Image

ദൃശ്യത്തിന്റെ റെക്കോര്‍ഡ് പഴങ്കഥയാകുമോ? പുലിമുരുകന്‍ രണ്ടാഴ്ചയില്‍ നേടിയത്

Published on 21 October, 2016
ദൃശ്യത്തിന്റെ റെക്കോര്‍ഡ് പഴങ്കഥയാകുമോ? പുലിമുരുകന്‍ രണ്ടാഴ്ചയില്‍ നേടിയത്


മലയാളസിനിമയില്‍ നിലനിന്നിരുന്ന ഇനിഷ്യല്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്താണ് പുലിമുരുകന്‍ തീയേറ്ററുകളില്‍ പ്രദര്‍ശനമാരംഭിച്ചത്. ആദ്യ മൂന്ന് ദിവസങ്ങളിലും ചിത്രം 4 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു. ആദ്യദിവസം 4.06 കോടി, രണ്ടാം ദിനം 4.03 കോടി, മൂന്നാം ദിനം 4.83 കോടി എന്നിങ്ങനെ. അതായത് മൂന്ന് ദിവസം കൊണ്ട് മാത്രം 12.91 കോടി രൂപ. ആദ്യ മൂന്ന് ദിവസത്തെ കളക്ഷനിലൂടെ മാത്രം അതിവേഗം 10 കോടി പിന്നിടുന്ന മലയാളചിത്രം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു ‘പുലിമുരുകന്‍’. പിന്നീടുള്ള ദിവസങ്ങളിലും മൗത്ത്പബ്ലിസിറ്റി വഴി തീയേറ്ററുകളിലെ തിരക്ക് നിലനിര്‍ത്താനായി ‘മുരുകന്’.

ഏറ്റവും വേഗത്തില്‍ 25 കോടി പിന്നിടുന്ന മലയാളചിത്രം എന്ന റെക്കോര്‍ഡായിരുന്നു അടുത്തത്. ഒരാഴ്ചകൊണ്ടാണ് ചിത്രം 25 കോടി പിന്നിട്ടത്. കേരളത്തിനകത്തും പുറത്തുമുള്ള 325 റിലീസ് കേന്ദ്രങ്ങളില്‍ നിന്നായി ഏഴ് ദിവസം കൊണ്ട് 25.43 കോടിയാണ് നേടിയത്.

മലയാള സിനിമ ചരിത്രത്തില്‍ ഇതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ക്കുകയാണ് മോഹന്‍ലാല്‍വൈശാഖ് കൂട്ടുകെട്ടില്‍ എത്തിയ പുലിമുരുകന്‍. രണ്ട് ആഴ്ചയിലെ കളക്ഷന്‍ നോക്കുമ്പോള്‍ 60 കോടിക്ക് മുകളിലാണ് പുലിമുരുകന്റെ കളക്ഷന്‍. മലയാളസിനിമയിലെ എക്കാലത്തെയും കളക്ഷന്‍ റെക്കാേര്‍ഡിനുടമയായ ദൃശ്യത്തിന് അരികില്‍ എത്തിയിരിക്കുകയാണ് പുലിമുരുകന്‍. കഴിഞ്ഞ ഏഴിനാണ് പുലിമുരുകന്‍ തിയേറ്ററുകളിലെത്തിയത്. 7 മുതല്‍ 20 വരെയുള്ള 14 ദിവസം കൊണ്ട് മാത്രം പുലിമുരുകന്‍ നേടിയത് 60 കോടിക്ക് മുകളിലാമെന്നാണ് വിവരം. അനൗദ്യോഗിക കണക്കാണിത്.  ദൃശ്യത്തിന്റെ ആജീവനാന്ത തീയേറ്റര്‍ കളക്ഷന്‍ 68.15 കോടി ആണ്.

പുലിമുരുകന്‍ തിയേറ്ററുകളിലെത്തി രണ്ടാഴ്ച പിന്നിടുമ്പോഴും പലയിടങ്ങളിലും ഹൗസ്ഫുള്‍ ആണ്. വമ്പന്‍ ഹൈപ്പിലെത്തിയ ചിത്രം അത്രത്തോളം തന്നെ പ്രേക്ഷകരെ ത്രസിപ്പിച്ചു എന്നതാണ് പുലിമുരുകന്റെ പ്രത്യേകത. ചിത്രത്തിന്റെ യുഎസ്, യൂറോപ്പ് റിലീസ് അടുത്തയാഴ്ചയാണ്. നവംബര്‍ 3ന് ഗള്‍ഫിലുമെത്തും ചിത്രം. യൂറോപ്പില്‍ ഒരു മലയാളചിത്രത്തിന് ലഭിക്കുന്ന ഏറ്റവുമധികം സ്‌ക്രീനുകളും പുലിമുരുകന്‍ സ്വന്തമാക്കി. യൂറോപ്പില്‍ മാത്രം 150 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഈ സ്‌ക്രീനുകളിലെയെല്ലാം ആദ്യ പ്രദര്‍ശനങ്ങളുടെ ബുക്കിംഗ് ഇതിനകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്.

വിദേശ റിലീസുകള്‍ കൂടി പരിഗണിക്കുമ്പോള്‍ ആദ്യമായി 100 കോടി കളക്ഷന്‍ നേടുന്ന മലയാളചിത്രമാവാനുള്ള വലിയ സാധ്യതയാണ് പുലിമുരുകന് മുന്നിലുള്ളത്. തമിഴ്, തെലുങ്ക് മൊഴിമാറ്റ പതിപ്പുകളും വൈകാതെ തീയേറ്ററുകളിലെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക