Image

ക്രിസ് കരള്‍ പകുത്തു നല്‍കി, ഹേദറിനെ ജീവിത സഖിയാക്കി

Published on 27 October, 2016
ക്രിസ് കരള്‍ പകുത്തു നല്‍കി, ഹേദറിനെ ജീവിത സഖിയാക്കി
ചിക്കാഗോ: ഇതൊരു അസാധാരണമായ പ്രണയസാഫല്യമാണ്. ക്രിസ് ഡെംപ്‌സിയുടെയും ഹേദര്‍ ക്രൂഗെറുടെയും. അവര്‍ ഒരുമിച്ചത് കാന്‍സര്‍ രോഗത്തിന്റെ നൂല്‍പ്പാലത്തിലൂടെയാണ്. ഇരുവരും തികച്ചും അപരിചിതരായിരുന്നു. പക്ഷേ ഉത്തമ ജോഡിയായി, അസുഖത്തിലും ആരോഗ്യത്തിലും. 27കാരിയായ ഹേദര്‍ ക്രൂഗെര്‍ ലിവര്‍ കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. ക്രിസ് ആകട്ടെ ഇല്ലിനോയി ഫ്രാങ്ക്‌ഫോര്‍ട്ടില്‍ നേവിയിലെ കോഡ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസറും.

ഒരിക്കല്‍ തന്റെ സഹജോലിക്കാരായ രണ്ടു പേര്‍ തമ്മിലുള്ള സംഭാഷണം ക്രിസ് ഡെംപ്‌സി യാദൃശ്ചികമായി കേള്‍ക്കുവാനിടയായി. തന്റെ ഒരു കസിന് ഗുരുതരമായ ലിവര്‍ കാന്‍സറാണെന്നും ഉടന്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായില്ലെങ്കില്‍ മരണം നിശ്ചയമാണെന്നുമാണ് ഒരു ഓഫീസര്‍ കൂട്ടുകാരനോട് പറഞ്ഞത്. ഇതു കേട്ടയുടന്‍ മനുഷ്യസ്‌നേഹിയായ ക്രിസ് തന്റെ കരള്‍ പകുത്ത് നല്‍കാമെന്നും ടെസ്റ്റിനുള്ള ഏര്‍പ്പാടുകള്‍ വേഗം ചെയ്യണമെന്നും സഹപ്രവര്‍ത്തകരോട് പറഞ്ഞു. “നാലു വര്‍ഷമായി ഞാന്‍ നീലസാഗരത്തിനു നടുവില്‍ നേവി ഉദ്യോഗസ്ഥനായിട്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരിക്കലും ഒളിച്ചോടാനാവില്ലെന്ന വലിയ അറിവ് എനിക്കവിടുന്ന് കിട്ടി. ഇപ്പോള്‍ ഞാന്‍ എന്നോട് തന്നെ പറയുന്നു. എനിക്കവരെ സഹായിക്കാനാവും. ഞാനിതാ സാന്ത്വനവുമായി പോവുകയാണ്...” ക്രിസ് പറഞ്ഞു.

ഇതിനിടെ ടെസ്റ്റുകള്‍ എല്ലാം നടത്തി. ക്രിസിന്റെ കരള്‍ ഹേദര്‍ക്ക് യോജിക്കുമെന്നായിരുന്നു ഫലം. അപരിചിതനായ ഒരാള്‍ തനിക്ക് കരള്‍ നല്‍കാന്‍ തയ്യാറായിരിക്കുന്നുവെന്നും അത് തന്റെ ശരീരത്തിന് യോജിക്കുമെന്നുമുള്ള വാര്‍ത്തകള്‍ ഹേദറിന്റെ ശുഭാപ്തി വിശ്വാസം വര്‍ദ്ധിപ്പിച്ചു. “ഈ ശുഭവാര്‍ത്ത ഫോണിലൂടെ കേട്ടയുടന്‍ ഞാന്‍ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു. ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സന്തോഷത്താല്‍ ഞങ്ങളിരുവരും കരയുകയായിരുന്നു. അദ്ദേഹത്തെ ഇതുവരെ കാണാന്‍ സാധിച്ചില്ലല്ലോ എന്നോര്‍ത്തുപോയി...” ഹേദര്‍ ഓപ്പറേഷനു മുമ്പ് പറഞ്ഞതിങ്ങനെ.

ഒടുവില്‍ ശസ്ത്രക്രിയയെപ്പറ്റി സംസാരിക്കാന്‍ ഇരുവരും ബന്ധുക്കളുടെയും ഡോക്ടര്‍മാരുടെയും സാന്നിധ്യത്തില്‍ ഉച്ചഭക്ഷണ മേശയ്ക്കപ്പുറവും ഇപ്പുറവുമായി ഇരുന്നു. അവര്‍ ഉള്ളുതുറന്ന് സംസാരിച്ചു. ഓപ്പറേഷന്‍ തീയതി അടുക്കുന്തോറും ക്രിസും ഹേദറും തമ്മിലുളള സൗഹൃദം കൂടുതല്‍ ഊഷ്മളമായിക്കൊണ്ടിരുന്നു. പക്ഷേ ക്രിസിന്റെ അമ്മയ്ക്ക് അല്പം ആശങ്കയുണ്ടായിരുന്നു. ഒരു പരിചയവുമില്ലാത്ത പെണ്ണിനു വേണ്ടി സ്വന്തം കരള്‍ മുറിച്ചു കൊടുക്കുന്നതെന്തിനെന്ന് ക്രിസിന്റെ ബന്ധുമിത്രാദികളും ചോദിക്കാതിരുന്നില്ല. പക്ഷേ ആളുകളുടെയെല്ലാം മനോഭാവം പതുക്കെ മാറി. ക്രിസ് ചെയ്യുന്നത് മഹത്തായ ജീവകാരുണ്യപ്രവര്‍ത്തനമാണെന്നവര്‍ തിരുത്തിപ്പറഞ്ഞു. 

അങ്ങനെ 2015 മാര്‍ച്ച് 16ന് ക്രിസും ഹേദറും ഇല്ലിനോയി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഓപ്പറേഷന് വിധേയരായി. എട്ടു മണിക്കൂര്‍ നേരത്തെ ഓപ്പറേഷന്‍ വിജയകരമായിരുന്നു. ഓപ്പറേഷന് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം ഗാഢമായി. ഒടുവില്‍ അവര്‍ തിരിച്ചറിഞ്ഞു, പിരിയാനാവാത്ത വിധം തങ്ങള്‍ പ്രണയത്തിലാണെന്ന യാഥാര്‍ത്ഥ്യം. തികച്ചും അസാധാരണമായ സാഹചര്യത്തില്‍ പരസ്പരം ഇഷ്ടപ്പെട്ട ക്രിസും ഹേദറും ഈ ഒക്‌ടോബര്‍ ആദ്യമാണ് വിവാഹിതരായത്.

“ഞാന്‍ കണ്ടിട്ടുള്ളതിലും കേട്ടിട്ടുള്ളതിലും വച്ച് അവിശ്വസനീയനായ പുരുഷനാണ് ക്രിസ് . നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നു. എല്ലാ ദിവസവും എന്നില്‍ വിസ്മയ വികാരങ്ങളുണര്‍ത്തുന്നു. ക്രിസ്... നിങ്ങള്‍ കാരണം എനിക്ക് ചിരിക്കാം, എനിക്ക് സന്തോഷിക്കാം, വീണ്ടും സ്വപ്നങ്ങള്‍ കാണുകയും ചെയ്യാം...” മധുവിധു ദിനങ്ങളില്‍ ഹേദര്‍ പറഞ്ഞപ്പോള്‍... “ഹേദര്‍, ആകാശ നീലിമയില്‍ നിന്നൊരു മാലാഖ നിന്നെയെന്നും സൗഖ്യത്തിന്റെ കണ്ണുകളുമായി നോക്കുന്നുണ്ട്...” എന്നായിരുന്നു ക്രിസിന്റെ പ്രണയസുരഭിലമായ മറുപടി.

ക്രിസ് കരള്‍ പകുത്തു നല്‍കി, ഹേദറിനെ ജീവിത സഖിയാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക