Image

യൂറോപ്പില്‍ ചരിത്രമെഴുതി സീറോ മലബാര്‍ സഭ; മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് അഭിഷിക്തനായി

Published on 01 November, 2016
യൂറോപ്പില്‍ ചരിത്രമെഴുതി സീറോ മലബാര്‍ സഭ; മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് അഭിഷിക്തനായി

 
റോം: യൂറോപ്പിലെ സീറോ മലബാര്‍ സഭയുടെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി മെത്രാനു തുല്യമായ അധികാരത്തോടെ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് അഭിഷിക്തനായി. സങ്കീര്‍ത്തനങ്ങളാലും പ്രാര്‍ത്ഥനകളാലും സ്തുതിഗീതങ്ങളാലും മുഖരിതമായ അന്തരീക്ഷത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കൈവയ്പുവഴി മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് അഭിഷിക്തനാക്കപ്പെട്ടതോടെ യൂറോപ്പില്‍ സീറോ മലബാര്‍ സഭയുടെ പുതിയ ചരിത്രത്തിനു തുടക്കമായി.

മാര്‍ തോമാശ്ലീഹ പകര്‍ന്നുതന്ന വിശ്വാസ പൈതൃകം യൂറോപ്പിലെ മണ്ണില്‍ വിരിയിക്കാന്‍, സീറോ മലബാര്‍ സഭയുടെ ആരാധനാക്രമവും ജീവിതശൈലിയും പാരമ്പര്യങ്ങളും പ്രവാസികളായ സഭാതനയര്‍ക്ക് അനുസ്യൂതം തുടരാന്‍, അപ്പസ്‌തോലന്മാര്‍ പങ്കുവച്ച ക്രിസ്ത്വാനുഭവം തലമുറകള്‍ക്കു പകര്‍ന്നുനല്‍കാന്‍ യൂറോപ്പില്‍ ഇതോടെ പുതിയ സംവിധാനമായി. 

റോമിലെ അതിപുരാതനവും മനോഹരവുമായ ബസിലിക്കകളില്‍ ഒന്നായ സെന്റ് പോള്‍ പേപ്പല്‍ ബസിലിക്കയില്‍ പ്രാദേശികസമയം രാവിലെ പത്തിന് ജപമാലയോടെയും പ്രദക്ഷിണത്തോടെയും ആരംഭിച്ച കര്‍മങ്ങള്‍ക്കു പൗരസ്ത്യ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രി, ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ സഹകാര്‍മികരായി. തുടര്‍ന്ന് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ ബലിയര്‍പ്പണം നടന്നു. യൂറോപ്പിലെയും സീറോ മലബാര്‍ സഭയിലെയും മേലധ്യക്ഷന്മാരും വത്തിക്കാന്‍ കാര്യാലയത്തിലെ പ്രതിനിധികളും വിവിധ സന്യാസസഭകളുടെ ജനറാള്‍മാരും പ്രൊവിന്‍ഷ്യല്‍മാരും ക്ഷണിക്കപ്പെട്ട അതിഥികളും നൂറുകണക്കിനു വൈദികരും കന്യാസ്ത്രികളും സെമിനാരിക്കാരും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിച്ചേര്‍ന്ന ആയിരക്കണക്കിനു വിശ്വാസികളും ഈ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷികളായി.

അയര്‍ലന്‍ഡിലുള്ള സ്ലെബ്‌റ്റെ രൂപതയുടെ സ്ഥാനിക മെത്രാനും യൂറോപ്പിലെ സീറോ മലബാര്‍ സഭയുടെ അപ്പസ്‌തോലിക് വിസിറ്റേറ്ററുമായി മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിനെ ഉയര്‍ത്തുന്ന സ്ഥാനാരോഹണ കര്‍മങ്ങള്‍ക്കു പൗരസ്ത്യതിരുസംഘം തലവന്‍ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രി മുഖ്യകാര്‍മികത്വം നിര്‍വഹിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലബാര്‍ പ്രവാസികള്‍ക്കു വേണ്ടിയുള്ള കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ എംഎസ്ടി എന്നിവര്‍ സഹകാര്‍മികരായിരുന്നു. സീറോ മലങ്കര സഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ക്കും സീറോ മലബാര്‍ സഭയ്ക്കും യൂറോപ്പിലെ വിശ്വാസികള്‍ക്കും അഭിനന്ദനങ്ങളും ആശംസകളും പ്രാര്‍ഥനകളും നേര്‍ന്നു. മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മറുപടിപ്രസംഗത്തോടെ മെത്രാഭിഷേക – സ്ഥാനാരോഹണ ചടങ്ങുകള്‍ സമാപിച്ചു.

ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ മാത്യു മൂലക്കാട്ട്, വത്തിക്കാനിലെ പ്രവാസി കാര്യാലയത്തിന്റെ സെക്രട്ടറിയും നിയുക്ത വരാപ്പുഴ ആര്‍ച്ച്ബിഷപ്പുമായ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ബിഷപ്പുമാരായ മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ ആന്റണി ചിറയത്ത്, മാര്‍ പോള്‍ ആലപ്പാട്ട്, മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഷിക്കാഗോ രൂപത സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, എത്യോപ്യയുടെ അപ്പസ്‌തോലിക വികാരിയും ബിഷപ്പുമായ ഡോ. വര്‍ഗീസ് തോട്ടങ്കര തുടങ്ങിയ സഭാമേലധ്യക്ഷന്മാരും ഓസ്ട്രിയ, ജര്‍മനി, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ഡെന്മാര്‍ക്ക് എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലെ സീറോ മലബാര്‍ കോ–ഓര്‍ഡിനേറ്റര്‍മാരും റോമിലെ ഇന്ത്യന്‍ അംബാസിഡറിന്റെ പ്രതിനിധിയും വിവിധ ഓഫീസുകളില്‍നിന്നുള്ള പ്രതിനിധികളും ചടങ്ങുകളില്‍ പങ്കെടുത്തു.

ഫാ. ജിജോ വാകപറമ്പില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക