Image

ഹിലരി ഇലക്ടോറല്‍ കോളേജില്‍ വിജയം ഉറപ്പാക്കി? (ഏബ്രഹാം തോമസ്)

Published on 20 October, 2016
ഹിലരി  ഇലക്ടോറല്‍ കോളേജില്‍  വിജയം ഉറപ്പാക്കി? (ഏബ്രഹാം തോമസ്)
ഇലക്ടോറല്‍ കോളജ് വോട്ടുകളില്‍ ആവശ്യമായ ഭൂരിപക്ഷം (270 വോട്ടുകള്‍) ഇതിനകം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലറി ക്ലിന്റണ്‍ നേടിയിട്ടുണ്ടാകാമെന്ന് ദ വാഷിങ്ടണ്‍ പോസ്റ്റ് '15 യുദ്ധ ഭൂമികളായ' സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേ പറഞ്ഞു. സര്‍വേ ഫലം അനുസരിച്ചു ഹിലറി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപിനുമേല്‍ നിര്‍ണായക വിജയം ഉറപ്പാക്കി കഴിഞ്ഞു.

15 സംസ്ഥാനങ്ങളിലെ സര്‍വേ ഫലവും ഒരു സ്ഥാനാര്‍ത്ഥിക്കല്ലെങ്കില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുന്ന സംസ്ഥാനങ്ങളുടെ അനുമാനവും കൂട്ടിച്ചേര്‍ത്താല്‍ ഹിലറി നാലു ശതമാനമോ അതിലധികമോ കൂടുതല്‍ വോട്ടുകള്‍ നേടുമെന്ന് കണക്കാക്കപ്പെടുന്നു. ഈ സംസ്ഥാനങ്ങള്‍ക്കു എല്ലാം കൂടി 304 ഇലക്ടോറല്‍ വോട്ടുകളുണ്ട്.

ട്രംപിന് 138 ഇലക്ടറല്‍ വോട്ടുകളുളള സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷം ഉണ്ടാവും എന്നാണ് അനുമാനം. 96 ഇലക്ടോറല്‍ വോട്ടുകളുളള അരിസോണ, ഫ്‌ലോറിഡ, ഒഹായോ, ടെക്‌സസ് എന്നീ സംസ്ഥാനങ്ങള്‍ പ്രവചനാതീതമാണ്. ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി നോമിനി ഗാരി ജോണസണെയും ഗ്രീന്‍ പാര്‍ട്ടി നോമിനി ജില്‍ സ്‌റ്റെയിനിനെയും ഉള്‍പ്പെടുത്തി 15 സംസ്ഥാനങ്ങളില്‍ നടത്തിയ 'ബാലറ്റ് ടെസ്റ്റി' ലെ ഫലമാണിത്.

ആദ്യ ഡിബേറ്റിനുശേഷം ഹിലറിക്ക് ലഭിച്ച ലീഡ് നിലനിര്‍ത്തുവാന്‍ അവര്‍ക്ക് കഴിഞ്ഞതായാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. ഹഫിംഗ്ടണ്‍ പോസ്റ്റ് പോള്‍സ്റ്റിന്റെയും റിയല്‍ ക്ലിയര്‍ പോളിറ്റിക്‌സിന്റെയും പോളിംഗ് ആവറേജുകള്‍ ഹിലറിക്ക് ശരാശരി 7 പോയിന്റ് കൂടുതലാണെന്ന് പറഞ്ഞു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ വാഷിങ്ടണ്‍ പോസ്റ്റ്– എബിസി ന്യൂസ് പോള്‍ ഹിലറിക്ക് ട്രംപിനുമേല്‍ നാലു പോയിന്റ് ലീഡ് ഉണ്ടെന്നു പറഞ്ഞു.

ദേശീയ തലത്തില്‍ ഹിലറിക്ക് അനുകൂലമായാണ് കാറ്റ് വീശുന്നതെന്ന് 15 സംസ്ഥാനങ്ങളിലെ പഠനം വ്യക്തമാക്കുന്നു. ദ പോസ്റ്റ് ഓണ്‍ ലൈനിലൂടെ സര്‍വേ മങ്കി 50 സംസ്ഥാനങ്ങളില്‍ നടത്തിയിരുന്നു. അന്നു ഹിലറിയുടെ ഇലക്ടോറല്‍ വോട്ടുകള്‍ 244 ആണെന്ന് കണ്ടെത്തി. ട്രംപിന് 126 ഇലക്ടോറല്‍ വോട്ടുകളാണ് പ്രവചിച്ചത്. നിര്‍ണയാതീതമായിരുന്നത് 168 ഇലക്ടോറല്‍ വോട്ടുകള്‍ ആയിരുന്നു.

2016 പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചതിനുശേഷം പല മാറിമറിയലുകള്‍ ഉണ്ടായി. യുദ്ധ ഭൂമികളും അല്ലാത്തവയുമായ സംസ്ഥാനങ്ങളില്‍ ഈ മലക്കം മറിച്ചിലുകള്‍ ദൃശ്യമായി. സ്വിംഗ് സ്‌റ്റേറ്റുകളായി അറിയപ്പെട്ടിരുന്ന കൊളറാഡോയും വെര്‍ജീനിയയും ഡെമോക്രാറ്റിക് പക്ഷത്തേയ്ക്ക് മാറിയത് ഉദാഹരണം.

അരിസോണയും ജോര്‍ജിയായും ഒരു പക്ഷേ ടെക്‌സാസും പരമ്പരാഗത റിപ്പബ്ലിക്കന്‍ ചായ് വ് ഉപേക്ഷിച്ചേക്കും. വോട്ടറന്മാരുടെ മാറി വരുന്ന അഭിപ്രായങ്ങള്‍ക്കൊപ്പം മാറാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെങ്കില്‍ ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരും.

ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ അദ്വതീയത ഈ തിരഞ്ഞെടുപ്പ് വ്യത്യസ്തമാക്കുന്നു. ട്രംപ് ആകര്‍ഷിച്ച വോട്ടര്‍മാരും സഖ്യങ്ങളും തന്റെ സന്ദേശവും പെരുമാറ്റവും മൂലം വെറുപ്പിച്ചവരും മുമ്പ് ഉണ്ടായിട്ടില്ല. കോളേജ് ബിരുദം നേടിയിട്ടില്ലാത്തവരുടെയും വെളുത്ത വര്‍ഗക്കാരുടെയും പ്രത്യേകിച്ച് അയോവയിലും ഒഹായോവിലും പിന്തുണ ട്രംപിന് ആര്‍ജ്ജിക്കുവാന്‍ കഴിഞ്ഞതും അമ്പരപ്പിക്കുന്നതാണ്. വെറുപ്പിക്കാന്‍ കഴിഞ്ഞവരുടെ ഗണത്തില്‍ യൂട്ടയിലെ വോട്ടര്‍മാരെ ഉള്‍പ്പെടുത്താം.

തിരഞ്ഞെടുപ്പിന് കഷ്ടിച്ച് മൂന്നാഴ്ചശേഷിക്കെ 15 സംസ്ഥാനങ്ങളുടെ സര്‍വേ ഫലം ദേശീയ തലത്തില്‍ വലിയ സൂചനയാണ് നല്‍കുന്നത്. സര്‍വേഫലം മാറ്റി മറിക്കുവാന്‍ ട്രംപിന് അക്ഷീണ പരിശ്രമം നടത്തേണ്ടതുണ്ട്. ട്രംപിന് ഇതിന് കഴിയുമോ ?

സര്‍വേകള്‍ വ്യക്തമാക്കുന്നത് ഒരു വലിയ ശതമാനം ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് തീരുമാനിച്ചു കഴിഞ്ഞു എന്നാണ്. ഇവര്‍ തങ്ങളുടെ തീരുമാനം മാറ്റാതിരിക്കുകയും തിരഞ്ഞെടുപ്പു ദിവസം വോട്ടു ചെയ്യാന്‍ എത്തുകയും ചെയ്യുമെന്നാണ് കരുതുന്നത്. ഹിലറിക്ക് വേണ്ടി വോട്ടു ചെയ്യേണ്ടവര്‍ പ്രത്യേകിച്ച് കറുത്ത വര്‍ഗക്കാരും ലറ്റിനോകളും പ്രതീക്ഷക്കനുസരിച്ചു പോളിങ് സ്‌റ്റേഷനുകളില്‍ എത്തി വോട്ടു ചെയ്യുക ഹിലറിയുടെ വിജയത്തിന് അനിവാര്യമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക