Image

യൂറോപ്യന്‍ യൂണിയന്‍ - കാനഡ വ്യാപാര കരാര്‍ സിറ്റ യാഥാര്‍ഥ്യമായി

Published on 31 October, 2016
യൂറോപ്യന്‍ യൂണിയന്‍ - കാനഡ വ്യാപാര കരാര്‍ സിറ്റ യാഥാര്‍ഥ്യമായി


ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനും കാനഡയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (സിറ്റ- Comprehensive Economic and Trade Agreement) യാഥാര്‍ഥ്യമായി. ഞായറാഴ്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡെയും യൂണിയനിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ ബ്രസല്‍സില്‍ നടന്ന ചടങ്ങില്‍ കരാറില്‍ ഒപ്പുവച്ചതോടെ വ്യാപാര ഉടമ്പടി നിവില്‍ വന്നു. ദീര്‍ഘ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യമാവാന്‍ സഹായിച്ചത്.

കരാറിനെ എതിര്‍ത്തിരുന്ന ബെല്‍ജിയത്തെ ചില പാര്‍ലമെന്റുകള്‍ പച്ചക്കൊടി കാട്ടിയതോടെയാണ് അനിശ്ചിതത്വത്തിലായിരുന്ന വ്യാപാരകരാറിന് സാധുതയുണ്ടായത്. ബെല്‍ജിയത്തിന്റെ സമ്മതിപത്രം പുറത്തുവന്നതോടെ വെള്ളിയാഴ്ച ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയനിലെ 28 അംഗരാജ്യങ്ങള്‍ കരാര്‍ അംഗീകരിക്കുന്നതായി സംയുക്തമായി തീരുമാനിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച ഇരു കക്ഷികളും തമ്മില്‍ മുഖ്യ കരാര്‍ പത്രത്തില്‍ ഒപ്പുവച്ചത്.ബെല്‍ജിയത്തിലെ മൂന്നു റീജണുകളുടെ എതിര്‍പ്പ് കാരണം കരാര്‍ അവസാന ഘട്ടത്തില്‍ കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. 

റീജണ്‍ ഭരണാധികാരികളുമായും കനേഡിയന്‍ പ്രതിനിധികളുമായും യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം നടത്തിയ ഊര്‍ജിത ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ ഒപ്പുവയ്ക്കാന്‍ സാധിച്ചത്. 99 ശതമാനം താരിഫുകളും എടുത്തു കളയുന്നതാണ് കരാര്‍. ഇതുവഴി യൂറോപ്യന്‍ യൂണിയനും കാനഡയും തമ്മിലുള്ള വ്യാപാരത്തില്‍ 12 ബില്യന്‍ ഡോളറിന്റെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നു.

ഈ കരാര്‍ നടപ്പായാല്‍, ഇതിന്റെ മറവില്‍ യുഎസുമായുള്ള ട്രാന്‍സ് അറ്റ്‌ലാന്റിക് സ്വതന്ത്ര വ്യാപാര കരാറും യാഥാര്‍ഥ്യമാക്കും എന്നതായിരുന്നു വിമര്‍ശകരുടെ ഭീതി. തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് കരാര്‍ എന്ന ഭീതി ഇപ്പോഴും നിലനില്‍ക്കുന്നു.

സമാനമായ കരാര്‍ യൂറോപ്യന്‍ യൂണിയനുമായി സാധ്യമാക്കിയാല്‍ ബ്രെക്‌സിറ്റ് കാരണമുള്ള നഷ്ടം നികത്താന്‍ സാധിക്കുമെന്ന് ബ്രിട്ടനും പ്രതീക്ഷ പുലര്‍ത്തുന്നു. ഈ രീതിയിലുള്ള നീക്കങ്ങള്‍ക്കും തുടക്കം കുറിക്കാനിരിക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. യൂണിയനിലെ 500 ദശലക്ഷം കയറ്റുമതിക്കാര്‍ക്കും തീരുവ ഇല്ലാതെ വ്യാപാരം നടത്താമെന്നതാണ് ഈ കരാറുകൊണ്ട് പ്രതീക്ഷിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക