Image

മോഹിനിയാട്ടക്കാര്‍ ( ഏ.കെ.ബി.പിള്ള)

ഏ.കെ.ബി.പിള്ള Published on 26 October, 2016
മോഹിനിയാട്ടക്കാര്‍ ( ഏ.കെ.ബി.പിള്ള)
മോഹിനി!
മോഹിനിയാട്ടക്കാരി! മോഹിനിയാട്ടം, തനി കേരളീയം!
ശുഭ ആടി. വട്ട മുഖത്തില്‍ തിളങ്ങുന്ന നീണ്ട കണ്ണുകള്‍ മിന്നിച്ച്, കണ്‍മണികള്‍ തെന്നിച്ച്, മൃദുവായി സരളമമായി കൈവിരലുകള്‍ ചലിച്ച്, വെള്ളയുടെയും കസവിന്റേയും  കര ശാലീന വസ്ത്രങ്ങളില്‍ ഉരുണ്ട ദേഹം ഒരുക്കി, പൂവിനെ തോന്നിപ്പിയ്ക്കുന്ന വടിവൊത്ത പാദങ്ങള്‍ ചലിക്കുന്ന മുദ്രകളാക്കി ശുഭ മോഹിനിയാട്ടം ചെയ്തു. വാദ്യമേളങ്ങളുടേയും, പാദചലങ്ങളുടെയും വികാര പ്രകാശനങ്ങള്‍ക്ക് ദീപ്തി നല്‍കി, കണ്‍മണികളുടെ ചാഞ്ചാട്ടത്തില്‍, മെല്ലെ ചലിയ്ക്കുന്ന മുഖത്തിലെ മാംസ പേശികള്‍ പ്രപഞ്ചത്തിന്റെ സൗമ്യത ചൊല്ലുന്നതായി തിരുവനന്തപുരത്ത് വി.ജെ.ടി. ടൗണ്‍ ഹാളില്‍ മുന്‍നിരയിലിരുന്ന ഫ്രെഞ്ചുകാരായ ദമ്പതികള്‍ അനുഭവിച്ചു. തെരുവില്‍. ഒച്ചപ്പാടു നിറഞ്ഞ അന്തരീക്ഷത്തിനു തികച്ചും വിരുദ്ധമായി, ശാന്തി മന്ദസ്മിതങ്ങളെ കാത്തുനില്‍ക്കുന്ന അനേകം ആളുകള്‍ തിങ്ങിയിരിയ്ക്കുന്ന അന്തരീക്ഷം, പശ്ചാത്തലമായിരുന്നു.
ഫ്രെഞ്ചുകാരന്‍ റൊഡീനോ ഭാര്യയെ നോക്കി പറഞ്ഞു. 'നാം അന്വേഷിച്ചത് അവസാനം കണ്ടെത്തിയിരിക്കുന്നു.'
'അതെ, അതെ' പ്രിയതമ പറഞ്ഞു. ഭാരതമാകെ ചുറ്റി നടന്ന് അനേകതരം നൃത്തങ്ങള്‍ അവര്‍ കണ്ടു. തങ്ങള്‍ പാരീസ്സില്‍ നടത്തിക്കൊണ്ടിരിയ്ക്കുന്ന നൃത്ത സോപാനത്തില്‍, പാശ്ചാത്യനൃത്തങ്ങളുടെ പോരായ്മകള്‍ തീര്‍ക്കാന്‍ പുതിയ ഭാവങ്ങളും രൂപങ്ങളും അവര്‍ തേടുകയാണ്. റൊഡിനോ ഭാര്യയോട് പറഞ്ഞു:
ബാലെ(Balet) യില്‍ മോഹിനിയാട്ടത്തിന്റെ സൊമ്യമായ മുഖചലനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാല്‍ എത്ര മഹത്തരമായിരിയക്കും.
'അതെ, അതെ പ്രിയതമ സമ്മതിച്ചു. അവര്‍ 'ബാലെ' യുടെ യൂറോപ്പാകെ പ്രസിദ്ധി നേടിയിട്ടുള്ള അദ്ധ്യാപിക കൂടിയാണ്.
നൃത്ത അവസാനിച്ച ഉടനെ റോഡിനോയും ഭാര്യയും അരങ്ങിന്റെ പിന്‍ മുറിയില്‍ എത്തി, ശുഭയെകണ്ടു പറഞ്ഞു:'മഹത്വം, മഹത്വം' ശുഭ കൈകൂപ്പി പുഞ്ചിരിയ്ക്കുക മാത്രം ചെയ്തു. അടുത്തു നിന്ന മദ്ധ്യവയസ്‌ക്കയായ അദ്ധ്യാപിക ഫ്രെഞ്ചു ദമ്പതികളോടു പറഞ്ഞു:
'അതെ, ശുഭയാണ് ഏറ്റവും മഹത്തായ മോഹിനിയാട്ടക്കാരി'
പിറ്റേ ദിവസം രാവിലെ, റൊഡിനോയും, ഭാര്യയും ശുഭയുടെ വീട്ടിലെത്തി, 'ഫ്രാന്‍സില്‍ കൊണ്ടുപോകാം. ഞങ്ങളുടെ  സ്ഥാപനത്തില്‍ പ്രൊഫസ്സറാക്കാം. നല്ല ശമ്പളം തരാം. രണ്ടു കൊല്ലം കഴിഞ്ഞ് ഇഷ്ടമില്ലെങ്കില്‍ മടങ്ങി വന്നോളൂ.
ശുഭയും മാതാപിതാക്കളും, കൈകൂപ്പികൊണ്ട് അല്‍ഭുതത്തോടെ, ഫ്രഞ്ചുകാരനെ നോക്കി. വിനയം വിതുമ്പുന്ന നയങ്ങളോടു കൂടി. ശുഭയുടെ അച്ഛന്‍ പറഞ്ഞു.
'ഒറ്റയ്ക്ക് അവളെ അന്യനാട്ടില്‍ വിടാന്‍ വിഷമമുണ്ട്.'
റോഡാറോ ഉടനെ പറഞ്ഞു:  'അമ്മയും അച്ഛനും  കൂടെ വന്നോളൂ. താമസിയ്ക്കാന്‍ വാടക കൂടാതെ സ്ഥലം തരാം.'
അച്ഛന്‍ പറഞ്ഞു: 'സന്തോഷം ഞങ്ങള്‍ വരാം.'
ശുഭ രണ്ടു കൊല്ലത്തേയ്ക്കുള്ള ഉടമ്പടി ഒപ്പിട്ടുകൊടുത്തു. ഫ്രാന്‍സില്‍ പോകാനുള്ള വിസയ്ക്കുള്ള അപേക്ഷയും, ഒപ്പിട്ടുകൊടുത്തു.
'മഹാഭാഗ്യം' അമ്മ പറഞ്ഞു. ശുഭയെ അച്ഛനും അമ്മയും ആലിംഗനം ചെയ്തു. നെറ്റിയുടെ രണ്ട് അറ്റത്തും തുടരെ ചുംബിച്ചു.
അന്നു വൈകുന്നേരം നാലുമണിയ്ക്ക്, റോഡിയേയും പത്‌നിയേയും കാണാന്‍, അവരുടെ ഹോട്ടലില്‍ ടീച്ചറും മൂന്നുപേരും വന്നു. തടിച്ച ഒരാളിനെ ചൂണ്ടി ടീച്ചര്‍ പറഞ്ഞു: 'ഇദ്ദേഹം വലിയ രാഷ്ട്രീയ നേതാവാണ്. വലിയ സ്വാധാനമുള്ള ആള്‍-ശങ്കരലാല്‍'
ശങ്കരലാല്‍ പറഞ്ഞു: 'ഞങ്ങളുടെ നാട്ടില്‍ നിന്നും ഒരു നര്‍ത്തകിയെ പാരീസ്സില്‍ കൊണ്ടുപോകുന്നതില്‍ വലിയ സന്തോഷമുണ്ട്. ഞങ്ങള്‍ക്കു ആവശ്യമുള്ള സഹായങ്ങള്‍ ചെയ്തു തരാം.'
റോഡിനോ പറഞ്ഞു: നന്ദി.
ശങ്കരലാല്‍ തുടര്‍ന്നു:
'പാരീസ്സില്‍ കൊണ്ടുപോകുന്ന കുട്ടി കഴിവിലും സമ്പത്തിലും സ്വാധീനത്തിലും ഒക്കെ തികഞ്ഞവളായിരിക്കണം. അങ്ങനെയുള്ള ഒരു കുട്ടിയെ തരാം.'
റോഡിനോ പറഞ്ഞു: 'ശുഭ നല്ല നര്‍ത്തകിയാണ്. അതാണ് ഞങ്ങള്‍ക്ക് ആവശ്യം'
ശങ്കരലാല്‍ 'ശുഭയെക്കാള്‍ നന്നായിട്ട് ഡാന്‍സ് ചെയ്യുന്ന ഒരു കുട്ടിയുണ്ട്. അവളെ കാണിച്ചുതരാം.'
റോഡിനോ പറഞ്ഞു: 'ഞങ്ങള്‍ക്കു ശുഭ മതി'.
ടീച്ചര്‍ റോഡിയോയോടു പറഞ്ഞു: ഈ കുട്ടിയുടെ നൃത്തം കൂടി ഒന്നു കാണൂ. കൂടാതെ ശങ്കരലാല്‍ പലതരത്തിലുള്ള സൗകര്യങ്ങള്‍ ചെയ്തുതരാന്‍ കഴിവുള്ള ആളാണ്. ശങ്കരലാല്‍ പൂര്‍ത്തിയാക്കി. ഇവിടെ തന്നെ അങ്ങയുടെ സ്ഥാപനത്തിന്റെ ഒരു ശാഖ തുടങ്ങാം. ഞാനതിന്റെ എല്ലാ ചിലവുകളും വഹിച്ചുകൊള്ളാം.
 റോഡിനോ പറഞ്ഞു: 'അതല്ല, ഞങ്ങളുടെ ലക്ഷ്യം' ശങ്കരലാല്‍ വീണ്ടും നിര്‍ബന്ധിച്ചു. 'എന്തായാലും ഈ കുട്ടിയുടെ ഡാന്‍സ് കൂടി കാണുക.'
പിറ്റേ ദിവസം രാവിലെ റോഡിയേയും പത്‌നിയേയും ശങ്കരലാലിന്റെ വീട്ടില്‍ കൊണ്ടുപോയി. മുന്‍വശത്ത് വലിയ പൂന്തോട്ടത്തോടുകൂടിയ ഒരു വലിയ വീട്. മുന്‍വശത്തെ വലിയ മുറിയിലാണ്, മകളുടെ ഡാന്‍സ് ഒരുക്കിയിരിരുന്നത്. സ്ഥലത്തെ പ്രധാനികളായ ഇരുപതോളം പേര്‍ ഉണ്ടായിരുന്നു.
ധന്യ, ശുഭയേക്കാള്‍ പൊക്കവും വണ്ണവും ഉള്ള ഒരു പെണ്‍കുട്ടി. മോഹിനിയാട്ടത്തിന്റെ വസ്ത്രങ്ങള്‍ ധരിച്ചിരുന്നതില്‍, വിലകൂടിയ കസവുണ്ടായിരുന്നു. കാലിലും കഴുത്തിലും മറ്റും നിറയെ സ്വര്‍ണ്ണാഭരണങ്ങളും. നൃത്തം, ശൃംഗാരം വിളംബരം ചെയ്തുകൊള്ളുന്നതായിരുന്നു. ആദ്യത്തെ ഇരുപതുമിനിറ്റ് കണ്ടു കഴിഞ്ഞപ്പോള്‍ റോഡിയോ പറഞ്ഞു:
ഞങ്ങളെ കാണാന്‍ ചിലര്‍ ഹോട്ടലില്‍ വരുന്നുണ്ട്. അതുകൊണ്ട് ഉടനെ പോകണം?
ശങ്കര്‍ ലാല്‍ ചോദിച്ചു.
'ഈ കുട്ടിയല്ലെ നല്ലത്?'
റോഡിയോ പറഞ്ഞു:
'ആലോചിച്ചിട്ട് പറയാം.'
ശങ്കരലാല്‍ ഏതാണ്ട് ഗൗരവസ്വരത്തില്‍ പറഞ്ഞു:
'ശുഭയെ കൊണ്ടുപോയാല്‍ ദുഃഖിക്കേണ്ടിവരും. അവള്‍ക്ക് സ്വഭാവ ദൂഷ്യം ഉണ്ട്. കൂടെ നിന്ന രണ്ടു പേര്‍ യോജിച്ചുകൊണ്ടു തലയാട്ടി. റോഡിനോ, ശകലം ഈര്‍ചയോടു കൂടി പറഞ്ഞു.
'അതു ഞങ്ങള്‍ നോക്കികൊള്ളാം.'
തിരിച്ച് ഹോട്ടലില്‍ എത്തിയപ്പോള്‍, റോഡിയോ, ശങ്കരലാലിനോടു പറഞ്ഞു:
നിങ്ങളുടെ മകള്‍ നന്നായി ഡാന്‍സ് ചെയ്യും. എന്നാല്‍ ഞങ്ങളുടെ സ്ഥാപനത്തിന് ഇങ്ങുന്ന നര്‍ത്തകി, ശുഭയാണ്. ശുഭയെകൊണ്ടുപോകുന്നതുകൊണ്ട് മോഹിനിയാട്ടം പ്രസിദ്ധമാകും. നിങ്ങളുടെ നാടിനും ഗുണം ഉണ്ടാകും.
ശങ്കര്‍ലാല്‍ പുഞ്ചിരി തൂകാന്‍ ശ്രമിച്ചു.

അടുത്ത ഒരാഴ്ചയ്ക്കകം കോട്ടയത്തും എറണാകുളത്തും ശുഭയ്ക്കു നൃത്തം കാണാന്‍ റോഡിയോയും പത്‌നിയും പോയി. നൃത്തത്തിന്റെ വീഡിയോ എടുത്തു. രണ്ടിടത്തും നൃത്തം കഴിഞ്ഞ് റോഡിയോയുടെ പത്‌നി ശുഭയ്ക്ക് പുഷ്പചെണ്ടുകള്‍ നല്‍കി ആദരിച്ചു.

ശുഭയുടെ അച്ഛന്റെ അടുത്ത രണ്ടു മിത്രങ്ങള്‍, വീട്ടില്‍ വന്നു. അവര്‍ ഗൗരവമായി ശുഭയുടെ അച്ഛനോടു പറഞ്ഞു: 
'ലാല്‍സാര്‍, ഫ്രെഞ്ചുകാരനെ പറ്റി അന്വേഷിച്ചു. അയാള്‍ ശുഭയെ കൊണ്ടുപോകുന്നത് വ്യഭിചാരത്തിനാണ്. അതുകൊണ്ടാണ്, ലാല്‍ സാറിന്റെ മകളെ അയാളുടെ കൂടെ അയയ്ക്കാത്തത്.

അതുകേട്ടാണ്, ശുഭയും അമ്മയും മുറിയ്ക്കകത്തുനിന്നും വെളിയിലേക്കു വന്നത്. തുടര്‍ന്ന് ആഗതര്‍ പറഞ്ഞു: ഈ വിവരം നാട്ടുകാര്‍ എല്ലാം അറിഞ്ഞു. ശുഭയെ പാരിസ്സിലയയ്ക്കാന്‍ ഞങ്ങള്‍ സമ്മതിയ്ക്കില്ല.
ശുഭബോധം കെട്ടുവീണു. 

രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍, റോഡിയോയെ ഹോട്ടലില്‍ പോയി കണ്ടു. 'നിങ്ങള്‍, പെണ്‍കുട്ടികളെ വ്യഭിചാരത്തിന് വിദേശത്തേയ്ക്കു കൊണ്ടു പോകാന്‍ ശ്രമിയ്ക്കുന്നുവെന്ന് പരാതി കിട്ടിയിരിയ്ക്കുന്നു.'

റോഡിയോ, തന്റെ സ്ഥാപനത്തിന്റെ നിയമപരമായ രേഖകള്‍, ഉദ്യോഗസ്ഥരെ കാണിച്ചു. അവര്‍ തൃപ്തരായി മടങ്ങിപോയി. എന്നാല്‍, റോഡിയോയും ഭാര്യയും ഹോട്ടലിനു വെളിയില്‍ പോയാല്‍ ആളുകളുടെ ആക്രമണം ഉണ്ടാകുമെന്ന്, ഹോട്ടലില്‍ അറിവു കിട്ടി. പോലീസ്സും ടൂറിസ്റ്റ് ഉദ്യോഗസ്ഥരും അവര്‍ക്കു സുരക്ഷിതത്വം നല്‍കുമെന്ന് അവരെ  അറിയിച്ചു എങ്കിലും, അവര്‍ ഉടനെ വിമാനത്തില്‍ കയറി, സ്ഥലം വിട്ടു. ഒരാഴ്ചയ്ക്കകം, വിശ്വോത്തരമായ മോഹിനിയാട്ടത്തെപ്പറ്റി, ഫ്രാന്‍സിലെ പ്രസിദ്ധീകരണങ്ങളില്‍ വിശദമായ റിപ്പോര്‍ട്ടു വന്നു- ശുഭയുടെ വലിയ ചിത്രത്തോടു കൂടിയും.

ശുഭയെ ആശുപത്രിയില്‍ ടീച്ചര്‍ ചെന്നു കണ്ടു, ടീച്ചര്‍ ക്ഷമാപണത്തിന്റെ ശബ്ദത്തില്‍ അറിയിച്ചു. 'ശങ്കരലാലിനെ ഭയന്നാണ്, ഞാന്‍ അയാള്‍ക്ക് അനുകൂലമായി റോഡിയോയോടു സംസാരിച്ചത്. 'അവര്‍ ഉടനെ പഠിപ്പിയ്ക്കല്‍ നിര്‍ത്തി തൃശ്ശൂര്‍, തന്റെ വീട്ടിലേയ്ക്കു മടങ്ങി.

ശുഭയും മാതാപിതാക്കളും അറിഞ്ഞു, എല്ലാവരും ഭയപ്പെടുന്ന ആളാണേ്രത ശങ്കരലാല്‍. അയാള്‍ വിവാരിച്ചാല്‍ എന്തും നടക്കും. അങ്ങിനെയാണ്, മൂന്നാംകിടക്കാരിയായ മകള്‍ക്ക് ദേശീയ നൃത്തമത്സരത്തിന് ഒന്നാം സമ്മാനം കിട്ടിയത്, ഒരു മന്ത്രിയുടെ നിയമനം ഉണ്ടായത്. വയലുനികത്തി, ഇരുപതു നിലയുള്ള കെട്ടിടം കെട്ടിയത്.
വീട്ടില്‍ മൂന്നു പേരും കൂടി ആലോചിച്ചു. വീടുവിറ്റ് മലബാറില്‍ പോകാന്‍ തീരുമാനിച്ചു. ബ്രോക്കറെ, ഏര്‍പ്പാടു ചെയ്തു. ഉടനെ തന്നെ ശങ്കര്‍ലാല്‍ ആ വിവരം അറിഞ്ഞ് അട്ടഹസിച്ചു. തന്നോടു കളിച്ചിട്ടുള്ളവര്‍ ആരും ജയിച്ചിട്ടില്ല.

ശുഭയുടെ പറമ്പു കണ്ടാല്‍ ആരും കൊതിക്കും. അച്ഛന്റെ യജ്ഞത്തില്‍  രണ്ടേക്കര്‍ സ്ഥലം, വലിയ വിളഭൂമിയാക്കി മാറ്റി. തെങ്ങ്, മാവ്, പ്ലാവ്, പുളി, വൃക്ഷങ്ങള്‍-പുഴയോടു ചേര്‍ന്ന് ഒരേക്കര്‍ നെല്ല് വിളയുന്ന ഒരേക്കര്‍ പാടം.

പറമ്പു നിറയെ വാവലും, പടവലവും, ചേമ്പും വാഴയും. മൂന്നു പേര്‍ക്കും സുഭിക്ഷമായി ജീവിക്കാനുള്ള വിളവു നല്‍കി. കൂടാതെ, സത്യബോധത്തിലും സ്വഭാവ ശുദ്ധിയിലും, നാട്ടുകാരില്‍ നിന്നും അവര്‍ മൂവരും ബഹുമതി നേടി.

സ്ഥലം ശങ്കര്‍ ലാല്‍ തന്നെ വാങ്ങാന്‍ മുന്നോട്ടു വന്നു. ആദ്യം അയാള്‍ അയച്ചത്, തന്റെ കെട്ടിട നിര്‍മ്മാണ വിദഗ്ധനെയാണ്(Architect) അയാളുടെ നിഗമന പ്രകാരം കോടികണക്കിന് രൂപാ ഉണ്ടാക്കാവുന്ന ഇരുനിലയെങ്കിലുമുള്ള ഒരു മഹാസൗധം പണിയാന്‍ ശങ്കര്‍ലാല്‍ തീരുമാനിച്ചു. പറമ്പിന്റെ പിന്നിലുള്ള പുഴ, കെട്ടിടത്തിന് വലിയ അലങ്കാരമായിരിയ്ക്കും. ശങ്കരലാലിന്റെ പലതരം ഉദ്യോഗസ്ഥര്‍ പറമ്പു കാണാന്‍ വന്നു. അവരുടെ ചോദ്യങ്ങല്‍ക്ക് ഉത്തരം പറഞ്ഞു, ശുഭയുടെ അച്ഛനും, അമ്മയും, ശുഭയും തന്നെ മരവിയ്ക്കാന്‍ തുടങ്ങി. താന്‍ കഷ്ടപ്പെട്ടു വിളഭൂമിയാക്കിയ പറമ്പ്, ഒരു കോണ്‍ക്രീറ്റ് കോട്ടയായി മാറുന്നതു ഭാവനയില്‍ തന്നെ അച്ഛന് വിറങ്ങലുണ്ടാക്കി. തന്നെ രജിസ്റ്റാറുടെ ഓഫീസ്സിലേക്കു കൊണ്ടു പോകാന്‍ വന്ന ശങ്കര്‍ലാലിനെ ബഹുമാനിച്ച് സ്വീകരണ മുറിയില്‍ ഇരുത്തി. അയാള്‍ പറഞ്ഞു. മലബാറില്‍ പോയവരൊക്കെ വലിയ പണക്കാരായി. പോകുന്നതു നല്ലതാണ്. മകള്‍ക്കു നല്ല ഭര്‍ത്താവിനേയും കിട്ടും. അപ്പോള്‍ ശുഭ മുറിയ്ക്കകത്തു നിന്നു വെളിയിലേക്കു വന്ന് ശങ്കരലാലിനോടു പറഞ്ഞു:
ഞങ്ങള്‍ സ്ഥലം വില്‍ക്കുന്നില്ല. ഞങ്ങള്‍ സ്വന്തം നാട് വിട്ട് എങ്ങും പോകുന്നില്ല. കൂടാതെ, ഫ്രാന്‍സില്‍ ജോലിയ്ക്കു പോകാന്‍ ആരുടേയും അനുവാദം വേണ്ട, തന്റേടത്തോടുകൂടിയ ശുഭയുടെ ശബ്ദം കേട്ട് അച്ഛനും അമ്മയും തന്നെ അത്ഭുതപ്പെട്ടു.

ശുഭ തുടര്‍ന്നു:
'എന്റെ പൂര്‍വ്വീകര്‍ ഇവിടെയാണ് ജനിച്ചതും മറിച്ചതും.' വീടിന്റെ മുന്‍വശത്തെ തുളസി തറയില്‍ ചൂണ്ടി അവള്‍ പറഞ്ഞു:
'അവരുടെ ചിതാഭസ്മം ഈ തുളസിതറയില്‍ ഉണ്ട്. അവരെ വന്ദിച്ചിട്ടാണ്, എന്നും ഞാന്‍ നൃത്തം ചെയ്യുന്നത്. കൂടാതെ, എന്റെ അച്ഛന്‍ വച്ചു പിടിപ്പിച്ച എല്ലാ വൃക്ഷങ്ങളും എനിയ്ക്കു ദിവ്യമാണ്.

അവളുടെ ധീരവും ദൃഢവും ആയ വാക്കുകള്‍ കേട്ട് ശങ്കര്‍ലാലും അനുയായികളും സ്തംഭിച്ചു പോയി. അവര്‍ മെല്ലെ പടിയിറങ്ങി.

പിറ്റേ ദിവസം വീടിനു പുറകില്‍, ശുഭയ്ക്കു നൃത്തം പഠിപ്പിക്കാന്‍ ഉള്ള ഒരു ഷെഡ്ഡിന്റെ പണി തുടങ്ങി.
മോഹിനിയാട്ടക്കാര്‍ ( ഏ.കെ.ബി.പിള്ള)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക