Image

അമേരിക്കയില്‍ നാടകത്തിനു സുവര്‍ണ്ണ കാലവുമായി സൈജന്‍ കണിയോടിക്കല്‍ (അനില്‍ പെണ്ണുക്കര )

അനില്‍ പെണ്ണുക്കര Published on 25 October, 2016
അമേരിക്കയില്‍ നാടകത്തിനു സുവര്‍ണ്ണ കാലവുമായി സൈജന്‍ കണിയോടിക്കല്‍ (അനില്‍ പെണ്ണുക്കര )
അഭിനയം, സംഭാഷണം എന്നിവയിലൂടെ, സമ്പൂര്‍ണമായ ഒരു മനുഷ്യവ്യാപാരത്തെ പ്രേക്ഷകരിലേക്ക് പകരുന്ന ദൃശ്യശ്രാവ്യകലയാണ് നാടകം.നമ്മുടെ കൊച്ചു കേരളത്തില്‍ നാടകം മരിക്കുന്നു എന്ന് പറയുന്നവര്‍ക്ക് തന്റെ പ്രതിഭ കൊണ്ട് മറുപടി നല്‍കുകയാണ് സൈജന്‍ കണിയോ ടിക്കല്‍ എന്ന നാടക പ്രതിഭ.

ഡിട്രോയിട് മലയാളി അസോസിയേഷന്‍ ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ 'ഓണവില്ല് 'എന്ന പരിപാടിയില്‍ അവതരിപ്പിച്ച നാടകം ആയിരുന്നു 'നിഷിഗന്ധ '.ഡിട്രോയിറ്റില്‍ മലയാളികള്‍ കര ഘോഷത്തോടെ സ്വീകരിച്ച കലാവിരുന്ന്.മലയാള സിനിമയുടെ നൊമ്പരമായ മൂന്നു സ്ത്രീ കഥാപാത്രങ്ങള്‍ .
'നീലി,കറുത്തമ്മ,സരോജിനി 'വേദിയില്‍ നിറഞ്ഞു നിന്നപ്പോള്‍ ആത്മസാക്ഷാത്കാരത്തിന്റെ നിര്‍വൃതിയിലായിരുന്നു സൈജന്‍ .തന്റെ കുഞ്ഞുങ്ങളെ ലോകം അംഗീകരിക്കുന്ന നിര്‍വൃതിയില്‍ അലിയുന്ന ഒരു പിതാവിനെ പോലെ ..
അമേരിക്കന്‍ മലയാളികളില്‍ നിരവധി കലാകാരന്മാരും ,കലാകാരികളും ഉണ്ട്.പക്ഷെ സംവിധാന രംഗത്ത്,അതും സ്‌റ്റേജില്‍നിറഞ്ഞാടുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുക എന്നത് ഒരു പ്രതിഭയ്ക്ക് മാത്രമേ സാധിക്കു എന്ന് കൂടി തെളിയിക്കുകയായിരുന്നു സൈജന്‍ കണിയോടിക്കല്‍ .തന്റെ 'നിഷിഗന്ധ 'വിശേഷങ്ങള്‍ ഈമലയാളിയുമായി പ്രതിച്ഛായയില്‍ പങ്കുവയ്ക്കുന്നു അദ്ദേഹം.

ചോദ്യംഎന്താണ് നിഷിഗന്ധ?

ഉത്തരംഅവഗണിക്കപ്പെടുന്നവരുടെ ഉയര്‍ത്തെഴുനേല്‍പ്പിന്റെ ശബ്ദമായി മാറിയ മലയാള സിനിമയുടെ എക്കാലത്തെയും ശക്തരായ ,എന്നാല്‍ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന ,ജനങ്ങളുടെ മനസില്‍ എന്നും നിലനില്‍ക്കുന്ന മൂന്നു കാലഘട്ടങ്ങളിലെ മൂന്നു സ്ത്രീ കഥാപാത്രങ്ങള്‍ സ്‌റ്റേജില്‍ പുനര്‍ജനിക്കുകയായിരുന്നു നിഷിഗന്ധയിലൂടെ.പി .ഭാസ്‌കരനും,രാമുകാര്യാട്ടും ചേര്‍ന്ന് സംവിധാനം ചെയ്ത 'നീലക്കുയില്‍'എന്ന ചിത്രത്തിലെ ,അക്കാലത്തു നിലനിന്നിരുന്ന ജാതിവെറിയുടെ ഇരയായ നീലി എന്ന ദുരന്ത കഥാപാത്രമാണ് ഒന്ന്,
ശിവശങ്കരപ്പിള്ളയുടെ ചെമ്മീന്‍ എന്ന നോവലിലെ കാമുകന്റെ സ്‌നേഹത്തിനും,ഭര്‍ത്താവിന്റെ സ്‌നേഹത്തിനുമിടയില്‍ അകപ്പെട്ടു ജീവിതം കടലിനു ദാനമായി കൊടുക്കേണ്ടി വന്ന കറുത്തമ്മ എന്ന കഥാപാത്രം രണ്ടാമത്.മൂന്നാമതായി മലയാള സിനിമ കണ്ട ഏറ്റവും വലിയ ദുരന്ത നായിക വിഗത കുമാറാനിലെ സരോജിനിയായി വേഷമിട്ട പി.കെ റോസി .രണ്ടു കഥാപാത്രങ്ങളും ജാതി വ്യവസ്ഥയുടെ ചുടല്‍ത്തീയില്‍ നീറിപ്പോയ റോസിയും വേദിയില്‍ പുനര്‍ജനിക്കുമ്പോള്‍ ഞാന്‍ ചെയ്തത് ഇവര്‍ക്ക് ജീവിതത്തില്‍ എല്ലാം കഷ്ടപ്പാടുകള്‍ ആയിരുന്നു എങ്കിലും ജീവിതാവസാനം അവരെ കാത്തിരുന്നത് സ്വര്‍ഗ്ഗരാജ്യമായിരുന്നു എന്നാണ് .അവരെ ഉയിര്‍പ്പിച്ചു സ്വര്‍ഗത്തിലേക്ക് കൊണ്ടുപോകുവാന്‍ ദേവനര്‍ത്തകിയെത്തുന്നതോടെ നിഷിഗന്ധ പുതിയ തലത്തിലേക്ക് നീങ്ങുന്നു.

ചോദ്യംവളരെയധികം ജനപ്രീതിയാര്‍ജ്ജിച്ച ഒരു ദൃശ്യ കലയായ നാടകം.നാടകത്തിന്റെ സാധ്യതകളെ ഈ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുവാന്‍ കാരണം?

ഉത്തരംസുകുമാരകലകളില്‍ ഉള്‍പെടുന്ന നാടകത്തെ . 'ഒരു പൂര്‍ണക്രിയയുടെ അനുകരണം' എന്നാണ് നാടകത്തെ അരിസ്‌റ്റോട്ടില്‍ നിര്‍വചിച്ചിട്ടുള്ളത്. നാടകം ഒരു സങ്കരകലയോ സമ്പൂര്‍ണകലയോ ആണെന്നു പറയാം. കാരണം അതില്‍ സാഹിത്യം, സംഗീതം, നൃത്തം, ചിത്രകല എന്നിങ്ങനെ വിഭിന്ന കലകളുടെ സാകല്യം കാണാം. നാടകാവതരണത്തിന്റെ സാഹിത്യരൂപമാണ് പൊതുവേ നാടകം .ഇവിടെ മലയാളിക്ക് വളരെ പരിചിതരായ കഥാപാത്രങ്ങള്‍ ആണ് ഈ മൂന്നു പേരും .പി കെ റോസിയെ ഈ അടുത്തകാലത്ത് നാം സിനിമയിലും കണ്ടില്ലേ.കറുത്തമ്മ മലയാളിയുടെ സ്വകാര്യ അഹങ്കാരമല്ലേ .നീലക്കുയിലോ മലയാളസിനിമയെ ദേശീയ തലത്തിലെത്തിച്ച സിനിമയും.ഇതൊക്കെ തന്നെയാണ് ഈ കഥകള്‍ തെരഞ്ഞെടുക്കുവാനുള്ള അക്കാരണം.

ചോദ്യംനാടകകല, നാടകസാഹിത്യം എന്നിവയില്‍ ഏതാണു പ്രധാനം എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലവിലുണ്ട്. സാഹിത്യത്തിനു പ്രാധാന്യം കല്പിക്കുന്നവര്‍ നാടകസാഹിത്യത്തിനാണ് പ്രാധാന്യമെന്നും മറ്റൊരു കൂട്ടര്‍ നാടകകലയ്ക്കടിസ്ഥാനമായി ഒരു സാഹിത്യകൃതി അത്യന്താപേക്ഷിതമല്ലെന്നും ഒരു സാഹിത്യകൃതിയെയും അവലംബിക്കാതെ നാടകത്തിന് രൂപംനല്കാനും അരങ്ങത്ത് ആവിഷ്‌കരിക്കാനും സാധിക്കുമെന്നും കരുതുന്നു. ഇതിനോട് യോജിക്കുന്നുണ്ടോ?

ഉത്തരംലോകത്തുണ്ടായ പല സാഹിത്യ കൃതികളും വലിയ നാടകങ്ങള്‍ ആയിട്ടുണ്ട്.ഒരു പക്ഷെ സാഹിത്യ കൃതിയെക്കാള്‍ നാടകം വലുതായിട്ടുമുണ്ട്.അവിടെ ആണ് നാടകം എന്ന കലാ രൂപത്തിന്റെ സാധ്യതയെ നോക്കി കാണേണ്ടത് .ഒരു സാഹിത്യകൃതിയെയും അവലംബിക്കാതെ നാടകം അവതരിപ്പിക്കാം.ഇവിടെ എല്ലാം സംവിധായകന് അയാളുടേതായ ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടെന്നാണ് എന്റെ വിശ്വാസം.
എന്തായാലും ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന ഒരു കലയെന്നനിലയില്‍ നാടകത്തിന്റെ ശക്തി വളരെ വലുതാണ്. അതുകൊണ്ടാണ് മറ്റേതൊരുകലയെക്കാളും നാടകം ജനകീയകലയായി വളര്‍ന്നത്; പലപ്പോഴും ഒരു സമരായുധം തന്നെയായിരുന്നു അത്.ഭാരതത്തില്‍ നാടകം തന്നെ ജനിക്കുന്നത് വികാസം പ്രാപിക്കുന്നതും മനുഷ്യന്റെ പ്രയാസങ്ങളുടെ ഇടവേളകളിലാണ് .പ്രാചീനകാലത്ത് ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശത്ത് വാസമുറപ്പിച്ച ആര്യന്മാര്‍ സന്ധ്യാസമയത്ത് ഒത്തുകൂടി അഗ്‌നികുണ്ഠം തയ്യാറാക്കുകയും അന്നന്ന് ശേഖരിച്ച ഭക്ഷ്യവസ്തുക്കള്‍ ആ അഗ്‌നിയിലിട്ട് വേവിച്ചു ഭക്ഷിക്കുകയും ചെയ്തതിനുശേഷം അഗ്‌നികുണ്ഠത്തെ വലംവച്ചുകൊണ്ടു പാടി ആടുക പതിവായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.ദേവതാസ്തുതിപരങ്ങളും പ്രാര്‍ഥനാരൂപത്തിലുള്ളവയുമായ ആ പാട്ടുകളുടെ ആലാപനം, ക്രമേണ നാടകീയ ഭാഷണങ്ങളായി മാറിയെന്നും വിവിധ സംഘാംഗങ്ങള്‍ വ്യത്യസ്തങ്ങളായ ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കുന്ന ഗാനഭാഗങ്ങള്‍ ചൊല്ലിക്കൊണ്ട് നടത്തുന്ന നൃത്തം കാലാന്തരത്തില്‍ വിഭിന്ന കഥാപാത്രങ്ങളുടെ അഭിനയമായി കലാശിച്ചുവെന്നും അങ്ങനെയാണ് പ്രാചീനഭാരതീയ നാടകം ഉദ്ഭവിച്ചതെന്നും പ്രമുഖ ഗവേഷകന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ചൈനയിലും ജപ്പാനിലും ഇതുപോലെ പ്രകൃതിശക്തികളെ പ്രീതിപ്പെടുത്താന്‍ നടത്തിയിരുന്ന നൃത്താത്മകമായ ചടങ്ങുകളില്‍ നിന്നു നാടകമുണ്ടായതായി ചില ഗവേഷകന്മാര്‍ കണ്ടെത്തിയിട്ടുണ്ട്.ഈ നൃത്തവും ,അഭിനയവുമൊക്കെ നാടകത്തിന്റെ ഒപ്പം ഉണ്ടാകുന്നു.ആരെ സന്തോഷിപ്പിക്കാന്‍ .കാണികളെ.അവരെ സന്തോഷിപ്പിക്കുമ്പോളും ഉള്ളുപിടയുന്ന ചില കഥാപാത്രങ്ങളെ ഒരിക്കല്‍ കോടി അരങ്ങത്തു കൊണ്ടുവരുവാന്‍ സാധിച്ചത് വലിയ ഭാഗ്യമായി ഞാന്‍ കാണുന്നു.

ചോദ്യംപുതിയ സാങ്കേതിക വിദ്യയുടെ സഹായം നിഷിഗന്ധ യ്ക്കു ഉണ്ടായിരുന്നോ.പ്രത്യേകിച്ച് മൂന്നു കാലഘട്ടനങ്ങളിലെ കഥ പറയുമ്പോള്‍?

ഉത്തരം തീര്‍ച്ചയായും .മൂന്നു കടയെടുക്കുമ്പോള്‍ പ്രധാന വെല്ലുവിളിയും അതായിരുന്നു.ആദ്യം കഥയും തിരക്കഥയും സംഭാഷണവും ഉണ്ടാക്കി.റിയര്‍ പ്രൊജക്ടര്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു സിനിമ കണക്കുന്ന പ്രതീതിയില്‍ എനിക്കതു അവതരിപ്പിക്കാന്‍ സാധിച്ചു.ഡിട്രോയിറ്റിലെ ഓരോ മലയാളികളും ഹര്‍ഷാരവത്തോടെയാണ് നിഷിഗന്ധയെ വരവേറ്റത് .

ചോദ്യംഒരു സംവിധായകന്‍ എന്ന നിലയില്‍ അഭിനേതാക്കളുടെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു?

ഉത്തരംനിരവധി തിരക്കുകള്‍ക്കിടയിലാണ് അമേരിക്കന്‍ മലയാളികളുടെ ജീവിതം.അതിനിടയിലാണ് എല്ലാ കലാ ,സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സാമ്യം കണ്ടെത്തുന്നത് .അതിനവരെ എത്രകണ്ടു അഭിനന്ദിച്ചാലും മതിവരില്ല . നിഷിഗന്ധയില്‍ നീലക്കുയില്‍ അരങ്ങത്തു വനനപ്പോള്‍ നീലിയായി നാദം ഷോണ്‍ കര്‍ത്തനാള്‍ ,ശ്രീധരന്‍മാഷായി അജിത് അയ്യംപിള്ളിയും ,പോസ്റ്റുമാനായി ബിജു പൗലോസും ആയിരുന്നു.ചെമ്മീനില്‍ ജൂലി മാത്യു കറുത്തമ്മയായപ്പോള്‍ സന്ദീപ് പാലയ്ക്കല്‍ പരീക്കുട്ടിയായും ,പളനിയായി െ്രെപമസ് ജോണും,ടോംസ് മാത്യു ചെമ്പന്‍ കുഞ്ഞായും , മേരി കര്‍ത്തനാള്‍ ചക്കിയയും,നവ്യ പൈങ്ങോള്‍ പഞ്ചമിയായും വേഷമിട്ടു.ജെ.സി ഡാനിയലിന്റെ കഥ യില്‍ പി കെ റോസിയായി നീനാ മാത്യുവും ഡാനിയേല്‍ നാടാരായി രാജേഷ് നായരും ,ജാനറ്റായി ലിസാ ജേക്കബും വേഷമിട്ടു .ദേവ നര്‍ത്തകിയായി വൈശാലി നമ്പ്യാര്‍ അഭിനയിച്ചു . രാജേഷ്‌കുട്ടി,പോള്‍ കുര്യാക്കോസ്,ബിനുമാത്യൂ,ജിന്‍സ് തണുത്തു,ദീപ ചെറിയാന്‍ തുടങ്ങിയവരിയിരുന്നു മറ്റു അഭിനേതാക്കള്‍ .ഇവരെ കൂടാതെ അരങ്ങിലും അണിയറയിലുമായി നാല്‍പ്പതില്‍ പരം കലാകാരന്‍മാര്‍ എനിക്കൊപ്പം ഉണ്ടായിരുന്നു.അഭിനേതാക്കള്‍ മുതല്‍ നിഷിഗന്ധയുമായി സഹകരിച്ച എല്ലാവരുടെയും ഉള്ളു തുറന്ന സഹകരണമാണ് ഈ കലാരൂപത്തിന്റെ വിജയം.കൂടാതെ ഈ നാടകത്തെ ഏറ്റുവാങ്ങിയ ഡിട്രോയിറ്റിലെ നല്ലവരായ മലയാളികളും .

രാത്രിയില്‍ വിരിഞ്ഞു സുഗന്ധം പരത്തി സൂര്യപ്രകാശം കാണാതെ ഇല്ലാതാകേണ്ടി വരുന്ന നിശാഗന്ധിപ്പൂക്കളെ പോലെ ഏതു അന്ധകാരത്തിലും ,എക്കാലവും മലയാളികളുടെ മനസ്സില്‍ സുഗന്ധം പരത്തി നിലകൊള്ളുന്ന കഥാപാത്രങ്ങളുടെ അരങ്ങിലെയും അണിയറയിലെയും ജീവിതത്തെ വേദിയില്‍ അവതരിപ്പിച്ചതിന് സന്തോഷത്തിലാണ് സൈജന്‍.

കലാ സാംസ്‌കാരിക പ്രവര്‍ത്തനം,നാടകം,രചന,യാത്രകള്‍ എന്നിവ ഇഷ്ടപ്പെടുന്ന ഈ നാടക പ്രതിഭ മിഷിഗണില്‍ (വിക്‌സം)താമസിക്കുന്നു.ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഇപ്പോളത്തെ പ്രസിഡന്റുകൂടിയാണ് സൈജന്‍ കണിയേടിക്കല്‍ എന്ന് കൂടി പറയുമ്പോള്‍ അദ്ദേഹത്തെ സല്യൂട്ട് ചെയ്യാതെ തരമില്ല.

വന്ദേമാതരം,യാത്ര,കാമ്പസ് ഡേയ്‌സ് ,എസ്ഥേര്‍,അക്വവീവ തുടങ്ങി ഒരുപിടി നാടകങ്ങളും സൈജന്‍ കണിയേടിക്കല്‍ അരങ്ങത്തു എത്തിച്ചിട്ടുണ്ട് .ഈ കലാ സപര്യക്കു കൂട്ടായി ഭാര്യ മിനി,മക്കളായ ഐലന്‍ റോസ് ,എറിന്‍ ജോ എന്നിവര്‍ ഒപ്പമുണ്ട് .

സ്ഥലകാലബദ്ധമായ രംഗകലയാണ് നാടകം. എന്നാല്‍, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് സിനിമാ ചിത്രീകരണത്തിലെ ഓരോ ചലനവും സാധ്യമാക്കിത്തീര്‍ക്കുന്നത്. ദൃശ്യഭാഷയിലൂടെയാണ് പ്രധാനമായും സിനിമയില്‍ ആശയസംവേദനം നടക്കുന്നത്. നാടകത്തിലാകട്ടെ, കഥാപാത്രങ്ങളുടെ ഭാവഭേദങ്ങളത്രയും സംഭാഷണങ്ങളിലൂടെയാണ് പ്രേക്ഷകനിലേക്ക് പകരുന്നത്. പ്രേക്ഷകനും കഥാപാത്രങ്ങളും തമ്മിലുള്ള നേരിട്ടുള്ള സംവേദനത്തില്‍, നാടകാവതരണം ഓരോ പ്രാവശ്യവും വ്യത്യസ്തമായിത്തീരുന്നു. മുന്‍കൂറായി ചിത്രീകരിക്കുന്ന ചലച്ചിത്രദൃശ്യങ്ങള്‍ സാങ്കേതികോപകരണങ്ങളിലൂടെ ചിത്രീകരിക്കുന്നതിനാല്‍ സംവിധായകന്റെ കാഴ്ചപ്പാടില്‍ സിനിമ ആസ്വദിക്കാന്‍ പ്രേക്ഷകര്‍ നിര്‍ബന്ധിതരായി മാറുന്നു.

നാടകപ്രേക്ഷകന്‍ സ്വതന്ത്രനും, സിനിമാസ്വാദകന്‍ ഒരു പരിധിവരെ ദര്‍ശനത്തിനൊപ്പം നീണ്ടേണ്ടവനുമാണ് എന്നര്‍ഥം. രംഗവേദിയുടെ പരിമിതികളും ഭാവദൃശ്യങ്ങളുടെ അഭാവവും നാടകീയമായ സ്ഥലകാലവ്യാഖ്യാനങ്ങള്‍ക്ക് അതിരുകള്‍ തീര്‍ക്കുന്നുണ്ട്. നാടകാവതരണത്തെ ക്യാമറയില്‍ പകര്‍ത്തി സിനിമയായി അവതരിപ്പിച്ചാല്‍ അത് നാടകമോ, സിനിമയോ ആവില്ല. നാടകത്തിന്റെ രംഗസങ്കല്പത്തിനപ്പുറത്തേക്ക് സ്വതന്ത്രമായി നീങ്ങാന്‍ മൂവിക്യാമറയ്ക്ക് കഴിയുകയുമില്ല. അതുപോലെ സിനിമയെ നാടകവേദിയില്‍ അവതരിപ്പിക്കുക എന്നതും അസംഭവ്യമാണ്.

നിരവധി സ്ഥലങ്ങളുടെ, സന്ദര്‍ഭങ്ങളുടെ, പ്രകൃതി വ്യാഖ്യാനങ്ങളുടെ പകര്‍പ്പാണ് സിനിമ. എന്നാല്‍ നാടകം, അതിന്റേതായ ഒരു സ്വകാര്യസ്ഥലത്തേക്ക്, അവതരണത്തിന്റെ ടെക്‌നിക്കിലൂടെയും സംഭാഷണത്തിലൂടെയും ജീവിത സന്ദര്‍ഭങ്ങളെ പൊലിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. നാടകം എപ്പോഴും വര്‍ത്തമാനത്തില്‍ അവതരിപ്പിക്കപ്പെടുകയും ഓരോ പ്രാവശ്യവും വേറിട്ടു നില്ക്കുകയും ചെയ്യുന്നു.

'നിഷിഗന്ധ ' എന്ന നാടകത്തില്‍ ഈ സംവേദനത്തെ പ്രതിഭ കൊണ്ട് നേരിടുകയാണ് സൈജന്‍.കാണികള്‍ കാണുന്നത് സിനിമയാണോ നാടകം ആണോ എന്നറിയാത്ത അവസ്ഥ.അത് സൃഷ്ടിക്കുവാന്‍ ദൈവീകാനുഗ്രഹം തന്നെ വേണം. 
അമേരിക്കയില്‍ നാടകത്തിനു സുവര്‍ണ്ണ കാലവുമായി സൈജന്‍ കണിയോടിക്കല്‍ (അനില്‍ പെണ്ണുക്കര )അമേരിക്കയില്‍ നാടകത്തിനു സുവര്‍ണ്ണ കാലവുമായി സൈജന്‍ കണിയോടിക്കല്‍ (അനില്‍ പെണ്ണുക്കര )അമേരിക്കയില്‍ നാടകത്തിനു സുവര്‍ണ്ണ കാലവുമായി സൈജന്‍ കണിയോടിക്കല്‍ (അനില്‍ പെണ്ണുക്കര )അമേരിക്കയില്‍ നാടകത്തിനു സുവര്‍ണ്ണ കാലവുമായി സൈജന്‍ കണിയോടിക്കല്‍ (അനില്‍ പെണ്ണുക്കര )അമേരിക്കയില്‍ നാടകത്തിനു സുവര്‍ണ്ണ കാലവുമായി സൈജന്‍ കണിയോടിക്കല്‍ (അനില്‍ പെണ്ണുക്കര )അമേരിക്കയില്‍ നാടകത്തിനു സുവര്‍ണ്ണ കാലവുമായി സൈജന്‍ കണിയോടിക്കല്‍ (അനില്‍ പെണ്ണുക്കര )അമേരിക്കയില്‍ നാടകത്തിനു സുവര്‍ണ്ണ കാലവുമായി സൈജന്‍ കണിയോടിക്കല്‍ (അനില്‍ പെണ്ണുക്കര )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക