Image

നാടകത്തിനു ധനസഹായവും വായ്പയും സ്ഥിരം നാടകവേദികളും: തോമസ് ഐസക്

Published on 25 October, 2016
നാടകത്തിനു ധനസഹായവും വായ്പയും സ്ഥിരം നാടകവേദികളും: തോമസ് ഐസക്
സിനിമയ്ക്കുള്ളതുപോലെ നാടകത്തിനും വായ്പയും സബ്സിഡിയും നല്കുമെന്ന് ധനമന്ത്രി ഡോ. റ്റി എം തോമസ് ഐസക് പറഞ്ഞു. പ്രശാന്ത് നാരായണൻ രചിച്ച നാടകമായ ഛായാമുഖിയുടെ രണ്ടാം പതിപ്പു പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഷംതോറും വിദഗ്ദ്ധ സമിതി തെരഞ്ഞെടുക്കുന്ന പത്തോ പന്ത്രണ്ടോ നാടകങ്ങൾ നിർമ്മിക്കാനാണു ധനസഹായം നല്കുക. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ 365 ദിവസവും ടിക്കറ്റുവച്ചു നാടകം കളിക്കുന്ന സ്ഥിരം വേദികൾ ആരംഭിക്കണം. ഇക്കാര്യവും സർക്കാർ ആലോചിക്കും.
ഓണത്തിനു സ്വന്തമായി ഒരു നാടകം നിർമ്മിക്കുന്ന നാട്ടുമ്പുറത്തെ ആർട്ട്സ് ക്ലബ്ബുകൾക്ക് ധനസഹായം നല്കുമെന്നും മന്ത്രി പറഞ്ഞു.
കലോത്സവങ്ങളിൽ നാടകം കളിക്കുക എന്നതിനപ്പുറം സ്കൂളുകളിൽ സ്ഥിരം തീയറ്റർ ഉണ്ടാകണമെന്നും ധനമന്ത്രി പറഞ്ഞു.
ഇടതുപക്ഷത്തിന് ഇക്കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ട്. കേരളം വളരുകയാണ്. മലയാളി അവരുടെ വരുമാനവർദ്ധന മുഴുവൻ ഉപഭോഗത്തിനു ചെലവഴിക്കുകയാണ്. ഈ അവസ്ഥ തുടർന്നാൽ കൺസ്യൂമറിസം കേരളത്തെ വിഴുങ്ങും.
പുതിയ വീട്, കാറ്, സുഖസൗകര്യങ്ങൾ, നല്ല ഭക്ഷണം, വസ്ത്രം, ആഭരണം ഇവയിൽ തീരുകയാണു സമ്പാദ്യം. ഞങ്ങൾ വേറെന്തു ചെയ്യണം എന്നു ചോദിച്ചാൽ ഉത്തരമില്ല. മികച്ച സാംസ്കാരികോല്പന്നങ്ങൾ ലഭ്യമാക്കിയാൽ അവ സ്വീകരിക്കപ്പെടും. അതുണ്ടായില്ലെങ്കിൽ കേരളം തകരും.
കഴിഞ്ഞ തവണ മന്ത്രിയായപ്പോൾ ഈ കാഴ്ചപ്പാട് ഉണ്ടായിരുന്നില്ല. പിന്നീടാണതു വികസിപ്പിച്ചത്. ഇക്കുറി സമീപനം മാറ്റി. കലാസാംസ്കാരിക രംഗത്ത് ഉമ്മൻ ചാണ്ടി സർക്കർ ബജറ്റിൽ പ്രഖ്യാപിച്ച എല്ലാ തുകയും ഇരട്ടിയാക്കി. ഈ മേഖലയിൽ കൂടുതൽ ധനവും പദ്ധതിയും ഉണ്ടാകുമെന്നും തോമസ് ഐസക് പറഞ്ഞു. സിനിമക്കാരെപ്പോലെ ഒന്നിച്ചുനിന്ന് നാടകക്കാർ ആവശ്യങ്ങൾ ഉന്നയിക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.
മുഖ്യമന്ത്രിയുടെ പ്രസ് അഡ്വൈസറും കവിയുമായ എൻ പ്രഭാവർമ്മ പുസ്തകം ഏറ്റുവാങ്ങി. പ്രമുഖ നാടകപ്രവർത്തകൻ ഡി.രഘൂത്തമൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത നർത്തകി ഡോ. രാജശ്രീ വാര്യർ പുസ്തകം പരിചയപ്പെടുത്തി.
മോഹൻലാലിനും മുകേഷിനുമൊപ്പം ഛായാമുഖിയിൽ അഭിനയിച്ച സ്നേഹ ശ്രീകുമാറും നടൻ മറിമായം ശ്രീകുമാറും നാടകത്തിലെ ഒരു ഭാഗം വായിച്ചു. പ്രശാന്ത് നാരായണൻ മറുപടിപ്രസംഗം ചെയ്തു. നീരാവിൽ പ്രകാശ് കലാകേന്ദ്രം അവതരിപ്പിക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്ത ഛായാമുഖിയിൽ പിന്നീടാണു മോഹൻലാലും മുകേഷും അഭിനയിക്കുന്നത്.
നാടകത്തിനു ധനസഹായവും വായ്പയും സ്ഥിരം നാടകവേദികളും: തോമസ് ഐസക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക