Image

നന്‍മവിളക്കുകള്‍ നിറവെട്ടം പകരുന്ന ദീപാവലി (എ.എസ് ശ്രീകുമാര്‍)

Published on 26 October, 2016
നന്‍മവിളക്കുകള്‍ നിറവെട്ടം പകരുന്ന ദീപാവലി (എ.എസ് ശ്രീകുമാര്‍)
വിശ്വാസഹൃദയങ്ങളില്‍ നന്മയുടെ പ്രകാശം പരത്തിക്കൊണ്ട് ഇന്ത്യയുടെ ദേശീയോല്‍സവമായ ദീപാവലി വീണ്ടുമെത്തുകയാണ്. തുലാമാസത്തിലെ അമാവാസി ദിവസമാണ്, തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ മനം നിറഞ്ഞ് ആഘോഷിക്കുന്ന ദീപാവലി. വരുന്ന ഒക്‌ടോബര്‍ 29ന് നമ്മുടെ മനസും വീടും വഴികളുമെല്ലാം ദീപാലംകൃതമാവും. മിഠായികള്‍ നുണഞ്ഞും നൂറുകണക്കിന് മണ്‍ചെരാതുകള്‍ തെളിച്ചും പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷിക്കുന്ന ദീപാവലി കുട്ടികളെയും മുതിര്‍ന്നവരെയും പാവപ്പെട്ടവരെയും പണക്കാരനെയും പണ്ഡിതനെയും പാമരനെയുമെല്ലാം ഒരുമയുടെ, സമഭാവനയുടെ വിശാലതയിലെത്തിക്കുന്നു. അജ്ഞതയുടെ ഇരുളിടങ്ങളില്‍ നിന്ന് അറിവിന്റെ പ്രകാശപ്പരപ്പിലേയ്ക്കുള്ള  പദയാത്രകൂടിയാണ് ദീപാവലി.

ദീപാവലിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്. ചരിത്രത്തിന്റെയും പിന്‍ബലമുണ്ട്. ദീപാവലിയുടെ തുടക്കത്തെപ്പറ്റി പുരാണത്തിന്റെയും ചരിത്രത്തിന്റെയും അടിസ്ഥാനത്തില്‍, നാം അറിഞ്ഞതും അറിയാത്തതുമായ ചില കാര്യങ്ങള്‍ മനസിലൊരു ഭദ്രദീപം കൊളുത്തിക്കൊണ്ട് പറയട്ടെ.  രാമായണത്തിന് ദീപാവലിയുമായി ബന്ധമുണ്ട്. 14 വര്‍ഷത്തെ വനവാസത്തിനുശേഷം ശ്രീരാമന്‍ അയോദ്ധ്യയില്‍ തിരിച്ചെത്തിയതിന്റെ ഉല്‍സവമായാണ് ദീപാവലി ആഘോഷിക്കുന്നത്. രാവണനെ വധിച്ച് സീതയെ വീണ്ടെടുത്ത് തിന്‍മയ്ക്കുമേലുള്ള നന്‍മയുടെ ഉജ്വല വിജയവുമായി അയോധ്യയില്‍ മടങ്ങിയെത്തിയ ശ്രീരാമനെയും കൂട്ടരെയും പ്രജകള്‍ വരവേറ്റത് സമൃദ്ധമായ ദീപക്കാഴ്ചയോടും ഉല്‍സവ മേളത്തോടുകൂടിയുമായിരുന്നു. മഹനീയമായ ആ സ്വീകരണോല്‍സവത്തിന് ദീപാവലിയെന്ന് പേര്‍ വന്നുവത്രേ.

മഹാഭാരതത്തിലും ദീപാവലിയെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. കൗരവ പക്ഷവുമായുള്ള ചൂതുകളിയില്‍ തോറ്റ് രാജ്യവും സ്വത്തുമുള്‍പ്പെടെ സകലതും നഷ്ടപ്പെട്ട പഞ്ചപാണ്ഡവര്‍ക്ക് വിധിക്കപ്പെട്ട ശിക്ഷ അജ്ഞാത വാസമാണല്ലോ. ശിക്ഷയുടെ കാലാവധി തീര്‍ന്ന് പാണ്ഡവന്‍മാര്‍ പത്‌നി പാഞ്ചാലീ സമേതം തങ്ങളുടെ ജന്‍മ സ്ഥലമായ ഹസ്തിനപുരിയില്‍ എത്തിയത് തുലാമാസത്തിലെ അമാവാസി ദിവസമാണ്. ഇതിഹാസ തുല്യമായ ഈ തിരിച്ചുവ് ഹസ്തിനപുരിയിലെ ജനങ്ങള്‍ നാടിന്റെ മുക്കിലും മൂലയിലും ചെരാതുകള്‍ കൊളുത്തിയാണ് ആഘോഷിച്ചത്. പിന്നീട് എല്ലാവര്‍ഷും ഇതേ ദിവസം ദീപാവലിയായി കൊണ്ടാടിവരുന്നുവത്രേ.

ദേവാസുരന്‍മാര്‍ പാലാഴി കടഞ്ഞപ്പേള്‍ ലഭ്യമായ പതിനാല് രത്‌നങ്ങളിലൊന്നാണ് സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ ലക്ഷ്മീ ദേവി. ഒരിക്കലും മരിക്കാതിരിക്കാനുള്ള ഔഷധമായ അമൃത് തേടിയാണ് മന്ദര പര്‍വതത്തെ കടകോലാക്കി അഷ്ടനാഗങ്ങളിലൊന്നായ വാസുകി സര്‍പ്പത്തെ ചരടാക്കി പാലാഴി മഥനം നടത്തിയത്. അപ്പോള്‍ പാല്‍ക്കടലില്‍ നിന്ന് പല അമൂല്യ വസ്തുക്കളും പൊന്തിവന്നു. എന്നാല്‍ ലക്ഷീ ദേവി കടലില്‍ നിന്ന് ഉയര്‍ന്നുവന്നത് കാര്‍ത്തിക മാസത്തിലെ അമാവാസി ദിനത്തിലാണ്. അന്നേ ദിവസം തന്നെ മഹാ വിഷ്ണു ലക്ഷ്മീ ദേവിയെ വിവാഹം കഴിച്ചു. പരമ പവിത്രമായ ഈ  ചടങ്ങിന് അലങ്കാര ദീപങ്ങള്‍ സാക്ഷിയായി. ഇന്നും ഹിന്ദുക്കള്‍ ലക്ഷീ ദേവിയുടെ ജന്‍മദിനവും വിവാഹ വാര്‍ഷികവും ദീപാവലിയായി ഭക്ത്യാദരപൂര്‍വം ആചരിച്ച് അനുഗ്രഹം തേടുന്നു.

പതിനെട്ട് പുരാണങ്ങളിലൊന്നാണ് ഭാഗവതം. ഭക്തിക്ക് അതീവ പ്രാധാന്യം നല്‍കുന്ന, വിഷ്ണുവിന്റെ അവതാര കഥകള്‍  ഭാഗവതത്തില്‍ വിവരിക്കുന്നു. നമുക്കറിയാം വിഷ്ണുവിന്റെ ഒരവതാരമാണ് വാമനന്‍. ദേവന്‍മാര്‍ക്ക് ഭീഷണിയായി മഹാബലി ചക്രവര്‍ത്തി ഭൂമിയില്‍ ജനകീയ ഭരണം കാഴ്ചവയ്ക്കുന്ന കാലം. ഒരട്ടിമറിയിലൂടെ മഹാബലി സ്വര്‍ഗലോകവും കീഴടക്കുമെന്ന് ദേവന്‍മാര്‍ വല്ലാതെ ഭയപ്പെട്ടു. കാരണം മഹാബലി ബ്രഹ്മാവില്‍ നിന്ന് ഒരു വരം സമ്പാദിച്ചിരുന്നു. തന്നെ ആര്‍ക്കും ഒരിക്കലും തോല്‍പ്പിക്കാല്‍ കഴിയില്ലെന്ന വരം. ധര്‍മ സങ്കടത്തിലായ ദേവന്‍മാര്‍ വിഷ്ണുവിനോട് സഹായമഭ്യര്‍ത്ഥിച്ചു. ആങ്ങനെയാണ് വിഷണു ബ്രാഹ്മണ വേഷത്തില്‍ വാമനനായി അവതരിച്ച് തന്ത്രപൂര്‍വം മഹാബലിയെ പാതാളത്തിലേയ്ക്ക് ചവുട്ടിത്താഴ്ത്തിയത്. ഈ ദിനവും ദീപാവലിയായി ആഘോഷിക്കുന്നു.  

ഭൂമിയുടെ പുത്രനാണ് നരകന്‍ അല്ലെങ്കില്‍ നരകാസുരന്‍. അതിഭയങ്കരമായ ശക്തിവിശേഷങ്ങളുണ്ടായിരുന്ന ദുഷ്ടനായ നരകാസുരന്‍ ഈ കരുത്തുപയോഗിച്ച് ഭൂമിയും സ്വര്‍ഗവും കീഴടക്കി. അങ്ങനെ ഭീകരനും ക്രൂരനുമായ രാജാവായി നരകാസുരന്‍. ഇയാള്‍ 16000ത്തോളം സ്ത്രീകളെ തടങ്കിലിലാക്കിയിരുന്നു. ദീപാവലിക്ക് തൊട്ടുമുമ്പുള്ള ദിവസം ശ്രീകൃഷ്ണന്‍ നരകാസുരനെ വധിക്കുകയും തടവില്‍ കഴിഞ്ഞിരുന്ന സ്ത്രീകളെ മോചിപ്പിക്കുകയും ചെയ്തു. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷം കുടിയാണ് ദീപാവലി. ഇവിടെയും അന്തിമ വിജയം ധര്‍മബോധത്തിനും നിറനന്‍മയ്ക്കുമാണല്ലോ.

ഒരിക്കല്‍ അസുരന്‍മാരുമായുള്ള യുദ്ധത്തില്‍ ദേവന്‍മാര്‍ക്ക് പരാജയം സംഭവിച്ചു. ഈ സമയം ദുര്‍ഗാ ദേവിയുടെ തിരുനെറ്റിയില്‍നിന്ന് പിറവിയെടുത്ത കാളി, ദുരമൂര്‍ത്തികളില്‍നിന്ന് ഭൂമിയെയും സ്വര്‍ഗത്തെയും രക്ഷിച്ചു. ദുഷ്ട ശക്തികളെ കൊന്നൊടുക്കിയ കാളിക്ക് ഒടുവില്‍ സ്വന്തം നിയന്ത്രണം നഷ്ടപ്പെട്ടു. തന്റെ മുന്നില്‍ വന്നുപെടുന്നവരെയെല്ലാം കാളി കൊന്നൊടുക്കിക്കൊണ്ടിരുന്നു. കൊലവിളിയുമായി നടന്ന കാളി പെട്ടെന്ന് പ്രത്യക്ഷനായ ശിവന്റെ മുന്നില്‍ പകച്ചുനിന്നു. രക്തമൊലിപ്പിക്കുന്ന നാവും നീട്ടിയുള്ള കാളിയുടെ ഭീകരരൂപം നമ്മുടെ മനസിലുണ്ട്. ശിവനെ കണ്ടപ്പോഴുള്ള ഭയവും പശ്ചാത്തപവും നിഴലിക്കുന്ന ഭാവമാണിത്. ഈ അവിസ്മരണീയ സംഭവമാണ് കാളീ പൂജയായി ഇന്ത്യയുടെ പലഭാഗത്തും കൊണ്ടാടുന്നത്. അന്നേ ദിവസം തന്നെയാണ് ദീപാവലിയും. 

ദീപാവലിയുടെ ചരിത്രപ്പഴമയും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇതിഹാസ തുല്യനാണ് വിക്രമാദിത്യ രാജാവ്. ബുദ്ധിശക്തി, ധൈര്യം, സ്‌നേഹം തുടങ്ങിയ കാര്യങ്ങളില്‍ വിക്രമാദിത്യനെ വെല്ലാന്‍ ആരുമുണ്ടാവില്ല. ബി.സി 56ലെ ഒരു ദീപാവലി ദിവസമായിരുന്നു വിക്രമാദിത്യന്റെ കിരീട ധാരണം. വിക്രമാദിത്യന്റെ ജനത ഈ ചരിത്ര നിമിഷങ്ങള്‍ അവിസ്മരണീയമാക്കിയത് മണ്‍ചെരാതുകള്‍ കൊളുത്തിയും തെരുവോരങ്ങള്‍ ദീപാലംകൃതമാക്കിയുമൊക്കെയാണ്. അന്നുമുതലാണ് ദീപാവലി എല്ലാ വര്‍ഷവും ആഘോഷിച്ചുതുടങ്ങിയതെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു.

ഹൈന്ദവ സമൂഹത്തിലെ ആദരിക്കപ്പെടുന്ന പരിഷ്‌കര്‍ത്താവാണ് മൂലശങ്കര്‍ എന്ന സ്വാമി ദയാനന്ദ സരസ്വതി. ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരായി രൂപീകരിക്കപ്പെട്ട 'ആര്യ സമാജ'ത്തിന്റെ സ്ഥാപകനാണ് ഇദ്ദേഹം. വേദങ്ങളാണ് നമ്മുടെ അടിസ്ഥാന ഗ്രന്ഥമെന്ന് ജൈമിനി മഹര്‍ഷിക്കു ശേഷം ആദ്യമായി ഉത്‌ഘോഷിച്ചത് സ്വാമി ദയാനന്ദ സരസ്വതിയാണ്. ബോധോദയം ഉണ്ടായശേഷം സ്വമി 'മഹര്‍ഷി ദയാന്ദ'യായി. ദീപാവലി ദിവസം ലോകമെമ്പാടുമുള്ള ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും സ്വാമിയെ അനുസ്മരിക്കുന്നു.

ഹിന്ദുക്കള്‍ക്ക് പുറമെ ജൈന, സിഖ് മതവിശ്വാസികള്‍ മണ്‍വിളക്കുകള്‍ തെളിച്ചും പടക്കം പൊട്ടിച്ചും ദീപാവലി ആഘോഷിക്കുന്നു. 'ദീപാവലി' ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ (തമിഴ്, തെലുങ്ക്, കന്നഡ, മലയാളം) സംസ്‌കൃതത്തിലെ അതേപേരിലും മറ്റുഭാഷകളില്‍ 'ദിവാലി' എന്ന പേരിലും ആചരിക്കുന്നു. ജൈനമതക്കാരെ സംബന്ധിച്ചിടത്തോളം ദീപാവലി ആഘോഷിക്കുന്നത് ആധുനിക ജൈനമതത്തിന്റെ സ്ഥാപകനും ജൈനരുടെ ഇരുപത്തിനാലാമത്തേതും അവസാനത്തേതുമായ തീര്‍ത്ഥങ്കരന്‍, അഥവാ വര്‍ധമാന മഹാവീരന്‍ നിര്‍വാണം പ്രാപിച്ചതിനെ അനുസ്മരിക്കാനായാണ്. ബി.സി 527ലാണിതു സംഭവിച്ചത്. സത്യജ്ഞാനത്തിന് മനുഷ്യര്‍ വീടുപേക്ഷിച്ച് ലളിത ജീവിതം നയ ിക്കണമെന്നും, നിര്‍ബന്ധമായും അഹിംസാവ്രതം അനുഷ്ഠിക്കണമെന്നും മഹാവീരന്‍ ഉപദേശിച്ചു. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ജഹാംഗീര്‍ തടവിലാക്കിയ ആറാമത്തെ സിക്ക് ഗുരു ഹര്‍ഗോബിന്ദ് ജിയും 54 ഹിന്ദു രാജാക്കന്‍മാരും ഗ്വാളിയോര്‍ കോട്ടയില്‍ നിന്ന് മോചിതരായത് 1619ലെ ദീപാവലി ദിവസമായിരുന്നു. ഇവര്‍ രാഷ്ട്രീയ തടവുകാരായിരുന്നു. സിഖ് ഗുരുദ്വാരകളില്‍ പ്രഥമവും അതിവിശുദ്ധവും ആയ സുവര്‍ണക്ഷേത്രത്തിന് തറക്കല്ലിട്ടത് 1577ലെ ദീപാവലി ദിവസമാണ്.
***
ഒരു കഥ ഓര്‍ക്കുകയാണ്. ഒരു വനത്തിനോടുചേര്‍ന്ന് ഒരു ഗ്രാമമുണ്ടായിരുന്നു. അവിടെ വഴിവിളക്കുകള്‍ ഇല്ല. അതുകാരണം രാത്രികാലങ്ങളില്‍ കൊള്ളക്കാര്‍ വഴിയാത്രക്കാരെ പിടിച്ചുപറിക്കുന്നത് സ്ഥിരം സംഭവമായി. ചിലപ്പോള്‍ കൊലപാതകങ്ങളും നടന്നു. നാട്ടുകാര്‍ പല തവണ മേലധികാരികളെ നേരില്‍ക്കണ്ട് വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ അപേക്ഷിച്ചിട്ടും പ്രയോജനമൊന്നുമുണ്ടായില്ല. ഇരുട്ടിന്റെ മറവിലെ കുറ്റകൃത്യങ്ങള്‍ക്ക് ഒരു കുറവുമുണ്ടായില്ല. ഒരു ദിവസം അവിടെയുള്ള താമസക്കാരില്‍ ഒരാള്‍ സന്ധ്യയായപ്പോള്‍ തന്റെ വീടിനുമുന്നില്‍ വഴിയോടുചേര്‍ന്ന് ഒരു റാന്തല്‍ വിളക്കു കത്തിച്ചുവച്ചു. അത് വഴിയിയാത്രക്കാര്‍ക്ക് വെളിച്ചം നല്കി. ഇതുകണ്ടപ്പോള്‍ അടുത്ത വീട്ടുകാരനും തന്റെ വീടിനുമുന്നില്‍ ഒരു റാന്തല്‍ കത്തിച്ചുവച്ചു. ഇതുകണ്ട അടുത്ത വീട്ടുകാരും അപ്രകാരം ചെയ്തു. അങ്ങനെ ആ ഗ്രാമത്തിലെ എല്ലാ വീട്ടുകാരും വീടിനുമുന്നില്‍ റാന്തല്‍ വിളക്കുവച്ചു. അതോടെ ആ ഗ്രാമത്തിലാകെ പ്രകാശം നിറഞ്ഞു. കള്ളന്മാരുടെ ശല്യം കുറഞ്ഞു. കൊള്ളയും കൊലയും ഇല്ലാതെയായി. ഒരാളില്‍ നിന്നാരംഭിച്ച പ്രവൃത്തി ആ നാട്ടില്‍ മുഴുവന്‍ വലിയ പരിവര്‍ത്തനത്തിനു കാരണമായി. ഇങ്ങനെ വ്യക്തിമനസ്സിലുണ്ടാകുന്ന മാറ്റങ്ങള്‍ സമൂഹത്തിലാകെ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കും.

ഉത്സവങ്ങള്‍ യഥാര്‍ഥത്തില്‍ മനുഷ്യ മനസ്സിനെ ശുദ്ധീകരിക്കാനും നന്മയിലേയ്ക്ക് ഉണര്‍ത്താനുമുള്ള അവസരങ്ങളാകണം. എന്നാല്‍, ഇന്ന് ഇതു സാധിക്കുന്നുണ്ടോ എന്നത് നമ്മള്‍ സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. ഉത്സവത്തിന്റെ പേരില്‍ ധാരാളം പണം ദുര്‍വിനിയോഗം ചെയ്യുമ്പോഴും, മനുഷ്യ മനസ്സുകളെ ദുഷിപ്പിക്കുന്ന അജണ്ടകള്‍ നടപ്പാക്കുമ്പോഴും ഈ ലക്ഷ്യം പരാജയപ്പെടുകയാണ്. സ്വയം കഷ്ടപ്പാടുകളനുഭവിക്കുമ്പോഴും മറ്റുള്ളവരുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി പ്രാര്‍ഥിക്കുവാനും അതിനായി പ്രയത്‌നിക്കാനുമുള്ള മനസ്സ് വളര്‍ത്തിയെടുക്കാന്‍ നമുക്കു കഴിയണം. അതിനുള്ള പ്രചോദനമാകട്ടെ ഈ ദീപാവലിക്ക് നാം കൊളുത്തുന്ന നന്‍മയുടെ നിറദീപങ്ങള്‍. ഇങ്ങനെ പുരാണങ്ങളിലും ചരിത്രത്തിന്റെ സുവര്‍ണ അധ്യായങ്ങളിലും കോറിയിട്ടിരിക്കുന്ന ദീപാവലിയെന്ന നമ്മുടെ ദേശീയ മഹോല്‍വം അതിവിശിഷ്ടമായ വിജയങ്ങളുടെയും അവിസ്മരണീയമായ പോരാട്ടങ്ങളുടെയും അനുഗ്രഹത്തിന്റെയും താക്കീതിന്റെയും മാര്‍ഗദര്‍ശനത്തിന്റെയും പുതിയതുടക്കങ്ങളുടെയും പ്രതിജ്ഞയുടെയുമൊക്കെ ദീപശിഖയുമായി ഇതാ, ഇങ്ങെത്തിക്കഴിഞ്ഞു.

''ഹാപ്പി ദിവാലി...''

നന്‍മവിളക്കുകള്‍ നിറവെട്ടം പകരുന്ന ദീപാവലി (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക