Image

സ്വീഡനില്‍ ചരിത്രമെഴുതി ഫ്രാന്‍സിസ് മാര്‍പാപ്പ, കത്തോലിക്ക-ലൂഥറന്‍ യോജിപ്പിന് ആഹ്വാനം

Published on 01 November, 2016
സ്വീഡനില്‍ ചരിത്രമെഴുതി ഫ്രാന്‍സിസ് മാര്‍പാപ്പ, കത്തോലിക്ക-ലൂഥറന്‍ യോജിപ്പിന് ആഹ്വാനം
ലുന്‍ഡ്: പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്പിലെ ക്രിസ്തുമത വിശ്വാസികളുടെ ഇടയില്‍ നടന്ന പ്രൊട്ടസ്റ്റന്റ് നവീകരണത്തിന് നേതൃത്വം വഹിച്ച മാര്‍ട്ടിന്‍ ലൂഥറുടെ വിശ്വാസ ചിന്തകള്‍, സ്മരണയില്‍ മാറ്റൊലി കൊള്ളുന്ന അന്തരീക്ഷത്തില്‍ ആഗോള കത്തോലിക്കാ സഭയുടെ അമരക്കാരന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സ്വീഡനില്‍ ഉജ്വല സ്വീകരണം നല്‍കപ്പെട്ടു. 500 വര്‍ഷം മുമ്പ് റോമന്‍ കത്തോലിക്ക സഭയിലെ ദുഷ്പ്രവണതകള്‍ക്കെതിരെ മാര്‍ട്ടിന്‍ ലൂഥര്‍ നടത്തിയ നവീകരണ പ്രക്ഷോഭത്തിന്റെ വാര്‍ഷികാഘോഷത്തിന് തുടക്കം കുറിക്കാനാണ് മാര്‍പാപ്പ സ്വീഡനിലത്തെിയത്. 27 വര്‍ഷത്തിനുള്ളില്‍ സ്വീഡന്‍ സന്ദര്‍ശിക്കുന്ന ആദ്യ മാര്‍പ്പാപ്പയും ഒരു സ്‌കാന്‍ഡിനേവിയന്‍ രാജ്യത്തിലെത്തുന്ന രണ്ടാമത്തെ മാര്‍പാപ്പയുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. അതിനാല്‍ ഈ സന്ദര്‍ശനത്തിന് വലിയ ചരിത്ര പ്രാധാന്യമുണ്ട്.

ദക്ഷിണ സ്വീഡന്‍ നഗരമായ ലൂന്‍ഡില്‍ തുടങ്ങിയ നവീകരണ വാര്‍ഷികാഘോഷം മാര്‍പാപ്പ ഉദ്ഘാടനം ചെയ്തു. ലുന്‍ഡ് കത്തീഡ്രലില്‍ നടന്ന എക്യുമെനിക്കല്‍ പ്രാര്‍ഥനയ്ക്ക് മാര്‍പാപ്പയും ജോര്‍ദാനിലെ ലൂഥറന്‍ ബിഷപ്പ് മുനിബ് എ യൗനാനും നേതൃത്വം നല്‍കി. ''പഴയകാലത്തു വന്നുപോയ തെറ്റുകള്‍ തിരിച്ചറിയാനും പരസ്പരം മനസിലാക്കുന്നതിനു വിഘാതം സൃഷ്ടിക്കുന്ന വിവാദങ്ങള്‍ക്ക് അപ്പുറത്തേക്കു പോകാനുമുള്ള അവസരമാണിത്. ഈ അവസരം പ്രയോജനപ്പെടുത്തണം...'' എന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു. കത്തോലിക്കരും ലൂഥറന്‍ സഭാംഗങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച സംയുക്ത പ്രഖ്യാപനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ജോര്‍ദാനിലെ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ചിന്റെ തലവനും വേള്‍ഡ് ലൂഥറന്‍ ഫെഡറേഷന്റെ പ്രസിഡന്റും കൂടിയായ ബിഷപ് യൗനാനും ഒപ്പുവച്ചു. 

സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിളര്‍പ്പിന്റെ ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ മാര്‍പാപ്പ എത്തിയെന്നത് സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യം നല്‍കി. 500 വര്‍ഷത്തെ പിളര്‍പ്പിനുശേഷം, 1965ല്‍ സമാപിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു പിന്നാലെയാണ് ഇരു സഭകളും തമ്മിലെ ചര്‍ച്ച ആരംഭിച്ചത്. ഈ ചര്‍ച്ചയുടെ അമ്പതാം വാര്‍ഷികാഘോഷവും തുടങ്ങാനിരിക്കെയാണ് സഭാപ്രഥമന്റെ സന്ദര്‍ശനം. മാര്‍ട്ടിന്‍ ലൂഥറുടെ പാതയാണ് ലൂഥറന്‍ സഭ'പിന്തുടരുന്നത്. കത്തോലിക്കാ സഭയും ലൂഥറന്‍ സഭയും തമ്മിലുള്ള ഭിന്നതകള്‍ രൂക്ഷമായത് 1521ലായിരുന്നു. ലൂഥറുടെ നവീകരണ പ്രവര്‍ത്തനങ്ങളെ ഔദ്യോഗികമായി എതിര്‍ത്ത കത്തോലിക്കര്‍ ലൂഥറുടെ അനുയായികള്‍ക്കെതിരെ കടുത്ത നടപടികള്‍ എടുത്തതായിരുന്നു ഇതിനു കാരണം. പാശ്ചാത്യ ക്രിസ്തുമതത്തിന്റെ പ്രധാന ശാഖയാണ് ലൂഥറനിസം. മാര്‍ട്ടിന്‍ ലൂഥറുടെ ചിന്തകള്‍ പാശ്ചാത്യ ക്രിസ്തീയതയുടേയും, പാശ്ചാത്യ സംസ്‌കാരത്തിന്റെ തന്നെയും ഗതിയെ മാറ്റിമറിക്കുകയുണ്ടായി.

റോമന്‍ കത്തോലിക്ക സഭയുടെ വിശ്വാസാചാരങ്ങളില്‍ പലതും ബൈബിളിന്—നിരക്കാത്തതാണെന്നായിരുന്നു  മാര്‍ട്ടിന്‍ ലൂഥറുടെ നിലപാട്. മതപരമായ ആധികാരികതയുടെ ഏകമാത്രമായ ഉറവിടം വേദപുസ്തകമാണെന്നു വാദിച്ച ഇദ്ദേഹം മാര്‍പ്പാപ്പയുടെ അധികാരത്തെ ചോദ്യം ചെയ്തു. യേശുവിന്റെ നാമത്തില്‍ ജ്ഞാനസ്‌നാനം ലഭിച്ചവരെല്ലാം പുരോഹിത വര്‍ഗമാണെന്നും ഇദ്ദേഹം വാദിച്ചു. ലൂഥറുടെ അഭിപ്രായത്തില്‍, നിത്യരക്ഷ ദൈവത്തില്‍നിന്നുള്ള സൗജന്യ ദാനമാണ്. അത് നന്മപ്രവര്‍ത്തികളിലൂടെ നേടാവുന്നതല്ല. യഥാര്‍ത്ഥ പശ്ചാത്താപവും യേശുവാണ് രക്ഷകന്‍ എന്ന വിശ്വാസവുമാണ് അതിലേയ്ക്കുള്ള വഴി. പാപമോചനത്തിനായി പള്ളിക്ക് സംഭാവനകള്‍ നല്‍കുന്നതിനോടുള്ള എതിര്‍പ്പിലായിരുന്നു, സഭയിലെ വ്യവസ്ഥാപിത നേതൃത്വത്തിനെതിരായുള്ള ലൂഥറുടെ കലാപത്തിന്റെ തുടക്കം.

കഴിഞ്ഞ ജനുവരിയിലാണ് മാര്‍പാപ്പയുടെ സ്വീഡന്‍ സന്ദര്‍ശനം പ്രഖ്യാപിക്കപ്പെട്ടത്. പ്രൊട്ടസ്റ്റന്റ്-കത്തോലിക്കാ ചരിത്രത്തില്‍ സ്വീഡന്‍ സുപ്രധാനവും അസ്വാസ്ഥ്യജനകവുമായ സ്ഥാനം വഹിച്ചിട്ടുണ്ട്. പതിനാറാം നൂറ്റാണ്ട് മുതല്‍ ഇവിടുത്തെ കത്തോലിക്കര്‍ വ്യാപകമായ പീഡനങ്ങള്‍ക്ക് വിധേയരാവുകയും കൊല്ലപ്പെടുകയും ചെയ്തു. 1951 വരെ കത്തോലിക്കരെ ഡോക്ടര്‍, അധ്യാപകര്‍, നേഴ്‌സ് എന്നിവരാകുന്നതില്‍ നിന്നും വിലക്കിയിരുന്നു. 1970 വരെ കത്തോലിക്കാ കോണ്‍വെന്റുകള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഈ ഭൂതകാല ദുരന്താനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കത്തോലിക്കാ-ലൂഥറന്‍ സഭകളുടെ ഊഷ്മള ബന്ധത്തിന് കാഹളമൂതുന്നതാണ് മാര്‍പ്പാപ്പയുടെ സന്ദര്‍ശനം. ഇരു സഭകളില്‍ നിന്നും പരസ്പരം വിവാഹം കഴിച്ച് കൂടിച്ചേര്‍ന്ന് ജീവിക്കുന്നവര്‍ നവീകരണ വാര്‍ഷികാഘോഷത്തെ അനുരഞ്ജനത്തിന്റെ വിളംബരമായാണ് കാണുന്നത്.

''പരസ്പര സംഭാഷണങ്ങളിലൂടെ നമ്മുടെ കാലുഷ്യവും സന്ദേഹങ്ങളുംമകറ്റാം. ഒരിക്കല്‍ ജീവിത കാലം മുഴുവന്‍  വേദനയനുഭവിച്ച് മണ്‍റഞ്ഞവരെ നാം ശ്രദ്ധാഞ്ജലിയോടെ ഓര്‍ക്കുന്നു. ക്രിസ്തുവുമായി ഐക്യം നേടുന്ന കൂദാശയിലൂടെ പാപമോചനം സാധ്യമാവും. ക്രിസ്തുവിന്റെ ശരീരത്തിലെ ഈ മുറിവുണങ്ങാന്‍ നാം കാത്തിരിക്കുന്നു. നമ്മുടെ എക്യൂമെനിക്കല്‍  പ്രയത്‌നങ്ങളുടെ ലക്ഷ്യമാണത്. അത് സാക്ഷാത്കരിക്കാന്‍ സമര്‍പ്പിതമായ മനസോടെ നമുക്ക് ദൈവ ചിന്തയില്‍ ആശയവിനിമയം നടത്താം...'' എന്നാണ് സംയുക്ത പ്രഖ്യാപനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ബിഷപ് യൗനാനും വ്യക്തമാക്കുന്നത്. 

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സഭകളുടെ ഐക്യം യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1947ല്‍ ലുന്‍ഡിലാണ് ലൂഥറന്‍ വേള്‍ഡ് ഫെഡറേഷന്‍ സ്ഥാപിതമായത്. എന്നാല്‍ ലൂഥറന്‍-റോമന്‍ കാത്തലിക് സഭകള്‍ തമ്മില്‍ അനുരഞ്ജനത്തിനുള്ള തടസം 1999ല്‍ പ്രത്യക്ഷമായി. വിശ്വാസത്തിലുള്ള നീതീകരണം സംബന്ധിച്ച പ്രമാണത്തിന്‍മേല്‍ വത്തിക്കാനും ലൂഥറന്‍ ഫെഡറേഷനും സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പിട്ടപ്പോഴായിരുന്നു തടസം വെളിവായത്. ദൈവം പാപിക ള്‍ക്ക് മാപ്പ് നല്‍കുമെന്ന കാതലായ വിശ്വാസ പ്രമാണമാണ് വിശ്വാസത്തിലുള്ള നീതീകരണം. ''ഭൂതകാലത്തിലേയ്ക്ക് സ്‌നേഹത്തോടും മനസാക്ഷിയോടും സത്യസന്ധതയോടും കൂടി നമുക്ക് നോക്കാം. അതുവഴി തെറ്റുകള്‍ തിരിച്ചറിഞ്ഞ് മാപ്പപേക്ഷിക്കാം...'' ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. 

ലുന്‍ഡിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍, മാല്‍മോ അരീനയില്‍ തടിച്ചുകൂടിയ പതിനായിരത്തിലേറ പേര്‍ പങ്കുകൊണ്ടു. സമാധാനത്തിനും നീതിക്കും വേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഇരു സഭകളും പ്രതിജ്ഞയെടുത്ത കാരിത്താസിന്റെയും ലൂഥറന്‍ വേള്‍ഡ് സര്‍വീസ് മന്ദിരത്തിന്റെയും 14 കിലോമീറ്റര്‍ ദൂരത്താണ് മാല്‍മോ അരീന. സ്വീഡനിലെ കാള്‍ ഗുസ്താവ് രാജാവ്, രാജ്ഞി സില്‍വിയ, പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോവന്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി നേതാക്കളുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. കത്തോലിക്കാ സമൂഹത്തിന്റെ അഥ്യര്‍ഥന പ്രകാരം മാര്‍പാപ്പ മാല്‍മോ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. ഇരുപതിനായിരത്തോളം വിശ്വാസികള്‍ സംബന്ധിച്ചു. 

മാര്‍ട്ടിന്‍ ലൂഥറിന്റെ പിന്മുറക്കാരായ പ്രൊട്ടസ്റ്റന്റുകള്‍ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന സ്വീഡനില്‍ ഇന്ന് അവരുടെ ജനസംഖ്യ കുറഞ്ഞുവരുകയാണ്. കുടിയേറ്റത്തിലൂടെ കത്തോലിക്കാ വിഭാഗം ജനസംഖ്യയില്‍ വര്‍ധിക്കുന്നുമുണ്ട്. സ്റ്റോക്ക്‌ഹോമിലെ റോമന്‍ കത്തോലിക്കാ രൂപതയില്‍ 1,13,000 അംഗങ്ങളും 44 ഇടവകകളുമുണ്ട്. അതേസമയം, നവീകരണ വാര്‍ഷികാഘോഷ പരിപാടിയില്‍ സംബന്ധിച്ചതുവഴി മാര്‍ട്ടിന്‍ ലൂഥറിന്റെ കല്‍പനകളെ അംഗീകരിച്ചെന്ന് അര്‍ഥമാക്കുന്നില്ലെന്നും, പിളര്‍പ്പിലേക്ക് നയിച്ച സംഭവങ്ങളെ ആദരപുരസ്സരം സ്മരിക്കുക മാത്രമാണ് മാര്‍പാപ്പ ചെയ്യുന്നതെന്നും വത്തിക്കാന്‍ അധികൃതര്‍ വ്യക്തമാക്കി. 

സ്വീഡനില്‍ ചരിത്രമെഴുതി ഫ്രാന്‍സിസ് മാര്‍പാപ്പ, കത്തോലിക്ക-ലൂഥറന്‍ യോജിപ്പിന് ആഹ്വാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക