Image

മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ: അദ്ധ്യായം - 10- സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)

Published on 27 October, 2016
മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ: അദ്ധ്യായം - 10- സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
പിറ്റെദിവസം രാവിലെ സൂസമ്മ കണ്ണു തുറന്നപ്പോള്‍, താന്‍ ഏതോ അജ്ഞാതതുരുത്തില്‍ അകപ്പെട്ട പ്രതീതിയാണ് അവള്‍ക്കനുഭവപ്പെട്ടത്. വീതിയേറിയ കട്ടിലില്‍ അര്‍ദ്ധനഗ്നയായി കിടക്കുന്ന തനിക്ക് എന്താണു സംഭവിച്ചത്. ഒരു സ്ത്രീയുടെ ജീവിതത്തില്‍, ഏറ്റം മൂല്യമായത് അവള്‍ അറിയാതെ ആരോ കവര്‍ന്നെടുത്തിരിക്കുന്നു. അടുത്തു കിടന്നിരുന്ന കിടക്ക വിരിയെടുത്ത് അവള്‍ അവളെത്തന്നെ അതില്‍ പൊതിഞ്ഞു. ഉറച്ചൊന്നു കരയാന്‍ പോലും സാധിക്കുന്നില്ല. ആകെ ഒരു മരവിപ്പ്. തീരെ പ്രതീക്ഷിക്കാത്ത, ഒരിക്കലും ആഗ്രഹിക്കാത്ത ചുറ്റുപാടില്‍ താന്‍ എത്തിപ്പെട്ടിരിക്കുന്നു. ഇനി എവിടേയ്ക്ക്. ഈ ഭൂമി പിളര്‍ന്നു തന്നെ വിഴുങ്ങിയിരുന്നെങ്കില്‍?

ചുറ്റും കനത്ത നിശബ്ദത. അയാള്‍ എവിടെ? താന്‍ ഇനി എന്താണു ചെയ്യേണ്ടത്? ആത്മഹത്യയോ. തന്റെ വളര്‍ച്ചയും ഉന്നതിയും ലക്ഷ്യമാക്കി കാത്തിരിക്കുന്ന നിഷ്ക്കളങ്കരായ മാതാപിതാക്കള്‍. ഒരു നല്ല ഭാവി സ്വപ്നം കണ്ടുകൊണ്ട് കഴിയുന്ന കൗമാരക്കാരിയായ കുഞ്ഞനുജത്തി. അവര്‍ക്ക് ആശ്രയം താന്‍ മാത്രമല്ലേ. എല്ലാറ്റിനും ഉപരിയായി താന്‍ അടിയുറച്ചു വിശ്വസിക്കുന്ന, തന്നെ കാത്തുപരിപാലിക്കുന്ന സര്‍വ്വശക്തനായ ദൈവം. ആത്മഹത്യ പാപമെന്നു ചെറുപ്പം മുതല്‍ തന്നേ താന്‍ വിശ്വസിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് തന്റെ അയല്ക്കാരന്‍, ജോസുകുട്ടി കെട്ടിത്തുങ്ങി ആത്മഹത്യ ചെയ്തപ്പോള്‍ അവന്റെ ശവസംസ്ക്കാരം പള്ളിയുടെ പ്രധാന സെമിത്തേരിയില്‍ നടത്തിയില്ല. പകരം ശവക്കോട്ടയ്ക്കു താഴെയുള്ള തെമ്മാടിക്കുഴിയില്‍ നടത്തിയത് വേദനയോടെ എന്നും സ്മരിക്കാറുണ്ട്.

പലവിധ ചിന്തകളില്‍ കിടക്കുമ്പോള്‍ മുറിയുടെ വാതില്‍ ആരോ തുറക്കുന്ന ശബ്ദം. മറ്റാരുമല്ല, താനും തന്റെ മാതാപിതാക്കളും ബഹുമാനപൂര്‍വ്വം സ്‌നേഹിക്കുന്ന അങ്കിള്‍ ഒരു പുഞ്ചിരിയുമായി മുന്നില്‍.
അങ്കിള്‍:- ""ആഹാ മോള്‍ ഇനി ഉണര്‍ന്നില്ലേ. നമുക്കു പോകണ്ടേ? ഇതാ ഞാന്‍ മോള്‍ക്കു പ്രഭാതഭക്ഷണം കൊണ്ടുവന്നിട്ടുണ്ട്. എഴുന്നേല്ക്കൂ.''

അയാളെ കഴുത്തറുത്തു കൊല്ലാനുള്ള വെറുപ്പ് തോന്നി. എന്നാല്‍ പൊട്ടിക്കരയാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.

അങ്കിള്‍:- ""സൂസമ്മേ എന്താണിത്. ഇന്നലെ പുറത്തുപോയ വഴി ഒരത്യാവശ്യം ഉണ്ടായി. തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സോറി മോളെ.''

അവള്‍ക്കു ജീവിതം തുടരാതെ നിവൃത്തിയില്ലല്ലോ. അയാള്‍ മുറിവിട്ടുപോയി. അവള്‍ എഴുന്നേറ്റു പ്രഭാതകൃത്യങ്ങള്‍ എല്ലാം ആരംഭിച്ചു. ശരീരത്തില്‍ എവിടെ എല്ലാമോ വേദന. ഡ്രസ്സു ചെയ്തു പുറത്തുവന്നു. അയാള്‍ കൊണ്ടു വന്ന ആഹാരം മേശപ്പുറത്തു നിറയെ.

അവള്‍ ഒരു ഗ്ലാസുവെള്ളം മാത്രം കുടിച്ചു. യാത്രയ്‌ക്കൊരുങ്ങി. ആരും ഒന്നും ശബ്ദിച്ചില്ല. അയാള്‍ അവളോടൊപ്പം മുറു പൂട്ടി പുറത്തിറങ്ങി. ആദ്യം കണ്ട ടാക്‌സിയില്‍ റെയില്‍വേ സ്റ്റേഷനിലേക്ക്. അവളുടെ ആശുപത്രി ലക്ഷ്യമാക്കി ട്രയിന്‍ കയറി. അരമണിക്കൂറിനുള്ളില്‍ അവള്‍ക്കു ഇറങ്ങേണ്ട സ്റ്റേഷനെത്തി. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അവള്‍ മാത്രം അവളുടെ ഹോസ്റ്റലിലെത്തി. സെലീനയെക്കാണാന്‍ അയാള്‍ തയ്യാറായിരുന്നില്ല. അയാള്‍ നാട്ടില്‍ പോയതും സൂസമ്മയുമൊത്തു തിരിച്ചുവന്നതും ഒന്നും സെലീനാ അറിയരുത് എന്നയാള്‍ ആഗ്രഹിച്ചു. സൂസമ്മ ടാക്‌സിയില്‍ നിന്നും ഇറങ്ങുന്നതിനുമുമ്പ് അയാള്‍ ആ വിഷയം അവളോടു ഒരു താക്കീതു രൂപത്തില്‍ അറിയിക്കുകയും ചെയ്തു.

ഒരു ദിവസം താമസിച്ചെത്തിയ സൂസമ്മ ആഫീസിലെത്തി തീവണ്ടി മിസ്സു ചെയ്തു എന്ന കാരണം കൊടുത്തു രക്ഷപ്പെട്ടു. ക്ഷീണിതയായിക്കണ്ട അവള്‍ക്കു അന്നുകൂടി അവധി അനുവദിച്ചു. സെലീനയും കൊച്ചുറാണിയും അവര്‍ക്കുവേണ്ട ആഹാരം മുറിയിലെത്തിച്ചു. സൂസമ്മയ മൗനിയായിരുന്നു. യാത്രാക്ഷീണമായിരിക്കുമെന്നു കൂട്ടുകാരികള്‍ വിശ്വസിച്ചു.

പിറ്റെദിവസം അവള്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചു. ശരീരക്ഷീണം മാറി വരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി മനസ്സിനേറ്റ മുറുവ്, താന്‍ വിശ്വസിച്ചു ബഹുമാനിച്ച ആളില്‍നിന്നും നേരിട്ട അതിക്രൂരമായ വഞ്ചന, അതവളെ ഒരു മാനസ്സികരോഗിയാക്കുമെന്ന് അവള്‍ ഭയന്നു. ദിവസങ്ങള്‍ മുന്നോട്ടുപോയി, ആഴ്ചകളും.

തന്നില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിക്കുന്നതായി അവള്‍ക്കനുഭവപ്പെട്ടു തുടങ്ങി. അതെ, താന്‍ ഗര്‍ഭിണിയാണോ, മുറ തെറ്റിയിരിക്കുന്നു. ഇനി എന്തു ചെയ്യണം. കൂട്ടുകാരികളോടു തനിക്കു പറ്റിയ ചതിയെപ്പറ്റി പറഞ്ഞാലോ. പക്ഷെ അവര്‍ തന്നെ വിശ്വസിക്കുമോ. തന്റെ അനുവാദത്തോടെയാണ് ഇതെല്ലാം സംഭവിച്ചതെന്നു കരുതുമോ. ദൈവമെ, ഇനി എന്താണു താന്‍ ചെയ്യേണ്ടത്. വേദനയും മാനസ്സിക സംഘര്‍ഷങ്ങളും നിറഞ്ഞ ദിവസങ്ങള്‍ ഒരു ദിവസം ഡ്യൂട്ടിയില്‍ തലകറങ്ങിവീണ സൂസമ്മയെ പരിശോധിച്ച ഡോക്ടര്‍ ആ സത്യം വെളിപ്പെടുത്തി. അവള്‍ മൂന്നുമാസം ഗര്‍ഭിണി ആണ്. കാട്ടുതീ പോലെ ആ വാര്‍ത്ത കാമ്പസില്‍ പരന്നു. അവിഹിതഗര്‍ഭം പേറുന്ന സൂസമ്മ നിയമങ്ങള്‍ക്കു വിരുദ്ധമായി പെരുമാറിയ സൂസമ്മയെ ശിക്ഷിക്കാതെ നിവൃത്തിയില്ല. അവള്‍ സെലീനായുടെ അങ്കിളിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു. തന്റെ വിധി നിര്‍ണ്ണയിക്കപ്പെട്ടു. അവളെ ആശുപത്രിയില്‍ നിന്നും പുറത്താക്കപ്പെട്ടു. അങ്കിളിന്റെ മേല്‍വിലാസമെഴുതിയ ഒരു കൊച്ചുഡയറി അവളുടെ പക്കലുണ്ട്. അതുമാത്രമാണവള്‍ക്കാശ്രയം. കൈയ്യില്‍ ഒരു സൂട്ട്‌കേസുമായി തലകുമ്പിട്ടു യാത്രയാകുന്ന തങ്ങളുടെ പ്രിയ കൂട്ടുകാരിയെ സെലീനയും കൊച്ചുറാണിയും നിസ്സഹായരായി, നിറകണ്ണുകളോടെ നോക്കിനിന്നു.

(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക