Image

ഭൂരിപക്ഷത്തിന്റെ ആധിപത്യ മനോഭാവത്തെ പ്രോത്സാഹിപ്പിക്കരുത് -ക്ലീമിസ് ബാവ

Published on 21 October, 2016
ഭൂരിപക്ഷത്തിന്റെ ആധിപത്യ മനോഭാവത്തെ  പ്രോത്സാഹിപ്പിക്കരുത് -ക്ലീമിസ് ബാവ
ന്യൂഡല്‍ഹി: ഭൂരിപക്ഷത്തിന്റെ ആധിപത്യ മനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് സീറോ മലങ്കര സഭ ആര്‍ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. സന്ധിയോ സമരസപെടലോ ഇല്ലാതെ എല്ലാവര്‍ക്കും രാജ്യത്ത് കഴിയാനുള്ള സാഹചര്യം ഉണ്ടെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ സര്‍ക്കാറിന് സാധിക്കണം. ചില സംഭവ വികാസങ്ങള്‍ക്ക് ശേഷം മത, രാഷ്ട്രീയ വിഭാഗങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തിന് തകര്‍ച്ച സംഭവിച്ചിട്ടുണ്ടെന്നും ക്ലീമിസ് ബാവ ചൂണ്ടിക്കാട്ടി.

ഏക സിവില്‍ കോഡ് രൂപീകരണത്തിന് മുന്നോടിയായി പുറത്തിറക്കിയ ചോദ്യാവലി ബഹിഷ്‌കരിക്കാന്‍ ആള്‍ ഇന്ത്യ മുസ് ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ന്യൂസ് 18 വെബ്‌സൈറ്റിനോടാണ് കത്തോലിക്ക സഭയിലെ പ്രമുഖ വിഭാഗത്തിന്റെ അധ്യക്ഷന്റെ പ്രതികരണം.

ഏക സിവില്‍ കോഡ് വിഷയം ഉയര്‍ത്തി കൊണ്ടുവരാനുള്ള സമയമല്ലിതെന്ന് മാര്‍ ക്ലീമിസ് പറഞ്ഞു. ദാരിദ്ര്യ നിര്‍മാര്‍ജനം, ഗ്രാമനഗര വികസനം, പാവങ്ങളുടെ വിദ്യാഭ്യാസം, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നതി തുടങ്ങിയ വിഷയങ്ങള്‍ക്കാണ് നിലവില്‍ പ്രാധാന്യം നല്‍കേണ്ടത്. ഏക സിവില്‍ കോഡിനെ കുറിച്ച് കാലങ്ങളായി സംവാദങ്ങള്‍ നടന്നു വരികയാണ്. എന്നാല്‍, ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലിതെന്നും കാതോലിക്കാ ബാവ വ്യക്തമാക്കി.

രാജ്യം സൂപ്പര്‍ പവറാകാന്‍ വേണ്ടി വികസന പദ്ധതികള്‍ ഉള്‍പ്പെടുന്ന യൂനിഫോം സിവില്‍ പ്രോഗ്രാമുകള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കേണ്ടത്. ഏക സിവില്‍ കോഡിനെകുറിച്ച് തുറന്ന ചര്‍ച്ചക്ക് ക്രൈസ്തവ സമുദായം തയാറാണ്. എന്നാല്‍, ഭരണഘടന ബലികഴിച്ചു കൊണ്ടുള്ള ഒരു മാറ്റത്തിനും തങ്ങള്‍ തയാറല്ല. ഇന്ത്യന്‍ ഭരണഘടന പൂര്‍ണമായി പിന്‍പറ്റുമെന്നും മാര്‍ ക്ലീമിസ് അഭിമുഖത്തില്‍ പറഞ്ഞു. (Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക