Image

തനിക്ക് കുടുംബക്ഷേത്രമില്ലന്ന് ഇ.പി ജയരാജന്‍

Published on 22 October, 2016
തനിക്ക് കുടുംബക്ഷേത്രമില്ലന്ന്  ഇ.പി ജയരാജന്‍

തിരുവനന്തപുരം: സൗജന്യമായി 50 കോടിയുടെ തേക്ക് തടി നല്‍കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ഇ.പി.ജയരാജന്‍.

ഇരിണാവ് ക്ഷേത്രം തന്റെ കുടുംബക്ഷേത്രമല്ല, ദേവസ്വത്തിന്റേതാണ്. എനിക്ക് കുടുംബക്ഷേത്രമില്ല. ക്ഷേത്രകമ്മിറ്റി നല്‍കിയ കത്ത് വനംമന്ത്രിക്ക് കൈമാറുക മാത്രമാണ് താന്‍ ചെയ്തതെന്നും ജയരാജന്‍ വ്യക്തമാക്കി. 

സൗജന്യമായി തേക്ക് നല്‍കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല. ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം മന്ത്രിവസതിയായ സാനഡുവില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

1200 ക്യുബിക് മീറ്റര്‍ തേക്ക് സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ട് വനം മന്ത്രി കെ. രാജുവിന് ഔദ്യോഗിക ലെറ്റര്‍ പാഡിലായിരുന്നു കത്ത്. കത്ത് ലഭിച്ചതായി വനം മന്ത്രി കെ രാജു സ്ഥിരീകരിച്ചിരുന്നു.

ഈ കത്ത് ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് വനംമന്ത്രിയുടെ ഓഫീസ് കൈമാറി. അദ്ദേഹം ഇക്കാര്യം പരിശോധിച്ചശേഷം കോടിക്കണക്കിന് വില വരുന്ന തേക്ക് ക്ഷേത്രത്തിന് സൗജന്യമായി നല്‍കാന്‍ നിയമപരമായി സാധിക്കില്ലെന്ന് വനംവകുപ്പിനെ അറിയിച്ചു. 

 വനംമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ഇ.പി.ജയരാജന്റെ ഓഫിസിനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.

ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് വ്യവസായ മന്ത്രിസ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് ഇ.പി.ജയരാജനെതിരെ വീണ്ടും ആരോപണമുയര്‍ന്നത്.

അതേസമയം, ഇ.പി.ജയരാജന്‍ തേക്ക് തടി ആവശ്യപ്പെട്ട ക്ഷേത്രം ജയരാജന്റെ കുടുംബക്ഷേത്രമല്ലെന്ന് ഇരിണാവ് ചുഴലി ഭഗവതി ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. 

 മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ളതാണു ക്ഷേത്രം. ഇ.പി ജയരാജന്റെ തറവാട് വീടിനോടു ചേര്‍ന്നാണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക