Image

ഹിലരിയുടെ ചിരിയും ട്രംപിന്റെ ചിന്തയും (പകല്‍ക്കിനാവ്-23 - ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 25 October, 2016
ഹിലരിയുടെ ചിരിയും ട്രംപിന്റെ ചിന്തയും (പകല്‍ക്കിനാവ്-23 - ജോര്‍ജ് തുമ്പയില്‍)
അമേരിക്കന്‍ തെരഞ്ഞെടുപ്പ് തന്നെ ലോകത്തെവിടെയുമുള്ള വിഷയം. ട്രംപും ഹിലരിയും തമ്മില്‍ പരസ്പരം ഏറ്റുമുട്ടുന്ന മത്സരത്തില്‍ ഇതുവരെയുള്ള ഫലസൂചിക നോക്കിയാല്‍ ട്രംപ് വളരെയധികം പിന്നിലാണ്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്നു ചോദിച്ചാല്‍ ഹിലരിക്കുള്ള സാധ്യത തുലോം വിരളവുമാണ്. അതെന്താണ് അങ്ങനെ. അത് അങ്ങനെയാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ കണ്ടില്ലാത്ത വിധത്തിലുള്ള അപൂര്‍വ്വമായ തെരഞ്ഞെടുപ്പിനാണ് നവംബര്‍ ആദ്യ ആഴ്ച സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഡൊണാള്‍ഡ് ട്രംപ് എന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്കെതിരേ മത്സരിക്കുന്ന ഹിലരി അമേരിക്കയിലെ പ്രഥമ വനിതയായിരുന്നു, ഏതാണ്ട് എട്ടുവര്‍ഷത്തോളം. ബരാക്ക് ഒമാബയ്ക്ക് മുന്നേ അമേരിക്കന്‍ പ്രസിഡന്റായി ഉയര്‍ന്നു വരേണ്ടയാളുമായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷം പരിഗണിച്ച് 2008-ല്‍ ഹിലരി മാറിക്കൊടുത്ത ഒഴിവിലാണ് അന്ന് ഒബാമ വിജയിച്ചു കയറി വന്നത്. ഇന്ന് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ഹിലരിക്ക് എതിരാളികളില്ല. കാര്യങ്ങളെല്ലാം അനുകൂലം. മുഖ്യ എതിരാളിയായി ഡൊളാണ്‍ഡ് ട്രംപ് തൊടുന്നതെല്ലാം പിഴക്കുന്നു. എന്നാലും ട്രംപിന് തന്നെ സാധ്യതയെന്നാണ് നിരീക്ഷകമതം. അതെന്താണ് അങ്ങനെ?
 
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കാര്യം വച്ചു നോക്കിയാല്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല. സെനറ്റില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയാണെങ്കിലും കോണ്‍ഗ്രസിന്റെ ജനപ്രതിനിധി സഭയിലും സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ സ്ഥാനത്തിലും സംസ്ഥാനങ്ങളിലെ പ്രതിനിധി സഭകളിലും പാര്‍ട്ടി ന്യൂനപക്ഷമാണ്. അതു തന്നെയാണ് ഹിലരി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും. ഇതിനെ മറികടക്കാനുള്ള ഹിലരിയുടെ ശ്രമമാണ് ഇപ്പോള്‍ ചിരിയായി ടിവി-യില്‍ നിറയുന്നത്. പൗരസ്വാതന്ത്ര്യം, സാമൂഹിക സ്വാതന്ത്ര്യം, തുല്യാവകാശം, ഉത്തരവാദിത്ത സമ്പദ് വ്യവസ്ഥ, സര്‍ക്കാര്‍ ഇടപെടലുകള്‍ക്കു സാധ്യതയുള്ള വാണിജ്യനയം എന്നിവയാണ് ഹിലരിക്കു വേണ്ടി പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍. അടിയന്തര ഘട്ടങ്ങളില്‍ ഉയര്‍ന്ന വരുമാനക്കാരില്‍ നിന്നും കൂടുതല്‍ നികുതി ഈടാക്കി ദാരിദ്ര്യവും സാമൂഹിക അസന്തുലിതാവസ്ഥയും ഇല്ലാതാക്കുക സര്‍ക്കാരിന്റെ ധര്‍മ്മമാണെന്നും പാര്‍ട്ടിയും ഹിലരിയും വിശ്വസിക്കുന്നു. ഇതൊക്കെയും ന്യൂനപക്ഷത്തെ ഭൂരിപക്ഷമാക്കാനുള്ള ശ്രമമാണ്.

1830കളിലാണ് 'ഡെമോക്രാറ്റിക് പാര്‍ട്ടി' എന്ന പേര് പ്രയോഗത്തില്‍ വന്നു തുടങ്ങിയതെങ്കിലും പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ തോമസ് ജെഫേഴ്‌സണ്‍ സ്ഥാപിച്ച ഡെമോക്രാറ്റിക്‌റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പിന്തുടര്‍ച്ചയാണ് തങ്ങളെന്ന് ഡെമോക്രാറ്റുകള്‍ അവകാശപ്പെടുന്നു. 1896ല്‍ വില്യം ജെന്നിങ്‌സ് ബ്രയാന്‍ നേതൃസ്ഥാനത്തെത്തിയതു മുതല്‍ സാമ്പത്തിക കാര്യങ്ങളിലും മറ്റും റിപബ്ലിക്കന്‍ പാര്‍ട്ടിയുടേതിനേക്കാള്‍ ഇടതുപക്ഷ നിലപാടാണ് ഡെമോക്രാറ്റുകള്‍ സ്വീകരിക്കുന്നത്. ഫ്രാങ്ക്‌ലിന്‍ ഡി. റൂസ്‌വെല്‍റ്റിന്റെ നേതൃകാലത്താണ് പാര്‍ട്ടി മുറുകെപ്പിടിക്കുന്ന വ്യക്തിസ്വാതന്ത്ര്യവാദം, തൊഴില്‍വര്‍ഗ്ഗാഭിമുഖ്യം തുടങ്ങിയ നിലപാടുകള്‍ സ്വാംശീകരിക്കപ്പെട്ടത്. 1960കളിലെ പൗരാവകാശ പ്രസ്ഥാനത്തിന്റെ അനുരണനങ്ങളും പാര്‍ട്ടി നയങ്ങളില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വിയറ്റ്‌നാം യുദ്ധകാലം മുതല്‍ വിദേശ സൈനിക ഇടപെടലുകളുടെ കാര്യത്തില്‍ പാര്‍ട്ടി രണ്ടു തട്ടിലാണ്. ബില്‍ ക്ലിന്റണ്‍ നേതൃത്വത്തിലെത്തിയ 1990കള്‍ മുതലിങ്ങോട്ട് രാഷ്ട്രീയ തത്ത്വസംഹിതകളില്‍ കടുംപിടുത്തം കാട്ടാത്ത മധ്യവര്‍ത്തി നയമാണ് പാര്‍ട്ടി പൊതുവേ പിന്തുടരുന്നത്.
 
പഴയ കോണ്‍ഫെഡറസിയില്‍ അംഗങ്ങളായിരുന്ന തെക്കന്‍ സംസ്ഥാനങ്ങളായിരുന്നു ഒരുകാലത്ത് ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രങ്ങള്‍. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ ഭൂരിഭാഗവും പിന്നീട് റിപബ്ലിക്കന്മാരുടെ നിയന്ത്രണത്തിലായി. നിലവില്‍ വടക്കു കിഴക്ക്, കാലിഫോര്‍ണിയ ഉള്‍പ്പെടുന്ന പസഫിക് തീരം, ഗ്രേറ്റ് ലേക്ക്‌സ് പ്രദേശങ്ങള്‍, മധ്യപശ്ചിമ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് പാര്‍ട്ടിയുടെ അടിത്തറ ശക്തമായിട്ടുള്ളത്. സമീപകാലത്ത് വിര്‍ജീനിയ, അര്‍ക്കന്‍സാസ്, ഫ്‌ളോറിഡ എന്നീ തെക്കന്‍ സംസ്ഥാനങ്ങളിലും, കൊളറാഡോ, മൊണ്ടാന എന്നീ സംസ്ഥാനങ്ങളിലും പാര്‍ട്ടി നിലമെച്ചപ്പെടുത്തിയിട്ടുണ്ട്. ന്യൂയോര്‍ക്ക് സിറ്റി, ലോസ്ഏഞ്ചലസ്, ഷിക്കാഗോ, ഫിലഡല്‍ഫിയ, ഡിട്രോയിറ്റ്, സാന്‍ ഫ്രാന്‍സിസ്‌കോ, ഡാലസ്, ബോസ്റ്റണ്‍ തുടങ്ങിയിടങ്ങള്‍ ഹിലരി കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നു പറയാം.

കര്‍ഷകര്‍, തൊഴിലാളികള്‍, തൊഴിലാളി സംഘടനകള്‍, മതവംശീയ ന്യൂനപക്ഷങ്ങള്‍ എന്നിവരോട് ആഭിമുഖ്യം പുലര്‍ത്തുന്ന പാര്‍ട്ടി നിയന്ത്രണങ്ങളില്ലാത്ത സമ്പദ്‌വ്യവസ്ഥയ്ക്ക് എതിരാണ്. 1930കള്‍ മുതല്‍ സാധുജനങ്ങള്‍ക്കായുള്ള ക്ഷേമപദ്ധതികള്‍ക്കുവേണ്ടി പാര്‍ട്ടി വാദിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തില്‍ തൊഴില്‍ സംഘടനകളായിരുന്നു പാര്‍ട്ടി നയങ്ങളില്‍ സ്വാധീനം ചെലുത്തിയിരുന്നത്. 1960കളില്‍ ശക്തിപ്പെട്ട ആഫ്രിക്കന്‍-അമേരിക്കന്‍ വിഭാഗവും 1970കള്‍ക്കു ശേഷം സജീവമായ പരിസ്ഥിതി വാദികളും പാര്‍ട്ടിയുടെ ആശയ സംഹിതകളില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.

ഇനി ആരാണ് ഹിലരി എന്നു കൂടി നോക്കാം... 
ഹിലരി ഡെയ്ന്‍ റോഡം ക്ലിന്റണ്‍ (ഒക്ടോബര്‍ 26, 1947) എന്ന ഹിലരി അമേരിക്കന്‍ സെനറ്റംഗവും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സജീവ അംഗവുമാണ്. അമേരിക്കയുടെ 42-ാമതു പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്റെ പത്‌നി. 1993 മുതല്‍ 2001 വരെ അമേരിക്കയുടെ പ്രഥമ വനിത. 2000ല്‍ അമേരിക്കന്‍ സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടയാള്‍. പ്രഥമ വനിതയായിരിക്കെ ഏതെങ്കിലും നിയമനിര്‍മ്മാണ സഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെയാള്‍ എന്ന അപൂര്‍വ നേട്ടത്തിനുടമ. ന്യൂയോര്‍ക്ക് സംസ്ഥാനത്തു നിന്നുള്ള ആദ്യത്തെ വനിതാ സെനറ്റര്‍. അഭിഭാഷക. 2006ല്‍ സെനറ്റിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടയാള്‍. ഒപ്പം, 2008ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനുവരി 20നു സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചയാള്‍. എന്നാല്‍, 2008 ജൂണ്‍ 7ന്, പ്രൈമറി തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഡെലിഗേറ്റുകളുടെ പിന്തുണ ലഭിച്ച ബറാക്ക് ഒബാമയ്ക്കു വേണ്ടി മാറി കൊടുത്തയാള്‍. ഇതിനൊക്കെയും പുറമേ, മോണിക്ക ലെവിന്‍സ്‌ക്കിയോടും ഭര്‍ത്താവ് ബില്‍ ക്ലിന്റനോടും ക്ഷമിച്ച, സ്ത്രീ! അങ്ങനെയുള്ളയാളാണ് അമേരിക്ക എന്ന ലോക പോലീസിനെ നയിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നത് യു.എസ്.ഇലക്ടറല്‍ കോളേജ് ആണ്. യു.എസ് ഇലക്ടറല്‍ കോളേജ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് അമേരിക്കന്‍ പൗരന്മാര്‍ ബാലറ്റ് വഴി വോട്ട് ചെയ്താണ്. ഇലക്ടറല്‍ കോളേജില്‍ ഏതെങ്കിലും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കും കേവല ഭൂരിപക്ഷം ലഭിച്ചാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ അമേരിക്കയുടെ ജനപ്രാതിനിത്യസഭ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. അതാണ് കീഴ് വഴക്കം. 1845 മുതല്‍ നവമ്പര്‍ മാസത്തിലെ ഒനാമത്തെ തിങ്കളാഴ്ച കഴിഞ്ഞുള്ള ചൊവാഴ്ച്ച ആണ് തിരഞ്ഞെടുപ്പ് ദിവസം. അതാണ് അടുത്തു വരുന്നത്. മുന്‍പു പറഞ്ഞതു പോലെ, ഹിലരിയുടെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. സെനറ്റില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയെങ്കിലും എല്ലാ സഭകളിലും പാര്‍ട്ടി ന്യൂനപക്ഷമാണ്. അങ്ങനെയുള്ള ഒരു പാര്‍ട്ടി ഇപ്പോഴത്തെ അവസ്ഥയില്‍ ജയിച്ചു കയറിയാല്‍ അതൊരു അത്ഭുതമായിരിക്കുമെന്നു പറയാതെ വയ്യ!

(ഈ ലേഖനം വായിച്ച് ഏതെങ്കിലും തരത്തില്‍ ട്രംപിന്റെയോ ഹിലരിയുടെയോ ആളാണ് ഞാനെന്നും അവരെ ഏതെങ്കിലും വിധത്തില്‍ പ്രൊമോട്ട് ചെയ്യുന്നുവെന്നും തെറ്റിദ്ധരിച്ചാല്‍ ലേഖകനോ പ്രസിദ്ധീകരണമോ ഉത്തരവാദിയല്ലെന്നു അറിയിക്കുന്നു)


ജോര്‍ജ് തുമ്പയില്‍

ഹിലരിയുടെ ചിരിയും ട്രംപിന്റെ ചിന്തയും (പകല്‍ക്കിനാവ്-23 - ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക