Image

മലയാളത്തെ മനസില്‍ നിറച്ചു ന്യൂസിലന്‍ഡ് പ്രധാനമന്ത്രി മടങ്ങി

Published on 28 October, 2016
മലയാളത്തെ മനസില്‍ നിറച്ചു ന്യൂസിലന്‍ഡ് പ്രധാനമന്ത്രി മടങ്ങി


കൊച്ചി: മലയാളത്തിന്റെ ആതിഥ്യം നുകര്‍ന്നും മലയാളികളോടു നമസ്‌തേ പറഞ്ഞും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ ഫിലിപ്പ് കീ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെര്‍മിനല്‍ സന്ദര്‍ശിക്കാനെത്തിയ ജോണ്‍ കീ, കേരളത്തിലെത്താനായതില്‍ താന്‍ അതിയായി സന്തോഷിക്കുന്നുവെന്നു പറഞ്ഞു.

ഇന്നലെ വൈകുന്നേരം 5.10ന് ഡല്‍ഹിയില്‍നിന്നു റോയല്‍ ന്യൂസിലന്‍ഡ് എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തില്‍ എത്തിയ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയെ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന്‍, ഡയറക്ടര്‍ എ.സി.കെ. നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം. ഷബീര്‍ തുടങ്ങിയവര്‍ . ഏലയ്ക്കാമാലയണിയിച്ചു സ്വീകരിച്ചു.

അന്തിമഘട്ട നിര്‍മാണം നടക്കുന്ന വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെര്‍മിനല്‍ (ടി–3) അദ്ദേഹം സന്ദര്‍ശിച്ചു. ടെര്‍മിനലില്‍ ബാഗേജ് കൈകാര്യം ചെയ്യുന്നതിനു കണ്‍വെയര്‍ ബെല്‍റ്റുകളും എക്‌സ് റേ യന്ത്രങ്ങളും മറ്റ് അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിരിക്കുന്ന ന്യൂസിലന്‍ഡ് കമ്പനിയായ ഗ്ലൈഡ്പാത്തിന്റെ ക്ഷണം സ്വീകരിച്ചാണു ജോണ്‍കീ എത്തിയത്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഇന്‍ലൈന്‍ ബാഗേജ് ഹാന്‍ഡ്‌ലിംഗ് സംവിധാനത്തെക്കുറിച്ച് വി.ജെ. കുര്യനും ഗ്ലൈഡ്പാത്ത് ചെയര്‍മാന്‍ കെന്‍ സ്റ്റീവന്‍സണും ജോണ്‍ കീയോടു വിശദീകരിച്ചു.

കേരളത്തിന്റെ സാംസ്‌കാരികത്തനിമയുടെ പ്രതീകമായി നെറ്റിപ്പട്ടം കെട്ടിയ ആനയുടെ മരത്തില്‍ തീര്‍ത്ത ശില്പം ന്യൂസിലന്‍ഡ് പ്രധാനമന്ത്രിക്കു വി.ജെ. കുര്യന്‍ കൈമാറി. ആറന്മുള കണ്ണാടിയാണു ജോണ്‍ കീയുടെ പത്‌നി ബ്രൊണാഹ് കീയ്ക്കു സമ്മാനമായി നല്‍കിയത്.

ഇന്ത്യയിലെ ന്യൂസിലന്‍ഡ് ഹൈക്കമ്മീഷണര്‍ ഗ്രേയം മോര്‍ട്ടന്‍, ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജീവ് കോലി, ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം, അവിടുത്തെ വ്യവസായ, വാണിജ്യ, നയതന്ത്ര രംഗങ്ങളിലെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പടെ 81 അംഗ പ്രതിനിധി സംഘം ന്യൂസിലന്‍ഡ് പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. 6.30ന് ജോണ്‍ കീയും സംഘവും ഇന്തോനേഷ്യയിലേക്കു പുറപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക