്ഷ്യത്തോടു കൂടിയ സമരങ്ങളുമായിരുന്നു. എന്നിട്ടും വന്‍മുന്നേറ്റമുണ്ടാക്കാനായി. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കു സ്വന്തംനാട്ടില്‍ പഠിക്കാന്‍ അവസരം കൈവന്നു.

സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യാഥാര്‍ഥ്യമായി മാറിയിരിക്കുന്നു. നീറ്റ് മെരിറ്റില്‍നിന്ന് അടുത്തവര്‍ഷം മുതല്‍ പ്രവേശനം നിര്‍ബന്ധിതമാകുന്നതോടെ പ്രവേശനം സംബന്ധിച്ച പരാതികള്‍ക്കു പരിഹാരമാകും. സ്വാശ്രയമേഖല ഓരോ അധ്യയനവര്‍ഷവും പ്രശ്‌നമുണ്ടാക്കുന്ന രീതി അവസാനിപ്പിക്കണം.

സ്വാശ്രയ കേളജുകളില്‍ മെച്ചപ്പെട്ട പഠനസൗകര്യവും അടിസ്ഥാനസൗകര്യവും ഉറപ്പുവരുത്തുകയും പരമാവധി കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ സൗകര്യമുണ്ടാക്കുകയും തലവരിപണവും ബാങ്ക് ഗാരന്റിയും റീഫണ്ടബിള്‍ ഡിപ്പോസിറ്റും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുകയുമാണ് ഇനി സര്‍ക്കാര്‍ ചെയ്യേണ്ടത്. സാധാരണക്കാര്‍ക്ക് സ്വാശ്രയ കോളജുകള്‍ അപ്രാപ്യമാകുന്ന സ്ഥിതിവിശേഷം ഉണ്ടാകാതിരിക്കാന്‍കൂടി ശ്രദ്ധിക്കണം.
Join WhatsApp News
jep 2016-10-20 15:01:04

വേണ്ട വേണ്ട എന്ന് എൽഡിഫ് ചിറ്റപ്പൻ  പറഞ്ഞിട്ടും കണക്കാതെ യുഡിഫ് കാരണവർ  ജന്മം കൊടുത്ത സ്വരാശ്രയ കുഞ്ഞുങ്ങൾക്ക്,ജീവിക്കാൻ വക കൊടുക്കാതെ ,പൊതു ജനത്തെ കൊള്ളയടിച്ചു  ജീവിച്ചോളാൻ പറഞ്ഞു കൂടു തുറന്നു വിടുകയായിരുന്നല്ലോ കാരണവർ ചെയ്തത് ? ചിറ്റപ്പൻ ഇതെല്ലം കണ്ടു മടുത്തു വീണ്ടും ഇവങ്ങളെ കൂട്ടിൽ പിടിച്ചിട്ടു വെള്ളോം വിറകും കൊടുത്തു കഞ്ഞിവെപ്പിക്കാൻ വഴി കാണിച്ചിരിക്കുകയാണ് .

അല്ല  ഒന്ന് ആലോചിച്ചു നോക്ക്. 200 ഉം 300 കോടി ചെലവാക്കിയിട്ടു സ്ഥാപിച്ച പ്രസ്ഥാനത്തിൽ.പുളിങ്കുരു കൊടുത്തു ഡോക്ടർ ആകണമെന്നുള്ള പൂതി ഇച്ചിര കടുപ്പമാ.ജന്മം കൊടുക്കുന്നതിനു മുൻപ് ആലോചിക്കണമായിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക