Image

എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയുടെ നാടകീയ നീക്കം, അനുകൂലിച്ചും പ്രതികൂലിച്ചും ജനം (ഏബ്രഹാം തോമസ്)

Published on 02 November, 2016
എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയുടെ നാടകീയ നീക്കം, അനുകൂലിച്ചും  പ്രതികൂലിച്ചും   ജനം  (ഏബ്രഹാം തോമസ്)

റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപും റഷ്യയുമായി എന്തെങ്കിലും നിയമ വിരുദ്ധ ബന്ധമുണ്ടോ, ട്രംപിന്റെ വ്യവസായ ഇടപാടുകള്‍ റഷ്യയുമായി നടത്തുന്നത് നിയമ വിധേയമാണോ എന്നെല്ലാം ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷിക്കുന്നുണ്ട് എന്ന അഭ്യൂഹത്തിന് വിരാമമിട്ട് ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.

ഇതിനിടയിലാണ് എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി യുഎസ് കോണ്‍ഗ്രസിനയച്ച എഴുത്ത് പുറത്തായത്. പൂര്‍ത്തിയാക്കിയ ഹിലറി ക്ലിന്റന്റെ അന്വേഷണത്തില്‍ താന്‍ ചില പുതിയ തെളിവുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പുനരന്വേഷണം നടത്തുകയാണ് എന്ന് അറിയിക്കുന്നതാണ് ഈ കത്ത്. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥരോട് കോമി ഇക്കാര്യം സംസാരിച്ചപ്പോള്‍ അവര്‍ ഇങ്ങനെ ഒരു നടപടിവേണ്ട എന്ന് പറഞ്ഞുവെന്നും അവരുടെ ഉപദേശം വകവയ്ക്കാതെയാണ് കോമി മുന്നോട്ടു പോയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന നാളുകളില്‍ ഒരു പുനരന്വേഷണ വാര്‍ത്ത നാടകീയ ചലനങ്ങള്‍ക്ക് തുടക്കമിട്ടു. എഫ്ബിഐയ്ക്ക് അറിയാവുന്ന പൂര്‍ണവിവരങ്ങള്‍ പുറത്തു വിടണമെന്നും ട്രംപ്– റഷ്യ ബന്ധം അന്വേഷിക്കണമെന്നും ഹിലറി ആവശ്യപ്പെട്ടു. താന്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നതിനനുസരിച്ച് എഫ്ബിഐ പ്രവര്‍ത്തിക്കുന്നു എന്ന് ട്രംപ് പ്രതികരിച്ചു.

ഹിലറി തന്റെ സ്വകാര്യ സെര്‍വറില്‍ നിന്ന് രഹസ്യസ്വഭാവമുളള ഇ– മെയിലുകള്‍ അയയ്ക്കുകയും സ്വീകരിക്കുകയും, ഈ ഇ–മെയിലുകള്‍ നശിപ്പിക്കുകയും ചെയ്തു എന്ന ആരോപണങ്ങള്‍ അന്വേഷിച്ച എഫ്ബിഐ ആര്‍ക്കെതിരെയും കുറ്റം ചുമത്തേണ്ടതില്ല എന്ന് തീരുമാനിച്ചിരുന്നു. പുനരന്വേഷണം പ്രഖ്യാപിച്ച സ്ഥിതിക്ക് എന്തുണ്ടാവും എന്ന് പറയാനാവില്ലെന്ന് മുതിര്‍ന്ന ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍, പ്രോസിക്യൂട്ടറന്മാര്‍, എഫ്ബിഐയിലെ തന്നെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് ദിനം വരെ കോമിയില്‍ നിന്ന് അപ്‌ഡേറ്റുകള്‍ ഉണ്ടാവുമോ, കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമോ, അതോ ഇത്രയും കോളിളക്കം സൃഷ്ടിച്ചിട്ട് വോട്ടെണ്ണല്‍ കഴിയുന്നതു വരെ മൗനം പാലിക്കുമോ ? ഇവ ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്. എഫ്ബിഐ മൗനം പാലിക്കുന്നു. കോമി ഇനിയെന്തു ചെയ്യുമെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റും പറയുന്നു.

കോമി എന്തുകൊണ്ടാണ് കോണ്‍ഗ്രസിനും അതു വഴി പൊതുജനത്തിനും മുന്നറിയിപ്പു നല്‍കിയതെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റിന് അറിയില്ല. അതും എഫ്ബിഐ ഉദ്യോഗസ്ഥര്‍ പുതിയതായി കണ്ടെത്തിയ ഇ– മെയിലുകള്‍ വായിക്കുക പോലും ചെയ്യുന്നതിന് മുന്‍പ് ഇവ വായിക്കാതെ ഇവയില്‍ രഹസ്യ സ്വഭാവമുളള (ക്ലാസിഫൈഡ്) വിവരങ്ങള്‍ ഉണ്ടായിരുന്നുവെന്നോ, കേസിന് പുതിയ തെളിവുകള്‍ നല്‍കുന്നു എന്നോ, പറയാനാവില്ല.

കോണ്‍ഗ്രസ് മാന്‍ ആന്തണി വെയ്‌നറെ കുറിച്ചന്വേഷിക്കുന്നതിനിടയിലാണ് ചില ഇ– മെയിലുകള്‍ കണ്ടെത്തിയതായി പറയുന്നത്. കോമി കോണ്‍ഗ്രസിന് കത്തയച്ചത് ഡെമോക്രാറ്റിക് നേതാക്കളില്‍ നിന്നും എഫ്ബിഐ, ജസ്റ്റിസ്, ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരില്‍ നിന്നും നിശിത വിമര്‍ശനം ഏറ്റുവാങ്ങി. ചില റിപ്പബ്ലിക്കനുകളും നടപടിയില്‍ പ്രതിഷേധം അറിയിച്ചു.

ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റും കോമിയും തമ്മില്‍ അത്രസ്വര ചേര്‍ച്ചയിലല്ല എന്ന വസ്തുതയ്ക്ക് പുതിയ തെളിവായി ഈ കത്ത് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. കോമി നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത് അറ്റോര്‍ണി ജനറലിനോടാണ്. ഹിലറിയുടെ അന്വേഷണ വിവരങ്ങള്‍ ഉള്‍പ്പെടെ പല കാര്യങ്ങളിലും താന്‍ വാഷിങ്ടനില്‍ നിലവിലുളള ചെയിന്‍ ഓഫ് കമാന്‍ഡ് പാലിക്കുവാന്‍ ബാദ്ധ്യസ്ഥനല്ല എന്ന് കോമി കരുതുന്നു.

അന്വേഷണ തീരുമാനങ്ങളില്‍ രാഷ്ട്രീയത്തിന് സ്ഥാനം ഉണ്ടാവരുത് എന്ന നയം ഓരോ തിരഞ്ഞെടുപ്പ് സമയത്തും ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരെ അനുസ്മരിപ്പിക്കാറുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക്കന്‍ ഭരണത്തില്‍ ഈ നയം പാലിക്കുവാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിട്ടുണ്ട്.

വെയ്‌നര്‍ ഒരു പതിനഞ്ചുകാരിക്കയച്ച സന്ദേശങ്ങളാണ് അയാളുടെ ലാപ്‌ടോപ്പും, ഐഫോണും, ഐപാഡും, മറ്റ് ഉപകരണങ്ങളും പിടിച്ചെടുക്കുവാന്‍ കാരണമായത്. വെയ്‌നറുമായി പിണങ്ങിപ്പിരിഞ്ഞ ഭാര്യ ഹുമ ആബദീനും ഹിലറിയും തമ്മില്‍ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്ത ഇ– മെയിലുകളാണ് പുനരന്വേഷണത്തിന് പ്രേരിപ്പിച്ചത് എന്ന് കരുതുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക