Image

മാറാമട്ടുകള്‍ (കവിത: ഡോ. ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D)

Published on 29 October, 2016
മാറാമട്ടുകള്‍ (കവിത: ഡോ. ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D)
പയറ്റിത്തെളിഞ്ഞ കളരിയില്‍ കാലുറപ്പിക്കുന്ന
നവജാതരുടെ ലിംഗനിര്‍ണ്ണയം ആവശ്യപ്പെടുന്ന
ഉണ്ണി ഉറയുന്ന ഉദാത്ത ഉദാസീനതയില്‍ ഉദിക്കുന്ന
ക്ഷേത്രഗണിതത്തിലെ നീളവീതികളില്‍ ആകുലപ്പെടുന്ന
അസ്തമിച്ചുകറുത്ത വലത്തെ അര്‍ദ്ധമുഖവും
നിറം മങ്ങിയ വെളുത്ത ചായം തേമ്പിയ
ഉയിര്‍ക്കാന്‍ വെമ്പുന്ന ഇടത്തെ അര്‍ദ്ധഗോളവും
അരൂപിയുടെ അദൃശ്യതയിലെ പൊയ്മുഖം.
ഒത്തുചെയ്തിയും കുത്തുവാക്കും പണയപ്പെടുത്തുന്ന
ഒറ്റനോട്ടത്തില്‍ വായിച്ചെടുക്കുന്ന പട്ടിക.
ചര്‍ച്ചയും വാഗ്വാദവും വേര്‍തിരിയുന്ന നിയാമകം
വ്യക്തത യാചിക്കുന്ന വാക്കുതര്‍ക്കത്തില്‍ മുഴുകല്‍.
ചായംപൂശിയ വിശുദ്ധവിഗ്രഹം ഉരച്ചുനോക്കി
അടിത്തട്ടുപാളികള്‍ പുറങ്കാഴ്ച്ചയാക്കല്‍.
കൊഴിഞ്ഞ ദിവസത്തെ കഴിഞ്ഞ ചരിത്രം നുണയാന്‍
വിഴുപ്പു കൊട്ടയില്‍ തലയിട്ടു പരതല്‍.
ഭാഷാന്തരീകരണം ഭവിക്കുന്ന ആത്മാഭിമാന ഭാവന
സ്വന്തംകാലില്‍ തൊട്ടുമുത്താന്‍ മുട്ടുമടക്കല്‍.
എഴുതാത്തതും കേള്‍ക്കാത്തതും അര്‍ത്ഥാന്വേഷണ
വാഗ്‌ധോരണിയുടെ എഴുതാപ്പുറക്കാമങ്ങള്‍.
വെല്ലുവിളിച്ചു പറക്കുന്ന കപ്പലിലെ ജൈത്രയാത്രയില്‍
മാഞ്ഞുമറയുന്ന ആയുര്‍രേഖ പുനരാഖ്യാന വ്യാഖ്യാനം.

അനന്തസാന്ദ്രതയുടെ അപാര ആഴംതൂക്കാന്‍
അതിസൂക്ഷ്മതയുടെ വെള്ളിക്കോല്‍ കടഞ്ഞ
അസുലഭയന്ത്രം ഗവേഷകന്‍റെ ഡേഷ്‌ബോര്‍ഡില്‍
മിന്നുന്ന നാളമായ് വീണ്ടും തിളക്കനീക്കം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക