Image

ദീപാവലിക്ക് മീശപ്പുലിമലയില്‍ തങ്കസൂര്യോദയം; അവിടെ മഴവില്‍ക്കാവടി കാണാന്‍ ആയിരങ്ങള്‍ (കുര്യന്‍ പാമ്പാടി)

Published on 29 October, 2016
ദീപാവലിക്ക് മീശപ്പുലിമലയില്‍ തങ്കസൂര്യോദയം; അവിടെ മഴവില്‍ക്കാവടി കാണാന്‍ ആയിരങ്ങള്‍ (കുര്യന്‍ പാമ്പാടി)
ഇടുക്കി ജില്ലയില്‍ മൂന്നാറില്‍ നിന്ന് 20 കിലോമീറ്റര്‍ കിഴക്കോട്ടു പോയാല്‍ സൈലന്റ് വാലി.’ അവിടെനിന്ന് 12 കി.മീ. അകലെ ആകാശത്ത് മുട്ടിയുരുമ്മി മഴവില്‍ വിരിച്ചു നില്‍ക്കുന്ന മീശപ്പുലിമല. ആനമുടി കഴിഞ്ഞാല്‍ സഹ്യപര്‍വതത്തിലെ ഏറ്റം ഉയരം കൂടിയ (8462 അടി) കൊടുമുടിയാണത്. ഒറ്റനോട്ടത്തില്‍ മീശ വിറപ്പിച്ചു നില്‍ക്കുന്ന ഒരു പുലി.

തമിഴ്‌നാട്ടിലെ കൊളുക്കുമല, ഗുണ്ടുമലകളാല്‍ പരിസേവിതമായ മീശപ്പുലിമല കേരള വനാതിര്‍ത്തിക്കുള്ളില്‍ അയല്‍സംസ്ഥാനത്തെ മലകളിലേക്ക് മിഴിനട്ടു നില്‍ക്കുന്നു. 2003 മുതല്‍ അവിടെ സഞ്ചാരികളുടെ ഒഴുക്കാണ്. 2015ല്‍ ചാര്‍ളി എന്ന സിനിമ ഇറങ്ങിയതോടെ ഈ മലയുടെ പ്രശസ്തി നൂറിരട്ടിയായി. ""നിങ്ങള്‍ മീശപ്പുലിമലയിലെ മഞ്ഞുവീഴ്ച കണ്ടിട്ടുണ്ടോ...?'' എന്ന് നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചോദിക്കുന്നു. കണ്ടിട്ടില്ല. സല്‍മാനും കണ്ടിട്ടില്ലെന്ന് ഉറപ്പാണ്.

രണ്ടു വഴികളുണ്ട് മീശപ്പുലിമലയിലേക്ക്. ഒന്ന്, മൂന്നാര്‍ - ചിന്നക്കനാല്‍ - കൊളുക്കുമല വഴി. കാട്ടുവഴിയിലൂടെ ചുരുങ്ങിയത് എട്ടു കി.മീ. നടക്കണം. രണ്ടാമത്തെ വഴി, മൂന്നാര്‍ - ദേവികുളം റൂട്ടില്‍ രണ്ടു കി.മീ. പോയി സൈലന്റ്‌വാലിയിലേക്ക് തിരിയുക. ആ വഴി അഞ്ചു കി.മീ. അടുത്തു വരെ വാഹനത്തിലെത്താം.ഒന്നര മണിക്കുര്‍ നടക്കണം.

""ഞങ്ങള്‍ കോട്ടയത്തുനിന്ന് രാവിലെ തിരിച്ചു. മൂന്നാര്‍ - മാട്ടുപ്പെട്ടി - എക്കോ പോയിന്റ് - കുണ്ടളം ഡാം കടന്ന് ടോപ് സ്റ്റേഷന്‍ വരെ പോയി. മടങ്ങി മൂന്നാറിലെത്തി ദേവികുളം വഴി ചിന്നക്കനാലിലെത്തി സില്‍വര്‍ ക്ലൗഡ്‌സില്‍ ക്യാമ്പ് ചെയ്തു. അവിടെനിന്ന് വെളുപ്പിനു നാലരയ്ക്ക് ജീപ്പു പിടിച്ച് അഞ്ചരയായപ്പോള്‍ കൊളുക്കുമലയുടെ നെറുകയിലെത്തി. നേരം പരപരാ വെളുക്കുന്നു. കിഴക്ക് വെള്ള കീറി. ആറുമണിയായപ്പോഴേക്കും ആകാശത്ത് കുങ്കുമം വാരിവിതറി സൂര്യനെത്തി. ഭൂമിയില്‍ മറ്റൊരിടത്തുമില്ലാത്ത അതീവസുന്ദരമായ ദൃശ്യം. എട്ടരയ്ക്ക് ചിന്നക്കനാലില്‍ മടങ്ങിയെത്തി'' -ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്അധ്യാപക കൂട്ടായ്മയിലെ പ്രഫ. സി.ജെ. ജോസ് ഓര്‍മകള്‍ അയവിറക്കി.

""യാത്ര അവിടെ നിന്നില്ല. ഞങ്ങള്‍ ആനയിറങ്കല്‍ ഡാമിലെത്തി കുളിച്ചുകയറി. വീണ്ടും ചിന്നക്കനാലില്‍നിന്ന് എളുപ്പവഴിക്ക് 12 കിലോമീറ്റര്‍ അകലെ ബോഡിമെട്ടിലെത്തി. താഴെ തമിഴ്‌നാടിന്റെ മനോഹരദൃശ്യങ്ങള്‍ കണ്ടശേഷം പൂപ്പാറയില്‍ ഊണ്. പിന്നെ നോണ്‍ സ്‌റ്റോപ് ഡ്രൈവ്. രാജകുമാരി-രാജാക്കാട്-അടിമാലി വഴി. രണ്ടു ദിവസം, മൊത്തം 500 കി.മീ. പക്ഷെ മീശപ്പുലിമല മിസ്‌ചെയ്തു.''

കെ. എം.ജയകൃഷ്ണന്‍ (കവി, പ്രശസ്ത കാവ്യകാരന്‍ കെ.കെ. രാജായുടെ കൊച്ചുമകന്‍), തോമസ്കുട്ടി മാത്യു, സേവ്യര്‍ ജോസഫ്, സി.ജെ. ജോസ് എന്നിവരായിരുന്നു നാല്‍വര്‍ സംഘം. ഇരിങ്ങാലക്കുട കോളജില്‍ ഒരേ ഹോസ്റ്റലില്‍ താമസിച്ചു പഠിപ്പിച്ചവരാണ.് സഞ്ചാരമാണ് അവരുടെ ഹരം. മൂകാംബിക, കുടജാദ്രി, ഗോവ, ഷോളയൂര്‍, ആനമുടി തുടങ്ങിയവ ചിലതു മാത്രം.

""കൊളുക്കുമലയും ഗുണ്ടുമലയും (രണ്ടും 8400 അടി) കേരളാതിര്‍ത്തിയോടു തൊട്ടുരുമ്മിയാണ്. തമിഴ്‌നാട്ടിലാണെങ്കിലും ധാരാളം മലയാളികള്‍ അവിടെ ട്രക്കിംഗ് നടത്തുന്നുണ്ട്. തമിഴ്‌നാട്ടുകാരാകട്ടെ തേനി, ബോഡിമെട്ട്, ചിന്നക്കനാല്‍ വഴിയെത്തുന്നു. കല്ലു നിറഞ്ഞ മലമ്പാതയായതിനാല്‍ ജീപ്പിലേ പോകാനൊക്കൂ. ചിന്നക്കനാലില്‍നിന്ന് കൊളുക്കുമല വരെ മിനിമം കൂലി 1700 രൂപ.

സില്‍വര്‍ ക്ലൗഡ്‌സിലെ ജഗദീശ്തന്നെ മലകയറ്റത്തില്‍ ഹരമുള്ളയാളാണ്. നിരവധി തവണ കൊളുക്കുമലയിലും ഗുണ്ടുമലയിലും മീശപ്പുലിമലയിലും കയറിയിട്ടുണ്ട്. മൂന്നാര്‍ അടുത്ത് ബൈസണ്‍വാലി സ്വദേശിയാണ് നല്ലൊരു ഫോട്ടോഗ്രാഫറും ഗൈഡുമായ ജഗദീശ് ജയറാം.

""കൊളുക്കുമലയിലേക്കുള്ള യാത്ര കൊച്ചുവെളുപ്പാന്‍കാലത്ത് ആയിരുന്നതിനാല്‍ കാര്യമായൊന്നും കാണാനായില്ല. മുകളിലാകട്ടെ കോടമഞ്ഞില്‍ എല്ലാം കൂളിച്ചുനിന്നു. പക്ഷേ, തേയിലക്കാടുകളും പൈന്‍മരക്കാടുകളും കടന്നുള്ള ആ യാത്ര ഒരിക്കലും മറക്കാനാവില്ല. കുറിഞ്ഞിപ്പൂക്കളും അവയ്ക്കിടയിലൂടെ ഓടിച്ചാടി നടക്കുന്ന വരയാടുകളും. മലമുകളിലെത്തിയാല്‍ ചായയും പലഹാരങ്ങളും വില്‍ക്കുന്ന പെട്ടിക്കടക്കാര്‍ ധാരാളം'' -ജോസ് പറഞ്ഞു.

ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ആവിഷ്കരിച്ച എക്കോ ടൂറിസം പരിപാടിയില്‍ ഏറ്റം വിജയകരമായ ഒന്നാണ് മീശപ്പുലിമല കയറ്റമെന്ന് സംഘാടകന്‍ ഇ.ജെ. ജോണ്‍സണ്‍ അറിയിച്ചു. മൂന്നാറില്‍നിന്ന് സൈലന്റ് വാലി വഴിയാണ് യാത്ര. സൈലന്റ് വാലി വനത്തില്‍ ടെന്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അവിടെനിന്ന് നാലു കിലോമീറ്റര്‍ കൂടി മുകളിലേക്കു പോയാല്‍ റോഡോവാലിയുടെ മുകളില്‍ റോഡോ മാന്‍ഷനും. റോഡന്‍ഡെന്‍ഡ്രോം എന്ന പൂമരം നിറഞ്ഞ താഴ്‌വരയായതുകൊണ്ടാണ് ആ പേര്.

""ഒരു ടെന്റില്‍ രണ്ടു പേര്‍ക്കു താമസിക്കാം. ഭക്ഷണമുള്‍പ്പെടെ 3500 രൂപ ചാര്‍ജ്. റോഡോമാന്‍ഷനില്‍ ഡബിള്‍ബെഡ് റൂമിന് ചാര്‍ജ് 7000 രൂപ. മൂന്നാറില്‍നിന്നു വാഹനത്തില്‍ കൊണ്ടുപോയി തിരികെ ആക്കും. മൂന്നു നേരം ഭക്ഷണവും ഗൈഡിന്റെ സേവനവു ഉള്‍പ്പെടെയാണ് തുക. ടെന്റില്‍ താമസിക്കുന്നവര്‍ അവിടെ സ്വന്തമായി എത്തിക്കൊള്ളണം. ബൈക്കുള്ളവര്‍ക്ക് അവിടെ വരെ ഓടിച്ചെത്താം'' -ജോണ്‍സണ്‍ വിശദീകരിച്ചു.

""ധാരാളം അവധിയുള്ള ഒക്‌ടോബറില്‍ മീശപ്പുലിമലയിലേക്ക് സഞ്ചാരികളുടെ പ്രവാഹംതന്നെയുണ്ടായി. ഉദാഹരണത്തിന്, ദീപാവലി ദിവസം ടെന്റില്‍ താമസിക്കാന്‍ 40 പേര്‍. മാന്‍ഷനില്‍ 24 പേരും. ഫുള്‍ കപ്പാസിറ്റി. ഇടദിവസങ്ങളില്‍ ഇത്ര തിരക്കില്ല. അപ്പോള്‍ സഞ്ചാരികള്‍ക്ക് ഡിസ്കൗണ്ട് ഏര്‍പ്പെടുത്തണമെന്ന് ശിപാര്‍ശ ചെയ്തിട്ടുണ്ട്.

""ഒക്‌ടോബറില്‍ ബേസ്ക്യാമ്പില്‍ 462 പേരും റോഡോ മാന്‍ഷനില്‍ 266 പേരും താമസിച്ചു. അതിനോടു ചേര്‍ന്ന് ഒരു സ്‌കൈ കോട്ടേജ് കൂടിയുണ്ട്. ഒറ്റമുറി. രണ്ടു പേര്‍ക്ക് 7000 രൂപ. അതിപ്പോള്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരിക്കുന്നു. ക്രിസ്മസിനു മുമ്പു തുറക്കും. ഈ മാസം 39 പേര്‍ അവിടെ ചേക്കേറിയിരുന്നു. ഇപ്പോള്‍ മൂന്നാറില്‍നിന്ന് സൈലന്റ് വാലിയിലേക്ക് രാവിലെയും ഉച്ചയ്ക്കും വൈകിട്ടും കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തുന്നുണ്ട്'' -ജോണ്‍സണ്‍ പറഞ്ഞു.

""ബേസ്ക്യാമ്പില്‍ കിടന്നുറങ്ങുമ്പോള്‍ നല്ല തണുപ്പായിരുന്നു - എട്ടു ഡിഗ്രി സെല്‍ഷ്യസ്. ഞാന്‍ വൂളന്‍ ജാക്കറ്റ് കരുതിയിരുന്നു. ഫോറസ്റ്റുകാര്‍ കമ്പിളിപ്പുതപ്പ് തന്നു. കോഴിയിറച്ചി ഉള്‍പ്പെട്ട നല്ല അത്താഴവും'' - കൊച്ചിയില്‍ ഡെക്കാന്‍ ക്രോണിക്കിളില്‍ ഇന്റേണ്‍ഷിപ് ചെയ്യുന്ന യുവ ജേര്‍ണലിസ്റ്റ് കിരണ്‍ തോമസ് (ചങ്ങനാശേരി) അനുഭവം പങ്കുവച്ചു.

""രാവിലെ ബ്രേക്ക്ഫാസ്റ്റിനു ശേഷം എട്ടരയ്ക്ക് മലകയറ്റം തുടങ്ങി. 11 മണിക്ക് റോഡോ മാന്‍ഷന്റെ സമീപമെത്തി, ഒന്നരയ്ക്ക് മീശപ്പുലിമലയുടെ നെറുകയിലും. മല മഞ്ഞുപുതച്ചു നിന്നിരുന്നതിനാല്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ല. എങ്കിലും ആ കയറ്റം ഒരനുഭവമായിരുന്നു. എഡ്മണ്ട് ഹിലാരിയും നോര്‍ഗേ ടെന്‍സിംഗും 1953ല്‍ എവറസ്റ്റ് കീഴടക്കിയതുപോലുള്ള അനുഭവം.

""മൂന്നാറില്‍ എക്കോ ടൂറിസം ഓഫീസര്‍ എസ്. സുനിലും, ബേസ്ക്യാമ്പിന്റെ ചാര്‍ജുള്ള ഷൈന്‍ വി. ജേക്കബും നല്ല സഹായമായിരുന്നു. ഹൃദ്യമായ പെരുമാറ്റം. മീശപ്പുലിമലയില്‍നിന്ന് തിരികെ സൈലന്റ് വാലിയിലെത്താന്‍ കുറഞ്ഞ സമയമേ വേണ്ടിവന്നുള്ളൂ. പാര്‍ക്കിംഗ് ഏരിയയില്‍നിന്ന് മൂന്നാര്‍ വരെ സൗജന്യമായി ലിഫ്റ്റും കിട്ടി.''

ഈ ലേഖനം കംപ്യൂട്ടറില്‍ തയാറാക്കി കഴിഞ്ഞപ്പോഴേക്കും അതാ വരുന്നു, വാര്‍ത്ത: കൊളുക്കുമല വഴിയുള്ള മീശപ്പുലിമല കയറ്റം ദേവികുളം സബ്കളക്ടര്‍ നിരോധിച്ചിരിക്കുന്നു. അവധി ആഘോഷിക്കാന്‍ മദ്യക്കുപ്പികളുമായെത്തുന്നവര്‍ വലിച്ചെഴിയുന്ന പ്ലാസ്റ്റിക് മാലിന്യം മീശപ്പുലിമലയില്‍ നിറഞ്ഞതാണ് കാരണം. ഇനി സൈലന്റ് വാലി വഴി ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മുഖേനയേ മലകയറ്റം അനുവദിക്കൂ.
ദീപാവലിക്ക് മീശപ്പുലിമലയില്‍ തങ്കസൂര്യോദയം; അവിടെ മഴവില്‍ക്കാവടി കാണാന്‍ ആയിരങ്ങള്‍ (കുര്യന്‍ പാമ്പാടി)ദീപാവലിക്ക് മീശപ്പുലിമലയില്‍ തങ്കസൂര്യോദയം; അവിടെ മഴവില്‍ക്കാവടി കാണാന്‍ ആയിരങ്ങള്‍ (കുര്യന്‍ പാമ്പാടി)ദീപാവലിക്ക് മീശപ്പുലിമലയില്‍ തങ്കസൂര്യോദയം; അവിടെ മഴവില്‍ക്കാവടി കാണാന്‍ ആയിരങ്ങള്‍ (കുര്യന്‍ പാമ്പാടി)ദീപാവലിക്ക് മീശപ്പുലിമലയില്‍ തങ്കസൂര്യോദയം; അവിടെ മഴവില്‍ക്കാവടി കാണാന്‍ ആയിരങ്ങള്‍ (കുര്യന്‍ പാമ്പാടി)ദീപാവലിക്ക് മീശപ്പുലിമലയില്‍ തങ്കസൂര്യോദയം; അവിടെ മഴവില്‍ക്കാവടി കാണാന്‍ ആയിരങ്ങള്‍ (കുര്യന്‍ പാമ്പാടി)ദീപാവലിക്ക് മീശപ്പുലിമലയില്‍ തങ്കസൂര്യോദയം; അവിടെ മഴവില്‍ക്കാവടി കാണാന്‍ ആയിരങ്ങള്‍ (കുര്യന്‍ പാമ്പാടി)ദീപാവലിക്ക് മീശപ്പുലിമലയില്‍ തങ്കസൂര്യോദയം; അവിടെ മഴവില്‍ക്കാവടി കാണാന്‍ ആയിരങ്ങള്‍ (കുര്യന്‍ പാമ്പാടി)ദീപാവലിക്ക് മീശപ്പുലിമലയില്‍ തങ്കസൂര്യോദയം; അവിടെ മഴവില്‍ക്കാവടി കാണാന്‍ ആയിരങ്ങള്‍ (കുര്യന്‍ പാമ്പാടി)ദീപാവലിക്ക് മീശപ്പുലിമലയില്‍ തങ്കസൂര്യോദയം; അവിടെ മഴവില്‍ക്കാവടി കാണാന്‍ ആയിരങ്ങള്‍ (കുര്യന്‍ പാമ്പാടി)ദീപാവലിക്ക് മീശപ്പുലിമലയില്‍ തങ്കസൂര്യോദയം; അവിടെ മഴവില്‍ക്കാവടി കാണാന്‍ ആയിരങ്ങള്‍ (കുര്യന്‍ പാമ്പാടി)
Join WhatsApp News
c j jose 2016-10-29 21:38:33
enticing description and photos 
Ponmelil Abraham 2016-10-30 04:20:52
An excellent account of the travel experience of important tourism locations of great interest.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക