Image

എന്റെ കേരളം (കവിത: സാബു ജേക്കബ്, ഫിലാഡല്‍ഫിയ)

Published on 31 October, 2016
എന്റെ കേരളം (കവിത: സാബു ജേക്കബ്, ഫിലാഡല്‍ഫിയ)
കഥകളുറങ്ങുന്ന കേരള നാട്
കടലും മലകളും അതിരിടും നാട്
കാടും പുഴകളും കായലിന്‍ ഭംഗിയും
പാടവും കൈത്തോടും നിറഞ്ഞൊരെന്‍ നാട്

കേര വൃക്ഷങ്ങളും നാണ്യ വിളകളും
നറുമണം വീശുന്ന സുഗന്ധ വിളകളും
കാപ്പിയും ഏലവും തേയിലച്ചെടികളും
കപ്പയും നെല്ലും വിളയുന്ന നാട്

കറുത്തൊരു പൊന്നാകും കുരുമുളകും
നാവില്‍ കൊതിയൂറും കശുവണ്ടിയും
ചക്കയും മാങ്ങയും വിളയുമീ ഭൂമിയില്‍
റബറും വളര്‍ന്നു ഫലം തരുന്നു

കലകള്‍ തന്‍ ഈറ്റില്ലമായ നാട്
കഥകളി, തെയ്യം, തിറ തുള്ളും നാട്
എണ്ണിയാല്‍ തീരാത്ത നൃത്തരൂപങ്ങളും
നാടന്‍ കലകളും നമുക്കു സ്വന്തം

ഒരു ജാതി ഒരു മതം ഒരു ദൈവം മനുജനു
എന്ന് പഠിപ്പിച്ച ശ്രീഗുരുദേവനും
അദ്വൈത വേദാന്ത ജ്ഞാനി ജഗത്ഗുരു
ശ്രീ ശങ്കരാചാര്യരും ജനിച്ച മണ്ണ്

പ്രതിഭാധനന്മാരാം നമ്മുടെഴുത്തുകാര്‍
സാഹിത്യ ലോകത്തു വിസ്മയമേകുമ്പോള്‍
വിഖ്യാത ചിത്രങ്ങള്‍ വിരചിച്ച രവിവര്‍മ
ലോകം മുഴുവനും ഖ്യാതി നേടി

മലയാളികള്‍ ഭൂവിലെവിടെ വസിച്ചാലും
വിശേഷ ദിനങ്ങളില്‍ ഒത്തുകൂടും
ഓണവും മറ്റു പുണ്യ ദിനങ്ങളും നമ്മള്‍
ആഘോഷമോടെന്നും കൊണ്ടാടുന്നു

കൊടി നിറം കണ്ടു വിറളി കൊണ്ടെന്നാലും
മതത്തിനു വേണ്ടി നാം പോരാടുകില്ല
ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനുമന്യോന്യം
സ്‌നേഹം പകരുന്ന നാടെന്‍റെ കേരളം
എന്റെ കേരളം (കവിത: സാബു ജേക്കബ്, ഫിലാഡല്‍ഫിയ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക