Image

ന്യൂജേഴ്‌സിയിലെതീപ്പിടുത്തത്തില്‍ മരിച്ച മലയാളി കുടുംബത്തിന് ശ്രദ്ധാഞ്ജലി

എ.എസ് ശ്രീകുമാര്‍ Published on 29 October, 2016
ന്യൂജേഴ്‌സിയിലെതീപ്പിടുത്തത്തില്‍ മരിച്ച മലയാളി കുടുംബത്തിന് ശ്രദ്ധാഞ്ജലി
അമേരിക്കന്‍ മലയാളി സമൂഹത്തെ ഞെട്ടിച്ച ദുരന്തം നാടിനും തേങ്ങലായി. ന്യൂജേഴ്‌സി ഹില്‍സ് ബോറോയിലെ ഗാര്‍ഡന്‍ അപ്പാര്‍ട്ട്‌മെന്റ് കോംപ്‌ളക്‌സിന് തീ പിടിച്ച് മരിച്ച മലയാളി കുടുംബത്തോടുള്ള ആദരാഞ്ജലികള്‍ പ്രകടിപ്പിച്ച് തിരുവല്ല വളഞ്ഞവട്ടത്തുള്ള കുടുംബത്തില്‍ എത്തിയവര്‍ അനവധി. വളഞ്ഞവട്ടം തെക്കേ കോയിക്കല്‍ പരേതനായ കെ.വി ശശിധരന്‍ നായരുടെയും സുലോചന നായരുടെയും മകളാണ് തീപ്പിടുത്തത്തില്‍ മരിച്ച ശ്രീജ. ചേര്‍ത്തല പട്ടണക്കാട് ഉഴവയിലുള്ള ഗീതാഞ്ജലി വീട്ടിലെ ദാമോദരന്‍ പിള്ളയുടെയും ഓമനാ പിള്ളയുടെയും മകനാണ് ദുരന്തത്തിനിരയായ ഡോ. വിനോദ് ബാബു ദാമോദരന്‍. ഇവരുടെ പതിനാലു വയസ്സുള്ള മകള്‍ ആര്‍ദ്രയും തീപ്പിടുത്തത്തില്‍ മരിച്ചു. 

ശ്രീജയുടെ അമ്മാവന്‍ ഗിരീഷ് കുമാറും, പേരപ്പന്‍ എം.ജി പദ്മനാഭന്‍ നായരും ഉള്‍പ്പെടെയുള്ള നാട്ടിലെ ബന്ധുക്കള്‍ ദുരന്തത്തില്‍ കണ്ണീര്‍ വാര്‍ത്തുകൊണ്ടാണ് ഇമലയാളിയോട് തങ്ങളുടെ വേദനകള്‍ പങ്കു വച്ചത്. ഡോ. വിനോദ് ദാമോദരന്റെ പ്രൊഫസറാണ് നാട്ടിലെ ബന്ധുക്കള്‍ക്ക് ഈ ദാരുണ വിവരം ആദ്യം അറിയിച്ചത്. അപ്പോള്‍ ബന്ധുക്കള്‍ക്ക് എന്തു ചെയ്യണം എന്ന് ആശങ്കയായിരുന്നു. ഏതായാലും തങ്ങളുടെ ഉറ്റവര്‍ വിട പറഞ്ഞു പോയി. ഇതു സംബന്ധിച്ച് ദുരൂഹതകള്‍ ഇല്ലാതിരിക്കട്ടെ എന്നാണ് അവരുടെ പ്രാര്‍ത്ഥന. ദുരന്തത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്നുള്ള വാര്‍ത്തകള്‍ കുടുംബാംഗങ്ങള്‍ പാടെ നിഷേധിച്ചു. 

സംഭവത്തിന്റെ തൊട്ടു തലേ ദിവസവും പതിവു പോലെ ശ്രീജയും വിനോദും നാട്ടിലെ മാതാപിതാക്കളെ വിളിച്ചിരുന്നു. ശ്രീജയുടെ  വീട്ടില്‍ അമ്മ സുലോചന നായരും അനുജത്തി സൗമ്യയും ഉണ്ട്. പതിവുള്ള ടെലിഫോണ്‍ കോള്‍ കിട്ടാതിരുന്നപ്പോള്‍ ഏവര്‍ക്കും ഭീതിയായി. അങ്ങനെയിരിക്കുമ്പോഴാണ് ഡോ. വിനോദ് ബാബുവിന്റെ പ്രൊഫസറുടെ വിളി ചേര്‍ത്തലയിലെ വിനോദിന്റെ വീട്ടിലെത്തുന്നത്. തീപ്പിടുത്തത്തില്‍ ഏവരും മരിച്ചു എന്നുള്ളതായിരുന്നു ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞു പോയിരുന്നു. ഡോ. വിനോദിന്റെ ബന്ധു മിനി നായര്‍ സംഭവ സ്ഥലത്തെത്തിയെങ്കിലും ഡി.എന്‍.എ ടെസ്റ്റിലൂടെയും, ഡെന്റല്‍ റിക്കോഡ്‌സിലൂടെയുമാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. 

ഏതാണ്ട് പൂര്‍ണമായും കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോവുകയില്ല. ന്യൂജേഴ്‌സിയില്‍ തന്നെ സംസ്‌കരിക്കും. ഇതിനിടെ മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചു കൊണ്ടുള്ള കേന്ദ്ര എക്‌സ്റ്റേണല്‍ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ കത്ത് ബന്ധുക്കള്‍ക്ക് ലഭിച്ചു. മരണാനന്തര ചടങ്ങുകള്‍ ശ്രീജയുടെയും വിനോദിന്റെയും വീടുകളില്‍ പ്രാര്‍ത്ഥനാ പൂര്‍വം നടത്തുമെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. 

ബോംബെയില്‍ കസ്റ്റംസിലായിരുന്നു ശ്രീജ. വിനോദ് കെമിസ്റ്റും. പതിനഞ്ചു വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. തുടര്‍ന്ന് ന്യൂസിലാന്റിലേക്ക് പോയി. അമേരിക്കയിലെത്തിയിട്ട് ഏഴ് വര്‍ഷമാകുന്നു. കോളറാഡോയിലായിരുന്ന ഈ കുടുംബം രണ്ടു വര്‍ഷം മുമ്പാണ് ന്യൂജേഴ്‌സിയില്‍ എത്തിയത്. റട്ട് ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞനായ ഡോ. വിനോദ് ദാമോദരന്‍ ബയോ മെഡിക്കത്സ്, ബയോ മെഡിക്കല്‍ പോളിമേഴ്‌സ്, മെഡിക്കല്‍ ഡിവൈസ് മേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച പ്രതിഭയാണ്. തന്റെ കഴിവുകള്‍ സമൂഹത്തിന് കൂടുതലായി പകര്‍ന്ന് നല്‍കാനിരിക്കെയാണ് ദുരന്തം. അദ്ദേഹത്തെയും കുടുംബത്തേയും വേട്ടയാടിയത്.

ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ തത്വങ്ങളില്‍ അടിയുറച്ച് വിശ്വസിച്ചാണ് ഡേ. വിനോദ് ദാമോദരന്‍ തന്റെ പ്രബന്ധങ്ങള്‍ എഴുതിയിട്ടുള്ളത്. ഗാന്ധിസമാണ് തന്റെ മാര്‍ഗമെന്ന് അദ്ദേഹം വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. ലോകത്ത് ഏഴ് പാപങ്ങള്‍ ഉണ്ട് എന്ന് ഡോ. വിനോദ് ദാമോദരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതായത് ജോലി ചെയ്യാതെ കിട്ടുന്ന സ്വത്ത്, മനസാക്ഷിക്കെതിരായ ആഹ്‌ളാദം, സ്വഭാവ മേന്മയില്ലാതുള്ള അറിവ്, ധാര്‍മികതയില്ലാത്ത വ്യാപാരം, മനുഷ്യത്വമില്ലാത്ത ശാസ്ത്രീയത, തത്വദീക്ഷയില്ലാത്ത രാഷ്ട്രീയം തുടങ്ങിയ തലക്കെട്ടുകളിലാണ് ഡോ. വിനോദ് ദാമോദരന്‍ എഴുതിയിട്ടുള്ളത്. അദ്ദേഹത്തിന്റെ അനവധി ഗവേഷണ പ്രബന്ധങ്ങള്‍ അന്താരാഷ്ട്ര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ന്യൂജേഴ്‌സിയില്‍ തന്നെ സംസ്‌കാരം നടത്തി ഇവരുടെ ചിതാഭസ്മം നാട്ടിലേക്ക് എത്തിക്കണമെന്ന് വിനോദിന്റെയും ശ്രീജയുടെയും ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദാമോദരന്‍ പിള്ളയുടെയും ഓമനയുടെയും ഏക മകനാണ് ഡോ. വിനോദ് ദാമോദരന്‍. പ്രിയ പുത്രന്റെ വേര്‍പാട് ഉണ്ടാക്കിയ മാനസിക ആഘാതത്തില്‍ നിന്ന് ഇവര്‍ മോചിതരായിട്ടില്ല. ശ്രീജയുടെ വീട്ടിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. ഇതൊരു അപകട മരണമാണെന്ന് ആര്‍ക്കും വിശ്വിക്കാനാവുന്നില്ല. അതീവ സുരക്ഷ സന്നാഹമുള്ള ഒരു രാജ്യത്ത് എപ്രകാരം തങ്ങളുടെ ബന്ധുക്കള്‍ മരണപ്പെട്ടു എന്ന സന്ദേഹം നാട്ടിലെ ബന്ധുമിത്രാദികള്‍ക്കുണ്ട്. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് മൂവരും ബോധം കെടുകയും തീപ്പിടുത്തം അറിയാതെ പോകുകയും ചെയ്തു എന്നാണ് പ്രാഥമിക നിഗമനം. അതേ സമയം മുന്തിയ അപ്പാര്‍ട്ട്‌മെന്റില്‍ തീപ്പിടുത്തത്തെ സൂചിപ്പിക്കുന്ന അലേര്‍ട്ടുണ്ടായില്ല എന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

അമേരിക്കന്‍ മലയാളി സമൂഹത്തെ ഞെട്ടിച്ച ഈ ദുരന്തത്തില്‍ സാമൂഹിക സാംസ്‌കാരിക സാമുദായിക സംഘടനകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ന്യൂയോര്‍ക്ക് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് മരണാനന്തര ചടങ്ങുകള്‍ക്ക് എല്ലാവിധ സഹായവും എത്തിക്കാന്‍ മലയാളികള്‍ ഒറ്റക്കെട്ടായി തന്നെ രംഗത്തുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക