Image

ഡോ. വിനോദിന്റെയും കുടുംബത്തിന്റെയും ദുരന്തം: മലയാളി സമൂഹം ഒറ്റക്കെട്ടായി രംഗത്ത്

Published on 28 October, 2016
ഡോ. വിനോദിന്റെയും കുടുംബത്തിന്റെയും ദുരന്തം: മലയാളി സമൂഹം ഒറ്റക്കെട്ടായി രംഗത്ത്
ന്യു ജെഴ്‌സി: മക്കളെയും പേരക്കുട്ടിയേയും നഷ്ടപ്പെട്ട് തീരാദുഖത്തില്‍ കേരളത്തില്‍കഴിയുന്ന രണ്ടു കുടുംബങ്ങള്‍ക്ക് സാന്ത്വനവുമായി അമേരിക്കയിലെ മലയാളി സമൂഹം ഒറ്റക്കെട്ടായി അണി നിരന്നു. പടല പിണക്കങ്ങളും വ്യക്തിവൈരാഗ്യവും മുഖമുദ്രയായ സമൂഹം മഹാ ദുരന്തത്തിന്റെ തീവ്രദുഖമേറ്റു വാങ്ങിയപ്പോള്‍എന്തു സഹായത്തിനും തയ്യാറായി നില്‍ക്കുന്ന കാഴ്ച അപൂര്‍വാനുഭവമായി. മിക്കവര്‍ക്കും ഇത് സ്വന്തം കുടുംബത്തില്‍ നടന്ന വേര്‍പാട് പോലെയായി. 

തിങ്കളാഴ്ച രാത്രി ഹിത്സ്‌ബോറോ അപ്പാര്‍ട്ട്‌മെന്റിലൂണ്ടായ തീപിടുത്തത്തില്‍ മരിച്ച ശാസ്ത്രഞ്ജന്‍ ഡോ. വിനോദ് , ഭാര്യ ശ്രീജ, പുത്രി ആര്‍ദ്ര എന്നിവരുടെ മ്രുതദേഹങ്ങള്‍ വിട്ടു കിട്ടിയിട്ടില്ല. വിനോദിന്റെ ഫസ്റ്റ് കസിനായ മിനി നായറും ഭര്‍ത്താവ് മുരളി നായരും വെള്ളിയാഴ്ച രാവിലെ തന്നെ സോമര്‍സെറ്റ് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ എത്തി. ഈ ദുരന്തത്തേടര്‍ന്ന് സേവന പ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങിയ കേരള അസൊസിയേഷന്‍ ഓഫ് ന്യു ജെഴ്‌സിയുടേ (കാഞ്ച്) സെക്രട്ടറിസ്വപ്ന രാജേഷ്, അജിത്ത് ഹരിഹരന്‍ എന്നിവരും എത്തി.
പെന്‍സില്വെനിയയിലെ സ്‌ക്രാന്റണില്‍ കോളജ് അധ്യാപകരാണ് മിനി നായരും ഭര്‍ത്താവും. വിനോദിന്റെ അമ്മാവന്‍ ബാലയും കാലിഫോര്‍ണിയയില്‍ നിന്ന് എത്തിയിട്ടുണ്ട്.

ഡെന്റല്‍ റിക്കോര്‍ഡ് വച്ചാണു മ്രുതദേഹങ്ങള്‍ അധിക്രുതര്‍ തിരിച്ചറിഞ്ഞത്. ശ്രീജയുടെ പാസ്‌പോര്‍ട്ടിലെ പേരും ഡ്രൈവിംഗ് ലൈസന്‍സിലെ മിഡില്‍ നെയ്മും തമ്മിലെ വ്യത്യാസവും പ്രശ്‌നമായി.
മേഡിക്കല്‍ എക്‌സാമിനറുടേ പക്കലുള്ള മ്രുതദേഹംഉച്ചയോടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞ ശേഷം ഫ്യൂണറല്‍ ഹോമിലേക്ക് ഇന്നോ നാളെയോ മാറ്റാന്‍ കഴിയുമെന്നു കരുതുന്നു. അതിനു ശേഷമേ ഫ്യൂണറല്‍ സംബ്ന്ധിച്ചു തീരുമാനമാകൂ.

എന്തായാലും ക്രിമേഷന്‍ നടത്തി ചിതാ ഭസ്മം ലഭ്യമാക്കണമെന്നു ചേര്‍ത്തലയിലുള്ള വിനോദിന്റെയും തിരുവല്ല വളഞ്ഞവട്ടത്തുള്ള ശ്രീജയുടെയും വീട്ടുകാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഇരു വീടുകളില്‍ നിന്നും ആരും പെട്ടെന്നു വരാന്‍ പറ്റാത്ത അവസ്ഥയാണ്. ഏക പുത്രനും കുടുംബത്തിനുമൂണ്ടായ ദുര്‍വിധിയില്‍ തളര്‍ന്നു പോയ വിനോദിന്റെ മാതാപിതാക്കള്‍ ഇനിയും യാഥാര്‍ഥ്യത്തോടു പൂര്‍ണമായും പൊരുത്തപ്പെട്ടിട്ടില്ല. പിതാവ് ദാമോദരനെ ചികിത്സിക്കേണ്ടിയും വന്നു.
ഇമലയാളിയുടെ പ്രതിനിധി വളഞ്ഞവട്ടത്തെ ശ്രീജയുടെ വീട്ടിലെത്തിയപ്പോള്‍ തേങ്ങിക്കരയുന്ന അമ്മയേയും അനിയത്തിയേയും മറ്റു ബന്ധുക്കളെയുമാണു കണ്ടത്. ഇതൊരു അപകടമാണെന്നു വിശ്വസിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. ദുരൂഹമായ എന്തൊ ഒന്നു ഇതിനു പിന്നിലുണ്ടെന്നാണു ബന്ധുമിത്രാദികള്‍ കരുതുന്നത്.

മരണം എങ്ങനെ സംബവിച്ചു എന്നതിനെപറ്റി പോലീസ് അന്വേഷണം തുടരുനുണ്ട്. കാര്‍ബണ്‍ മോണോക്‌സീഡ് ശ്വസിച്ച് മൂവരും ബോധരഹിതരാകുകയും തീപിടുത്തം അറിയാതെ പോവുകയും ചെയ്തതായിരിക്കാമെന്നാണു ഒരു നിഗമനം. മികച്ച ഏറിയയില്‍ നല്ല അപ്പാര്‍ട്ട്മന്റ് കോപ്ലക്‌സിലാണു അവര്‍ താമസിച്ചിരുന്നത്. കാര്‍ബണ്‍ മോണോക്‌സൈഡിന്റെയൊ പുകയുടൊ ഒക്കെ അലാറം ശബ്ദിച്ചില്ലെ എന്നതും ചോദ്യമായി അവശേഷിക്കുന്നു.

തിങ്കളാഴ്ച രാത്രി സംഭവം നടന്നിട്ടും വ്യാഴാഴ്ച രാവിലെയാണ് ജനം വിവരം അറിഞ്ഞത്. മലയാളി സമൂഹം പര്‍സപരം കൂടുതല്‍ ബന്ധപ്പേടേണ്ടതിന്റെ ആവശ്യകതയാണൂ ഇത് ചൂണ്ടീക്കാട്ടുന്നതെന്നു വ്യാഴാഴ്ച രാത്രി നടത്തിയ ടെലി കോണ്‍ഫറന്‍സില്‍ പലരും ചൂണ്ടിക്കാട്ടി. സംഘടനകള്‍ അങ്ങോട്ടു ചെന്നു ആളുകളെ അംങ്ങളാക്കേണ്ടതുണ്ടെന്നും പലരും നിര്‍ദേശിച്ചു.

സംഭവം അറിഞ്ഞയുടന്‍ ഫോമാ മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്, ഇപ്പോഴത്തെ സെക്രട്ടറി ജിബി തോമസ് കാഞ്ച് പ്രസിഡന്റ് അലക്‌സ് മാത്യു, സെക്രട്ടറി സ്വപ്ന രാജേഷ്, അജിത്ത് ഹരിഹരന്‍, അറ്റോര്‍ണി രാം ചീരത്ത്, വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാക്കളായ തങ്കമണി അരവിന്ദന്‍, തോമസ് മൊട്ടക്കല്‍, ജോണ്‍ തോമസ്, അനില്‍ പുത്തഞ്ചിറ, പ്രസ് ക്ല്ബ് നിയുക്ത പ്രസിഡന്റ് മധു രാജന്‍, ബ്രിജേഷ് നായര്‍, ജി.കെ നായര്‍ തുടങ്ങി വലിയൊരു സമൂഹം തന്നെ മേല്‍ നടപടികള്‍ക്ക് സഹായവുമായി രംഗത്തു വന്നു. രാവിലെ തന്നെ ജിബി തോമസ് അധിക്രുതരുമായും മലയാളി നേതാക്കളുമായും നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നു
സ്വപ്ന രാജേഷിന്റെ നേത്രുത്വത്തില്‍ നടന്ന കോണ്‍ഫറന്‍സ് കോളില്‍ രാജ്യത്തിന്റെ നാനാ ഭാഗത്തു നിന്നുമായി നൂറില്പരം പേര്‍ പങ്കെടുത്തു. ഒരു കോണ്‍ഫറന്‍സ് കോള്‍ കൊണ്ട് ഈ കൂട്ടായ്മ അവസാനിക്കരുതെന്നും മലയാളി സമൂഹത്തില്‍ഭാവിയില്‍ ഉണ്ടാകാവുന്ന ഇത്തരം സംഭങ്ങള്‍ക്ക് സഹായഹസ്തവുമായി എത്താനുള്ള സ്ഥിരം സംവിധാനം തന്നെ വേണമെന്നും പലരും നിര്‍ദേശിച്ചു. ഫോമയുടെ ഹെല്പ് ലൈന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ജിബി തോമസ് ചൂണ്ടിക്കാട്ടി.

ഡോ. വിനോദിനു റട്ട്‌ഗേഴ്‌സ് യൂണിവേഷ്‌സിറ്റിയില്‍ നിന്നു ഇന്‍ഷുറന്‍സും മറ്റും ഉണ്ടെങ്കിലും വിശദ വിവരങ്ങള്‍ അറിയാത്ത സാഹചര്യത്തില്‍സംസ്‌കാര ചടങ്ങുകള്‍ക്കായി ഫണ്ട് സമാഹരിയക്കാനും തീരുമാനമായി. വിശദ വിവരങ്ങള്‍ തീരുമാനിച്ചിട്ടില്ല. ഇതിനകം തന്നെ ഡോ. മുഹമ്മദ് മജീദ് 1000 ഡോളര്‍ ഇതിനായി നല്‍കി. തുക നല്‍കാന്‍ കോണ്‍ഫറന്‍സ് കോളില്‍ എല്ലാവരും സന്നദ്ധത പ്രകടിപ്പിച്ചു. റട്ട്‌ഗേഴ്‌സിലെ സഹപ്രവര്‍ത്തക ദിവ്യയുടെ നേത്രുത്വ
ത്തില്‍ ഫണ്ട് സമാഹരിക്കാനും താപര്യം അറിയിച്ചു.

ന്യു യോര്‍ക്ക് കോണ്‍സുലേറ്റില്‍ പ്രൊസിക്യൂട്ടറുടെ ഓഫീസില്‍ നിന്നും വിവരം അറിയിച്ചു.ആവശ്യമായ എന്തു സഹായവും ചെയ്യാന്‍ തയ്യാറാണെന്നു കോണ്‍സുലെറ്റ് ഓഫീസില്‍ നിന്നു ദേവദാസന്‍ നായര്‍ അറിയ്ച്ചതായി അലക്‌സ് മാത്യുവിന്റെ വാട്ട്‌സാപ്പ് സന്ദേശത്തില്‍ പറയുന്നു.

see also
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക