Image

റെജി ലൂക്കോസ്; ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യം

അനില്‍ പെണ്ണുക്കര Published on 01 November, 2016
റെജി ലൂക്കോസ്; ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യം
പത്രപ്രവര്‍ത്തനം ഒരു സാമൂഹിക കടമയാണ് എന്ന് ചിന്തിക്കുന്ന പത്രപ്രവര്‍ത്തകര്‍ വളരെ കുറവാണ്. ഒരുകാലത്ത് പത്രപ്രവര്‍ത്തനം സന്യാസത്തിനു തുല്യമായ മേഖലയായിരുന്നു. ഇന്ന് ആ മേഖല കൂലിപ്പടയാളികളുടെയും ചാവേറുകളുടെയും വിഹാരരംഗമാണ്. മികച്ച പത്രപ്രവര്‍ത്തകരുടെ വ്യക്തിത്വം പത്രത്താളുകളില്‍ പ്രതിഫലിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് ആ കാലം വിസ്മൃതിയിലായിക്കഴിഞ്ഞു. എങ്കിലും ചില പുതു നാമ്പുകള്‍ നമ്മെ ത്രസിപ്പിക്കുന്നു ,ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. അങ്ങനെ ഒരാളെ പ്രതിച്ഛായയില്‍ അവതരിപ്പിക്കുന്നു.


മലയാള ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യമായ റെജി ലൂക്കോസ് അമേരിക്കന്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട പത്രപ്രവര്‍ത്തകനാണ്. അമേരിക്കയില്‍ ആറ് വര്‍ഷം പത്രപ്രവര്‍ത്തന രംഗത്തു സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ഇപ്പോള്‍ പൂര്‍ണ്ണമായും കേരളത്തിന്റെ ഹരിതാഭകളോട് കൂട്ട് കൂടി യാത്രയും ചാനല്‍ ചര്‍ച്ചകളുമായി മുന്നോട്ടു പോകുമ്പോള്‍ തനിക്കു പറയേണ്ട കാര്യങ്ങള്‍ ആരുടെയും മുഖത്തു നോക്കി പറയുന്നു എന്നതാണ് മറ്റുള്ളവരില്‍ നിന്നും റെജി ലൂക്കോസിനെ വ്യത്യസ്തനാക്കുന്നത്.

ജയ്ഹിന്ദ് ടി.വി., കൈരളി, ജനം, ദര്‍ശന തുടങ്ങി ഏതെങ്കിലും ഒരു ചാനലില്‍ എല്ലാ ദിവസവും ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ തന്റെ മുന്നില്‍ കടന്നു വരുന്നത് കേരളത്തെ, ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളും, വിഷയങ്ങളുമാണ്.
ഒരു കറകളഞ്ഞ ഇടതുപക്ഷ ചിന്തകന്‍ ആണെങ്കില്‍ പോലും , ചര്‍ച്ചകളില്‍ വ്യക്തമായ അഭിപ്രായത്തെ പറയുകയും , അതിനെകുറിച്ചുള്ള ഒരു ലഘു വിവരണം സമൂഹമാധ്യമങ്ങളില്‍ കുറിക്കുകയും ചെയ്യുന്നതോടു കൂടി ആ ചര്‍ച്ചയുടെ ആത്മാവിനെ പൊതുജനങ്ങളുടെ മുന്നിലേക്ക് ഒന്നുകൂടി ഇട്ടുകൊടുക്കുന്നതോടെ ആ ചര്‍ച്ചയ്ക്കു വേറൊരു തലം കൂടി ഉണ്ടാകുന്നു.

ചില മാധ്യമ പ്രവര്‍ത്തകരുണ്ട് സായിപ്പിനെ കാണുമ്പൊള്‍ കവാത്തു മറക്കുന്നവര്‍. ചില ഗൂഢ ലക്ഷ്യത്തോടെ വന്നിരുന്നു സംസാരിക്കുമ്പോള്‍ തന്നെ കാഴ്ചക്കാര്‍ക്ക് കാര്യം പിടി കിട്ടും. ഇവിടെ റെജി ലൂക്കോസ് വ്യത്യസ്തനാകുന്നതിന്റെ കാര്യം അദ്ദേഹം ഒരു പത്രത്തിലും ജോലി ചെയ്യുന്നില്ല എന്നതുകൊണ്ടാണെന്നു തോന്നുന്നു. കടപ്പാട് തന്റെ മുന്പിലിരിക്കുന്ന ജനങ്ങളോടാണെന്നു മാത്രം വിചാരിച്ചുകൊണ്ടു ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ ജനങളുടെ ഭാഗത്തു നിന്ന് സംസാരിക്കുവാന്‍ സാധിക്കും. പല പത്രപ്രവര്‍ത്തകരും ഒരു വിഷയം ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് ചര്‍ച്ചകളില്‍ വിശദീകരിച്ചു കണ്ടിട്ടില്ല. പലപ്പോളും വ്യക്തികളിലേക്കു മാത്രം തിരിച്ചുവിടാന്‍ ശ്രമിക്കുന്നവരെയാണ് കാണുക.

എല്ലാ പത്രപ്രവര്‍ത്തകരും പത്രപ്രവര്‍ത്തകര്‍ , എന്നാല്‍ പത്രപ്രവര്‍ത്തകന്‍ റെജി ലൂക്കോസ് എന്ന് ഞാന്‍ പറയും. അതിനു ഒരു കാരണം ഉണ്ട്. കുറച്ചുദിവസം മുന്‍പ് ഒരു വൈദികനെതിരെ ഒരു ഫേസ് ബുക്ക് പോസ്റ്റ് അദ്ദേഹം പോസ്റ്റ് ചെയ്തു. ഈ അടുത്ത കാലത്തു മരണപ്പെട്ടുപോയ വൈദികന്‍ നടത്തിയ ഒരു പ്രസംഗത്തിലെ വിവാദ പരാമര്ശനങ്ങളോട് ഉള്ള വ്യക്തമായ പ്രതികരണമായിരുന്നു ആ പോസ്റ്റ് . പലരുടെയും പിണിയാളുകളാകാന്‍ കച്ചകെട്ടിയിറങ്ങുന്നവര്‍ക്കു മാര്‍ഗ ദര്‍ശനം കൂടിയായിരുന്നു ആ പോസ്റ്റ്.

ആധുനിക കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക രൂപീകരണത്തില്‍ നിര്‍ണായകമായ പങ്കാണ് മലയാള പത്രപ്രവര്‍ത്തനം വഹിച്ചിട്ടുള്ളത്. മലയാള ഭാഷയുടെ വികാസം, അച്ചടിയുടെ വികാസം, വിദ്യാഭ്യാസത്തിന്റെ വികാസം, പൗരാവകാശബോധം വളര്‍ത്തല്‍ തുടങ്ങിയവയ്ക്ക് പത്രപ്രവര്‍ത്തനം നേതൃത്വം നല്‍കി. ദേശീയ സ്വാതന്ത്ര്യ സമരത്തിനും ജാതി വ്യവസ്ഥക്കെതിരെയുള്ള പോരാട്ടത്തിലും രാഷ്ട്രീയ സ്വയംഭരണ സമരങ്ങളിലും പത്രങ്ങള്‍ നല്‍കിയ പിന്തുണ നിസ്സീമമാണ്. ഈ ഒരു ചിന്ത ഇന്ന് പല പത്രപ്രവര്‍ത്തകര്‍ക്കുമില്ല എന്നതാണ് സത്യം. പക്ഷെ ഇത്തരം ചിന്താധാരകളെ മനസിലാക്കാക്കി ചര്‍ച്ചകയില്‍ പങ്കെടുക്കുമ്പോള്‍ സത്യസന്ധമായ പ്രതികരണം ഉണ്ടാകും എന്ന് റെജി ലൂക്കോസ് നമ്മെ പഠിപ്പിക്കുന്നു.

ഇടതു ചിന്തകനായി ശോഭിക്കുമ്പോളും മാര്‍പ്പാപ്പയെയും മോഡിയെയുമൊക്കെ ഏറെ ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്നു എന്ന് ചോദിച്ചാല്‍ അദ്ദേഹം പറയും അത് എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ആണ് എന്ന്. പിണറയി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ അദ്ദേഹം വീട്ടിലേക്കു ക്ഷണിച്ച ചുരുക്കം ചില മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് റെജി ലൂക്കോസ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും അപാകതകള്‍ ഉണ്ടായാല്‍ അത് ചൂണ്ടിക്കാണിക്കുന്നതിനു യാതൊരു ബുദ്ധിമുട്ടും തനിക്കില്ല എന്ന് പറയും.

അമേരിക്കന്‍ ജീവിതത്തിനിടയില്‍ അമേരിക്കന്‍ പ്രസിദ്ധീകരണങ്ങളിലെ നിത്യ സാന്നിധ്യമായിരുന്നു റെജി ലൂക്കോസ്. നരേന്ദ്രമോദി മുതല്‍ പിണറയി വിജയന്‍ വരെയുള്ള രാഷ്ട്രീയക്കാരുടെ അഭിമുഖങ്ങളുടെ ഒരു പരമ്പര അദ്ദേഹം തയാറാക്കിയിട്ടുണ്ട്. കൈരളി ടി.വിക്കു വേണ്ടി അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ജീവിതത്തെ കുറിച്ച് അവിടെ ചെന്നു ചിത്രീകരിച്ചത് ഏറെ ശ്രദ്ധ നേടി. മുന്‍പ് ദീപികയില്‍ ഒരു കോളംചെയ്തിരുന്നു. ദേശാഭിമാനിയിലും മംഗളത്തിലും ലേഖനങ്ങളും, യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്. 2008ലെ മുതുകുളം മാധ്യമ അവാര്‍ഡ്, 2009ലെ കള്ളിക്കാട് ഫൗണ്ടേഷന്‍ പ്രവാസി മാധ്യമ അവാര്‍ഡ്, 2009 ജേസീസ് പ്രതിഭാ പുരസ്‌കാരം ഇവ ലഭിച്ചിട്ടുണ്ട്.

കോട്ടയം, കുറുമുള്ളൂര്‍, മനപ്പാട്ടുകുന്നേല്‍ ലൂക്കോസ്, മേരി ദമ്പതികളുടെ മകനായ റെജി ലൂക്കോസിന്റെ ചാനല്‍ യാത്രകള്‍ക്ക് ഭാര്യ ജസി, മക്കളായ അലന്‍, മെറിന്‍ എന്നിവരുടെ പൂര്‍ണ്ണ പിന്തുണയുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതോടൊപ്പം മികച്ച ഒരു ബിസിനസും നോക്കി നടത്തുകയാണ് ഇദ്ദേഹം. തന്റെ പ്രതിച്ഛായ കാത്തു സൂക്ഷിക്കുക എന്നതാണ് ഏതൊരു രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരികപ്രവര്‍ത്തകന്റെയും കടമ. അത് കൂടുതല്‍ ഉണ്ടാകേണ്ടത് പത്രപ്രവര്‍ത്തകര്‍ക്കാണെന്നു തെളിയിക്കുകയാണ് റെജി ലൂക്കോസ്.

റെജി ലൂക്കോസ്; ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യം
റെജി ലൂക്കോസ്; ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യം
റെജി ലൂക്കോസ്; ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യം
റെജി ലൂക്കോസ്; ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യം
റെജി ലൂക്കോസ്; ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക