Image

ഇവളൊരു 'ദുര്‍ഗ്ഗ' (ജ്യോതിലക്ഷ്മി സി. നമ്പ്യാര്‍)

Published on 29 October, 2016
ഇവളൊരു 'ദുര്‍ഗ്ഗ' (ജ്യോതിലക്ഷ്മി സി. നമ്പ്യാര്‍)
ഒന്നു രണ്ടു പ്രാവശ്യം മാറ്റി വച്ചു നോക്കി ഒന്നും ഒരു തൃപ്തി തോന്നിയില്ല പിന്നീട് നീളം വളരെ കുറഞ്ഞ, അടിവശം ചുരുണ്ട ഒരു കൃത്രിമ മുടിയെടുത്തവള്‍ തലയില്‍ വച്ചു. ഒരല്‍പം തൃപ്തി വന്നു. ചുണ്ടില്‍ ഒരല്‍പംകൂടി ചായം തേച്ചു മുന്നിലെ കുറച്ചു മുടിയെടുത്ത് കുറുനിരപോലെ നെറ്റിയിലേയ്ക്കിറക്കിയിട്ടു. ചാഞ്ഞും, ചെരിഞ്ഞും കണ്ണാടിയിലൊന്നുകൂടിനോക്കി. ഇട്ടിരിയ്ക്കുന്ന ഉടുപ്പൊന്നുകൂടീ വലിച്ചിറക്കി. കണ്തടങ്ങളെ വിരല്‌കൊണ്ട് വൃത്തിയാക്കി. തിരിഞ്ഞു കൈകെട്ടിനിന്നു അമ്മയോടു ചോദിച്ചു

"ഇപ്പോള്‍ എങ്ങിനെയുണ്ടെന്നെ കാണാന്‍? കൃത്രിമ മുടിയാണെന്നിപ്പോള്‍ തോന്നുന്നില്ലല്ലോ, അമ്മയുടെ മകള്‍ സുന്ദരിയല്ലേ?"

മൊബയില്‍ ഫോണില്‍ കണ്ണും നട്ടിരിയ്ക്കുകയാണെന്നു നടിച്ച അമ്മ മന്ദമായൊന്നു തലപൊക്കി കണ്‍പീലികള്‍കൊണ്‍ദു അടിമുടിയൊന്നു അവളെ ഉഴിഞ്ഞു അലസമായ മട്ടില്‍ മറുപടി പറഞ്ഞു " ആ കൊള്ളാം"

ഒരു വാശി കുട്ടിയെപ്പോലെ അവള്‍ പറഞ്ഞു "ഈ അമ്മ എപ്പോഴും ഇങ്ങിനെയാണ് കൃത്യമായ തുറന്ന ഒരു അഭിപ്രായം പറയില്ല"

ഒരു കൊച്ചു കുട്ടിയെപ്പോലെ എല്ലാം മറന്ന് അവള്‍ ഇങ്ങിനെ പെരുമാറുന്നത് മനപൂര്‍വ്വമാണോ എന്നൊന്നും പിടികിട്ടാതെ അലമുറയിടുന്ന മനസ്സിനെ കടിഞ്ഞാന്‍ ഇട്ട് നിയന്ത്രിച്ച് അമ്മ പറഞ്ഞു " അല്ല മോളേ നിനക്ക് തീര്‍ത്തും ചേരുന്നുണ്ട്"

ആകാശത്തിലൂടെ നീങ്ങി മറയുന്ന കാര്‍മേഘങ്ങളില്‍ പുതിയ കഥാപാത്രങ്ങളെ കണ്‍ദെത്തുന്നവള്‍, പാറിപറന്നു നടക്കുന്ന പലവര്‍ണ്ണ പൂമ്പാറ്റകളില്‍ തന്റെ ചങ്ങാതിമാരെ കണ്‍ദെത്തിയിരുന്നവള്‍! പൂക്കളുടെ സൌരഭ്യം പലപ്പോഴും അവളെ മദോന്മത്തയാക്കി, അവയുടെ പലവര്‍ണ്ണങ്ങള്‍ പലപ്പോഴും അവളുടെ ഭാവനയ്ക്ക് നിറം ചാര്‍ത്തി. നുറുങ്ങുചുള്ളികളാല്‍ കൂടുതീര്‍ക്കുന്ന കുഞ്ഞാറ്റകുരുവികള്‍ അവള്‍ക്കൊരു ഗുണപാഠമായി അവള്‍ കണ്ടു. ഏകാന്തതയില്‍ പ്രകൃതിയുമായി ഒരുപാടുനേരം സല്ലപിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവള്‍. പ്രകൃതിയുടെ ഓരോ സ്പന്തനവും ആസ്വദിച്ചറിയാന്‍ ഇഷ്ടപ്പെട്ടവള്‍! 'ദുര്ഗ്ഗ' ആ പേരുപോലെത്തന്നെ സൗന്ദര്യംകൊണ്‍ദും, സല്‍സ്വഭാവംകൊണ്‍ദും, ക്ഷമകൊണ്‍ദും മൂന്നുലോകത്തേയും കീഴ്‌പ്പെടുത്തുവാന്‍ കഴിവുള്ളവള്‍! നീണ്‍ദുനിവര്‍ന്ന ഒരു താമരയിതള്‍പോലുള്ള കണ്ണുകള്‍, പീലിവിടര്‍ത്തിയാടുള്ള വെണ്മയില്‍പോലുള്ള അവളുടെ കണ്‍പീലികള്‍, മഴവില്ലുപോലെ വളഞ്ഞ അവളുടെ കണ്പുരികങ്ങള്‍, വിശാലമായി കിടക്കുന്ന നെറ്റി, വാര്‍ന്നൊഴുകിയ കവിള്‍ത്തടങ്ങള്‍, ചെമ്പരത്തിപൂ ചൂടിനില്‍ക്കുംപോലെ ചുവന്നുതുടുത്തിരിയ്ക്കുന്ന, രക്തവര്‍ണ്ണം തുളുമ്പുന്ന, ആകര്‍ഷണീയമായ ചുണ്ടുകള്‍, കണംകാലുമായി സല്ലഭിയ്ക്കുന്ന മഴമേഘംപോലുള്ള കാര്‍കൂന്തല്‍. അവളുടെ വീട്ടുകാര്‍ക്കെന്നല്ല ആ പ്രദേശത്തുള്ളവര്‍ക്കു മുഴുവന്‍ കണ്ണിലുണ്ണിയാണവള്‍. ആ പ്രദേശത്തുള്ള യുവാക്കള്‍ അവളുടെ ആരാധകരാണ്. പക്ഷെ ദുര്ഗ്ഗ അവള്‍ കിരണിനുമാത്രമുള്ളവളാണു. ആ നിര്മ്മലമായ സ്‌നേഹബന്ധം അവളുടെ അച്ഛനമ്മമാര്‍ക്കെന്നല്ല അവളുടെ മിക്ക ബന്ധുക്കള്‍ക്കും, അടുത്തുള്ള ചിലര്‍ക്കുമെല്ലാം അറിയാം അറിയുന്നവരെല്ലാം പറയും " തികഞ്ഞ ജോടി" . ഓരോ ദിനരാത്രങ്ങളും അവരുടെ സ്‌നേഹബന്ധത്തെ കൂടുതല്‍ അരക്കിട്ടുറപ്പിച്ചു. അവളുടെ എഞ്ചിനീയറിംഗ് കഴിഞ്ഞാല്‍ ഉടനെ വിവാഹം അതായിരുന്നു തീരുമാനം. അതൊരു ബാഹ്യമായ പ്രണയമായിരുന്നില്ല. മനസ്സുകളെ പരസ്പരം കൂട്ടിചേര്‍ത്ത ധാരണയുള്ള ബന്ധം . വിവാഹത്തിനുശേഷം, എന്നുവേണ്ട ജോലിയില്‍നിന്നും വിരമിച്ചതിനുശേഷമുള്ള ജീവിതത്തെകുറിച്ചുപോലുമുള്ള തീരുമാനംപോലും അവര്‍ ചര്ച്ച്ചചെയ്തു കഴിഞ്ഞു.

വേദനിപ്പിയ്ക്കുന്ന ആ നഗ്‌നസത്യം മനസ്സിലായ അന്നും അവന്‍ അവളെ ഒരുപാട് ആശ്വസിപ്പിച്ചു. മനസ്സില്‍ അവള്‍ക്കുതോന്നിയ ഭയത്തെ അവന്‍ സ്‌നേഹംകൊണ്‍ദും, ആശ്വാസവാക്കുകളാലും ഒപ്പിയെടുത്തു . മനസ്സുകളുടെ നിഷ്കളങ്കമായ സ്‌നേഹബന്ധത്തിനു ശരീരത്തിന്റെയും അതിലേറ്ററെ മനസ്സിന്റെ വേദനകള്‍ മാറ്റാന്‍ വേദനാസംഹാരികളേക്കാള്‍ ശക്തിയുണ്ടെന്നവള്‍ക്കുതോന്നി. മൃദുലമായ ആ കൈകൊണ്ടുള്ള തലോടല്‍ കുളിര്കാറ്റുപോലെ അവള്‍ക്കനുഭവപ്പെട്ടു. അവനന്ന് അവളെ വിട്ടു പോകാന്‍ ഒട്ടും താല്പര്യമില്ലായിരുന്നു. ഒരുപാടു തവണ യാത്ര പറഞ്ഞു മനസ്സില്ലാ മനസ്സോടെയാണവന്‍ ഇറങ്ങിയത്.

വെളുപ്പിനെ അഞ്ചുമണിയായപ്പോള്‍ അവള്‍ തയ്യാറായി നിന്നു. കരഞ്ഞു കലങ്ങിയ ഉറക്കം മതിയാകാത്ത ഈറനണിഞ്ഞ കണ്ണുകളുമായി അച്ഛനമ്മമാര്‍ തയ്യാറായി . പക്ഷെ ദുര്‍ഗ്ഗയ്ക്ക് ഒരു കൂസലും ഇല്ലായിരുന്നു സമയം ഏകദേശം ആറുമണിയാകാന്‍ തുടങ്ങി എന്നിട്ടും കിരണെകാണാതായപ്പേള്‍ അവള്‍ കുറച്ചു അസ്വസ്ഥയായി. മൊബയില്‍ ഫോണ്‍ ഇടയ്ക്കിടെ ഓണ്‍ ചെയ്തു നോക്കി ഒരു 'മിസ്‌കോള്‍' പോലുമില്ല. അമ്മയും അച്ഛനും പോകാന്‍ തിടുക്കം കൂട്ടി. പക്ഷെ കിരണ്‍ വരാതെ അവളിറങ്ങില്ല എന്ന നിലപാടായിരുന്നു അവളുടേത്.

" ഏയ്…. അവന്‍ എന്റെ കാര്യം മറന്നുപോകുകയൊന്നുമില്ല. മാത്രമല്ല ഇതേകുറിച്ചോര്‍ത്ത് അവന്‍ ഇന്നലെ ഉറങ്ങിയിട്ടുംകൂടിയുണ്‍ദാകില്ല" അവള്‍ തറപ്പിച്ച് അമ്മയോടു പറഞ്ഞു.

"സമയം ഏഴരയാകാന്‍ പോകുന്നു. നമ്മള്‍ക്കിറഞ്ഞാം മോളെ. അവന്‍ അവിടെ വന്നുകൊള്ളും " അമ്മ പറഞ്ഞു

പക്ഷെ അവള്‍ അതിനുതയ്യാരായില്ല. കൂടെകൂടെ അവന്റെ മൊബയില്‍ കറക്കിനോക്കി. പക്ഷെ അത് പരിധിയ്ക്കുപുറത്താണെന്നു പറയുന്നു,. പിന്നീടവള്‍ വീട്ടിലെ നമ്പര്‍ കറക്കിനോക്കി. പക്ഷെ ഫലം നിരാശത്തന്നെ. സമയം ഒരുപാടായി അച്ഛനമ്മമാരുടെ നിര്ബന്ധത്തിനു വഴങ്ങി അവള്‍ ഇറഞ്ഞി. 'കിരണിനെന്തുപറ്റി? അവന് മനപ്പൂര്‍വ്വം അങ്ങിനെ ചെയ്യാന്‍ കഴിയുമോ? ആരുടെ ബലമായ സമ്മര്‍ദ്ദമാണ് അവനെകൊണ്ടിത് ചെയ്യിപ്പിച്ചത് ? എന്തായിരിയ്ക്കും അവന്റെ മനസികാവസ്ഥ?' ഇത്തരം ഒരുപാടു ചിന്തകളായിരുന്നു അവളുടെ മനസ്സില്‍. പൊട്ടിചിതറിയ മനസ്സുമായി മാതാപിതാക്കള്‍ അവളെ ആശ്വസിപ്പിച്ചു . സമനിലതെറ്റിയ മനസ്സുമായി അവള്‍ എല്ലാറ്റിനോടും പ്രതികരിച്ചു . മാറി മാറി കിരണിന്റേയും വീട്ടിലേയും നമ്പറുകള്‍ കറക്കിനോക്കി. പ്രതികരണം നിരാശയായപ്പോള്‍ അമ്മയുടെ മാറില്‍ മുഖമമര്‍ത്തി ഒരു കൊച്ചുകുഞ്ഞിനെപോല്‍ വാവിട്ടു കരഞ്ഞു. മാതാപിതാക്കളും, ഡോക്ടറും ഒരുപാട് പണിപെട്ട് അവളുടെ ചികിത്സ ആരംഭിച്ചു. അവളുടെ ജീവത്തിന്റെ താളം തെറ്റിയ ആ ദിവസം അമ്മ വീണ്‍ദും ഓര്‍ത്തു.

“അമ്മേ എന്തിരിപ്പാണിത്?” അവളുടെ ശബ്ദം കേട്ട് ഒരു സ്വപ്നത്തിനെന്നോണം അമ്മ ഉണര്‍ന്നു.

“പരിപാടി ആരംഭിയ്ക്കുമ്പോഴേയ്ക്കും നമുക്കവിടെ എത്തേണ്ടേ?” ഒരു മയക്കത്തില്‍ നിന്നെന്നോണം അമ്മ എഴുനേട്ട് പെട്ടെന്ന് തയ്യാറായി.

ഒരു കിലുക്കാംപെട്ടി പോലെ വായ്‌തോരാതെ സംസാരിച്ചുകൊണ്‍ദിരിയ്ക്കുന്ന അവളുമായി അവര്‍ പരിപാടിസ്ഥലത്തെത്തി.

“അച്ഛനും കൂടി ഉണ്ടായിരുന്നെങ്കില്‍ അല്ലേ അമ്മേ?” ദുര്‍ഗ്ഗ ചോദിച്ചു

“ഇത്രയും ദിവസം ലീവെടുത്തതല്ലെ ഇനി എങ്ങിനെ എടുക്കും”

ഒരുപാട് ഉത്സാഹത്തോടെ അമ്മയെ പ്രേക്ഷകരുടെ ഇട്യ്ക്കിരുത്തി അവള്‍ സ്‌റ്റേജിനു പുറകിലേയ്ക്കുപോയി. അമ്മ ചുറ്റും ഒന്ന് കണ്ണോടിച്ചു തടിച്ചുകൂടിയ ജനങ്ങള്‍. പെട്ടെന്ന് തിരശ്ശീല നീങ്ങി. മൈക്ക് കയ്യിലേന്തി സുന്ദരിയായ ഒരു സ്ത്രീ എല്ലാവരേയും അഭിവാദ്യം ചെയ്തു. ഒരല്‍പ്പനേരം നീണ്‍ദുനിന്ന പ്രസംഗത്തിനുശേഷം ബ്രസ്റ്റ്ക്യാന്‍സര്‍ ബാധിച്ച് ചികിത്സയ്ക്കുശേഷം തികച്ചും സാധാരണ ജീവിതം നയിയ്ക്കുന്നതില്‍ ഒരാളായ ദുര്ഗ്ഗയെ സ്‌റ്റേജ്ജിലേയ്ക്കു ക്ഷണിച്ചു. പുഞ്ചിരിയാല്‍ ചൈതന്യം തുളുമ്പുന്ന മുഖവുമായി അവള്‍ എല്ലാവരേയും അഭിവാദ്യം ചെയ്തു. അവള്‍ തുടര്ന്നു. " ഈ പരിപാടിയുടെ ഉദ്ദേശംതന്നെ ക്യാന്‍സറിനെകുറിച്ചുള്ള തെറ്റായ ധാരണ എല്ലാവരുടേയും മനസ്സില്‍ നിന്നും എടുത്തുമാറ്റുകയെന്നതാണു . എല്ലാവരും മനസ്സിലാക്കേണ്ടത് ഒന്നാണു ക്യാന്‍സര്‍ ഒരു പകര്‍ച്ച വ്യാധിയല്ല. സ്വാര്‍ത്ഥരായ മനുഷ്യര്‍ എല്ലാവരും മനസ്സിലാക്കേണ്ട ഒന്നുണ്ട് അസുഖം വന്ന മനസ്സിനെ ചികിത്സകൊണ്ട് പഴയ രീതിയില്‍ മാറ്റാന്‍ കഴിയും പക്ഷെ ശരീരത്തിന് വന്ന ഈ അസുഖത്തിനോടുള്ള തെറ്റായ കാഴ്ചപാടുകൊണ്ട് വിച്‌ഛേദിയ്ക്കപ്പെടുന്ന സ്‌നേഹബന്ധങ്ങള്‍ കൊണ്ട് മുറിവേല്‍ക്കുന്ന ഹൃദയത്തിനെ ഒരു ചികിത്സയ്ക്കും സുഖപ്പെടുത്താനാകില്ല ഒരു ക്യാന്‍സര്‍ രോഗി സമൂഹത്തില്‍ നിന്നും വിട്ടുനില്‌ക്കേണ്ട കാര്യമില്ല. സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തലും, ദയനീയമായ നോട്ടവുമാണു ക്യാന്‍സര്‍ രോഗിയെ കൂടുതല്‍ തളര്‍ത്തുന്നത്. മരുന്നുകള്‍ക്കൊപ്പം ആത്മവിശ്വാസവും വളരെ പ്രധാനപ്പെട്ട ഒന്നാണു. വേണ്‍ദരീതിയില്‍, വേണ്ടസമയത്ത് ചികിത്സ കിട്ടിയാല്‍ മറ്റ് അസുഖങ്ങളെപ്പോലെ ക്യാന്‍സറും സുഖപ്പെടുത്താവുന്ന ഒരു അസുഖമാണ്" അവളുടെ പ്രസംഗം തുടര്ന്നു. ആത്മവിശ്വാസം നിറഞ്ഞ ആ സ്വരം ആ ഹാള്‍ മുഴുവന്‍ മുഴങ്ങി. പ്രേക്ഷകര്‍ കയ്യടിച്ചു.

'ക്യാന്‍സര്‍ ബോധവത്കരണ പരിപാടി' സ്‌റ്റേജിനു പിറകിലെ ഭിത്തിയില്‍ തൂക്കിയിട്ട ബാനര്‍ 'അമ്മ വായിച്ചു. എല്ലാം ഒരു സ്വപ്നം പോലെ. ബ്രസ്റ്റ് ക്യാന്‍സര്‍ എന്നറിഞ്ഞ ആ ദിവസം, ദുര്‍ഗ്ഗയ്ക്ക് എല്ലാമായിരുന്നു കിരണ്‍, മഞ്ഞുതുള്ളിപോല്‍ നിഷ്കളങ്കമായ തന്റെ മകളുടെ മനസ്സിനെ ചവറിനോളംപോലും വില കല്പിയ്ക്കാതെ തഴഞ്ഞ സ്വാര്തഥതയുടെ പര്യായമായവന്‍ അവളെ വിട്ടുപോയ ദിവസം, അച്ഛന്റെയും അമ്മയുടെയും ലാളനയില്‍ തഴച്ചുവളര്‍ന്ന ആ തൊട്ടാര്‍വാടി പെണ്ണിന് ജീവിതാനുഭവം വാരികോരിക്കൊടുത്ത മനോധൈര്യത്തില്‍ ആ 'അമ്മ സ്വയം അഭിമാനിച്ചു. അനുഭവസമ്പത്തതിനാല്‍ മനസ്സിനും ശരീരത്തിനും ധൈര്യം കൈവരിച്ച അവള്‍ ഇന്ന് യാഥാര്‍ത്ഥ ദുര്‍ഗ്ഗ തന്നെ.
Join WhatsApp News
sushil 2016-10-29 07:31:06
good jyothi, great inspiration for me also,
PRG 2016-11-01 05:52:24
നല്ല പ്രചോദനകരമായ ഉളളടക്കം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക