Image

ട്രമ്പ് തോല്‍വി സമ്മതിച്ചുവെന്ന് ന്യു യോര്‍ക് പോസ്റ്റ്; ഇലക്ഷന്‍ ഫലം അംഗീകരിക്കുന്നത് പിന്നെപ്പറയാമെന്നു ട്രമ്പ്

Published on 20 October, 2016
ട്രമ്പ് തോല്‍വി സമ്മതിച്ചുവെന്ന് ന്യു യോര്‍ക് പോസ്റ്റ്; ഇലക്ഷന്‍ ഫലം അംഗീകരിക്കുന്നത് പിന്നെപ്പറയാമെന്നു ട്രമ്പ്
ട്രമ്പ് തോല്‍വി സമ്മതിച്ചുവെന്ന് ന്യു യോര്‍ക് പോസ്റ്റ് പത്രം
 
ലാസ് വേഗസ്: മൂന്നാമത്തെ ഡിബേറ്റില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണള്‍ഡ് ട്രമ്പ് അവസാനത്തെ വിജയ സാധ്യതയും കളഞ്ഞു കുളിച്ചതായി രാഷ്ട്രീയ നിരീക്ഷകര്‍. ഹിന്ദു കണ്‍ വന്‍ഷനില്‍ വന്നപ്പോഴത്തെപ്പോലെ സൗഹ്രുദ പൂര്‍ണനായ, ചിരിക്കുന്ന ട്രമ്പിനു പകരം മുഖം കോട്ടി രോഷ ഭാവത്തോടേ എതിരാളിയെ നേരിടുന്ന ദുര്‍മുഖമാണ് ട്രമ്പ് കാട്ടിയത്. ആശയ സംവാദത്തിനു പകരം എല്ലാം വ്യക്തിപരമായാണ് ട്രമ്പ് എടുത്തതെന്നും തോന്നി.

ഇതിനെല്ലാം പുറമെയാണ് ഇലക്ഷന്‍ ഫലം അംഗീകരിക്കുമോ എന്ന ചോദ്യത്തിനു വ്യക്തമായ മറുപടി ട്രമ്പ് പറയാതിരുന്നത്. ഇലക്ഷന്‍ സംവിധാനത്തില്‍ തട്ടിപ്പ് ഉണ്ട് എന്നാണ് ട്രമ്പിന്റെ നിലപാട്. ഫലം വന്നു കഴിഞ്ഞു പറയാം എന്നാണ് ട്രമ്പ് പറഞ്ഞത്. (ഇന്ത്യയില്‍ വോട്ടിംഗ് മെഷീനില്‍ ഭയങ്കര തട്ടിപ്പാണ് എന്നു പറഞ്ഞു ഒരു വിഭാഗം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു പ്രചാരണം നടത്തിയതും ഓര്‍ക്കുക)

എന്തായാലും ഈ നിലപാട് ഭീതിപ്പെടുത്തുന്നതാണെന്നു ഹിലരി ക്ലിന്റണ്‍ പറഞ്ഞു. തനിക്കെതിരായ എന്തും-എമ്മി അവാര്‍ഡ് പോലുാ-തട്ടിപ്പ് ആണെന്നു കരുതുന്ന വ്യക്തിയാണ് ട്രമ്പ്. ഇങ്ങനെയല്ല നമ്മുടെ ജനാധിപത്യം പ്രവര്‍ത്തിക്കുന്നത്. 240 വര്‍ഷമായി ഇലക്ഷന്‍ നടക്കുന്നു. ഫലം ഇഷ്ടമല്ലാത്താണെങ്കില്‍ കൂടി എല്ലാവരും അത് അംഗീകരിക്കും.നമ്മുടെ ജനാധിപത്യത്തെ അവഹേളിക്കുകയാണു ട്രമ്പ്-അവര്‍ പറഞ്ഞു.
എന്തായാലും മൂന്നാം ഡിബേറ്റിലും ഹിലരി വിജയി
ച്ചതായി സി.എന്‍.എന്‍ വോട്ടില്‍ പറയുന്നു-52 ശതമാനം ഹിലരിക്ക്. 39 ശതമാനം ട്രമ്പിന്.

അതേ സമയം ട്രമ്പ് പ്രതീക്ഷിച്ചതിലും നല്ല പ്രകടനം നടത്തി എന്നും നല്ലൊരു പങ്ക് പറഞ്ഞു.
വെള്ള പാന്റും ഷര്‍ട്ടുമിട്ട് എത്തിയ ഹിലരിയും കറുത്ത സ്യൂട്ട് ഇട്ടു വന്ന ട്രമ്പും ലാസ് വേഗസിലെ നെവാഡ യൂണിവേഴ്‌സിറ്റിയില്‍ എത്തിയപ്പോഴും പിരിഞ്ഞപ്പോഴുംഹസ്തദാനം ചെയ്യാന്‍ പോലും തയ്യാറായില്ല.പുഞ്ചിരിച്ചതുമില്ല. ഫോക്‌സ് ന്യൂസിന്റെ ക്രിസ് വാലസ് ആയിരുനു മോഡറേറ്റര്‍. മൂന്നു ഡിബേറ്റിലെ ഏറ്റവും മികച്ച മോഡറേറ്ററും ക്രിസ് വാലസായിരുന്നു.

സുപ്രീം കോടതി ജഡ്ജിമാരായി ആരെ നിയമിക്കുമെന്നായിരുന്നു ആദ്യ ചോദ്യം. അമേരിക്കന്‍ ജനതയുടെ പക്ഷത്തു നില്‍ക്കുന്നവരെ എന്നായിരുന്നു ഹിലരിയുടെ മറുപടി. പണക്കാരുടെയും കോര്‍പറേഷനുകളുടെയും പിന്തുണക്കാരെയല്ല വേണ്ടത്. ഇലക്ഷനില്‍ കോര്‍പറേഷനുകള്‍ക്കു പണം മുടക്കാന്‍ കഴിയുന്നത് വിലക്കുന്ന ജ്ഡ്ജിമാരാണു വേണ്ടത്.

എന്നാല്‍ ഭരണഘടനയെ വസ്തുനിഷ്ടമായി വിശദീകരിക്കുന്നവരെയാകും നിയമിക്കുക എന്നു ട്രമ്പ് പറഞ്ഞു.
സെക്കന്‍ഡ് അമെന്‍ഡ്മന്റ് (തോക്ക് കൈവശം വയ്കാനുള്ള അവകാശം) അതേ പടി നിലനിര്‍ത്തുമെന്നു ട്രമ്പ് പറഞ്ഞു. സെക്കന്‍ഡ് അമന്‍ഡ്‌മെന്റിനെ അനുകൂലിക്കുന്നു എങ്കിലും ഏതൊരാള്‍ക്കു ഇഷ്ടം പോലെ തോക്ക് കൈവശം വയ്ക്കാന്‍ അനുമതി നല്‍കാനാവില്ലെന്നു ഹിലരി പറഞ്ഞു. ബാക്ക്ഗ്രൗണ്ട് ചെക്കിംഗ് ആവശ്യമാണു. 33,000 പേര്‍ ഓരോ വര്‍ഷവും തോക്കിനിരയാകുന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടി.

ഗര്‍ഭച്ചിദ്രത്തെപറ്റിയുള്ള ചോദ്യത്തിനു താന്‍ പ്രൊ-ലൈഫ് ആണെന്നു ട്രമ്പ് പരഞ്ഞു. ഇഷ്ടാനുസരണം ഭ്രൂണഹത്യ നടത്തുന്നത് ശരിയല്ല. ജനിക്കാറായ കുഞ്ഞിനെ വരെ പുറത്തെടുത്ത് വെട്ടി നുറുക്കുന്നത് അംഗീകരിക്കാനാവില്ല.

ഗര്‍ഭദ്രിത്തെ വനിതകളുടെ 'ഹെല്‍ത്ത് കെയര്‍' പ്രശ്‌നമായാണ് ഹിലരി അവതരിപ്പിച്ചത്. ഇക്കാര്യത്തില്‍ വനിത തന്നെയാണു തീരുമാനമെടുക്കേണ്ടത്. അല്ലതെ ഗവണ്മെന്റിനു ഇടപെടാന്‍ അവകാശമില്ല. അവസാന ഘട്ടത്തില്‍ ഗര്‍ഭചിദ്രം നടത്തേണ്ടി വരുന്നവരുടെ വിഷമത താന്‍ കണ്ടിട്ടുണ്ട്. ഏതായാലും തീരുമാനം കുടുംബത്തീന്റേതാണു, സര്‍ക്കാറിന്റേതല്ല. പ്ലാന്‍ഡ് പേരന്റ് ഹുഡിനും മറ്റും ഗ്രാന്റ് കൊടുക്കില്ലെന്നു ട്രമ്പ് പറഞ്ഞു. താന്‍ അവര്‍ക്ക് ഗ്രാന്റ് കൊടുത്തിരിക്കും.

താന്‍ അമേരിക്കയെ വീണ്ടും സാമ്പത്തിക ഉയര്‍ച്ചയിലേക്കു നയിക്കുമെന്നു ട്രമ്പ് പറഞ്ഞു. ഹിലരിയുടെ കീഴില്‍ സീറോ വളര്‍ച്ചയായിരിക്കും സാമ്പത്തിക രംഗത്ത് ഉണ്ടാവുക.

സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന നിലയില്‍ഹിലരി പരാജയമയിരുന്നു. 30 വര്‍ഷത്തെ പൊതു ജീവിതത്തിനിടെ ഹിലരി ഒരു നേട്ടവും ഉണ്ടാക്കിയില്ല-ട്രമ്പ് പറഞ്ഞു.

തന്റെ പ്രവര്‍ത്തനങ്ങള്‍ ഹിലരി അക്കമിട്ടു നിരത്തി. 2011-ട്രമ്പ് ടി.വി സ്റ്റുഡിയോയില്‍ ഇരിക്കുമ്പോള്‍ ബിന്‍ ലാദനെ കൊല്ലാനുള്ള അസൂത്രണവുമായി താന്‍ സിറ്റുവേഷന്‍ റൂമില്‍ ഇരിക്കുകയായിരുന്നൂ.
റഷ്യന്‍ പ്രസിഡന്റ് പുടിനെപറ്റി പൊരിഞ്ഞ വാഗ്വാദം നടന്നു. പുടിന്റെ പാവയാണു ട്രമ്പ് എന്നും റഷ്യ അമേരിക്കന്‍ ഇലക്ഷനില്‍ ഇടപെടാന്‍ ശ്രമിക്കുന്നുവെന്നും ഹിലരി പറഞ്ഞു. ഹിലരിയാണു പാവ എന്നു ട്രമ്പ് തിരിച്ചടിച്ചു. ഈമെയിലുകള്‍ റഷ്യ ഹാക്ക് ചെയ്യുന്നുവെന്നും പുടിന്‍, ട്രമ്പിനെ പ്രശംസിച്ചുവെന്നും ഹിലരി പറഞ്ഞു.

തനിക്കു പുടിനുമായി നേരിട്ടു പരിചയമില്ലെന്നു ട്രമ്പ് പറഞ്ഞു. സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന നിലയില്‍ ഹിലരിയുടെ പ്രവര്‍ത്തനങ്ങളെ പുടിന്‍ നിഷ്പ്രഭമാക്കി എന്നു ട്രമ്പ് പറഞ്ഞു. മിഡില്‍ ഈസ്റ്റിലൊക്കെ അതു കണ്ടു. ഇസ്ലാമിക ഭീകരതയെ തകര്‍ക്കാന്‍ റഷ്യയുമായി പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്നും ട്രമ്പ് പറഞ്ഞു.
ട്രമ്പ് ടാക്‌സ് കൊടുക്കാതിരുന്നത് ഹിലരി പരാമര്‍ശിച്ചപ്പോള്‍ എന്തൊരു വ്രുത്തികെട്ട സ്ത്രീ എന്നായിരുന്നു ട്രമ്പിന്റെ മറുപടി.

സ്ത്രീകളെ ട്രമ്പ് അനുവാമില്ലാതെ കയറി പിടിച്ചു എന്ന ആരോപണത്തെപറ്റി പരാമര്‍ശം വന്നപ്പോള്‍ അതൊക്കെ നുണയാണെന്നും തനിക്കാരെയും അറിയില്ലെന്നും ട്രമ്പ് പറഞ്ഞു. തന്നെക്കാള്‍ വനിതകളെ ബഹുമാനിക്കുന്നവരില്ല.

മെക്‌സിക്കന്‍ അതിര്‍ത്തി അടച്ചാല്‍ അതു ദോഷകരമാകുമെന്നു ഹിലറി പറഞ്ഞു. ഇല്ലീഗലായി കഴിയുന്ന എല്ലാവര്‍ക്കും അംനസ്റ്റി കൊടുക്കാനാണു ഹിലരി ശ്രമിക്കുന്നതെന്നു ട്രമ്പ് ആരോപിച്ചു.

മാസ് ഡീപോര്‍ട്ടേഷനും കുടുംബങ്ങളെ വേര്‍പിരിക്കുന്നതിനും താന്‍ എതിരാണെന്നു ഹിലരി പറഞ്ഞു. ഇല്ലീഗത്സിനെ ജോലിക്കു വയ്ക്കുന്ന ട്രമ്പ് കാപട്യം പറയുകയാണെന്നും അവര്‍ ആരോപിച്ചു.
താന്‍ ചെയ്യാന്‍ പോകുന്ന സാമൂഹിക ക്ഷേമ പദ്ധതികളെപറ്റി ഹിലരി വിവരിച്ചപ്പോള്‍ താന്‍ അമേരീകയെ വീണ്ടും മഹദ് രാജ്യമാക്കുമെന്നായിരുന്നു ട്രമ്പിന്റെ മറുപടി.
ഡിബേറ്റ് കാണുക: www.dlatimes.com 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക