Image

കേരളത്തിന്റെ അറുപതാം ജന്മദിന വാര്‍ഷികാഘോഷങ്ങള്‍ വാഷിംഗ്ടണില്‍

ജോയിച്ചന്‍ പുതുക്കുളം Published on 21 October, 2016
കേരളത്തിന്റെ അറുപതാം ജന്മദിന വാര്‍ഷികാഘോഷങ്ങള്‍ വാഷിംഗ്ടണില്‍
വാഷിംഗ്ടണ്‍: "ഭാരതമെന്നു കോട്ടാല്‍ അഭിമാനപൂതമാവണം അന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളില്‍...' വര്‍ഷങ്ങള്‍ക്കുമുമ്പ് മലയാളിയുടെ മഹാകവിയായിരുന്ന വള്ളത്തോള്‍ കുറിച്ച രണ്ടു വരികള്‍! അനശ്വരമായി ഇന്നും നിലനില്‍ക്കുന്ന ഈ വരികള്‍ക്ക്, കലാപ കലുഷിതമായ ഭാരതത്തില്‍, പ്രത്യേകിച്ച് കേരളത്തില്‍ ഇന്നും പ്രസക്തിയേറെ. സാംഗത്യവും പ്രധാന്യവും അനുദിനം വര്‍ധിക്കുന്ന ഒരു സുന്ദര ഈരടി.

മലയാള നാട്ടില്‍ നിന്നും നമ്മുടെ കണ്ണുകളിലും കാതുകളിലും ഇന്നെത്തുന്ന വര്‍ത്തകള്‍ മലയാളിയുടെ വികലവും വികടവുമായ ഒരു സംസ്കാരത്തിന്റെ തിരുവെഴുത്തായി മാറുന്നു. വിദ്യാഭ്യാസ-സംസ്കാരികതലങ്ങളില്‍ ഔന്നത്യം കയ്യാങ്കളിയെന്ന് അവകാശപ്പെടുമ്പോഴും ലോക ജനതയ്ക്കുമുന്നില്‍ ജാള്യരായി നാം തലകുനിക്കുന്നു.

മലയാണ്മയുടെ മഹത്വവും പേറി മലയാളക്കരയില്‍ നിവസിക്കുന്ന തനി നാടന്‍ മലയാളിയേക്കാള്‍ പിറന്ന മണ്ണിനോടുള്ള സ്‌നേഹസ്മരണകളില്‍ കുളിരണിയുന്നത് പ്രവാസി മലയാളിക്കു തന്നെ. അണ്ടിലും സംക്രാന്തിയ്ക്കും അംഗുലീപരിമിതമായ ദിനങ്ങളിലേക്ക് ഓടിയണയുന്ന പ്രവാസിക്ക് അതൊരു തീര്‍ത്ഥയാത്ര! പോറ്റമ്മ ചമഞ്ഞാല്‍ പെറ്റമ്മയാവില്ല എന്ന നഗ്ന സത്യത്തിനു മുന്നില്‍ നമോവാകം.

ഗൃഹാതുരത്വത്തിന്റെ നൊമ്പരങ്ങളും പ്രവാസിയുടെ ദുഖങ്ങളും പേറുന്ന മേരിലാന്റ്, വാഷിംഗ്ടണ്‍ ഡി.സി, വിര്‍ജീനിയ മലയാളികള്‍ കേരളോത്സവം സംഘടിപ്പിക്കുന്നു. മലയാള നാടിന്റെ അറുപതാം പിറന്നാള്‍ ഒരു അനുഭവമാക്കി മാറ്റുവാന്‍ ഒരാണ്ടു നീളുന്ന ഒരു കലാ-സാംസ്കാരികോത്സവം. വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനങ്ങള്‍, ചിന്താസരണിയില്‍ ഊര്‍ജമേകുന്ന അനേകം സമ്മേളനങ്ങള്‍, കേരളത്തില്‍ നിന്നുള്ള കലാ-സാംസ്കാരിക-സാഹിത്യ- രാഷ്ട്രീയ പ്രതിഭകളുടെ സാന്നിധ്യം എന്നിവകൊണ്ട് അന്വര്‍ത്ഥമാകുന്ന ഒരു വര്‍ഷം.

ഒക്‌ടോബര്‍ 30-ന് മേരിലാന്റിലെ ലോറല്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണ് കേരളോത്സവത്തിന് തിരിതെളിയുന്നത്. ഉദ്ഘാടനം കൃത്യം 3 മണിക്ക് ആരംഭിക്കും. 4 മണിക്ക് സ്‌കൈലനന്‍, സ്‌കൈപാസ് അണിയിച്ചൊരുക്കുന്ന "ടു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍' എന്ന വമ്പന്‍ കലാപരിപാടി അരങ്ങേറും. അനുഗ്രഹീത ഗായകന്‍ എം.ജി. ശ്രീകുമാര്‍, പ്രശസ്ത നര്‍ത്തകിയും അഭിനേത്രിയും ഗായികയുമായ രമ്യാനമ്പീശന്‍, ഹാസ്യത്തിന് പുത്തന്‍ ആവിഷ്കാരമേകുന്ന രമേഷ് പിഷാരടി എന്നിവര്‍ക്കൊപ്പം മറ്റ് അനേകം കലാകാരന്മാരും അവരുടെ പ്രതിഭ തെളിയിക്കും. ഈ മഹത്തായ സംരംഭത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വമായ സ്വാഗതം. കൈരളി ഓഫ് ബാള്‍ട്ടിമോര്‍, കെ.എ.ജി.ഡബ്ല്യു, കെ.സി.എസ് എന്നീ സംഘടനകള്‍ സംയുക്തമായി നടത്തുന്ന ഈ പരിപാടികള്‍ പൂര്‍ണ്ണ വിജയമാകുമെന്നതില്‍ സംഘാടര്‍ക്ക് സന്ദേഹമില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: കൈരളിഓഫ് ബാള്‍ട്ടിമോര്‍ ഡോട്ട്‌കോം, കെഎജിഡബ്ല്യു ഡോട്ട്‌കോം, കെസിഎസ് ഡോട്ട്‌കോം, കെഎജിഡബ്ല്യുടിക്കറ്റ്‌സ് ഡോട്ട്‌കോം. മോഹന്‍ മാവുങ്കല്‍ അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക