Image

ആരും (ആര്‍ക്കും) ലൈക്കടിക്കാത്ത ആ എ അയ്‌യപ്പന്‍ (കവിത: റെജീസ് നെടുങ്ങാടപ്പള്ളി)

Published on 21 October, 2016
ആരും (ആര്‍ക്കും) ലൈക്കടിക്കാത്ത ആ എ അയ്‌യപ്പന്‍ (കവിത: റെജീസ് നെടുങ്ങാടപ്പള്ളി)
(ഭൂമി സന്ദര്‍ശനം കഴിഞ്ഞ് തിരികെപ്പോയ അയ്യപ്പന്)

നീ പോ എ അയ്‌യപ്പാ;
അങ്ങനെ
അവസാനം നീയും ചാനലിന് കീഴടങ്ങി!
നീ പൊയ്‌ക്കോ എ അയ്യപ്പാ,
പച്ചയും പക്ഷിയും പൂവും
ആട്ടിന്‍കുട്ടിയും, എല്ലാം ഞങ്ങളെടുത്ത്,
പെട്ടി ചുമന്ന്, ഹൃദയത്തിലെ ദലവും ഇറുത്ത്
മുഖം മൂടാം, ഒസ്യത്തിലെ പോലെ.

നാല്‍പ്പതിനായിരമടി ഉയര്‍ന്ന്
1000 മൈല്‍ ആയത്തില്‍
മലയാളി എമിറേറ്റ്‌സ് ഹോസ്റ്റസ് നിന്റെ
മരണബോധത്തെ, നിന്റെ ഒടുക്കത്തെ-
ലഹരിബോധത്തെ,
ക്യാന്‍സറീക ഭാവത്തെ
മുറിഞ്ഞ വിദേശ ലിപിയില്‍ വാഴ്ത്തുമ്പോള്‍,
"അടിത്തട്ടില്ലാത്ത, അഗാധ ഗര്‍ത്തത്തിന്റെ
അവ്യവസ്ഥയാണ്' നീയെന്നവളോട് ഞാന്‍.

എന്റെ മുടിഞ്ഞ അയ്‌യപ്പാ, നീ
എന്റെ മിത്രകീടം;
നീ തന്നെ
നിന്റെ കുലംതോണ്ടി,
തായ്‌വേരറുത്ത്, വിത്തൊന്നും
ശേഷിപ്പിക്കാതെ.....

എന്റെ ഗുണംപിടിക്കാത്ത അയ്‌യപ്പാ,
നശിച്ച ജന്മമേ,
ദൈവത്തിന്റെ സ്വന്തം സാത്താനേ,
കഴുവേറീ, നിനക്ക് മരിക്കാന്‍ കണ്ടനേരം;
ഇനി, കവിതയ്ക്കാര് ചൂട്ട് പിടിക്കും?
കയ്ച്ചിട്ട് തുപ്പാനും
മധുരിച്ചിട്ടിറക്കാനും വയ്യാത്ത
നിന്റെ ഡിസൈനര്‍ കവിതകളും നീയും
നാളെ ഭൂമിയുടെ രക്തവും ശരീരവും.
ഇയ്യോബിന്റെ വിലാപങ്ങള്‍ നിലയ്ക്കുന്നു.
ഞങ്ങള്‍ കവിതകളെക്കുറിച്ച് നിന്നോട് ചോദിച്ചപ്പോള്‍
കുതിരകളെക്കുറിച്ചായിരുന്നു നിന്റെ കുമ്പസാരം.
വേടന്റെ ക്രൂരത കഴിഞ്ഞെന്ന് നീ,
മാളം എരിയുന്നെന്നും, കൊട്ടാരം
കത്തിയാളുന്നെന്നും നീ ചിത്തബ് ഭ്രമിച്ചു.
ഞങ്ങളൊന്നും കണ്ടില്ല.
സാഹിത്യ റിയാലിറ്റി ബഹളങ്ങളിലൊന്നിലും
കര്‍ത്താവാകാതെ നിനക്ക് പോകേണ്ടിവന്നല്ലോ.

ചീത്തവിളി ഗാര്‍ബേജ് കൂമ്പാരത്തേക്കാള്‍
വൃത്തികെട്ടവനായിരുന്നു നീയെന്ന്,
നീ വരഞ്ഞത് നിറംകെട്ട വരികളായിരുന്നുവെന്ന്
ഞങ്ങളില്‍ യു.ജി.സി കവിയന്മാര്‍
പറഞ്ഞു ചിരിച്ചിരുന്നു.
നിന്റെ തത്സമയ വൈറല്‍ ജീവിതം, ധ്രുവ
വിപരീത നടത്തം, എല്ലാം
ഞങ്ങള്‍ക്കേറെ വെറുത്ത് കഴിഞ്ഞിരുന്നു.
"പൈന്‍ മരങ്ങളിലെ
പ്രാചീന സംഗീത'വും
"ശൂന്യദര്‍പ്പണവും' നീയാണെന്നു സാക്ഷിപറഞ്ഞ
ചന്തയിലെ സെബാസ്റ്റ്യനുപോലും
ചെടിച്ചിരുന്നു നിന്നെ. (LOL)
നീ പോ എ അയ്‌യപ്പാ.

സ്വന്തമായിട്ട് വലയുണ്ടായിരുന്നിട്ടും
മീനൊന്നും പിടിക്കാത്ത മുക്കുവന്‍ നീ-,
വൃത്തികെട്ട ഉത്പന്നത്തിന്റെ
പുറത്തു പതിക്കുന്ന ലേബലാണ് കവിതയെന്ന്
ആരാ നിന്നോട് പറഞ്ഞത്? ങേ...?

്‌നാളെ ചൊവ്വാഴ്ച
10-26-10, നാല് നാല്‍പ്പത്തിയഞ്ചിന്
കാവ്യപൂര്‍വ്വം ഞങ്ങള്‍ നിന്നെ ഡിലീറ്റ് ചെയ്യും;
കാലത്തിന് പുറത്തായിരുന്ന നിന്നെ
ലോകത്തിന്റെ പടിക്ക് പുറത്താക്കി
വാതിലടയ്ക്കും;
അതോടെ,
യാചകനില്ലാത്ത തെരുവിന്
അതിന്റെ സംസ്ഥാന ബഹുമതി നഷ്ടമാകും
ഇനി മുതല്‍ നീ
ഗൂഗിളിന്റെ ഫോസില്‍.

ബലി പൂര്‍ത്തിയാകുന്നു,
നിനക്കും, മരിച്ചവരായ നിന്റെ
സാമന്തര്‍ക്കും കാവ്യനിദ്ര.
ആചാരവെടിവട്ടത്തോടെ
ഞങ്ങളിതാ ഘോഷിക്കട്ടെ;
യഥാതഥമായി ജീവിക്കുവാന്‍
ഞങ്ങളും പഠിച്ചുകഴിഞ്ഞു.

സമാധാനബോധത്തോടെ
നീ പൊയ്‌ക്കോ എ. അയ്‌യപ്പാ,
ആരും നെഞ്ചത്തടിച്ചലമുറയിടില്ലയ്‌യപ്പാ,
പോകൂ ബുദ്ധാ,
പൂവിലൂടെ തിരികെപൊയ്‌ക്കൊള്ളൂ,
സ്വസ്തി!

കാവ്യാ മാധവന്റെ
കുവൈറ്റ് ബന്ധം പായ്ക്ക് അപ്പ് ആയത് ഇന്ന്
വാട്ട്‌സാപ്പിലുണ്ട്;
നീ കണ്ടുകാണില്ല;
ചൊവ്വാഴ്ചയൊന്ന് കഴിഞ്ഞോട്ടെ,
തൈക്കാട്ട് നിന്നും ഞാന്‍ നിനക്ക് Text ചെയ്യാം
സെല്‍ഫോണ്‍ സിമ്മും
ഇമെയില്‍ വിലാസവും
F.B-യും
ഇല്ലാതെ പോയ നിന്റെ
എന്‍ഡോസള്‍ഫാന്‍ ജീവിതം-
Poetic Unjustice !

സത്യം,
ഞാന്‍ ചുമ്മാതെ പറയുകയല്ല
അപകടത്തില്‍ ചത്ത അയ്‌യപ്പാ,
ഞങ്ങളുടെ നോട്ടം നിന്നെക്കാള്‍
ഇപ്പം കിട്ടുന്ന അഞ്ചുവോട്ടിലാണ്
തിരഞ്ഞെടുപ്പ് അടുത്തുവരുന്നു;
നോക്കിക്കോ, നിന്റെ
ഒന്നാം ചരമവാര്‍ഷികം ഞങ്ങള്‍
അടിച്ചുപൊളിച്ചറുമാദിക്കും;
പിന്നെ, കൊല്ലാക്കൊല്ലം
അയ്‌യപ്പന്‍ സ്മാരാക അവാര്‍ഡും.
അതായത് -യാചക സൗന്ദര്യത്തോടെ
വെയില്‍ മാത്രം തിന്നു ജീവിച്ച
ഒരനാഥനേയും
ഇതുപോലാരുമാഘോഷിച്ചിട്ടില്ലല്ലോ,
കൊത്തിവലിച്ചിട്ടില്ലല്ലോ.

(FB യും വാട്ട്‌സാപ്പും കേരളത്തില്‍ കേട്ടുകേഴ്‌വി പോലുമില്ലാത്ത കാലത്ത്, അയ്‌യപ്പന്റെ തിരുഭൗമശരീരം പൊതുകാഴ്ചയ്ക്ക് വെച്ചപ്പോള്‍, വി.ജെ.ടി ഹാളിന്റെ ഒരു മൂലയ്ക്കിരുന്ന് വായിച്ച അയ്യപ്പസ്തുതി).

ആരും (ആര്‍ക്കും) ലൈക്കടിക്കാത്ത ആ എ അയ്‌യപ്പന്‍ (കവിത: റെജീസ് നെടുങ്ങാടപ്പള്ളി)
Join WhatsApp News
അയ്യപ്പൻ 2016-10-21 21:18:46
കള്ളടിച്ചു മരിച്ചിട്ടും നിങ്ങൾ 
കുത്തിപ്പൊക്കുന്നെതെന്തിന് സ്നേഹിതാ 
വേണ്ട എനിക്കാരുടേം ലൈക്കും അണ് ലൈക്കും 
നിന്റെ ഈ ഇന്റർ നെറ്റും കേബിളും 
ടെക്സ്റ്റ് മെസ്സേജും ട്വീറ്ററും ഫേസ് ബുക്കും
എന്റ പരിധിക്ക് പുറത്താണ് വിട്ടേരിനി
സ്നേഹമായിരുന്നെനിക്കവളോട് 
ദാഹമോടെ ഞാൻ നോക്കി നിന്നിട്ടുണ്ട് 
ദാഹം ശമിപ്പിക്കാൻ കള്ളും കുടിച്ചു ഞാൻ   
ഒന്ന് ഉറങ്ങട്ടെ ഞാൻ ശാന്തനായി 
തൊട്ടടുത്തുള്ള ഓടയിൽ ക്ഷണനേരം 
വിട്ടേരി ഇനി നീ എന്നെ നോക്കണ്ട 
സി. (ചാകാത്ത) അയ്യപ്പന്‍ 2016-10-22 14:42:50
വന്ദനം റെജീസ്,
നെടുങ്ങാടപ്പള്ളിയില്‍ നിന്നു നന്മ വല്ലതും വരുമോ
ഓര്‍ത്തിരുന്നല്ലോ എന്നെ നീ.
ഇനിയും ചാകാഠാ സി. (ചാകാത്ത) അയ്യപ്പന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക