Image

സിഡ്‌നി ബഥേല്‍ മാര്‍ത്തോമ ഇടവക സില്‍വര്‍ ജൂബിലി നിറവില്‍

Published on 24 October, 2016
സിഡ്‌നി ബഥേല്‍ മാര്‍ത്തോമ ഇടവക സില്‍വര്‍ ജൂബിലി നിറവില്‍


സിഡ്‌നി: സിഡ്‌നി ബഥേല്‍ മാര്‍ത്തോമ ഇടവക അജപാലന ശുശ്രൂഷയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു. 1991ല്‍ സിഡ്‌നി നഗരത്തില്‍ എസ്‌കന്‍ വില്ലയിലുള്ള ഹോളിട്രിനിറ്റി ആംഗ്ലിക്കന്‍ ദേവാലയുമായുള്ള സഹകരണത്തില്‍ ഒരു ചെറിയ കോണ്‍ഗ്രികേഷനായി ആരംഭിച്ച സഭ 1998ല്‍ ഒരു പൂര്‍ണ ഇടവകയായി ഉയര്‍ത്തപ്പെട്ടു. അംഗസംഖ്യ ക്രമാതികമായി ഉയര്‍ന്നതോടെ കൂടുതല്‍ സൗകര്യമുള്ള ഹാരീസ് പാര്‍ക്ക് സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ ദേവാലയത്തിലേക്ക് ഇടവക മാറുകയും ചെയ്തു.

നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഓസ്‌ട്രേലിയയില്‍ അംഗത്വം ലഭിച്ച ഇന്ത്യന്‍ സഭയായ സിഡ്‌നി ബഥേല്‍ മാര്‍ത്തോമ ഇടവക എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ന്യൂസൗത്ത് വെയില്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇന്ത്യയുടെ വിവിധഭാഗങ്ങള്‍, യൂറോപ്പ്, യുകെ, നോര്‍ത്ത് അമേരിക്ക, കാനഡ, ആഫ്രിക്ക, ഏഷ്യ–പസഫിക്ക് പ്രദേശങ്ങളില്‍ നിന്നുള്ള കടിയേറ്റ് വര്‍ധനവിന്റെ ഫലമായി ഇന്ന് ഇടവകയില്‍ 260 കുടുംബങ്ങളും ആയിരത്തിലധികം അംഗങ്ങളും ഉണ്ട്. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ വരെ ഉള്‍പ്പെട്ട വിവിധ കര്‍മ പരിപാടികള്‍ക്ക് കാലാകാലങ്ങളായി പ്രവര്‍ത്തിക്കുന്ന പട്ടക്കാരും മേല്പട്ടക്കാരും നേതൃത്വം നല്‍കിവരുന്നു. ഇടവകയുടെ വളര്‍ച്ചയില്‍ വിവിധ സംഘടനകളായ യുവജന സഖ്യം, സേവികാസംഘം, സണ്‍ഡേസ്‌കൂള്‍, ഇടവകമിഷന്‍, യംഗ് കപ്പിള്‍സ് ഫെലോഷിപ്പ്, സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പ്, ഗായകസംഘം, ബൈബിള്‍ സ്റ്റഡി ഗ്രുപ്പുകള്‍, സിഡ്‌നിയുടെ വിവിധ ഭാഗങ്ങളിലായുള്ള ഏരിയ പ്രയര്‍ ഗ്രൂപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനം പ്രധാന പങ്കുവഹിക്കുന്നു.

മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ ‘പ്രകാശനായ പ്രകാശിതം’ എന്ന ആപ്ത വാക്യത്തില്‍ അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന ഇടവക സഭയുടെ പാരമ്പര്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് കാലോചിതവും പ്രാദേശികവുമായ മാറ്റങ്ങളുമായി ഓസ്‌ട്രേലിയ്ക്കകത്തും പുറത്തുമായി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു. 

ഇടവകയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നവംബര്‍ അഞ്ചിന് മലങ്കര മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപോലീത്ത നിര്‍വഹിക്കും. പാര്‍ക്ക്‌സൈഡ് ബാപ്റ്റിസ് ദേവാലയ ഹാളില്‍ വൈകുന്നേരം നാലിനു നടക്കുന്ന പരിപാടിയില്‍ ഓസ്‌ട്രേലിയയിലെ വിവിധ സഭാ മേലധ്യക്ഷന്മാര്‍, വൈദികര്‍, രാഷ്ടീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

പരിപാടിയുടെ വിജയത്തിനായി റവ. തോമസ് കോശി (വികാരി), ജോര്‍ജ് പണിക്കര്‍ (കണ്‍വീനര്‍), ഏബ്രഹാം കെ. ജോര്‍ജ് (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: ജയിംസ് ചാക്കോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക