Image

കത്തുകളിലൂടെ....(മീട്ടു റഹ് മത്ത് കലാം)

മീട്ടു റഹ് മത്ത് കലാം Published on 21 October, 2016
കത്തുകളിലൂടെ....(മീട്ടു റഹ് മത്ത് കലാം)
'അക്ഷരം' എന്ന വാക്കിനര്‍ത്ഥം ഒരിക്കലും നശിക്കാത്തത് എന്നാണ്. വടിവൊത്ത ആയിരം അക്ഷരങ്ങള്‍ ചേര്‍ത്ത് ഒരാള്‍ തന്റെ മനസ്സിലെ ആഹ്ലാദവും വ്യസനവും പ്രണയവും പരിഭവവും തന്നില്‍ നിന്നകലെയുള്ള ആളുമായി കൈമാറാന്‍ കണ്ടെത്തിയ ഉപാധിയാണ് 'കത്തെഴുത്ത്.' സന്ദേശവാഹകരായി ചിറകടിച്ചു പറന്നുയര്‍ന്ന വെള്ളരിപ്രാവുകളുടെയും, അഞ്ചലോട്ടക്കാരന്റെയും കാലം വിസ്മൃതിയിലായി. പോസ്റ്റ്മാന്റെ സൈക്കിള്‍ ബെല്ലിനുള്ള കാത്തിരിപ്പ് സമയപരിമിതിയില്‍ മൊബൈല്‍ മെസേജിന്റെ ബീപ്പ് ശബ്ദത്തിലേയ്ക്ക് ചുരുങ്ങി.

500 ബി.സി.യില്‍  പേര്‍ഷ്യന്‍ രാജ്ഞി അയച്ച കത്താണ് ഏറ്റവും പഴക്കമുള്ളതായി കരുതപ്പെടുന്നത്. ഇതിഹാസങ്ങളില്‍ താളിയോലയില്‍ നാരായം കൊണ്ടെഴുതിയെങ്കില്‍ പിന്നീട് പേപ്പറിന്റെയും പേനയുടെയും കാലം വന്നു. കീപാഡില്‍ വിരലനക്കം ഗ്രഹിച്ച് നൂതന വിദ്യ പ്രദാനം ചെയ്യുന്നതും എഴുത്തിന്റെ പരിഷ്‌കൃത രൂപമായി കണ്ടാല്‍ മതി.

കത്തുകള്‍ മനുഷ്യരെ പലതരത്തില്‍ സ്വാധീനിക്കും. അച്ഛന്റെ വാത്സല്യം, അമ്മയുടെ കരുതല്‍, നേതാവിന്റെ ഉള്‍ക്കാഴ്ച, ഗുരുവിന്റെ ദാര്‍ശനികത, അങ്ങനെ ഏതു വികാരവും കത്തുകളിലൂടെ കൈമാറാം. എബ്രഹാം ലിങ്കണ്‍ തന്റെ മകനെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ ടീച്ചര്‍ക്ക് അയച്ച കത്ത് ഇന്നും വായിക്കപ്പെടുന്നുണ്ട്. കളഞ്ഞു കിട്ടുന്ന ഡോളറിനേക്കാള്‍ വില അധ്വാനിച്ച് നേടുന്ന നാണയത്തുട്ടിനാണെന്ന് മകനെ പഠിപ്പിക്കണമെന്നത് ഉള്‍പ്പെടെ ഏത് കാലഘട്ടത്തിലും ഉത്തമപൗരനായി വളരാന്‍ ഉതകുന്ന ഉപദേശങ്ങളാണ് ആ കത്തില്‍. ജവഹര്‍ലാല്‍ നെഹ്‌റു ജയിലില്‍ നിന്ന് മകള്‍ ഇന്ദിരയ്ക്ക് കുട്ടിക്കാലത്ത് അയച്ച കത്തുകളാണ് ഇന്ത്യയ്ക്ക് വേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയും ജീവിക്കാന്‍ പ്രേരിപ്പിച്ചതെന്ന്, പ്രധാനമന്ത്രിയായ ശേഷം അവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

കവിതകളിലൂടെ ലോകത്തിന്റെ ഹൃദയം കീഴടക്കിയ ഖലീല്‍ ജിബ്രാന്റെ എഴുത്തുകളിലെ കാല്പനിക സൗന്ദര്യം സ്വകാര്യ സ്വത്താക്കി ഒതുക്കാനുള്ളതല്ല എന്ന ബന്ധുക്കളുടെയും സ്‌നേഹിതരുടെയും തീരുമാനം, നമുക്ക് സമ്മാനിച്ചത് അദ്ദേഹത്തിന്റെ കൃതികളോളം മികച്ച സാഹിത്യസൃഷ്ടി തന്നെയാണ്. കെയ്‌റോയിലെ പ്രശസ്ത എഴുത്തുകാരിയായ മെയ് സിയാദേയെ തന്റെ ഏറ്റവും ഉല്‍കൃഷ്ട തലത്തിലുള്ള കത്തെഴുത്തുകാരിയായി കവി കണ്ടിരുന്നു. നീണ്ട പത്തൊന്‍പതു വര്‍ഷങ്ങള്‍ പരസ്പരം കാണാതെ ശബ്ദം കേള്‍ക്കാതെ, സ്പര്‍ശിക്കാതെ ആത്മരഹസ്യങ്ങള്‍ കൈമാറിയ സുദൃഢസൗഹൃദമായിരുന്നു അത്.

അടുത്തിടെ കണ്ട പത്രവാര്‍ത്ത ഇതിനോട് ചേര്‍ത്ത് വായിക്കാം. തൂലികാമിത്രത്തെ ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ട് അമേരിക്കയിലുള്ള ആലീസ് പവേഴ്‌സ് എന്ന പന്ത്രണ്ടുകാരിയ്ക്ക് അതേ പ്രായമുള്ള നോന അവേരി ആയിരം മൈലുകള്‍ അകലെയിരുന്ന് ആദ്യമായി കത്തയച്ചത് 1942 ലാണ്. മാസത്തില്‍ രണ്ട് കത്തുകള്‍ എന്ന കണക്കില്‍ ആ സൗഹൃദം തുടര്‍ന്നു. സമാനമായ അഭിരുചികളുള്ള അവര്‍, നാല്പത്തിയഞ്ചാം വയസ്സില്‍ കണ്ടുമുട്ടിയപ്പോള്‍ കണ്ണുകളുടെ ചലനങ്ങളുടെ അര്‍ത്ഥം പോലും മനസ്സിലാകുന്ന തരത്തില്‍ തമ്മിലുള്ള ബന്ധം വളര്‍ന്നിരുന്നു. ഇപ്പോള്‍ മുതുമുത്തശ്ശിമാരായ ശേഷവും കത്ത് കൈമാറ്റം എന്ന ശീലം തുടര്‍ന്നുപോകുന്ന അവര്‍ ആത്മബന്ധത്തിന്റെ അനിര്‍വചനീയമായ മുഖമാണ് കാണിച്ചുതരുന്നത്.

സമൂഹമാധ്യമങ്ങളോട് ചതിക്കുഴികള്‍ ഇന്ന് സൃഷ്ടിച്ചിരിക്കുന്ന അവബോധം പുതിയ തലമുറയ്ക്ക് ഇത്തരത്തിലെ സൗഹൃദങ്ങള്‍ക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയാണ് ചെയ്തത്. പരിചയമുള്ളവരോട് പോലും അകലം പാലിക്കേണ്ട സ്ഥിതി ഉള്ളതുകൊണ്ട് തൂലികാമിത്രം എന്നത് പ്രാവര്‍ത്തികമാവുക ക്ലേശകരമാണ്. എന്നിരുന്നാലും കാറ്റിനൊപ്പം വിത്തെന്നപോലെ ആകസ്മികമായി തേടിയെത്തുന്ന അത്തരം ബന്ധത്തിന്റെ സുഖം അനുഭവിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ബിലാത്തി മലയാളി'യില്‍ ലേഖനങ്ങള്‍ക്കൊപ്പം എഴുത്തുകാരുടെ മെയില്‍ ഐഡി കൂടി വെച്ചിരുന്നു. ലേഖനത്തെ വിമര്‍ശിച്ച് വന്ന ഇ-മെയില്‍ സന്ദേശം എനിക്ക് സമ്മാനിച്ചത് അത്തരത്തിലൊരു ആത്മബന്ധമാണ്. ഒരിക്കല്‍ പോലും നേരില്‍ കാണാത്ത കൃഷ്ണന്‍കുട്ടി അങ്കിളിന് എന്നോട് മകളോടെന്ന പോലൊരു വാത്സല്യം ഉടലെടുത്തത് ഞങ്ങള്‍ കൈമാറിയ കത്തുകളിലൂടെയാണ്. അടുപ്പമുള്ളവര്‍ ചൂണ്ടിക്കാണിക്കാന്‍ മടിക്കുന്ന എഴുത്തിന്റെ പോരായ്മകള്‍ തിരിച്ചറിയാനും പ്രചോദനമാകാനും, ഇ-മെയിലുകളിലൂടെ മാത്രം പരിചിതരായ ചിലര്‍ ഉണ്ടെന്നത് ജീവിതത്തിലെ ഒരു മഹാഭാഗ്യമാണ് ഞാന്‍ കാണുന്നത്.

പേനകൊണ്ടായാലും ടൈപ്പ് ചെയ്തതായാലും ഒരാള്‍ നമുക്കൊരു കത്തെഴുതുമ്പോള്‍ അയാളുടെ മനസ്സും സമയവും അവിടെ നമുക്കായി മാറ്റിവെയ്ക്കുകയാണ്. ഹൃദയവും തലച്ചോറും ഒരുപോലെ പ്രവര്‍ത്തിച്ചുകൊണ്ട് ആലോചിച്ചുറപ്പിച്ച വാക്കുകളായിരിക്കും കത്തുകളില്‍ കുറിയ്ക്കുക. സംസാരിക്കുമ്പോള്‍ ചിന്ത കൂടാതെ പറഞ്ഞുപോകുന്ന പല തെറ്റുകളും കത്തുകളിലാകുമ്പോള്‍ ആവര്‍ത്തിച്ച് ചിന്തിച്ചും തിരുത്തിയും എഴുതാം. അതുകൊണ്ടുതന്നെ വെറുതെ ഒരു വാക്കിന്റെ പേരില്‍ ഉടയുന്ന ബന്ധം കത്തുകളിലൂടെ ഉണ്ടാകില്ല. 'വീഡിയോ ചാറ്റിങ്' സാധ്യമാകുമ്പോഴും മാസത്തില്‍ ഒരു കത്തെങ്കിലും എഴുതി അതയയ്ക്കുമ്പോഴും മറുപടിയ്ക്കായി കാത്തിരിക്കുമ്പോഴുമുള്ള സുഖം അനുഭവിച്ചറിഞ്ഞാല്‍ അത് നമ്മള്‍ ജീവിതത്തിന്റെ ശീലമാക്കുക തന്നെ ചെയ്യും. കത്തെഴുത്ത് എന്ന സംസ്‌കാരത്തെ മുറുകെ പിടിക്കുന്നത് ബന്ധങ്ങളെ ദൃഢമാക്കുകയേ ഉള്ളൂ എന്ന പാഠം കൈമാറണം എന്നത് നാളെയുടെ ആവശ്യമാണ്.


കത്തുകളിലൂടെ....(മീട്ടു റഹ് മത്ത് കലാം)
Join WhatsApp News
MOHAN MAVUNKAL 2016-10-21 09:31:58
I cannot believe this. Not just great amazing!!!!!Where do you get all  these knowledge in this young
age!!!   I have been here more than 30 years. I am so sad that I almost Malayalam.   Amazing, keep it up!!!!!!!!
വിദ്യാധരൻ 2016-10-21 09:27:51
കത്തയച്ചു പണ്ട് ഞാൻ പ്രണയിനിക്ക്
എത്തിയത് അവളുടെ അച്ഛന്റെ കയ്യിൽ
കത്തി പടർന്നു വിപ്ലവം ആ വീട്ടിൽ
എത്തി ഒടുവിലതെന്റെ വീട്ടിലും
ഒത്തിരി തല്ലിയെന്റച്ഛൻ എന്നെ
കത്തു കൊടുക്കുന്നോ വൃത്തികെട്ടോനെ നീ
കത്തയക്കുന്നോർ സൂക്ഷിക്കണം
കത്തിക്കുത്തിൽ അവസാനിക്കാതത് 
കത്തുണ്ട് പലവിധം ഓർക്കുക
കുത്തുവാക്കുകൾ
കുത്തി നിറച്ചതാം കത്തുകൾ
കത്തുന്ന തീയിൽ എണ്ണ ഒഴിക്കുന്ന കത്തുകൾ
വൃത്തികെട്ട ഊമകത്തുകൾ
എത്തിക്കണം പണം ഉടനെയല്ലെങ്കിൽ
കത്തുംവയറുകൾ  എന്ന് മൊഴിയും കത്തുകൾ 
കത്തിപ്പടരുന്ന യുദ്ധത്തിൽ പോലും
കത്തിലൂടെ ബന്ധംപുലർത്തുന്ന ഭടന്മാർ
കത്തും നോക്കി കണ്ണിൽ എണ്ണയൊഴിച്ച്‍
എത്തിനോക്കുന്നു പോസ്റ്റുമാൻ എത്തിയോയെന്നു 
ചിത്തത്തിൽ ആശങ്ക പൂണ്ടുറ്റവർ
ഒത്തിരിയുണ്ട് പഴങ്കഥകൾ പറയുവാൻ
കത്തിനി തിരികെ വരുമോ എന്തോ?
അത്രക്ക് മാറി മറിഞ്ഞഹോ കാലം
എത്തുമോ ഇനി എന്നെങ്കിലും പ-
ണ്ടത്തെപ്പോലെ സ്നേഹവിദ്വേഷങ്ങളിൽ
കുത്തിക്കുറിച്ചതാം കത്തുകൾ?

ജ്ഞാനവർദ്ധനൻ 2016-10-21 11:15:24
പടം കണ്ടു പ്രായം നിർണ്ണയിക്കല്ലേ മാവുങ്കലെ.  സ്വർണ്ണമാനിന്റെ പിറകെ പോയ സീതയുടെ ഗതി അറിയാമല്ലോ? അറിവടക്കം എല്ലാം മായയാണ് മാവുങ്കലെ 'മലയിളകിലും മഹ ജനനാം മനം ഇളകാ'
യഥാർത്ഥ അറിവ് തേടുക.

vayanakaaran 2016-10-21 13:35:52
ഓരോ പ്രോഡക്ടും വിറ്റഴിയാൻ സുന്ദരിമാരുടെ
പടം ഉപയോഗിക്കുന്നത് സ്ത്രീകളെ ഉപഭോഗ വസ്തുവായി കരുതുകയാണെന്നു വാദിക്കുന്നവർ ശ്രധ്ധിക്കുക. ചുണയുള്ള ആൺകുട്ടികൾ ഇ മലയാളിയുടെ താളുകളിൽ എന്തൊക്കെ
പുതുമകൾ എഴുതി ഒരു മനുഷ്യനും തിരിഞ്ഞ നോക്കിയില്ല
ഇപ്പോൾ ഇതാ മാവുങ്കാലിരുന്നു ഒരു മനുഷ്യൻ ഒരു വനിതാ
എഴുത്തുകാരിയെ പുകഴ്ത്തുന്നു. ജോസ് ചെരിപുരം
താങ്കളുടെ മുക്രയിടുന്ന മുറികൾ ഉടനെ പുനഃ പ്രസിദധീകരിക്കുക.
വായനക്കാരൻ 2016-10-21 14:03:22
മുപ്പത് വർഷങ്ങ്ൾ പോയതറിഞ്ഞില്ലപോൽ 
മുക്കാലും മലയാളം മറന്നു  പോയ്‌പോലും 
മുക്കറ ഇടുവാൻ മാത്രം മറന്നില്ല അല്ലെ? 
ഇക്കുറി നിന്നെ ശരിയാക്കും ഞങ്ങൾ
ത്തക്കത്തിനൊത്തു കക്കാൻ തുടങ്ങുന്നോ 
പൊക്കണ്ട   വാല് നീ,  വെട്ടി മുറിച്ചിടും 
മുക്കറ ഇട്ടു നീ വീട്ടിലിരുന്നോളു.
KRISHNA 2016-10-21 20:44:17
നല്ല  ലേഖനം. അഭിനന്ദനങ്ങള്‍. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക