Image

ഉത്തരകാണ്ഡത്തിനൊരു നവഭാഷ്യം (കഥ: രചന: സുനില്‍ എം എസ്, മൂത്തകുന്നം)

Published on 29 October, 2016
ഉത്തരകാണ്ഡത്തിനൊരു നവഭാഷ്യം (കഥ: രചന: സുനില്‍ എം എസ്, മൂത്തകുന്നം)
മുന്നില്‍, നിലത്ത്, സാഷ്ടാംഗം പ്രണമിച്ചുകൊണ്ടു കിടക്കുന്ന ഭദ്രനെ നോക്കിനില്‍ക്കുമ്പോള്‍ ഹൃദയം പിടച്ചു. ദേവന്മാര്‍ക്കു പോലും വധിയ്ക്കാന്‍ കഴിയാത്തവിധം ശക്തനും നിഷ്ഠുരനും ഭീകരനുമായിരുന്ന രാവണനെ അഭിമുഖീകരിച്ചപ്പോള്‍ പോലും മനമിടറിയിരുന്നില്ല. പക്ഷേ, കണ്ണീരൊഴുക്കിക്കിടക്കുന്ന ഭദ്രന്‍ ഉള്ളില്‍ ആശങ്കയുണര്‍ത്തുന്നു. എന്താവും ഭദ്രന് ഉണര്‍ത്തിയ്ക്കാനുണ്ടാവുക...

രാജ്യഭരണമേറ്റ ശേഷം ഒരു വര്‍ഷത്തിലേറെ കടന്നുപോയിരിയ്ക്കുന്നു. നിത്യേനയുള്ള സായാഹ്നപരിപാടികളില്‍ ഉള്‍പ്പെട്ടതാണ്, വിശ്വസ്തരായ അനുചരന്മാരുമായുള്ള സംവാദം. അനുചരന്മാര്‍ക്ക് എന്റെ മുന്നില്‍ ഭയലേശമെന്യേ വായ് തുറക്കാനുള്ള സന്ദര്‍ഭം. തെരുവില്‍ കേട്ടതെന്തും അവര്‍ക്കെന്നെ അറിയിയ്ക്കാം. ഒരു വ്യവസ്ഥ മാത്രം: സത്യമേ പറയാവൂ; സത്യം മറച്ചുവെക്കാതിരിയ്ക്കുകയും വേണം.

രാജാവിനെപ്പറ്റിയും രാജഭരണത്തെപ്പറ്റിയും പ്രജകളെന്തു പറയുന്നു? അവര്‍ പറയുന്നത് രാജാവ് അറിയണം. പ്രജകളുടെ ക്ഷേമം ഉറപ്പാക്കാന്‍ അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും അപ്പപ്പോള്‍ അറിഞ്ഞേ തീരൂ.

പ്രജാഹിതം അപ്പപ്പോള്‍ അറിയാനുള്ള സംവിധാനം ഭരതനാണു തുടങ്ങിവെച്ചത്. അച്ഛന്റെ കാലത്ത് അതുണ്ടായിരുന്നോ എന്നെനിയ്ക്കറിയില്ല. ഭരതനും അതറിഞ്ഞു കാണില്ല. ഭരതനു ഭരണകാര്യങ്ങളില്‍ മുന്‍പരിചയം തീരെയില്ലാതിരുന്നിട്ടും, പ്രജകള്‍ ഭരണത്തെപ്പറ്റിയും രാജാവിനെപ്പറ്റിയും പറയുന്നത് എന്തു തന്നെയായാലും അതറിയാനുള്ള ആര്‍ജവം പതിന്നാലു വര്‍ഷക്കാലത്തെ ഭരണത്തിനിടയില്‍ ഭരതന്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞിരിയ്ക്കുന്നു.

ഭരതന്റെ ഭരണം നേരില്‍ക്കണ്ട വസിഷ്ഠമഹര്‍ഷി ഭാരതവര്‍ഷത്തില്‍ ധര്‍മ്മരാജാവ് എന്ന പദത്തിന് ഏറ്റവും അര്‍ഹനായതു ഭരതന്‍ തന്നെ എന്നു സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞിട്ടുമുണ്ട്; മുഴുവന്‍ സൂര്യവംശത്തിന്റേയും ഗുരുവായ വസിഷ്ഠമഹര്‍ഷിയുടെ സാക്ഷ്യപത്രത്തേക്കാള്‍ വലുതു വേറെയില്ല.

പ്രജകളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും അവര്‍ പറയാതെ തന്നെ അറിയണമെന്ന തിരിച്ചറിവ് ഭരതന്റെ സ്വന്തം ചിന്താശക്തിയാലുദിച്ചതായിരിയ്ക്കണം. എങ്കിലും, അവനോടു ചോദിച്ചാല്‍ അവന്‍ പറയാന്‍ പോകുന്നത് ‘ജ്യേഷ്ഠന്റെ പാദുകങ്ങളുടെ മുന്നില്‍ കൈ കൂപ്പി നിന്നപ്പോള്‍ താനേ തെളിഞ്ഞു വന്ന നേര്‍വഴികളാണെല്ലാം’ എന്നായിരിയ്ക്കും. ജ്യേഷ്ഠസഹോദരനോടുണ്ടാകാറുള്ള കേവലസ്‌നേഹമല്ല, ഏതാണ്ട് ഒരീശ്വരനോടുള്ള ആരാധന തന്നെയാണ് അവന് എന്നോടുള്ളത്.

അതിനു കാരണവുമുണ്ട്. ഞാന്‍ വെറും മനുഷ്യനല്ല, സാക്ഷാല്‍ മഹാവിഷ്ണുവിന്റെ തന്നെ അവതാരമാണെന്ന് ആരൊക്കെയോ അവനെ പറഞ്ഞു ധരിപ്പിച്ചിരിയ്ക്കുന്നു. ഞാന്‍ ഈശ്വരാവതാരമാണെന്നു പറഞ്ഞുകേള്‍ക്കുമ്പോള്‍ എനിയ്ക്കു ചിരി വരും; കഴിഞ്ഞ പതിന്നാലുവര്‍ഷത്തിനിടയില്‍ ഈ ഞാനും എന്റെ ഉറ്റവരും അനുഭവിയ്ക്കാത്ത ദുഃഖങ്ങളും ദുരിതങ്ങളും ഏറെയില്ല.

ഞാന്‍ സത്യമായും ഈശ്വരാവതാരമായിരുന്നെങ്കില്‍ ഇപ്പോളെന്റെ മുന്നില്‍ കമഴ്ന്നു കിടക്കുന്ന ഭദ്രന്‍ പറയാന്‍ പോകുന്നതെന്തെന്നോര്‍ത്തു ഞാന്‍ ഭയക്കുമായിരുന്നില്ല.

ഭദ്രന്റെ ചുമലുകള്‍ വിറയ്ക്കുന്നു. അവന്‍ വിങ്ങിക്കരയുന്നുണ്ട്.

പാവം!

പൊതുജനാഭിപ്രായം അറിഞ്ഞു വരാന്‍ നിയോഗിയ്ക്കപ്പെട്ട വിശ്വസ്തരായ അനുചരവൃന്ദത്തില്‍ ഭദ്രനുള്‍പ്പെടെ പത്തു പേരാണുള്ളത്. വിജയനും മധുമത്തനും കാശ്യപനും മംഗളനും കുലനും സുരാജിസ്സിനും കാളിയനും ദന്തവക്രനും സുമാഗധനും എനിയ്ക്കപ്രിയമായ വാര്‍ത്തകള്‍ എന്നോടൊരിയ്ക്കലും പറഞ്ഞിട്ടില്ല. അത് അവര്‍ക്കെന്നോടുള്ള അതിഭക്തി മൂലമാണെന്ന് എനിയ്ക്കു തോന്നിയിട്ടുണ്ട്.

ഭക്തി ഭദ്രനുമുണ്ട്. എങ്കിലും, അവരില്‍ നിന്നു വ്യത്യസ്തനാണു ഭദ്രന്‍. ജീവന്‍ പോയാലും അവന്‍ സത്യമേ പറയൂ. അവന്റെ ആ വൈശിഷ്ട്യം തനിയ്ക്കു ബോദ്ധ്യപ്പെട്ടിട്ടുള്ളതാണെന്നു ഭരതന്‍ മുമ്പെന്നോടു സൂചിപ്പിച്ചിട്ടുമുണ്ട്.

ഭദ്രന്‍ പറയാന്‍ ഭയക്കുന്ന സത്യമെന്തായിരിയ്ക്കാം?

കുനിഞ്ഞ് ഭദ്രന്റെ ചുമലില്‍ സ്പര്‍ശിച്ചു. കനിവോടെ പറഞ്ഞു, “എഴുന്നേല്‍ക്ക്.”

കണ്ണീരൊഴുക്കി കൈകൂപ്പി നിന്ന ഭദ്രന്റെ തേങ്ങലുകള്‍ക്കിടയില്‍ വാക്കുകള്‍ അല്പാല്പമായി പുറത്തു വന്നു. കാര്യം വ്യക്തമായപ്പോള്‍ നടുങ്ങി!

അയല്‍ക്കാരനുമായി ശയ്യ പങ്കിട്ടുവെന്ന സംശയത്താല്‍ ഒരു വെളുത്തേടന്‍ തന്റെ ഭാര്യയെ പുറത്താക്കി. അതില്‍ വൈചിത്ര്യമൊന്നുമില്ല. പക്ഷേ, അയാള്‍ ഭാര്യയെ പുറത്താക്കുമ്പോള്‍ ‘രാവണന്റെ കൂടെ മാസങ്ങളോളം ജീവിച്ച സീതയെ സ്വീകരിച്ച രാമനെപ്പോലെ ഭീരുവല്ല ഞാന്‍’ എന്ന് ആക്രോശിച്ചുവത്രേ!

ഭദ്രന്‍ കാര്യം കഷ്ടിച്ചു പറഞ്ഞൊപ്പിച്ചപ്പോള്‍, നിമിഷനേരം കൊണ്ട് എന്റെ മുഖം ഇരുണ്ടു കാണണം. അതു കണ്ടു ഭയന്നാകണം, ഭദ്രന്‍ എന്റെ മുന്നില്‍ വീണ്ടും സാഷ്ടാംഗം പ്രണമിച്ചത്. ഞാന്‍ ഉടവാളൂരി അവന്റെ ശിരസ്സു വെട്ടുമെന്നു പോലും ഭയന്നിട്ടുണ്ടാകാം.

പാവം, അവനെന്തു പിഴച്ചു! വാര്‍ത്താവാഹകരെ ഉപദ്രവിയ്ക്കുകയല്ല, സംരക്ഷിയ്ക്കുകയാണു വേണ്ടത്. എങ്കില്‍ മാത്രമേ അവര്‍ കൊണ്ടുവരുന്ന വാര്‍ത്തകള്‍ സത്യസന്ധമാകൂ, സത്യസന്ധമായ വാര്‍ത്തകള്‍ അവര്‍ കൊണ്ടുവരൂ.

ഭദ്രനു തെറ്റു പറ്റിയതാകരുതോ?

അനുചരവൃന്ദത്തിലെ മറ്റംഗങ്ങള്‍ അകന്ന്, നമ്രശിരസ്കരായി നിന്നിരുന്നു. “വരൂ” എന്ന എന്റെ വിളി കേട്ട് അവര്‍ അടുത്തു വന്നു. എഴുന്നേറ്റു നിന്ന ഭദ്രന്റെ വിറ പൂണ്ട മുഖം അവര്‍ കണ്ടുകാണും. അവരുടെ മുഖത്തും ഭീതി പരന്നു.

ഞാന്‍ ഭദ്രനെ ആശ്വസിപ്പിച്ചു. ധൈര്യം നല്‍കി. നീ നിന്റെ കടമ യഥോചിതം നിര്‍വഹിച്ചിരിയ്ക്കുന്നു. നീ ഒന്നുകൊണ്ടും ഭയപ്പെടേണ്ട.

ഭദ്രന്റെ ഭീതിയകന്നതു കണ്ട് മറ്റുള്ളവരും, വൈമനസ്യത്തോടെയെങ്കിലും, മുന്നോട്ടു വന്നു. ഭദ്രന്‍ വെളിപ്പെടുത്തിയതിനു സമാനമായ ചിലത് അവര്‍ക്കുമുണ്ടായിരുന്നു പറയാന്‍. ഭീതിയകന്നപ്പോള്‍ അവരും അവ വെളിപ്പെടുത്തി. വെളുത്തേടന്റെ ചിന്താഗതി പ്രജകളില്‍ മറ്റു പലര്‍ക്കുമുണ്ടെന്നത് അസന്ദിഗ്ദ്ധം.

ഭദ്രനു തെറ്റു പറ്റിയതല്ല.

ഞാന്‍ കൂടുതല്‍ അസ്വസ്ഥനായി.

അതു കണ്ടായിരിയ്ക്കണം അനുചരവൃന്ദം നിശ്ശബ്ദം പിന്‍വലിഞ്ഞു. ആജ്ഞ കാത്തു നിന്നിരുന്ന മറ്റു സേവകരും ദൃഷ്ടിയില്‍ നിന്നു മറഞ്ഞു.

എന്റെ ഓര്‍മ്മകള്‍ പുറകോട്ടു പാഞ്ഞു. ജ്വലിയ്ക്കുന്നൊരു ചിത്രം എന്റെ മനോമുകുരത്തില്‍ തെളിഞ്ഞു.

ആളിക്കത്തുന്നൊരു ചിത. അതിന്റെ ആകാശം മുട്ടുന്ന തീനാളങ്ങള്‍ക്കുള്ളില്‍, എന്റെ നേരേ കൈകൂപ്പി നിന്നു ജ്വലിയ്ക്കുന്ന സീത!

ഞാന്‍ അകന്നു നില്‍ക്കുകയായിരുന്നിട്ടും ചിതയുടെ തീക്ഷ്ണതാപമേറ്റ് എന്റെ ശരീരം പൊള്ളിക്കൊണ്ടിരുന്നു. ആളിക്കത്തുന്ന തീയേക്കാള്‍ തീക്ഷ്ണമായിരുന്നു, അഗ്‌നിയില്‍ ജ്വലിച്ചിരുന്ന സീതയുടെ നോട്ടം. അതിന്റെ തീക്ഷ്ണതയില്‍ എന്റെ ഹൃദയം ശരീരത്തേക്കാളേറെ പൊള്ളി. പതിവ്രതയായ ഭാര്യയെ തിരസ്കരിച്ചതു മൂലമുണ്ടായ കുറ്റബോധവും ചിതയോളം തീക്ഷ്ണമായിരുന്നു.

രാവണനെ നിഗ്രഹിച്ച്, യുദ്ധം ജയിച്ച്, ലങ്കയെ കീഴ്‌പെടുത്തിയ ദിനമായിരുന്നു, അത്. എന്റെ നിര്‍ദ്ദേശമനുസരിച്ച് വിഭീഷണന്‍ അശോകവാടികയില്‍ നിന്നു സീതയെ എന്റെ മുന്നിലേയ്ക്കാനയിച്ചു. രാവണനാല്‍ ഗളച്ഛേദം ചെയ്യപ്പെടാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിയ്‌ക്കെ മോചിതയായതിലും, അതിലുമേറെ, പ്രിയതമനുമായുള്ള പുനസ്സമാഗമം സാദ്ധ്യമായതിലുമുള്ള ആശ്വാസത്തോടും ആഹ്ലാദത്തോടും കൂടിയവള്‍ എന്റെ സവിധത്തിലേയ്ക്ക് ഓടിവന്നു. തളര്‍ച്ചയേക്കാളേറെ, എന്നോടുള്ള തീവ്രപ്രണയമായിരുന്നു, അവളുടെ മുഖത്ത്. കണ്ട നിമിഷം തന്നെ ഞാനവളെ പ്രേമപൂര്‍വം ആശ്ലേഷിയ്ക്കുമെന്ന് അവള്‍ ആശിച്ചും കാണണം.

അവളെ പുണരാന്‍ എന്റെ കരങ്ങളും ഹൃത്തടവും കൊതിയ്ക്കുകയും ചെയ്തിരുന്നു.

ഭാര്യാഭര്‍തൃപുനസ്സമാഗമം നിര്‍ബാധം നടക്കട്ടേയെന്നു കരുതി ലക്ഷ്മണനും വിഭീഷണനും സുഗ്രീവനും ഹനുമാനും വാനരന്മാരുമെല്ലാം അകലേയ്ക്കു മാറി നിന്നിരുന്നു.

പക്ഷേ, എന്റെ മനസ്സു പ്രക്ഷുബ്ധമായിരുന്നു.

പതിന്നാലു വര്‍ഷം തികഞ്ഞയുടന്‍ ഞാന്‍ അയോദ്ധ്യയില്‍ മടങ്ങിയെത്തി രാജ്യഭാരം ഏറ്റെടുക്കുന്നില്ലെങ്കില്‍ ഭരതന്‍ ആത്മാഹുതി ചെയ്യും; അതായിരുന്നു, അവന്റെ ദൃഢപ്രതിജ്ഞ. ഞാന്‍ രാജ്യഭാരം ഏറ്റെടുത്തേ തീരൂ. എന്നാല്‍, ഞാന്‍ രാജാവാകണമെങ്കില്‍, എന്റെ പത്‌നി പരിശുദ്ധയായിരിയ്ക്കുകയും വേണം. അന്യപുരുഷന്റെ അധീനതയില്‍ ഏതാണ്ട് ഒരു വര്‍ഷത്തോളം കഴിഞ്ഞ സീത പരിശുദ്ധയാണെന്നു ജനതയെ എങ്ങനെ ബോദ്ധ്യപ്പെടുത്തും? ഒരു രാജാവിനു പ്രജകളാണു വലുത്, സ്വന്തം പത്‌നിയല്ല.

സീതയുടെ ക്ഷീണിച്ചു തളര്‍ന്ന മുഖത്ത് എന്നോടുള്ള പ്രണയത്തോടൊപ്പം അവളുടെ ഹൃദയനൈര്‍മ്മല്യവും പ്രകടമായിരുന്നു. ഈ സാദ്ധ്വിയെ സംശയിയ്ക്കുന്നതാണു മഹാപാപം. അവളെ പുണര്‍ന്ന് ആശ്വസിപ്പിയ്ക്കാനുള്ള ആഗ്രഹം ഞാന്‍ വളരെ പണിപ്പെട്ടു നിയന്ത്രിച്ചു.

അവളെ നോക്കിനില്‍ക്കുവോളം എനിയ്ക്കു കടുത്തതൊന്നും പറയാനാവില്ല. അതുകൊണ്ട് അവളുടെ മുഖത്തേയ്ക്കു നോക്കാതെ ഞാന്‍ പറയാന്‍ തുടങ്ങി. എന്റെ വായില്‍ നിന്നു യാന്ത്രികമായി പുറത്തു ചാടിയ വാക്കുകള്‍ രാവണനു നേരേ ഞാനെയ്തിരുന്ന അസ്ത്രങ്ങളേക്കാള്‍ കടുത്തവയായിരുന്നു:

‘നിന്നെ മോചിപ്പിയ്ക്കുകയെന്നത് എന്റെ കടമയായിരുന്നു. ഞാനതു നിറവേറ്റി. എന്നാല്‍...’ എന്റെ തൊണ്ടയിടറി, ‘എന്നാല്‍, നിന്നെ സ്വീകരിയ്ക്കാന്‍ എനിയ്ക്കാവില്ല.’

സീത ഇടിവെട്ടേറ്റ പോലെ സ്തംഭിച്ചു നിന്നു. അവളുടെ മുഖത്തു പ്രകടമായിരുന്ന വേദന എനിയ്ക്കു ഹൃദയഭേദകമായിരുന്നു. എങ്കിലും അബോധാവസ്ഥയിലെന്ന പോലെ വാക്കുകള്‍ എന്റെ വായില്‍ നിന്നു പുറത്തു വന്നുകൊണ്ടിരുന്നു:

‘പരപുരുഷന്റെ അധീനതയിലായിരുന്ന നിന്നെ സൂര്യവംശത്തില്‍ ജനിച്ച എനിയ്ക്കു സ്വീകരിയ്ക്കാനാവില്ല. അതുകൊണ്ടു നിനക്ക് ഏതു വഴിയേ വേണമെങ്കിലും പോകാം. നീ സ്വതന്ത്രയാണ്. നിനക്ക് ആരെ വേണമെങ്കിലും സമീപിയ്ക്കാം, സ്വീകരിയ്ക്കാം.’

സീത നിസ്സഹായയായി പകച്ചു നിന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

തന്നോടു വിധി തുടരെത്തുടരെ ക്രൂരത കാണിയ്ക്കുന്നത് എന്തുകൊണ്ടെന്നു തപിയ്ക്കുകയായിരുന്നിരിയ്ക്കണം, അവള്‍.

എനിയ്ക്കതു മനസ്സിലാകും. ഭിക്ഷ നല്‍കാനൊരുങ്ങിയപ്പോള്‍ അവള്‍ അന്യന്റെ തടവിലായി. ഭര്‍ത്താവിനെത്തന്നെ ധ്യാനിച്ച്, പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാതെ ഒരു വര്‍ഷത്തോളം തടവില്‍ കഴിഞ്ഞിട്ടും, ഭര്‍ത്താവിനാല്‍ത്തന്നെ തിരസ്കൃതയുമാകുന്നു. പാവം!

അവളെ നെഞ്ചോടു ചേര്‍ക്കാനുള്ള ആഗ്രഹമടക്കി ഞാന്‍ അവഗണനാഭാവത്തില്‍, ഹൃദയവേദനയോടെ, തിരിഞ്ഞു നിന്നു.

സീത തളര്‍ന്നു കണ്ണീരൊഴുക്കിക്കൊണ്ട്, സമീപത്തുള്ളൊരു വൃക്ഷത്തില്‍ ശിരസ്സമര്‍ത്തി നിന്നു.

മറ്റുള്ളവര്‍ അകലെ മാറി നിന്നിരുന്നു.

രാക്ഷസരുടേയും അവരോടേറ്റു മുട്ടി വീരചരമമടഞ്ഞിരുന്ന വാനരരുടേയും മൃതദേഹങ്ങള്‍ ചുറ്റിലും ചിതറിക്കിടന്നിരുന്നു.

എണ്ണമറ്റ ജീവനുകളെ ഞാന്‍ നിഷ്കരുണം കാലപുരിയിലേയ്ക്കയച്ചിരിയ്ക്കുന്നു. അതു മാത്രമോ! എന്നെ സ്വജീവനേക്കാളേറെ പ്രണയിച്ച സതീരത്‌നത്തെ ഞാന്‍ നിഷ്കരുണം അപമാനിയ്ക്കുകയും വെറുപ്പിയ്ക്കുകയും വേദനിപ്പിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.

ഭാര്യയുടെ ചാരിത്ര്യശുദ്ധിയെപ്പറ്റി ജനതയെ ബോദ്ധ്യപ്പെടുത്താനാകാതെ, ഭാര്യയെ തെരുവിലേയ്ക്ക് ഇറക്കിവിടുന്ന നിഷ്ഠുരനാണു ഞാന്‍.

എനിയ്ക്കു ജീവിതത്തോടു തന്നെ വിരക്തി തോന്നി. ഞാനും ഇക്കാണുന്ന മൃതദേഹങ്ങളിലൊന്നായിരുന്നെങ്കില്‍ എത്ര നന്നായേനേ! മനുഷ്യനായി പിറക്കാതിരിയ്ക്കുകയായിരുന്നു, അതിലേറെ നന്ന്.

അതിശക്തനായൊരു രാക്ഷസന്‍ ചതിവിലൂടെ പിടികൂടി, അവളെ തടവില്‍ പാര്‍പ്പിച്ചിരിയ്‌ക്കെ, രാക്ഷസനു കീഴ്‌പ്പെടുകയല്ലാതെ അശക്തയും നിസ്സഹായയുമായ അവള്‍ക്കു മറ്റെന്തു ചെയ്യാനാകും! അതും, പന്ത്രണ്ടു മാസത്തിനുള്ളില്‍ വഴിപ്പെട്ടില്ലെങ്കില്‍ നിര്‍ദ്ദയം ഗളച്ഛേദം നടത്തി വധിയ്ക്കുമെന്ന ഭീഷണിയുടെ നിഴലില്‍!

എന്നിട്ടുമവള്‍ രാക്ഷസനു വഴിപ്പെട്ടില്ലെന്നതിന് അവളെ എത്ര ആദരിച്ചാലും അതധികമാവില്ല.

‘രാജന്‍.’

സീതയുടെ സ്വരം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി. അവളുടെ കണ്ണുനീരല്പം വറ്റിയിരിയ്ക്കുന്നു.

‘ഒരു ചിതയൊരുക്കാന്‍ അങ്ങ് ലക്ഷ്മണനോടു പറഞ്ഞാലും.’

എന്റെ മാനസികവ്യഥ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നും തന്നെ അവള്‍ പറഞ്ഞില്ലല്ലോ എന്നു ഞാനാശ്വസിച്ചു. മാത്രമല്ല, ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ ദഹിപ്പിയ്ക്കണമെന്ന കാര്യം എന്നേക്കാള്‍ മുമ്പേ അവള്‍ ഓര്‍മ്മിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.

മൃതദേഹങ്ങളെ ദഹിപ്പിയ്ക്കാനൊരു വലിയ ചിത കൂട്ടാന്‍ ഞാന്‍ ലക്ഷ്മണനു നിര്‍ദ്ദേശം നല്‍കി.

വാനരസേനയില്‍ അവശേഷിച്ചിരുന്ന അംഗങ്ങള്‍ അത്യുത്സാഹത്തോടെ മരങ്ങളില്‍ കയറി ഉണങ്ങിയ കൊമ്പുകളൊടിച്ചു കൊണ്ടുവന്നു. ഒന്നിലേറെ മൃതദേഹങ്ങള്‍ ദഹിപ്പിയ്ക്കാന്‍ മതിയായ വിസ്താരവും ഉയരവുമുള്ളൊരു ചിത അതിവേഗം തയ്യാറായി.

ചിതയില്‍ വയ്ക്കാന്‍ വേണ്ടി മൃതദേഹങ്ങള്‍ ചുമന്നുകൊണ്ടുവരാന്‍ വാനരര്‍ ഒരുങ്ങുമ്പോള്‍ സീത കൈകൂപ്പിക്കൊണ്ട് എന്നെ വലം വെച്ച ശേഷം രണ്ടാള്‍പ്പൊക്കമുള്ള ചിതയുടെ മുകളില്‍ പിടിച്ചു കയറി!

ഞാന്‍ ചകിതനായി നോക്കിനിന്നു. എന്താണിവള്‍ ചെയ്യുന്നത്? ചിതയുടെ കെല്പ് പരിശോധിയ്ക്കുകയോ? അതെന്തിനു പരിശോധിയ്ക്കണം? അതു ചെയ്യേണ്ടതുണ്ടെങ്കില്‍ത്തന്നെ, മറ്റനേകം പേരുണ്ടല്ലോ, അതു ചെയ്യാന്‍...

ചിതയുടെ മുകളില്‍ ശ്രമപ്പെട്ടു കയറിനിന്നുകൊണ്ട് സീത എന്നെ നോക്കി വീണ്ടും കൈകൂപ്പി. അവള്‍ തളര്‍ന്നതെങ്കിലും ഉറച്ച സ്വരത്തില്‍ പറഞ്ഞു: “എന്റെ ഹൃദയം എന്നെങ്കിലും അങ്ങയില്‍ നിന്ന് അകന്നിട്ടുണ്ടെങ്കില്‍ ഞാന്‍ അഗ്‌നിയിലെരിഞ്ഞു ചാമ്പലാകട്ടെ.”

‘നിനക്ക് ഏതു വഴിയേ വേണമെങ്കിലും പോകാ’മെന്നു ഞാന്‍ പറഞ്ഞതനുസരിച്ച് അവള്‍ തെരഞ്ഞെടുത്തിരിയ്ക്കുന്ന വഴി ചിതയില്‍ സ്വയം കത്തിയമരലാണ്! ഞാന്‍ വിറങ്ങലിച്ചു നിന്നു...

അവള്‍ പറഞ്ഞതു കേട്ട് ആശ്ചര്യസ്തബ്ധനായിപ്പോയിരുന്ന ലക്ഷ്മണന്റെ നേരേ അവള്‍ തിരിഞ്ഞു. “ചിതയ്ക്കു തീ കൊളുത്തൂ, ലക്ഷ്മണാ. ചിത ആളിക്കത്തട്ടെ.”

“ജ്യേഷ്ഠത്തീ!” ലക്ഷ്മണന്‍ ഞെട്ടിത്തെറിച്ചു.

“നിന്റെ ജ്യേഷ്ഠത്തിയുടെ അവസാനത്തെ ഉത്തരവ് നീ അനുസരിയ്ക്കില്ലേ, ലക്ഷ്മണാ?” സീതയുടെ സ്വരം തളര്‍ന്നതെങ്കിലും, അതിനു വജ്രത്തിന്റെ കാഠിന്യവുമുണ്ടായിരുന്നു. അവളെ സ്വമാതാവിനെപ്പോലെ ബഹുമാനിച്ചിരുന്ന ലക്ഷ്മണനും അങ്ങനെ തോന്നിയിരിയ്ക്കണം.

“ജ്യേഷ്ഠാ!” അത് ഒരലര്‍ച്ചയായിരുന്നു. ഒരു നൂറു ചോദ്യങ്ങള്‍ ലക്ഷ്മണന്റെ വിളിയില്‍ അന്തര്‍ലീനമായിരുന്നു.

എന്റെ മൗനത്തില്‍ നിന്ന് അവനെല്ലാം മനസ്സിലായിക്കാണണം. ജീവിതത്തിലാദ്യമായി ലക്ഷ്മണന്‍ എന്നെ ക്രുദ്ധനായി തുറിച്ചു നോക്കിനിന്നു. അവന്റെ അമര്‍ഷം നേരിടാനാകാതെ ഞാന്‍ തല താഴ്ത്തി.

“എന്റെ അവസാനത്തെ ആഗ്രഹം നീ സാധിച്ചു തരില്ലേ, ലക്ഷ്മണാ?” സീത വീണ്ടും.

‘നീ ആരെ വേണമെങ്കിലും സമീപിച്ചോളൂ, സ്വീകരിച്ചോളൂ’ എന്നു ഞാന്‍ പറഞ്ഞിരുന്നതിന്‍ പടി അവള്‍ മറ്റാരെയെങ്കിലും സ്വീകരിച്ചിരുന്നെങ്കില്‍ ആത്മാഹുതി ചെയ്യുന്നതു ഞാനാകുമായിരുന്നു. അവള്‍ മറ്റൊരാളെ സ്വീകരിയ്ക്കുന്ന കാര്യം എനിയ്ക്കു ചിന്തനീയം പോലുമായിരുന്നില്ല. അവള്‍ മറ്റു പുരുഷന്മാരുടെ കൂടെ ജീവിയ്ക്കുന്നതിലും എനിയ്ക്കാശ്വാസം, അവളുടെ മൃദുമേനി അഗ്‌നിയില്‍ ഉരുകിയൊലിയ്ക്കുന്നതാണ്. അവള്‍ കത്തിച്ചാമ്പലായാലും വേണ്ടില്ല, അവളെ അന്യപുരുഷന്മാര്‍ സ്പര്‍ശിയ്ക്കാന്‍ പാടില്ല.

സ്വാര്‍ത്ഥത തന്നെ. ഈശ്വരാവതാരമാണു ഞാനെന്ന് ആരൊക്കെ വിശ്വസിച്ചാലും, മനുഷ്യസഹജമായ സ്വാര്‍ത്ഥത മുഴുവന്‍ എനിയ്ക്കുമുണ്ട്; അതാണു യാഥാര്‍ത്ഥ്യം.

‘അവളുടെ നിര്‍ദ്ദേശം നീ അനുസരിയ്ക്ക്’ എന്നു ലക്ഷ്മണനോടു മൗനത്തിലൂടെ ദ്യോതിപ്പിച്ചുകൊണ്ടു ഞാന്‍ മരവിച്ചു നിന്നു. കണ്ണുനീരണിഞ്ഞ മുഖം മറയ്ക്കാന്‍ ഞാന്‍ തിരിഞ്ഞു നിന്നു. ഇരുകരങ്ങളും ശിരസ്സിനു മുകളില്‍ കൂപ്പി, കണ്ണുകളടച്ച്, പ്രാര്‍ത്ഥിയ്ക്കാന്‍ ശ്രമിച്ചു: ‘ഈശ്വരാ...’

ഈശ്വരനില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാനാവുന്നില്ല. ഉള്ളില്‍ മുഴുവന്‍ അവള്‍. ചിതയുടെ മുകളിലെ അവളുടെ രൂപം. അവളുടെ തളര്‍ന്ന സ്വരം...

ഞാന്‍ കണ്ണടച്ചു ധ്യാനിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍, ചിതയുടെ മുകളില്‍ നിന്നു മൃദുസ്വരത്തിലുള്ള നാമജപം ഉയരാന്‍ തുടങ്ങി. രാമ, രാമ, രാമ... സീതയുടെ സ്വരം. അവളെ ചാമ്പലാക്കാന്‍ നിഷ്കരുണം നിശ്ശബ്ദാനുമതി നല്‍കിയ എന്റെ നാമം ജപിയ്ക്കാന്‍ അവള്‍ തുടങ്ങിയിരിയ്ക്കുന്നു!

ഞാന്‍ ഈശ്വരാവതാരമല്ല... പതിവ്രതയായ ഭാര്യയെ നിഷ്കരുണം കൊലയ്ക്കു കൊടുക്കുന്നൊരു മഹാപാപി... നിഷ്ഠുരന്‍... രാവണനും ഞാനും തമ്മില്‍ എന്തു വ്യത്യാസം!

ഗത്യന്തരമില്ലാതെ, ലക്ഷ്മണന്‍ ചിതയ്ക്കു തീ കൊളുത്തിക്കാണണം. അവനും ഈശ്വരനാമം ഉറക്കെച്ചൊല്ലുന്നതു ഞാന്‍ കേട്ടു...

ലക്ഷ്മണന്‍ ചെയ്യുന്നതെന്തെന്ന് അകന്നു നില്‍ക്കുകയായിരുന്നവര്‍ ആദ്യം മനസ്സിലാക്കിയിരുന്നില്ലെന്നു തോന്നുന്നു. ഉണങ്ങിയ കമ്പുകളില്‍ തീ പടര്‍ന്നപ്പോഴായിരിയ്ക്കണം ചിതയോടൊപ്പം ദഹിയ്ക്കാന്‍ പോകുന്നത് ആരെന്ന സത്യം അവര്‍ മനസ്സിലാക്കിയത്. അപ്പോഴായിരിയ്ക്കണം, അവര്‍ ദീനവിലാപമുയര്‍ത്താന്‍ തുടങ്ങിയത്.

“വേണ്ട ദേവീ...അമ്മേ...ദേവീ...അയ്യോ...രാമാ...നാരായണാ...പരമേശ്വരാ...മഹാപാപം...”

കൂട്ടക്കരച്ചിലുകളുയര്‍ന്നു. നാമജപങ്ങള്‍ ഉച്ചത്തിലായി.

ഉണങ്ങിയ വിറകുകൊള്ളികള്‍ അഗ്‌നിയ്ക്കിരയാകുമ്പോഴുണ്ടാകുന്ന സ്‌ഫോടനശബ്ദം കൊണ്ട് ആ പ്രദേശം മുഴുവന്‍ മുഖരിതമായി.

എന്റെ ശരീരം വിറ പൂണ്ടു.

എന്റെ അസ്ത്രങ്ങളേറ്റ ശത്രുക്കള്‍ ചോരപ്പുഴയൊഴുക്കി, പിടഞ്ഞു മരിയ്ക്കുന്നതു ഞാന്‍ ധാരാളം കണ്ടിരുന്നു. അപ്പോഴൊന്നും എനിയ്‌ക്കൊരു കുലുക്കവുമുണ്ടായിട്ടില്ല. മൃതദേഹങ്ങള്‍ ചിതയില്‍ ദഹിയ്ക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്, ചൂടേറ്റ് അസ്ഥികളും മസ്തിഷ്കവും പൊട്ടിപ്പൊളിയുന്ന ശബ്ദം കേട്ടിട്ടുണ്ട്. പക്ഷേ, ജീവനുള്ളൊരു ദേഹം അഗ്‌നിയിലുരുകുന്നതു കാണാനിട വന്നിട്ടില്ല. അതു കണ്ടുനില്‍ക്കാനുള്ള ധൈര്യവുമില്ല. അഗ്‌നിയിലുരുകുന്ന മൃദുമേനി സീതയുടേതു കൂടിയാകുമ്പോള്‍...

അതു കാണുന്നതിലും ഭേദം, ആ നിമിഷം സ്വയം മരിച്ചു വീഴുന്നതാകും...

ഭാര്യയുടെ ചിതയില്‍ച്ചാടി ഭര്‍ത്താവു മരിയ്ക്കുന്നതു സൂര്യകുലജാതര്‍ക്കു ഭൂഷണമല്ല. അതു കുലത്തിനു തന്നെ അപമാനമാകും. ജീവിയ്ക്കുക തന്നെ.

‘അങ്ങു വേര്‍പെട്ടാല്‍ ഞാന്‍ പ്രാണന്‍ വെടിയും’: പതിന്നാലു കൊല്ലം മുമ്പ്, ഞാന്‍ ഏകനായി വനവാസത്തിനൊരുങ്ങിയപ്പോള്‍ സീത പറഞ്ഞ വാക്കുകള്‍. ‘അങ്ങെന്നെ കൂടെക്കൊണ്ടുപോകുന്നില്ലെങ്കില്‍ ഞാന്‍ വിഷം കുടിച്ചോ തീയില്‍ച്ചാടിയോ മരണം വരിയ്ക്കും.’

അന്നത്തെ ഇളംപ്രായത്തിലും അവളുടെ വാക്കുകള്‍ക്കു കാഠിന്യമുണ്ടായിരുന്നു. സിംഹത്തേയും പുലിയേയും പാമ്പിനേയും ഞാന്‍ ഭയന്നിരുന്നില്ല. പക്ഷേ, ദുര്‍ബലയായ ഇവളുടെ മൃദുസ്വരത്തിലുള്ള വാക്കുകളെ ഭയക്കാന്‍ ഞാന്‍ അന്നു തുടങ്ങി.

തീയിലെരിയുന്ന വിറകുകൊള്ളികളുടെ പൊട്ടലുകള്‍ അടിയ്ക്കടി ഉയര്‍ന്നു കേള്‍ക്കുന്നു. ചിതയുടെ താപം വര്‍ദ്ധിച്ചിരിയ്ക്കുന്നു. അതു സഹിയ്ക്കവയ്യാതെ ആളുകള്‍ അകന്നുമാറിയതു ഞാനറിഞ്ഞു. പുറം പൊള്ളാന്‍ തുടങ്ങിയതു മൂലം അവരോടൊപ്പം ഞാനും അറിയാതെ അകന്നുമാറിയിരുന്നു. കണ്ണു തുറന്നു നോക്കാനുള്ള ധൈര്യമുണ്ടായില്ല.

ദീനരോദനങ്ങളുടെ നാഴികകള്‍ പലതും കടന്നുപോയിരിയ്ക്കണം. ഇതിനകം അസ്ഥികളുള്‍പ്പെടെ എല്ലാം ഉരുകിയൊലിച്ച് സീതയെന്ന അസ്തിത്വം ഇല്ലാതായിക്കഴിഞ്ഞിരിയ്ക്കണം.

അതിനിടയിലെപ്പോഴോ ആരവമുയരാന്‍ തുടങ്ങിയിരുന്നു. തുടക്കത്തിലെ ദീനരോദനങ്ങള്‍ ആരവത്തിനു വഴിമാറിയിരുന്നു.

ആരവം കേട്ടിട്ടും തിരിഞ്ഞു നോക്കിയിരുന്നില്ല. ജീവിതത്തിന്റെ അര്‍ത്ഥം തന്നെ നശിച്ചിരിയ്ക്കുന്നു. ഇനിയുള്ള ജീവിതം വംശത്തിന്റെ പേരു നിലനിര്‍ത്താന്‍ വേണ്ടി മാത്രമുള്ളതാണ്. വംശത്തിനു വേണ്ടി സ്വഭാര്യയെ ചിതയിലെറിഞ്ഞ വീരന്‍ എന്ന തീരാക്കളങ്കവും പേറി ജീവിയ്ക്കുന്നതില്‍ തീരെ താല്പര്യമില്ല. ജീവച്ഛവം കണക്കെ ജീവിയ്ക്കാമെന്നു മാത്രം.

ആരവം ഉച്ചത്തിലായിരിയ്ക്കുന്നു. ഇത്തവണ ആയിരക്കണക്കിനു കണ്ഠങ്ങളില്‍ നിന്നാണതുയര്‍ന്നത്. അതില്‍ ലക്ഷ്മണന്റേതും വ്യക്തമായിക്കേട്ടു.

‘അമ്മേ...ദേവീ...മഹാമായേ...”

ലക്ഷ്മണന് സീത എന്നും മാതൃതുല്യയായിരുന്നു. എങ്കിലും എന്തിനാണിവന്‍ ജനത്തോടൊപ്പം ആരവം മുഴക്കുന്നത്! ആരവം മുഴക്കാനിവിടെ ബാക്കിയെന്തുണ്ടാകാന്‍!

ആരവം ആഹ്ലാദത്തിന്റേതെന്ന തിരിച്ചറിവുണ്ടായപ്പോള്‍ ഞാന്‍ ശിരസ്സില്‍ നിന്നു കൈകളടര്‍ത്തി, കണ്ണുതുറന്നു തിരിഞ്ഞു നോക്കി.

ആളിക്കത്തുന്ന ചിത. അതില്‍ നിന്നുള്ള തീക്ഷ്ണമായ താപം മൂലം ജനം അകന്നു നില്‍ക്കുന്നു.

അഹമഹമികയാ ഉയരുന്ന ചുവപ്പുതീജ്വാലകള്‍ക്കിടയില്‍...

എനിയ്‌ക്കെന്റെ കണ്ണുകളെ വിശ്വസിയ്ക്കാനായില്ല!

തീജ്വാലകള്‍ക്കിടയില്‍ കൈ കൂപ്പിക്കൊണ്ട്, ഉരുകിയൊലിയ്ക്കാതെ, കത്തിച്ചാമ്പലാകാതെ, അചഞ്ചലയായി നില്‍പ്പു തുടരുന്നൂ, സീത!

തീക്കനലിന്റെ നിറമാര്‍ന്ന ശരീരം; ജ്വലിയ്ക്കുന്ന സീത. ജ്വലിയ്ക്കുന്ന ദൃഷ്ടികള്‍; അവയൂന്നിയിരിയ്ക്കുന്നത് എന്നില്‍ത്തന്നെ!

ഞാന്‍ സ്വപ്നം കാണുകയാണോ! ആളിക്കത്തുന്ന ചിതയോടടുക്കാന്‍ ആര്‍ക്കും സാധിയ്ക്കാതിരുന്നിട്ടും, അതേ ചിതാമദ്ധ്യത്തില്‍ സീതയ്‌ക്കെങ്ങനെ സുരക്ഷിതമായി തുടരാനായി?

അഗ്‌നിനാളങ്ങള്‍ക്കുള്ളില്‍ ജ്വലിച്ചു നില്‍ക്കുന്ന സീതയെക്കണ്ട്, ഭക്തിപാരവശ്യത്തോടെ ജനം ആര്‍ത്തുവിളിയ്ക്കുന്നു: “അമ്മേ...ദേവീ...മഹാമായേ...”

അടിയിലെ വിറകുകൊള്ളികള്‍ കത്തിച്ചാമ്പലാകുന്നതിനനുസരിച്ച് ചിതയുടെ ഉയരം കുറഞ്ഞിരുന്നു. തുടക്കത്തില്‍ രണ്ടാള്‍പ്പൊക്കമുണ്ടായിരുന്ന ചിതയുടെ ഉയരം പകുതിയില്‍ താഴെയായിരുന്നു. അഗ്‌നിജ്വാലകളുടെ ഉയരവും കുറഞ്ഞിരുന്നു. സീത താഴേയ്ക്കു വന്നുകൊണ്ടിരുന്നു...

ചിതയുടെ തീക്ഷ്ണതാപത്തിനൊരു കുറവുമില്ല...

കനല്‍സ്പര്‍ശമേല്‍ക്കുമ്പോഴേയ്കു പൊള്ളലേല്‍ക്കുന്നൊരു കേവലമനുഷ്യസ്ത്രീയ്ക്ക് ആളിക്കത്തുന്നൊരു ചിതയെ അതിജീവിയ്ക്കാനെങ്ങനെ കഴിയുന്നു?

സീത ഭൂമീദേവിയുടെ മകളാണെന്നു പലരും പറയാറുണ്ട്. സീത വെറുമൊരു മനുഷ്യസ്ത്രീയല്ല, ദേവതയാണെന്ന അവരുടെ വിശ്വാസം ഇപ്പോള്‍ പതിന്മടങ്ങു ബലപ്പെട്ടിട്ടുണ്ടാകും.

“അമ്മേ...ദേവീ...മഹാമായേ...”

ഭ്രാന്തമായ ആരവത്തിന്റെ മുഴക്കം കേട്ടാലറിയാം, അവള്‍ അവര്‍ക്കൊരു ദേവതയായിക്കഴിഞ്ഞിരിയ്ക്കുന്നു. അവള്‍ ദേവസ്ത്രീയല്ലെങ്കില്‍, അടുത്തു ചെല്ലാന്‍ പറ്റാത്ത വിധം തീക്ഷ്ണജ്വാലകളുയര്‍ത്തിയിരുന്ന ചിതാമദ്ധ്യത്തില്‍ ഉരുകിയൊലിയ്ക്കാതെ, കത്തിച്ചാമ്പലാകാതെ നാഴികകളോളം സുരക്ഷിതമായി നിലനില്‍ക്കാന്‍ ഏതു മനുഷ്യജീവിയ്ക്കാണു കഴിയുക!

“അമ്മേ...ദേവീ...മഹാമായേ...”

പരിശുദ്ധിയുടെ കവചമാണ് അവളെ സംരക്ഷിച്ചത് എന്നാണ് എന്റെ വിശ്വാസം. ആളിക്കത്തുന്ന അഗ്‌നിയ്ക്ക് പരിശുദ്ധിയുടെ കവചത്തെ ഭേദിയ്ക്കാനായില്ല, അവളെ സ്പര്‍ശിയ്ക്കാനായില്ല, വികലമാക്കാനാകായില്ല.

സര്‍വവും ദഹിപ്പിയ്ക്കാനാകുന്ന അഗ്‌നിയ്ക്കുപോലും അവളെ സ്പര്‍ശിയ്ക്കാനാകാഞ്ഞ നിലയ്ക്ക് അഗ്‌നിയേറ്റു ചാമ്പലാകുന്ന ദുര്‍ബലമനുഷ്യര്‍ക്കും രാക്ഷസര്‍ക്കും അവളെയെങ്ങനെ അശുദ്ധയാക്കാനാകും!

പരിശുദ്ധിയുടെ ദേവതയെയാണു ഞാന്‍ സംശയിച്ചു തിരസ്കരിയ്ക്കാന്‍ ഒരുമ്പെട്ടിരുന്നത്!

അവളുടെ ജ്വലിയ്ക്കുന്ന കണ്ണുകള്‍ കൊണ്ടുള്ള നോട്ടം നേരിടാനുള്ള ശക്തിയില്ലാതെ, ഞാന്‍ തല കുനിച്ച് അവളെ വണങ്ങി. അവള്‍ ദേവത തന്നെ, യാതൊരു സംശയവുമില്ല: പരിശുദ്ധിയുടെ ദേവത. സീതയെന്നാല്‍ പരിശുദ്ധിയുടെ പര്യായം.

അവളുടെ ചുണ്ടുകള്‍ ചലിയ്ക്കുന്നതു ഞാന്‍ കണ്ടിരുന്നു. രാമനാമജപം തുടരുകയായിരിയ്ക്കണം.

പരിശുദ്ധമായ ആ ചുണ്ടുകളാല്‍ ജപിയ്ക്കപ്പെടാന്‍ എന്തു യോഗ്യതയാണ് എന്റെ പേരിനുള്ളത്!

നാഴികകള്‍ പലതുകൂടി കഴിയേണ്ടി വന്നു, ചിത മുഴുവന്‍ കത്തിത്തീരാന്‍.

ഒടുവില്‍, കെട്ടടങ്ങിയ ചിതയില്‍ നിന്ന് അവള്‍ മെല്ലെയിറങ്ങി നടന്നു വന്നത് എന്റെ നേരേയാണ്. എന്റെ മുന്നില്‍ വന്ന്, വിരലുകള്‍ കൊണ്ടു സ്പര്‍ശിച്ചപ്പോള്‍ എന്റെ പാദങ്ങളോടൊപ്പം ഹൃദയവും പൊള്ളി.

ചൂടാറിയിട്ടില്ലാത്ത ആ മൃദുമേനിയെ ഞാന്‍ ഹൃദയത്തോടു ചേര്‍ത്തമര്‍ത്തി. അവളുടെ ശരീരത്തിന്റെ ചൂടേറ്റ് എന്റെ മാറിടം കരിവാളിയ്ക്കുമ്പോള്‍ അവളുടെ ശിരസ്സില്‍ കൈവച്ചു ഞാന്‍ ദൃഢപ്രതിജ്ഞയെടുത്തു: ‘ഇന്നു മുതല്‍ നീയെന്റെ പത്‌നി മാത്രമല്ല, എന്റെ ദേവത കൂടിയാണ്.’

പരിചാരകര്‍ കൊട്ടാരത്തിലെ ദീപങ്ങള്‍ തെളിയിയ്ക്കുന്ന കോലാഹലം കേട്ടു ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നു; നടുക്കുന്ന ഭൂതകാലത്തില്‍ നിന്ന് അസ്വസ്ഥനാക്കുന്ന വര്‍ത്തമാനകാലത്തിലേയ്ക്കു തിരികെ വന്നു.

ദീപപ്രഭയില്‍ സുവര്‍ണസിംഹാസനം മിന്നിത്തിളങ്ങി.

അച്ഛനിരുന്നിരുന്ന സിംഹാസനമാണത്. എന്റെ വനവാസക്കാലത്തു രാജ്യം ഭരിച്ച ഭരതന്‍ ആ സിംഹാസനത്തിലിരുന്നിരുന്നില്ല. സിംഹാസനത്തിന്റെ മുന്നില്‍ എന്റെ പാദുകങ്ങള്‍ വച്ച്, അങ്ങകലെ, സരയൂനദീതീരത്തുള്ള നന്ദിഗ്രാമത്തിലിരുന്നുകൊണ്ട് അവന്‍ എന്റെ നാമത്തില്‍ രാജ്യം ഭരിച്ചു.

വനവാസത്തിനു ശേഷം രാജാവായി അഭിഷിക്തനായ ഞാന്‍ ആ സിംഹാസനത്തില്‍ ഇരിയ്ക്കും മുമ്പ് അതിന്റെ വിസ്താരം കൂട്ടി, സീതയ്ക്കു കൂടി അതില്‍ സ്ഥലമൊരുക്കി. സിംഹാസനത്തിലും അവള്‍ എന്റെ കൂടെത്തന്നെ ഇരിയ്ക്കണം. അവളെന്റെ അര്‍ദ്ധാംഗിനി. ഇനിയൊരു വേര്‍പിരിയല്‍ ഉണ്ടാകരുത്.

എന്നോടൊപ്പം സീതയും ആസനസ്ഥയാകാറുള്ള ആ സിംഹാസനത്തില്‍ ഏറെ നേരം കണ്ണുനട്ടു നിന്ന ശേഷം ഞാന്‍ വിരല്‍ ഞൊടിച്ചു. ഒരു പരിചാരകന്‍ പ്രത്യക്ഷപ്പെട്ടു.

‘സീതയോടു വരാന്‍ പറയുക.’

പരിചാരകന്‍ അപ്രത്യക്ഷനായി. നിമിഷങ്ങള്‍ക്കുള്ളില്‍ റാണിയ്ക്കുള്ള സന്ദേശവുമായി ഒരു പരിചാരിക അന്തപ്പുരത്തിലേയ്ക്കു തിടുക്കത്തില്‍ പോയിട്ടുണ്ടാകും.

ഞാന്‍ സിംഹാസനത്തിനടുത്തു ചെന്നു.

രാജ്യവും സീതയും. തുലാസ്സിലെ രണ്ടു തട്ടുകളില്‍. കനം കൂടുതല്‍ ഏതിന്?

ആളിക്കത്തുന്ന അഗ്‌നിയെ പരിശുദ്ധി കൊണ്ട് അതിജീവിച്ച ആരുണ്ടീ ഭൂമിയില്‍, സീതയല്ലാതെ! രാജ്യത്തെ ജനതയൊന്നാകെ ഒരു തട്ടിലിരുന്നാലും, കനക്കൂടുതല്‍ സീതയുടെ തട്ടിനായിരിയ്ക്കും. തീര്‍ച്ച.

പരിശുദ്ധിയുടെ പ്രതീകമായ, ഈശ്വരസ്പര്‍ശമുള്ള സീതയെ രണ്ടാമതും തിരസ്കരിച്ച കശ്മലന്‍ എന്ന ദുഷ്‌പേര് എനിയ്ക്കുണ്ടാകാന്‍ പാടില്ല.

ശിരസ്സില്‍ നിന്നു കിരീടം ഊരി മെല്ലെ സിംഹാസനത്തില്‍ വെച്ചു. അകന്നു നിന്നു വീണ്ടും നോക്കി.

കിരീടത്തിലെ രത്‌നങ്ങള്‍ ദീപപ്രഭയില്‍ മിന്നിത്തിളങ്ങി. അഭിഷേകവേളയില്‍ വസിഷ്ഠമഹര്‍ഷിയായിരുന്നു അതെന്റെ ശിരസ്സില്‍ അണിയിച്ചു തന്നിരുന്നത്.

അതിമനോഹരമായ കിരീടം. പക്ഷേ, ഇതു മതി, ഇത്രയും നാള്‍ മതി. ഇനി ജീവിതാവസാനം വരെ ശിരസ്സില്‍ ധരിയ്ക്കാന്‍ മറ്റൊരു കിരീടമുണ്ട് എന്റെ പക്കല്‍. അമൂല്യമായൊരു കിരീടം.

പാദസരത്തിന്റെ നേര്‍ത്ത കിലുക്കം കേട്ടു തിരിഞ്ഞുനോക്കി.

സീത.

ശുഭ്രവസ്ത്രം. ശിരസ്സിലെ ചെറു കിരീടമൊഴികെ റാണിയുടേതായ മറ്റാഡംബരങ്ങളൊന്നുമില്ല. ലാളിത്യത്തിന്റേയും പരിശുദ്ധിയുടേയും പ്രതീകം. ചുണ്ടുകളില്‍ മന്ദസ്മിതം.

മരവുരി ധരിച്ച്, പാദരക്ഷകളണിയാതെ കല്ലും മുള്ളും ചവിട്ടി, മഞ്ഞും മഴയും വെയിലുമേറ്റു പതിന്നാലുവര്‍ഷം ദണ്ഡകാരണ്യത്തില്‍ ജീവിച്ചതുകൊണ്ടാകാം, അയോദ്ധ്യാറാണിയായിത്തീര്‍ന്ന ശേഷവും ആഡംബരങ്ങളില്‍ അവള്‍ക്കു ഭ്രമമുണ്ടാകാഞ്ഞത്.

ദീപപ്രഭയില്‍ തിളങ്ങുന്ന സുവര്‍ണസിംഹാസനത്തെ അവള്‍ അല്പനേരം നോക്കിനിന്നു. മെല്ലെ അതിനടുത്തു ചെന്നു. ശിരസ്സില്‍ നിന്നു കിരീടമൂരി സിംഹാസനത്തില്‍, എന്റെ കിരീടത്തിനരികെ വെച്ചു.

തിരികെ എന്റെ സമീപം വന്നു നിന്ന്, സിംഹാസനത്തില്‍ അടുത്തടുത്തിരിയ്ക്കുന്ന കിരീടങ്ങളേയും എന്നേയും നോക്കിക്കൊണ്ടവള്‍ മന്ദഹസിച്ചു.

“അവ അടുത്തടുത്തിരിയ്ക്കട്ടെ.”

ഞാനവളുടെ മുഖത്തു നോക്കി. അവളെന്തെങ്കിലും മനസ്സിലാക്കിയിട്ടാകുമോ അതു പറഞ്ഞത്?

“ഭരതനും മാണ്ഡ്‌വിയ്ക്കും അവ നന്നായിണങ്ങും,” കിരീടങ്ങള്‍ നോക്കിക്കൊണ്ടവള്‍ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.

അവള്‍ എന്റെ മുഖത്തു നിന്നെല്ലാം വായിച്ചെടുത്തിരിയ്ക്കുന്നു! ഒരു വ്യാഴവട്ടത്തിലേറെക്കാലം പരസ്പരം ഇഴ ചേര്‍ന്നു ജീവിച്ചതുമൂലം, എന്റെ മനസ്സിലുദിയ്ക്കുന്ന ചിന്ത അവള്‍ മാനത്തു കാണുന്നു. എന്റെ ഓരോ സ്പന്ദനവും അവളറിയുന്നു.

കഴിഞ്ഞ ദിവസം കൗസല്യാമാതാവെന്നെ എന്നെ വിളിപ്പിച്ചിരുന്നു. മൂന്നമ്മമാരും ഒരുമിച്ചുണ്ടായിരുന്നു. ചെന്ന പാടെ അമ്മ ചോദിച്ചു, ‘രാമാ, സീത ഗര്‍ഭം ധരിച്ചിരിയ്ക്കുന്നു. നീയതറിഞ്ഞുവോ?’

ഈശ്വരാവതാരമെന്നു കരുതപ്പെടുന്ന എനിയ്ക്ക് അതറിയാന്‍ കഴിഞ്ഞിരുന്നില്ല!

‘ഗര്‍ഭിണിയായ ഭാര്യയ്ക്കു വിഷമമുണ്ടാക്കുന്ന ഒന്നും ഭര്‍ത്താവു ചെയ്യാന്‍ പാടില്ല,’ അമ്മ തുടര്‍ന്നു. ‘നീയവളെ വിഷമിപ്പിയ്ക്കില്ലെന്ന് എനിയ്ക്കറിയാം. എങ്കിലും നിന്നോടിതു പറയേണ്ട കടമ എനിയ്ക്കുണ്ട്.’

അവളുടെ സര്‍വ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കണം എന്നു ഞാന്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. അവളിപ്പോള്‍ ഗര്‍ഭിണി കൂടി ആയിരിയ്ക്കുന്ന നിലയ്ക്ക് അവള്‍ക്കെന്തെങ്കിലും പ്രത്യേകം ആഗ്രഹങ്ങളുണ്ടോ എന്ന് അമ്മമാരുടെ സവിധത്തില്‍ നിന്നു മടങ്ങിവന്നയുടന്‍ ഞാന്‍ അവളോടാരാഞ്ഞിരുന്നു. വാത്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ കുറച്ചു നാള്‍ താമസിച്ചാല്‍ക്കൊള്ളാമെന്ന് അവള്‍ മറുപടി പറയുകയും ചെയ്തിരുന്നു.

“വാത്മീകിമഹര്‍ഷിയുടെ ആശ്രമത്തില്‍പ്പോയി താമസിയ്ക്കണമെന്ന് നീ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു,” ഞാനവളെ ഓര്‍മ്മപ്പെടുത്തി.

“ഉവ്വ്. അങ്ങതു സമ്മതിയ്ക്കുകയും ചെയ്തിരുന്നു.”

“നാമിപ്പോള്‍ത്തന്നെ വാത്മീകിമഹര്‍ഷിയുടെ ആശ്രമത്തിലേയ്ക്കു പോകുന്നു.”

അവളെന്നെ സൂക്ഷിച്ചു നോക്കി.

ആശ്രമത്തിലേയ്ക്കുള്ള രഥയാത്ര ഏതാനും നാഴികയെടുക്കും. ഇപ്പോള്‍ പുറപ്പെട്ടാല്‍ രാവേറെച്ചെന്നേ ആശ്രമത്തിലെത്തൂ. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ‘ഇതെന്താ ഇത്ര പെട്ടെന്നൊരു യാത്ര? അതും രാത്രിയാകാറായ ഈ വേളയില്‍’ എന്നു ചോദിയ്ക്കുമായിരുന്നു. എന്നാല്‍ സീതയുടെ പ്രതികരണമാകട്ടെ, ‘വരൂ, അമ്മമാരോടു യാത്ര പറയാം’ എന്നു മാത്രമായിരുന്നു.

ഞാനവളുടെ കരം ഗ്രഹിച്ച്, ക്ഷമാപണത്തോടെ പറഞ്ഞു, “കൊട്ടാരത്തിലെ സുഖസൗകര്യങ്ങളിലേയ്ക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാവില്ല.”

സുഖവും സന്തോഷവുമുള്ളൊരു കൊട്ടാരജീവിതം അവള്‍ക്കു ദീര്‍ഘകാലം കൊടുക്കാന്‍ കഴിയുന്നില്ലെന്ന ദുഃഖം എന്റെ സ്വരത്തില്‍ സ്ഫുരിച്ചിരുന്നു കാണണം.

“അങ്ങയുടെ പാദങ്ങളാണ് എന്റെ കൊട്ടാരം,” ദുഃഖിതനായി നിന്ന എന്നെ അവള്‍ ആശ്വസിപ്പിച്ചു. “വരൂ. ആദ്യം കൈകേയിച്ചെറിയമ്മയോടു പറയാം.”

എന്നെ വനവാസത്തിനയച്ചതിന്റെ പശ്ചാത്താപത്തില്‍ ചെറിയമ്മ ഇപ്പോഴും എരിഞ്ഞുകൊണ്ടിരിയ്ക്കുന്ന കാര്യം സീതയ്ക്കറിയാം. അച്ഛന്‍ ചരമമടഞ്ഞപ്പോള്‍ത്തന്നെ ചെറിയമ്മ പശ്ചാത്തപിയ്ക്കാന്‍ തുടങ്ങിയിരുന്നു. വനവാസത്തിനിടയില്‍ ഞങ്ങളനുഭവിച്ച ദുരിതങ്ങളെപ്പറ്റി പലരും പൊടിപ്പും തൊങ്ങലും വെച്ച് ചെറിയമ്മയെ പറഞ്ഞു കേള്‍പ്പിയ്ക്കുകയും ചെയ്തിരുന്നു. അതോടെ ചെറിയമ്മയുടെ ദുഃഖം പല മടങ്ങാകുകയും ചെയ്തിരുന്നു.

“അന്നു നിന്നെ കാട്ടിലേയ്ക്കയച്ച ഞാന്‍ ഇന്നു നിന്റെ കാലു പിടിയ്ക്കുകയാണെന്റെ രാമാ, നീ ഞങ്ങളെ വിട്ടു പോകല്ലേ!” ചെറിയമ്മ കണ്ണുനീര്‍ വാര്‍ത്തുകൊണ്ട് കേണപേക്ഷിച്ചു.

സുമിത്രച്ചെറിയമ്മയും സങ്കടപ്പെട്ടു. എന്നാല്‍, അമ്മ ശാന്തയായിരുന്നു. പ്രൗഢിയ്ക്കും പ്രതാപത്തിനുമല്ല, സ്‌നേഹത്തിനും സമാധാനത്തിനുമാണ് അമ്മ കൂടുതല്‍ വിലകല്പിയ്ക്കുന്നത്. വാത്മീകിയുടെ ആശ്രമത്തില്‍ ശിഷ്ടജീവിതം മുഴുവന്‍ സമാധാനത്തോടെ കഴിച്ചുകൂട്ടാന്‍ ഞങ്ങള്‍ക്കാകും എന്ന് അമ്മയ്ക്കു തീര്‍ച്ചയുണ്ടായിരുന്നു.

രാജധര്‍മ്മമറിയാവുന്ന വസിഷ്ഠമഹര്‍ഷിയും മൗനാനുവാദം നല്‍കി, ദുഃഖത്തോടെയാണെങ്കിലും.

വെളുത്തേടന്റെ കഥ കേട്ടപ്പോള്‍ ലക്ഷ്മണന്‍ ക്രുദ്ധനായി ഉടവാളൂരി. ‘അവന്റെ നാവരിഞ്ഞിട്ടു തന്നെ കാര്യം.’

സീത അവനെ തടഞ്ഞു. ജ്യേഷ്ഠത്തിയുടെ വാക്കുകള്‍ക്കു ലക്ഷ്മണന്റെ മേല്‍ മാന്ത്രികശക്തിയുണ്ട്. അവനടങ്ങി. ഊരിയ വാള്‍ ഉറയിലിട്ടു.

കരുണാമയിയാണു സീത. വനവാസത്തിനിടയില്‍ ശൂര്‍പ്പണഖയുടെ നാസികാകുചഛേദനത്തിന് ഒരുങ്ങിയ ലക്ഷ്മണനെ തടയാന്‍ സീത ശ്രമിച്ചിരുന്നു. ആ ശ്രമം വിജയിയ്ക്കാതെ പോയതില്‍ സീത ഇന്നും ദുഃഖിയ്ക്കാറുണ്ട്.

സീത രാവണന്റെ തടവില്‍ പാര്‍ത്തിരുന്നപ്പോള്‍ രാവണന്റെ കിങ്കരികളായ രാക്ഷസിമാര്‍ അവളെ പല തരത്തില്‍ ഉപദ്രവിച്ചിരുന്നു. അതറിഞ്ഞു ക്രുദ്ധനായ ലക്ഷ്മണന്‍ യുദ്ധാനന്തരം രാക്ഷസിമാരുടെ ഗളച്ഛേദം നടത്താനൊരുങ്ങിയിരുന്നു. അവിടേയും സീത ഇടപെട്ടു. സീതയുടെ ഉപദേശം മാനിച്ചു ലക്ഷ്മണന്‍ അവരെ ദയാപൂര്‍വം സ്വതന്ത്രരാക്കിവിട്ടു.

ഇത്തവണ ഞാനും ഇടപെട്ടു; ‘അനുജാ, ലക്ഷ്മണാ, നീ യുവരാജാവാകാനുള്ളതാണ്.’ ഇന്നലെ വരെ യുവരാജാവായിരുന്ന ഭരതന്‍ ഇന്നു രാജാവായിക്കഴിയുമ്പോള്‍ ലക്ഷ്മണനാണു യുവരാജാവാകാനുള്ളത്. ‘രാജധര്‍മ്മമെന്തെന്നു നീ പഠിച്ചെടുക്കണം. പ്രജകളോടു കരുണ കാണിയ്ക്കണം.’

പതിന്നാലുവര്‍ഷം എന്റെ പാദുകങ്ങള്‍ പൂജിച്ചുകൊണ്ടിരുന്ന ഭരതന്റെ ശിരസ്സില്‍ അല്പം മുമ്പു ഞാന്‍ രാജകിരീടമണിയിച്ചു.

രാജാവാകുമ്പോള്‍ ഭരതന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. അവനെന്റെ പാദം തൊട്ടു വണങ്ങിക്കൊണ്ട്, ഇടറിയ തൊണ്ടയോടെ പറഞ്ഞു: “ജ്യേഷ്ഠാ, അങ്ങെനിയ്ക്കു പിതൃതുല്യനാണ്. അങ്ങയുടെ തീരുമാനങ്ങള്‍ എന്തു തന്നെയായാലും ഞാനനുസരിയ്ക്കും. ഈ കിരീടം അങ്ങയുടേതാണ്. അങ്ങ് എന്നു മടങ്ങി വരുന്നുവോ അന്നു ഞാനിത് അങ്ങേയ്ക്കു തിരികെത്തരും.”

ഭരതന്റെ പത്‌നി മാണ്ഡ്‌വിയുടെ ശിരസ്സില്‍ സീത സ്വന്തം കിരീടമണിയിച്ച് ആശ്ലേഷിച്ചു. സീതയുടെ ഇളയച്ഛനായ കുശധ്വജന്റെ മകളായ മാണ്ഡ്‌വിയ്ക്കു സീത ജ്യേഷ്ഠത്തിയാണ്. എന്നാല്‍, ഒരു ജ്യേഷ്ഠത്തിയോടുള്ള സ്‌നേഹത്തേക്കാളുപരി, ആരാധനയും ഭക്തിയുമാണു മാണ്ഡ്‌വിയ്ക്കു സീതയോടുള്ളത്. സീത കിരീടമണിയിച്ചപ്പോള്‍ മാണ്ഡ്‌വി ജ്യേഷ്ഠത്തിയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

രാജകീയാലങ്കാരങ്ങളൊന്നുമില്ലാത്തൊരു രഥത്തില്‍ സീതയും ഞാനും വാത്മീകിമഹര്‍ഷിയുടെ ആശ്രമത്തിലേയ്ക്കു യാത്ര തിരിച്ചപ്പോള്‍ രാവേറെച്ചെന്നിരുന്നു. രാമനും സീതയും കൊട്ടാരജീവിതം വെടിഞ്ഞ് ആശ്രമജീവിതം സ്വീകരിച്ചിരിയ്ക്കുന്നെന്നു നാളത്തെ പ്രഭാതം മുതല്‍ സാവധാനത്തില്‍ രാജ്യം അറിയും.

ശ്രേയസ്സും സമാധാനവും ജനതയ്ക്കുണ്ടാകട്ടെ: ഞാന്‍ മനസ്സുകൊണ്ടാശംസിച്ചു.

എനിയ്ക്ക് എന്തെന്നില്ലാത്ത ശാന്തിയും സംതൃപ്തിയും തോന്നി. രാജ്യഭാരത്തിന്റെ അവസാനനിമിഷം വരെ പ്രജാഹിതം മാനിയ്ക്കാനായിരിയ്ക്കുന്നു. രാജ്യവും പ്രജകളും അമ്മമാരുമെല്ലാം ഭരതന്റെ കരങ്ങളില്‍ സുരക്ഷിതം.

എല്ലാറ്റിനുമുപരി, അഗ്‌നിയ്ക്കു പോലും വികലമാക്കാന്‍ കഴിയാഞ്ഞ, പരിശുദ്ധിയുടെ പ്രതീകമായ, ഈശ്വരസ്പര്‍ശമുള്ള സീതയുടെ സ്ഥിരസാമീപ്യം എന്ന അപൂര്‍വാനുഗ്രഹം എന്റെ ഇനിയുള്ള ജീവിതത്തില്‍ സര്‍വദാ ലഭ്യം.

രഥം നിലാവെളിച്ചത്തില്‍ കൊട്ടാരമതിലും നഗരാതിര്‍ത്തിയും കടന്ന് ആശ്രമത്തിലേയ്ക്കുള്ള സുദീര്‍ഘമായ പാതയിലേയ്ക്കു തിരിഞ്ഞപ്പോള്‍ ഞാന്‍ സീതയുടെ കരം ഗ്രഹിച്ചു. പ്രണയപൂര്‍വം അവളെന്റെ ചുമലില്‍ തല ചായ്ച്ചു. ഞാനവളുടെ കാതില്‍ മന്ത്രിച്ചു, “ഇനി മരണം വരെ നാമൊന്ന്.”

(ഈ കഥ തികച്ചും സാങ്കല്പികമാണ്.)

sunilmssunilms@rediffmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക